UPDATES

സിനിമ

അല്പം പുളിക്കും ഈ മധുര നാരങ്ങ

സഫിയ

ഗവിയാണ് സുഗീത് എന്ന ചലച്ചിത്രകാരനെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്. ഗവിയില്ലായിരുന്നെങ്കില്‍ ഓര്‍ഡിനറി എന്ന സിനിമ വെറും ഓര്‍ഡിനറി മാത്രമായേനെ. ഓര്‍ഡിനറിക്ക് ശേഷം സുഗീത് എടുത്ത രണ്ടു ചിത്രങ്ങളും (ത്രീ ഡോട്സ്, ഒന്നും മിണ്ടാതെ) ബോക്സോഫീസിലോ മദ്ധ്യമാര്‍ഗ പ്രേക്ഷകര്‍ക്കിടയിലോ വലിയ ഓളങ്ങളൊന്നും സൃഷ്ടിച്ചില്ല എന്നതുതന്നെയാണ് അതിന് തെളിവ്. എന്തായാലും മധുര നാരങ്ങ എന്ന പുതിയ സിനിമയും അതിന്റെ കഥാ പരിചരണ രീതി കൊണ്ടും അതിവൈകാരികത കൊണ്ടും താര നിര്‍ണ്ണയം കൊണ്ടുപോലും ഒട്ടും ഓര്‍ഡിനറിക്ക് അപ്പുറം ഈ സംവിധായകന്‍ വളര്‍ന്നിട്ടില്ല എന്ന് അടിവരയിടുന്നുണ്ട്.

ഇന്ത്യ,(കേരളത്തില്‍ നിന്നുള്ള രംഗങ്ങള്‍ ചിത്രത്തില്‍ കടന്നു വരുന്നില്ലെങ്കിലും) യു എ ഇ, ശ്രീലങ്ക എന്നീ മൂന്ന് രാജ്യങ്ങളിലായി പടര്‍ന്ന് കിടക്കുന്ന ഒരു ഖണ്ഡശ നോവല്‍ സമാന കഥയാണ് സുഗീത് മധുര നാരങ്ങയില്‍ അവതരിപ്പിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എന്ന കാര്യം അണിയറക്കാര്‍ നമ്മളെ ജാഗ്രതപ്പെടുത്തുന്നുണ്ട്. കഥയല്ലിത് ജീവിതമെന്ന് വിവക്ഷിതം.

ശ്രീലങ്കയിലെ വംശീയ പ്രശ്നവും ഗല്‍ഫിലെ കുടിയേറ്റ നിയമങ്ങളും ഒക്കെ ചേര്‍ന്ന് സൃഷ്ടിക്കുന്ന രാഷ്ട്രീയ പശ്ചാത്തലം സിനിമയ്ക്കുണ്ടാവുമ്പോള്‍ തന്നെ 80 കളിലും 90 കളിലും നമ്മള്‍ കണ്ടു മറന്ന തരം അതിവൈകാരികതയുടെ കുത്തൊഴുക്കായി മാറുന്നുണ്ട് ചിത്രം. (ത്രീ ഡോട്ട്സ് 80കളില്‍ ഇറങ്ങിയ ബാച്ചിലര്‍ കൂട്ടുകെട്ട് സിനിമകളും ഒന്നും മിണ്ടാതെ ആലോലം (1982) എന്ന പഴയ സിനിമയുടെ തന്നെ പുനരാവര്‍ത്തനവുമായിരുന്നു എന്നോര്‍ക്കുക) അസാധാരണ സാഹചര്യത്തില്‍ അപ്രതീക്ഷിതമായി ഒത്തുചേരേണ്ടി വരുന്ന നായകനും നായികയും അവരുടെ ആദ്യകാഴ്ചയിലെ പ്രണയവും തുടര്‍ന്നുള്ള ‘ദുര്‍ബല നിമിഷ’വും വിവാഹവും കുട്ടിയും വേര്‍പാടുമെല്ലാം ചേര്‍ന്ന് കണ്ണീരും കിനാവുമായി ഏറെ ഓടിപ്പഴകിയ പ്രമേയങ്ങള്‍ തന്നെ. അന്യരാജ്യ പശ്ചാത്തലം മാത്രമാണ് മധുര നാരങ്ങ നല്‍കുന്ന ഏക പുതുമ. 

ജീവനും (കുഞ്ചാക്കോ ബോബന്‍), സലീമും (ബിജു മേനോന്‍),കുമാറും (നീരജും) അടങ്ങിയ ഗള്‍ഫ് ആണ്‍ ജീവിതത്തിലേക്കാണ് താമര (പാര്‍വ്വതി രതീഷ്) എന്ന ശ്രീലങ്കന്‍ തമിഴ് പെണ്‍കൊടി എത്തുന്നത്. സ്വാഭാവികമായും അവള്‍ നായകന്റെ പ്രണയിനിയാകുന്നു (എന്താണെന്നറിയില്ല മലയാളത്തിലെ നയകന്‍മാര്‍ ഇപ്പോള്‍ തമിഴ് പെണ്‍കുട്ടികളുടെ പിന്നാലെയാണ്. ഒരു മലരിന്റെ പ്രേമക്കാറ്റ് ഇവിടെ ആഞ്ഞടിച്ചതേ ഉള്ളൂ.) എന്തായാലും പ്രതീക്ഷിച്ചതൊക്കെ തന്നെ കഥയില്‍ സംഭവിക്കുന്നു. അത്യാവശ്യം താലികെട്ടലും പാലുകാച്ചലുമായി തന്നെ കഥ പുരോഗമിക്കുന്നു. ഒടുവില്‍ എല്ലാം ശുഭമായി തന്നെ കലാശിക്കുകയും ചെയ്യുന്നു.

പുതിയതായൊന്നും പറയാനില്ലാതാകുമ്പോഴാണ് ഒരു സംവിധായകന്‍ വിജയിച്ച നായക-ഉപനായക കൂട്ടുകെട്ടിന് മുന്പില്‍ സാഷ്ടാംഗം നമസ്കരിക്കേണ്ടി വരുന്നത്. ഓര്‍ഡിനറിയില്‍ വിജയിച്ച ആ കൂട്ടുകെട്ടിന്റെ കോമഡി പറച്ചിലില്‍ തന്നെ സംവിധായകന്‍ ആദ്യപകുതിയില്‍ കേന്ദ്രീകരിക്കുന്നു. ചിരിപ്പിക്കലിന് വേണ്ടി സാധാരണ എല്ലാവരും കൈവയ്ക്കുന്ന പെണ്‍വിഷയങ്ങളും ഒറ്റയ്ക്ക് താമസിക്കുന്ന ആണിന്റെ അവിഹിത മോഹങ്ങളും നാട്ടിലെ ഭാര്യയെക്കുറിച്ചുള്ള സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളും ഒക്കെത്തന്നെയാണ് സംവിധായകന്റെയും ആശ്രയം. തല്‍ക്കാലം ചിരിപ്പിക്കാന്‍ അതുവഴി കഴിയുന്നുമുണ്ട്. എന്നാല്‍ രണ്ടാം പകുതിയിലെ കഥാശരീരത്തിലേക്ക് കടന്നതോടെ സുഗീതിന് സിനിമയിലെ നായകന് സംഭവിക്കുന്നതുപോലെ കടുത്ത ദുരന്തം തന്നെ നേരിടേണ്ടി വരുന്നു.

ജീവിത ഗന്ധിയായ കഥ വേണം എന്ന് ആഗ്രഹിക്കുന്ന കാഴ്ചക്കാര്‍ക്ക് മുന്‍പില്‍ അത്യാവശ്യം നീളമുള്ള കഥ തന്നെ സംവിധായകനും തിരക്കഥാകൃത്ത് നിഷാദ് കോയയും ചേര്‍ന്ന് നിവര്‍ത്തിവെക്കുന്നുണ്ട്. ചിരിക്കാനായി തിയറ്ററില്‍ പോകുന്നവര്‍ക്ക് ചിരിക്കാനുള്ള വകുപ്പുമുണ്ട്. പ്രേമമാണെങ്കില്‍ തമിഴും മലയാളവും കലര്‍ന്ന പാട്ടുകളുടെ അകമ്പടിയോടെ അതും പറഞ്ഞുവെക്കുന്നുണ്ട്. ഇനി കണ്ണീര്‍ വാര്‍ക്കാന്‍ ഫാമിലി സെന്‍റിമെന്‍റ്സിനും ക്ഷാമമില്ല. ഗൌരവമായ രാഷ്ട്രീയ പ്രശ്നം ചിത്രത്തില്‍ നിന്ന് വായിച്ചെടുക്കാന്‍ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അവരും നിരാശപ്പെടേണ്ടതില്ല. ശ്രീലങ്കയിലെ തമിഴ് വംശീയ സംഘര്‍ഷങ്ങളും മാംസ കച്ചവടമെന്ന പേരില്‍ നടക്കുന്ന ഡാന്‍സ് ബാറും മനുഷ്യക്കടത്തും അറബ് രാജ്യത്തെ കഠിനമായ നിയമങ്ങളും കുറ്റകൃത്യവുമൊക്കെ സിനിമയില്‍ കടന്നു വരുന്നുണ്ട്. ഇനി സസ്പെന്‍സ് വേണോ. അതും ഉണ്ട് ഈ മധുരനാരങ്ങയില്‍. പക്ഷേ ഒരു കാര്യം മാത്രം ചോദിക്കരുത്.

ഈ ചിത്രത്തില്‍ എവിടെയാണ് ആ മധുരനാരങ്ങ?

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍