UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാഗി തിരിച്ചെത്തുമ്പോള്‍

Avatar

ടീം അഴിമുഖം

ജൂണില്‍ നെസ്‌ലെ ഇന്ത്യയ്ക്ക് വലിയ ആഘാതമുണ്ടാക്കിയ രാജ്യവ്യാപക മാഗി നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒടുവില്‍ കെട്ടടങ്ങിത്തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഈ സ്വിസ് ബഹുരാഷ്ട്ര കമ്പനിയെ മുട്ടികുത്തിച്ച ഭക്ഷ്യ സുരക്ഷ ഏജന്‍സിയുടെ നാണം കെട്ട അധികാര പ്രയോഗം ഇത്തരം സാഹചര്യങ്ങളില്‍ പിന്തുടരേണ്ട അംഗീകൃത നടപടിക്രങ്ങളെ ഗൗരവമായി പുനഃപരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വാസ്തവത്തില്‍ എന്താണ് ഈ വിവാദത്തിന് ഇടവരുത്തിയതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരങ്ങളൊന്നും നല്‍കാതെയാണ് പ്രതികാര ബുദ്ധിയോടെ ഈ വിവാദത്തിലുടനീളം ഭക്ഷ്യ സുരക്ഷ ഏജന്‍സി ധിക്കാര ഭാവത്തോടെ പെരുമാറിയത്.

മാഗി ന്യൂഡില്‍സില്‍ മാരകമായ അളവില്‍ ഈയം അടങ്ങിയിട്ടുണ്ടെന്ന കുറ്റാരോപണത്തോടുള്ള നെസ്‌ലെയുടെ ആദ്യ പ്രതികരണം പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന തരത്തിലായിരുന്നു. ഈ നീക്കം ഫലിക്കാതെ വന്നപ്പോള്‍ നിരോധനത്തിനെതിരെ കമ്പനി കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതമായി. മാഗി സുരക്ഷിതമായ ഭക്ഷ്യ വസ്തുവാണെന്ന സ്വതന്ത്ര ലാബുകളില്‍ നിന്നുള്ള പരിശോധനാ ഫലങ്ങളുമായാണ് നെസ്‌ലെ കോടതിയെ സമീപിച്ചത്. തങ്ങളുടെ ഉല്‍പ്പന്നം സുരക്ഷിതമാണെന്ന് തെളിയിക്കാനുള്ള അവസരം നെസ്‌ലെക്ക് നിരസിച്ചതിന് ഭക്ഷ്യ സുരക്ഷാ ഏജന്‍സിയെ ബോംബെ ഹൈക്കോടതി ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ ലംഘിച്ചാണ് ഭക്ഷ്യ സുരക്ഷാ ഏജന്‍സി കമ്പനിക്കെതിരെ നടപടിയെടുത്തിരിക്കുന്നത് എന്നാണ് കോടതി പറഞ്ഞത്. മാഗിക്കെതിരെ നടപടിയെടുക്കാന്‍ ഏജന്‍സി കാണിച്ച തിടുക്കമാണ് ഏറെ വിചിത്രം. നിരോധനത്തിന് ആധാരമാക്കിയ പരിശോധനാ ഫലം പുറത്തുവിട്ട ലബോറട്ടറി വാസ്തവത്തില്‍ ഭക്ഷ്യവസ്തുക്കളിലെ ഈയത്തിന്റെ അളവ് കണ്ടുപിടിക്കുന്ന പരിശോധന നടത്താന്‍ അംഗീകാരമുള്ള ലാബ് ആയിരുന്നില്ലെന്നതാണ് വസ്തുത.

ഈ വിവാദത്തോടെ നെസ്‌ലെയുടെ പ്രതിഛായ കളങ്കപ്പെട്ടു. ഇനി തങ്ങളുടെ ഉപഭോക്താക്കളെ തിരിച്ചുപിടിക്കാന്‍ ശക്തമായ പരസ്യപ്രചാരണങ്ങള്‍ക്ക് കമ്പനി മുതിരേണ്ടി വരും. നിരോധനത്തെ തുടര്‍ന്ന് 350 ദശലക്ഷം മാഗി ന്യൂഡില്‍സ് പായ്ക്കുകള്‍ നശിപ്പിക്കാന്‍ നെസ്‌ലെയ്ക്ക് 450 കോടി രൂപ ചെലവിടേണ്ടി വന്നു. ഇതു മൂലം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനിക്കുണ്ടായ നഷ്ടം 15 വര്‍ഷത്തിനിടെ ആദ്യത്തെതായിരുന്നു. മറ്റേതെങ്കിലും വികസ്വര രാജ്യങ്ങളിലായിരുന്നു ഇത് സംഭവിച്ചിരുന്നതെങ്കില്‍ ഭക്ഷ്യ സുരക്ഷാ ഏജന്‍സിക്കെതിരേ കമ്പനി നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുകയും കേസ് ഏതാണ്ട് വിജയിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഈ നീക്കം അവിവേകമാകും.

ഏതെങ്കിലും ഭക്ഷ്യ വസ്തുക്കളുടെ സുരക്ഷിതത്വത്തില്‍ സംശയം ഉണ്ടായാല്‍ അന്വേഷണവും പരിശോധനയും നടത്തുന്നതിനാവശ്യമായ പെരുമാറ്റചട്ടങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷ ഏജന്‍സിക്ക് യുഎസ് ഏജന്‍സിയില്‍ നിന്നും ചില പാഠങ്ങള്‍ പഠിക്കാനുണ്ട്. ഡോ. റെഡീസ്, റണ്‍ബാക്‌സി പോലുള്ള പല ഇന്ത്യന്‍ മരുന്ന് കമ്പനികള്‍ക്കും യുഎസ് ഏജന്‍സിയുടെ കടുത്ത പരിശോധനാ നടപടിക്രമങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം നിരോധനമേര്‍പ്പെടുത്തുകയോ പിഴയിടുകയോ ചെയ്യുന്നതിന് മുമ്പ് പിഴവുകള്‍ തിരുത്താനുള്ള അവസരം യുഎസ് ഫൂഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അവര്‍ക്കു നല്‍കിയിട്ടുണ്ട്. മാഗി വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരം പെരുമാറ്റ ചട്ടങ്ങള്‍ നടപ്പിലാക്കേണ്ടത് ആവശ്യമാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍