UPDATES

‘ഗാഡ്ഗില്‍ വിരുദ്ധ കലാപത്തിന് വൈദികരെ മാഫിയ സംഘങ്ങള്‍ സാമ്പത്തികമായി സഹായിച്ചു’: പി ടി തോമസ്/അഭിമുഖം

സൈലന്റ് വാലി സംരക്ഷിച്ച ഇന്ദിരാഗാന്ധിയുടെ അനുയായികളായ കോണ്‍ഗ്രസുകാര്‍ ഗാഡ്ഗിലിനെ തള്ളിപറഞ്ഞത് നിര്‍ഭാഗ്യകരം

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ട അവസരം മുതൽ  കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടി- മത സാമൂദായിക നേതൃത്വങ്ങള്‍ അതിനെതിരായിരുന്നു. എന്നാൽ പശ്ചിമ ഘട്ട സംരക്ഷണത്തിന് ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കേണ്ടതാണെന്ന ഉറച്ച നിലപാടെടുത്ത രാഷ്ട്രീയ നേതാവാണ് പിടി തോമസ്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് പാര്‍ലമെന്റ് സീറ്റ് പോലും ഒരു ഘട്ടത്തില്‍ നിഷേധിക്കപ്പെട്ടു. ഇപ്പോള്‍ പ്രളയങ്ങളും ഉരുള്‍പൊട്ടലും ആവര്‍ത്തിക്കപ്പെടുന്ന കാലത്ത് തുടക്കം മുതല്‍ പശ്ചിമ ഘട്ട സംരക്ഷണത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ നേരിട്ട എതിര്‍പ്പുകളെക്കുറിച്ചും ഇനി മുന്നോട്ട് എങ്ങനെ പോകുമെന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് പിടി തോമസ് എംഎല്‍എ.

മറ്റ് ജനപ്രതിനിധികളോ, രാഷ്ട്രീയക്കാരോ ഇതുവരെ എടുത്ത് കണ്ടിട്ടില്ലാത്ത നിലപാടാണ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താങ്കള്‍ സ്വീകരിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെടാന്‍ കാരണം, അത്തരമൊരു തീരുമാനത്തിലെത്തിയത് എങ്ങനെയാണ്.

മാധവ് ഗാഡ്ഗില്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പശ്ചിമഘട്ടത്തെ പൊതുവായി സംരക്ഷിക്കാന്‍ ഉതകുന്ന ഏറ്റവും വ്യക്തതയുള്ള റിപ്പോര്‍ട്ടാണ്. ഗുജറാത്തില്‍ നിന്നും ആരംഭിച്ച് കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന പശ്ചിമഘട്ട മലനിരകള്‍ നൂറ്റാണ്ടുകളായി ദക്ഷിണേന്ത്യയുടെ കാലാവസ്ഥയെ സംരക്ഷിക്കുന്നതാണ്. പശ്ചിമഘട്ടത്തിന് ഉണ്ടാകുന്ന ഏതൊരു ആഘാതവും അതിന്റെ താഴ്വാരങ്ങളില്‍ താമസിക്കുന്ന ജനതയുടെ നിത്യജീവിതത്തെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കും എന്ന ശാസ്ത്രീയമായ വിലയിരുത്തലാണ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാന തത്വം. ഈ പഠനം നടത്തിയിരിക്കുന്നത് ഉപഗ്രഹ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും ലഭ്യമായ മറ്റ് ഡേറ്റകളുമെല്ലാം സ്വരൂപിച്ചാണ്. പരിസ്ഥിതി ലോലമായ മേഖലകളെ പ്രത്യേക പരിഗണന കൊടുത്ത് സംരക്ഷിക്കുന്നത് എല്ലാ ലോകരാജ്യങ്ങളും അനുവര്‍ത്തിച്ചു പോരുന്നതുമാണ്.

പശ്ചിഘട്ട മലനിരകളുടെയും ഹിമാലയ സാനുക്കളുടെയും നാശം 130 കോടി ജനങ്ങളുടെയും ജീവിത്തെ ബാധിക്കുന്ന വിഷയമാണ്. ഇത് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന, പാരിസ്ഥിതിക വിഷയത്തില്‍ ഏറ്റവും ആനുകാലികമായി സംസാരിക്കാന്‍ കഴിവുള്ള മാധവ് ഗാഡ്ഗില്‍ അടക്കമുള്ള 12 ഓളം വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കുന്നതും ആ സമിതിയോട് നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ വേണമെന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുന്നതും. അപ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്.

മലയോര മേഖലകളില്‍ താമസിക്കുന്ന സാധാരണ ജനങ്ങളുടെ ജീവിതത്തെ തകര്‍ക്കും ഈ റിപ്പോര്‍ട്ട് എന്നാണ് പൊതുവേ പറയുന്നത്. അങ്ങനെയൊരു അപകടം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് ഉണ്ടെങ്കില്‍ എതിര്‍ക്കപ്പെടുക സ്വാഭാവികമല്ലേ?

പശ്ചിമഘട്ട മലനിരകളില്‍ താമസിക്കുന്ന, അവിടവുമായി ബന്ധപ്പെട്ട ഉപജീവനം നടത്തുന്ന മനുഷ്യരുടെ നിത്യജീവിതത്തെ തടസപ്പെടുത്തുന്ന തരത്തില്‍ ഒന്നും ചെയ്യരുതെന്ന് നിര്‍ബന്ധപൂര്‍വം ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ത്രിതലപഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെട്ട ഗ്രാമസഭകളില്‍ നിന്നും അഭിപ്രായം ക്രോഡീകരിച്ചും അതിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചും വേണം റിപ്പോര്‍ട്ട് നടപ്പാക്കാന്‍ എന്നാണ് മാധവ് ഗാഡ്ഗില്‍ പറയുന്നത്. പരിസ്ഥിതി ലോലമായൊരു പ്രദേശം സംരക്ഷിക്കണമെങ്കില്‍ അവിടെയുള്ള ജനങ്ങളെ ആദ്യം കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. അവരുടെ സമ്മതത്തോടു കൂടി വേണം നടപ്പിലാക്കാന്‍. പൊലീസിനെ നിരത്തി ചെയ്യിക്കാനല്ല ഗാഡ്ഗില്‍ പറഞ്ഞത്.

ഈ റിപ്പോര്‍ട്ട് രൂപീകരിക്കുന്ന ഘട്ടത്തില്‍ ഗോവ മുതല്‍ കന്യാകുമാരിവരെയുള്ള പശ്ചിമഘട്ടം ഉള്‍പ്പെടുന്ന മേഖലയിലെ എംപി മാരും മാധവ് ഗാഡ്ഗില്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരും ഉള്‍പപ്പെടുന്ന ഒരു പഠന ശിബിരം ജയറാം രമേശിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയിരുന്നു. മുപ്പതില്‍ പരം എംപിമാര്‍ അതില്‍ പങ്കെടുത്തിരുന്നു. ഇടുക്കി എം പി എന്ന നിലയില്‍ അതിലൊരാളായി ഞാനും ഉണ്ടായിരുന്നു. ആ സെമിനാറില്‍ നിരവധി ചോദ്യങ്ങളാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. ഈ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ജനജീവതം തടസപ്പെടുമോ, ഇന്ന് ചെയ്യുന്ന പ്രവര്‍ത്തികള്‍ തുടരാന്‍ കഴിയുമോ തുടങ്ങിയ സംശങ്ങളും ചോദ്യങ്ങളും ഉയര്‍ന്നു. അതൊക്കെ ദൂരികരിച്ചാണ് ഗാഡ്ഗിലും മറ്റു വിദഗ്ധരും പശ്ചിമഘട്ട സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയത്. ആ സെമിനാറില്‍ പങ്കെടുത്തയാളെന്ന നിലയിലാണ് പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ മനുഷ്യന്‍ അതിന്റെ ദുരന്തം നേരിടേണ്ടി വരുമെന്ന ബോധ്യം എനിക്കുണ്ടാകുന്നത്. അപ്പോള്‍ തൊട്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണയ്ക്കാന്‍ തുടങ്ങിയൊരാളാണ് ഞാന്‍.

എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ക്ക് പ്രചാരണം കിട്ടാതെ പോകുന്നു?

ആ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇവിടെയുള്ളതു കൊണ്ട്. അവര്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കുന്നു. കര്‍ഷകരെ ഇല്ലാതാക്കാന്‍ ഉള്ളതാണ്, കര്‍ഷകരുടെ തൊഴില്‍ ഇല്ലാതാക്കും, ജീവിത വ്യവസ്ഥ തകര്‍ക്കും തുടങ്ങിയ ഒട്ടേറെ കപട പ്രചാരണങ്ങളാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരേ ആരംഭത്തിലേ ഉണ്ടായത്. അവ ജനങ്ങളെ ഭയപ്പെടുത്തി. അതോടയാണ് ജനരോഷം ഉയര്‍ന്നത്. അത് ബോധപൂര്‍വം ഉണ്ടാക്കിയതാണ്.

ആരാണ് ഇതിനു പിന്നില്‍?

ഒരുപിടി ശക്തികള്‍ അതിനു പിന്നിലുണ്ട്. കേരളത്തില്‍ അതിനു മുഖ്യമായി നേതൃത്വം നല്‍കിയത് ഇടുക്കി, താമരശ്ശേരി രൂപതകളിലെ ബിഷപ്പുമാര്‍ ആയിരുന്നു. അനധികൃത പാറമട ലോബികള്‍, വനം കൊള്ളക്കാര്‍, ഭൂമി കയ്യേറ്റക്കാര്‍ തുടങ്ങിയ മാഫിയ സംഘങ്ങള്‍ ഇവര്‍ക്ക് സാമ്പത്തികമായി ഉള്‍പ്പെടെ പിന്തുണ കൊടുത്തു. ഇവരെല്ലാം കൂടി ജനങ്ങളെ ഭയപ്പെടുത്തി ഇളക്കി വിട്ടു. പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന് ആരാണോ പറഞ്ഞത് അയാളെ കൊല്ലണമെന്നു പറഞ്ഞു, അദ്ദേഹത്തിനു പിന്തുണ കൊടുത്തെന്ന പേരില്‍ എന്നെ നാടുകടത്താന്‍ ആഹ്വാനം ചെയ്തു.

ഇടുക്കിയില്‍ 75,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ജനപ്രതിനിധിയാണ് ഞാന്‍. അ തിനുശേഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും സ്വഭാവികമായി ഞാന്‍ തന്നെ വീണ്ടും  സ്ഥാനാർത്ഥിയാകേണ്ടതായിരുന്നു. അത്തരത്തിലുള്ള  പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു. ഈ സമയത്താണ് പശ്ചിമഘട്ടം സംരക്ഷണത്തിന്റെ മേലുള്ള വിവാദങ്ങള്‍ കത്തിപ്പിടിക്കുന്നത്. സാഹചര്യം മുതലെടുത്ത് രാഷ്ട്രീയ എതിരാളികളും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എനിക്കെതിരേയുള്ള ആയുധമാക്കി. ആ പ്രചാരണ കോലാഹലത്തില്‍ ഭയപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയും യുഡിഎഫും ഞാന്‍ സ്ഥാനാര്‍ത്ഥിയാല്‍ ഇടുക്കിയില്‍ തോറ്റുപോകുമെന്നും മുന്നണിക്ക് മൊത്തത്തില്‍ തിരിച്ചടിയുണ്ടാകുമെന്നൊക്കെ പറഞ്ഞ് എനിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു.

പക്ഷേ, ഒരു ജനപ്രതിനിധി ആയിട്ടും ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞില്ലല്ലോ?

കട്ടപ്പന ടൗണ്‍ ഹാളില്‍ ജില്ലയിലെ ജനപ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി ഒരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്താണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്, അതില്‍ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത് എന്ന് ആ റിപ്പോര്‍ട്ടിന്റെ ആദ്യാവസാനം വച്ച് വിശദീകരിച്ചു കൊടുക്കുകയായിരുന്നു ലക്ഷ്യം. ഞാനവിടെ പോയി ഒരു രാഷ്ട്രീയ പ്രസംഗം നടത്തുകയല്ല ചെയ്തത്. പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഉമ്മന്‍ സി ഉമ്മന്‍, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ഡോ. ടി വി സജീവ് എന്നിവരെ ആ യോഗത്തില്‍ കൊണ്ടുവന്നിരുന്നു. ആളുകള്‍ക്ക് ഉണ്ടാകുന്ന സംശയങ്ങള്‍ വിദഗ്ധരായവര്‍ തന്നെ തീര്‍ത്തു കൊടുക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. പ്രതീക്ഷിച്ചതുപോലെ അവിടെയെത്തിയവര്‍ക്ക് നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉണ്ടായിരുന്നു. അതിനെല്ലാം വിദഗ്ധരായവര്‍ തന്നെ മറുപടിയും നല്‍കി. അവര്‍ നല്‍കിയ വിശദീകരണങ്ങള്‍ കേട്ടപ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ നാട്ടില്‍ ഉണ്ടായ കലാപങ്ങള്‍ക്കൊന്നും ഒരു കാരണവുമില്ലെന്ന ബോധത്തിലേക്ക് ജനപ്രതിനിധികള്‍ എത്തിച്ചേര്‍ന്നു. ആ പരിപാടി അവസാനിക്കാൻ പോകുന്ന ഘട്ടത്തിലാണ് ഒരു പറ്റം വൈദികരും കുറെ പൊതുപ്രവര്‍ത്തകരും ഹാളിലേക്ക് ഇരച്ചു കയറി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്നു പറഞ്ഞ് ബഹളം വച്ചത്. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ശരിയോ തെറ്റോ എന്നു പോലും വിശദീകരിക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു അവരുടെ ആക്രോശം. അവര്‍ മനഃപൂര്‍വം കുഴപ്പം ഉണ്ടാക്കുകയും യോഗം കലക്കുകയും ചെയ്തു. പിറ്റേദിവസം മുതല്‍ ഗാഡ്ഗിലിനും എനിക്കുമെതിരേ വ്യാപക നുണ പ്രചാരണങ്ങള്‍ ആരംഭിച്ചു. കാട്ടുമൃഗങ്ങള്‍ക്കു വേണ്ടിയുള്ള റിപ്പോര്‍ട്ടാണിത്, മനുഷ്യരെ മുഴുവന്‍ കുടിയിറക്കും, ഇനിയാര്‍ക്കും വീട് വയ്ക്കാന്‍ സമ്മതിക്കില്ല, പള്ളികള്‍ പൊളിക്കും, വീടുകള്‍ പൊളിക്കും, ഇപ്പോഴുള്ള വീടുകളെല്ലാം പച്ച കളര്‍ അടിക്കേണ്ടി വരും, കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പറ്റില്ല തുടങ്ങി പലതരത്തില്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ചു.

ഈ എതിർപ്പ് വൈദികരുടെ ഭാഗത്തുനിന്ന് ഇപ്പോഴും തുടരുന്നുണ്ടോ

കള്ളങ്ങള്‍ പ്രചരിപ്പിക്കാന്‍ മുന്‍പന്തിയില്‍ തന്നെ ആത്മീയതയുടെ മുഖാവരണം അണിഞ്ഞ കുറെ വൈദികരാണ് ഉണ്ടായിരുന്നത്. സത്യം എന്താണെന്ന് അറിഞ്ഞിട്ടും അവര്‍ ആളുകളെ ഇളക്കി വിടുകയായിരുന്നു. അതിപ്പോഴും അവസാനിപ്പിച്ചിട്ടില്ല. വീണ്ടുമൊരു പ്രളയം കേരളത്തെ തകര്‍ത്ത സാഹചര്യത്തിലും കഴിഞ്ഞ ദിവസം ഒരു വൈദികന്‍ സോഷ്യല്‍ മീഡിയായില്‍ കൂടി പി ടി തോമസിനോട് കുറച്ച് ചോദ്യങ്ങള്‍ എന്നു പറഞ്ഞ് എന്തൊക്കെയോ എഴുതി വയ്ക്കുന്നുണ്ടായിരുന്നു. താനൊരു വൈദികന്‍ ആണെന്നു തുറന്നു സമ്മതിക്കാന്‍ പോലും തയ്യാറാകാതെയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തി. യേശു ക്രിസ്തുവിന്റെ പ്രതിപുരുഷനായിട്ടാണ് വൈദികരെ വിശ്വാസികള്‍ കാണുന്നത്. അവരാണ് സത്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ ഒളിച്ചു വച്ചിട്ട് ഇപ്പോഴും തെറ്റിദ്ധാരണ പരത്തുന്നത്.

അന്ന്  എൻ്റെ  ശവഘോഷയാത്ര നടത്തി. പ്രതീകാത്മകമായി ശവമടക്ക് നടത്തി. സാധാരണ ഇത്തരം പ്രതിഷേധങ്ങളോ ടാബ്ലോകളോ നടത്തുമ്പോള്‍ ആരെങ്കിലുമൊക്കെ വേഷം കെട്ടി വരികയാണ് ചെയ്യുന്നത്. ഇവിടെ നാലഞ്ച് യഥാര്‍ത്ഥ വൈദികര്‍ മരണസമയത്ത് ചൊല്ലുന്ന ഓപ്പീസൊക്കെ ചൊല്ലി ധൂപക്കുറ്റിയൊക്കെ പുകച്ചാണ് എന്റെ ശവഘോഷ യാത്ര നടത്തിയത്. ആ കൂട്ടത്തില്‍ ചിലര്‍ക്കൊക്കെ പിന്നീട് തെറ്റ് മനസിലായി. എനിക്കവരോടാരോടും പിണക്കമോ വിദ്വേഷമോ ഇല്ല. അന്നവര്‍ ചെയ്തതോര്‍ക്കുമ്പോള്‍ ഒരുതരത്തില്‍ സന്തോഷവുമുണ്ട്. ഞാന്‍ നാളെ മരിക്കുമ്പോള്‍ എങ്ങനെയൊക്കെയാണ് എന്റെ ശവസംസ്‌കാരം നടക്കുന്നതെന്ന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ കാണാനും മനസിലാക്കാനും കഴിഞ്ഞത് അവര്‍ കാരണമാണല്ലോ.

വളരെ അടുപ്പമുള്ളവരൊക്കെ എന്നെ തള്ളിപ്പറഞ്ഞിരുന്നു. ഞാനവിടെ ഒറ്റപ്പെട്ടതുപോലെയായി. എന്നെയും ഭാര്യയേയും കുടുംബാംഗങ്ങളെയുമെല്ലാം അധിക്ഷേപിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലും പൊതുയോഗങ്ങളിലും പ്രചാരണം നടത്തി. എനിക്ക് എറണാകുളത്ത് വന്‍കിട ബിസിനസാണ്, തമിഴ്നാട്ടില്‍ മുന്തിരി തോട്ടം ഉണ്ട്. കൊച്ചിയില്‍ പത്ത് നിലയുള്ള കെട്ടിടം സ്വന്തമായിട്ടുണ്ട് എന്നൊക്കെയായിരുന്നു കള്ളങ്ങള്‍ പറഞ്ഞു നടന്നത്. ഒരു വൈദികന്‍ എൻ്റെ ഭാര്യയെ മോശമായ ഭാഷയില്‍ അധിക്ഷേപിച്ചു കൊണ്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടു. ഇതു കണ്ട് ജ.വി ആര്‍ കൃഷ്ണയ്യര്‍ സാര്‍ ആ വൈദികനെ വിളിക്കുകയും പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതിനു ശേഷമാണ് ആ വൈദികന്‍ പോസ്റ്റ് പിന്‍വലിച്ചത്, മാപ്പും പറഞ്ഞു.

സ്വന്തം പാര്‍ട്ടി പോലും താങ്കളുടെ കൂടെ നിന്നില്ല. കോണ്‍ഗ്രസിന്റെയും യുഡിഫിന്റെയും നിലപാടുകളും താങ്കളെ വേദനിപ്പിച്ചിരുന്നില്ലേ?

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പിന്തുണച്ചെന്ന പേരില്‍ വല്ലാത്ത രീതിയില്‍ ആക്ഷേപങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ഒരുപാട് മാനസിക വേദന തോന്നി. ഞാന്‍ കൊണ്ടുവന്ന ഒന്നല്ല ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. യുപിഎ സര്‍ക്കാരിന്റെ തീരുമാന പ്രകാരം, അതായത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാന പ്രകാരം തയ്യാറാക്കിയ ഒന്നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. എനിക്കതിനെ പിന്തുണയ്ക്കാനുള്ള പ്രേരണ നല്‍കിയത് സെലന്റ് വാലി വിഷയം ഉണ്ടായപ്പോള്‍ ഇന്ദിര ഗാന്ധി എടുത്ത ധീരമായ നിലപാടാണ്. അന്ന് കേരളത്തിലെ പൊതുസമൂഹം ഇന്ദിര ഗാന്ധിക്ക് എതിരായിരുന്നു. സൈലന്റ് വാലി സംരക്ഷിക്കുന്നവര്‍ക്ക് സിംഹവാലന്‍ കുരങ്ങനെ വേണോ ജനങ്ങളോ വേണോ? എന്നായിരുന്നു ഇന്ദിര ഗാന്ധിക്ക് എതിരേ ഉയര്‍ന്ന ചോദ്യം. എത്രയൊക്കെ എതിര്‍പ്പ് ഉണ്ടായിട്ടും ഇന്ദിരഗാന്ധി തന്റെ തീരുമാനം നടപ്പാക്കി. ആ ഇന്ദിര ഗാന്ധിയുടെ പിന്തുടര്‍ച്ചക്കാരായ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കള്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് പരസ്യമായി മുന്നോട്ടു വരേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അങ്ങനെ ഉണ്ടായില്ല. ചില നേതാക്കള്‍  ഞാന്‍ എടുത്ത നിലപാട് ശരിയാണെന്ന് ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്. പക്ഷേ, അതുപോര. അത് സമ്മതിക്കാനും അവര്‍ താമസിച്ചു പോയി. പക്ഷേ, ഒരു കാര്യത്തില്‍ സംതൃപ്തിയുണ്ട്. ഭൂമി കയ്യേറ്റം, മാഫിയ പ്രവര്‍ത്തനം എന്നിവയെ പരസ്യമായി പിന്തുണയ്ക്കുന്നവരെ വിജയിപ്പിക്കാന്‍ വേണ്ടി നടത്തിയ ഗൂഢശ്രമങ്ങളായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ നടത്തിയ കലാപങ്ങള്‍ എന്ന് ഇടുക്കിയിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് തെളിയിക്കുന്നതാണ്, ഇത്തവണ യുഡിഎഫിന് കിട്ടിയ വന്‍ഭൂരിപക്ഷം.

എനിക്ക് ആരോടും വിരോധം ഇല്ല. പക്ഷേ പ്രയാസം ഉണ്ട്. 130 കോടി ജനങ്ങള്‍ ഉള്ളൊരു രാജ്യത്ത് ലോക്സഭയില്‍ ആകെ 540 അംഗങ്ങളെയുള്ളൂ. 75,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച എനിക്ക് അടുത്ത തവണ പാര്‍ലമെന്റില്‍ പോകാന്‍ കഴിഞ്ഞില്ല. ഒരു പൊതുപ്രവര്‍ത്തകന്‍ അവന്റെ പൊതുപ്രവര്‍ത്തന ജീവതത്തില്‍ എംഎല്‍എയോ എംപിയോ ആകാന്‍ ആഗ്രഹിക്കുന്നത് ദുരാഗ്രഹമല്ല. അതിനുവേണ്ടി അധ്വാനിച്ചിട്ടുമുണ്ട്. ഇടുക്കിയിലെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അടുത്തറിയാവുന്നൊരാളാണ് ഞാന്‍. എംപിയാകുന്നതിനു മുമ്പ് രണ്ടു തവണ ഇടുക്കിയിലെ എംഎല്‍എ ആയിരുന്നു. ഞാനെപ്പോഴും നിലകൊണ്ടിട്ടുള്ളത് ജനങ്ങള്‍ക്കു വേണ്ടിയാണ്. ഏതെങ്കിലും മതത്തെയോ ജാതിയേയോ സുഖിപ്പിക്കാന്‍ നിന്നിട്ടില്ല. എംപി എന്ന നിലയില്‍ എല്ലാതരത്തിലുമുള്ള ജനങ്ങള്‍ക്കും എന്റെയടുത്ത് വരാമായിരുന്നു. ഞാനൊരിക്കലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാത്രം എംപി അല്ലായിരുന്നു. അതൊക്കെ ജനങ്ങള്‍ക്കും അതറിയാം. അവരില്‍ എനിക്കും വിശ്വാസമുണ്ടായിരുന്നു. ആരൊക്കെ എന്തൊക്കെ കള്ള പ്രചാരണങ്ങള്‍ നടത്തിയാലും മത്സരിച്ചാല്‍ ജയിക്കുമെന്ന്  ആത്മവിശ്വാസം തന്നെയുണ്ടായിരുന്നു. എന്നിട്ടും എന്നെ ഒഴിവാക്കിയപ്പോള്‍ ശരിക്കും വിഷമം തോന്നി. പാര്‍ട്ടി എനിക്ക് സീറ്റ് നല്‍കിയിരുന്നുവെങ്കില്‍ അവിടെ ഞാന്‍ രണ്ടാമതും ജയിക്കുമായിരുന്നുവെന്ന് ഇപ്പോഴും പറയുന്നു. പി ടി തോമസ് മത്സരിച്ചിരുന്നുവെങ്കില്‍ കെട്ടിവച്ച കാശ് പോലും കിട്ടില്ലെന്നു വിശ്വസിക്കുന്നവരും ഉണ്ടാകും. അവരങ്ങനെ വിശ്വസിച്ചോട്ടെ.

കേരളം തുടര്‍ച്ചയായി പ്രകൃതി ദുരന്തത്തിന് ഇരയാക്കപ്പെടുകയാണ്. അപ്പോഴും ദിനംപ്രതിയാണ് ക്വാറികള്‍ ഉണ്ടായി വരുന്നത്. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമൊന്നും ഇതിനെതിരേ ഒന്നും പറയുന്നുമില്ല, ചെയ്യുന്നുമില്ല?

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നു പറയുമ്പോള്‍ തിരിച്ചു ചോദിക്കുന്നത് വീട് വയ്ക്കേണ്ടേ? കല്ല് വേണ്ടേ? എന്നൊക്കെയാണ്. മാധവ് ഗാഡ്ഗില്‍ പാറ പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടില്ല. നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് പറഞ്ഞിട്ടുള്ളത്. വന്‍തോതിലുള്ള പാറ പൊട്ടിക്കല്‍ അവസാനിപ്പിക്കണം. കേരളത്തില്‍ ഏകദേശം പതിനായിരത്തില്‍പ്പരം ക്വാറികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ അഞ്ഞൂറിനും അറുനൂറിനും ഇടയില്‍ മാത്രമെ ലൈസന്‍സ് ഉള്ള ക്വാറികള്‍ ഉള്ളൂ. ബാക്കിയുള്ള പാറമടകള്‍ പ്രകൃതിയുടെ സമ്പത്ത് കൊള്ളയടിക്കുകയാണ്. അതുപോലെ സര്‍ക്കാരിന്റെ പണവും അവര്‍ കൊള്ളയടിക്കുന്നുണ്ട്. ഒരു രൂപ പോലും ഇത്തരക്കാര്‍ നികുതി അടയ്ക്കുന്നില്ല. അത്തരക്കാരെ സംരക്ഷിക്കുന്നത് എന്തിനാണ്? വ്യക്തികള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ എന്തിനാണ് കൂട്ടുനില്‍ക്കുന്നത്. മാധവ് ഗാഡ്ഗില്‍ എന്താണ് പറഞ്ഞിരിക്കുന്നത്, എന്തൊക്കെ പറഞ്ഞിട്ടില്ല എന്നു ജനങ്ങള്‍ മനസിലാക്കണം. അതിന് തയ്യാറായാല്‍ ഇന്നല്ലെങ്കില്‍ നാളെ പശ്ചിമഘട്ടം സംരക്ഷിക്കണം എന്ന ആവശ്യം ഇവിടെയുയരും.

മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ‘റൂട്ട് ഫോര്‍ വാട്ടര്‍’; വെള്ളത്തിന് പോകാനൊരു സ്ഥലം എന്നത് ഞങ്ങളുടെ ലക്ഷ്യമാണെന്ന് പ്രസ്താവിക്കുന്നത് കേട്ടൂ. അത് തന്നെയാണ് മാധവ ഗാഡ്ഗില്‍ പറഞ്ഞിരിക്കുന്നതും. ഓരോ പ്രളയത്തിനും പിരിവെടുത്തും വിദേശത്ത് പോയി കൈനീട്ടിയുമൊക്കെ വാങ്ങിക്കുന്ന കോടിക്കണക്കിന് രൂപയുടെ ആവശ്യമൊന്നും പശ്ചിമഘട്ടം സംരക്ഷിച്ചാല്‍ വേണ്ടി വരില്ല. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നടക്കുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളും പാറ മടകളും നിര്‍ത്തുകയും നിയന്ത്രിക്കുകയും ചെയ്താല്‍ മതി.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനുമേല്‍ തുടരുന്ന ഈ നിലപാടുകള്‍ താങ്കള്‍ക്ക് ഇനിയും വ്യക്തിപരമായ തിരിച്ചടികളാണ് നല്‍കുന്നതെങ്കിലോ?

ഞാന്‍ ഇപ്പോഴും നല്ല ആത്മവിശ്വാസത്തില്‍ ജീവിക്കുന്നൊരാളാണ്. എല്ലാക്കാര്യത്തിലും ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നു. എന്താകും ആകില്ല എന്നൊക്കെയുള്ള ആകാംക്ഷയോ ഭയമോ കൊണ്ടുനടക്കാറില്ല. കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് എന്നിങ്ങനെ  വളര്‍ന്നു വന്നൊരു പാര്‍ട്ടിക്കാരനാണ് ഞാന്‍. ഇപ്പോള്‍ ആയതിനെക്കാള്‍ കൂടുതല്‍ ഒന്നും ആയില്ലെങ്കിലും വിഷമമില്ല. ഇടുക്കി പോലൊരു പിന്നാക്ക പ്രദേശത്തു നിന്നും വന്ന എന്നെപ്പോലൊരു സാധാരണക്കാരന് എത്താന്‍ കഴിയാവുന്നതിന്റെ പരാമാവധി എത്തി എന്നു തന്നെ വിശ്വസിക്കുന്നു. സ്ഥാനമാനങ്ങള്‍ വേണമെന്നു ചോദിച്ചാല്‍ വേണ്ടെന്നും പറയില്ല. പക്ഷേ, ഒരു നിലപാടിന്റെ പേരില്‍ അതൊക്കെ നഷ്ടപ്പെടും എന്നു പറഞ്ഞു ഭയപ്പെടുത്താന്‍ വന്നാല്‍ അംഗീകരിച്ചു കൊടുക്കില്ല. എന്റെ നിലപാട് ശരിയാണെന്നു ഉറച്ചു വിശ്വാസിച്ചു കൊണ്ട് മുന്നോട്ടു പോകുന്നു. എവിടെയെങ്കിലും തെറ്റുണ്ടെന്ന് എനിക്കും കൂടി ബോധ്യമാകുന്ന തരത്തില്‍ ആരു ചൂണ്ടിക്കാണിച്ചാലും അത് തിരുത്തുകയും ചെയ്യും.

താങ്കളുടെ നിലപാടുകള്‍ കോണ്‍ഗ്രസിന്റെ നിലപാട് ആയി മാറുമോ?

പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമാണത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍