UPDATES

മന്ത്രിസഭാംഗങ്ങള്‍ക്ക് വേശ്യാലയ സംസ്‌കാരമെന്ന് പിണറായി വിജയന്‍

കേരളം അധോലോകത്തിന്റെ കൈയില്‍പ്പെട്ടിരിക്കുകയാണെന്നും ഈ സംഘമാണ് കേരളം ഭരിക്കുന്നതെന്നും സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. പൊതുജീവിതത്തിലും ഭരണത്തിലും രാഷ്ട്രീയത്തിലും അശേഷം ശുദ്ധി വേണ്ടെന്നാണ് ഈ സംഘം കരുതുന്നതെന്നും വിജയന്‍ ആരോപിച്ചു. ഒരു സെക്‌സ് റാക്കറ്റായി മന്ത്രിസഭ അധപതിച്ചു. കേരളത്തിലെ മന്ത്രിസഭാംഗങ്ങള്‍ക്ക് വേശ്യാലയ സംസ്‌കാരമാണ്. ഇത് തന്റെ അഭിപ്രായമല്ലെന്നും അടിയുറച്ച കോണ്‍ഗ്രസുകാര്‍ പറഞ്ഞതാണെന്നും വിജയന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരണം രണ്ടു കാര്യങ്ങള്‍ക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്. അതിഭീകരമായ അഴിമതി നടത്താനും അഴിമതികളുടെ തെളിവില്ലാതാക്കി തേച്ചുമായ്ച്ചു കളയാനും വേണ്ടി. അരുവിക്കര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ വിധി എഴുത്താകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇപ്പോള്‍ ജനം ചോദിക്കുന്നത് മുഖ്യമന്ത്രി ആ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നുവോ എന്നാണ്. സോളാര്‍ വിവാദത്തിലെ കോടതി വിധി പ്രതിപക്ഷം പറഞ്ഞിരുന്ന കാര്യങ്ങള്‍ ശരിയാണെന്ന് തെളിയിച്ചു. ഒരു കേസില്‍ കോടതി കടുത്ത നിരീക്ഷണം നടത്തിയെങ്കില്‍ സോളാറിന്റെ അന്തിമ വിധി വരുമ്പോഴേക്കും എന്താകും അവസ്ഥ. അത്യുന്നതങ്ങളില്‍ സോളാറുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പറഞ്ഞത് ശരിയാണെന്ന് കോടതി വിധി തെളിയിച്ചു. കേരളം ഒരു കാലത്തും ഇത്ര അധമന്‍മാരായ മന്ത്രി സംഘത്തെ കണ്ടിട്ടില്ല.

സരിതയ്ക്ക് മുഖ്യമന്ത്രി പണം കൊടുത്തിരുന്നുവെന്ന് ആരോപിച്ച അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണനെതിരെ മുഖ്യമന്ത്രിയും കൂട്ടരും കേസ് കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് പിണറായി ചോദിച്ചു. കേസ് കൊടുത്താല്‍ ഇനിയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന ഭീതിയുണ്ട്. അതിനാലാണ് കേസ് കൊടുക്കാത്തത് എന്ന് പിണറായി പരിഹസിച്ചു.

കേരളത്തിലെ അഴിമതിയെ കുറിച്ച് പ്രസ്താവിച്ച ആന്റണി ഇപ്പോള്‍ ആ അഴിമതിക്കുവേണ്ടി അരുവിക്കരയില്‍ വോട്ട് തേടിയെത്തി. ഇതേ ജോലിയാണ് ദല്‍ഹിയില്‍ ആന്റണി ചെയ്തു കൊണ്ടിരുന്നത്. എന്നാല്‍ കേന്ദ്രത്തില്‍ മന്‍മോഹന്‍ സിംഗിന് സംഭവിച്ചത് ഇവിടെ ഉമ്മന്‍ ചാണ്ടിക്കും സംഭവിക്കും.

ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയും ബിജെപിയും തമ്മില്‍ ഒത്തുകളിയുണ്ടെന്നും അതുകൊണ്ടാണ് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ബിജെപിയെ വിമര്‍ശിക്കാത്തത് എന്നും പിണറായി വിമര്‍ശിച്ചു. താല്‍ക്കാലിക ലാഭത്തിനുവേണ്ടി വര്‍ഗീയതയെ ഉമ്മന്‍ചാണ്ടി പുണരുകയാണെന്നും പിണറായി അരുവിക്കരയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍