UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്ര സര്‍ക്കാര്‍ ചതിച്ചു; മജിസ്‌ട്രേറ്റ് വിവാഹങ്ങള്‍ മുടങ്ങുമെന്ന് ആശങ്ക

അഡ്വ. പി പി താജുദ്ദീന്‍

കേരള ജുഡീഷ്യറിയില്‍ മജിസ്‌ട്രേറ്റ് ദമ്പതികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. മജിസ്‌ട്രേറ്റ് അല്ലെങ്കില്‍ മുന്‍സിഫ്. സമൂഹത്തിലെ മാന്യമായ ജോലി. തരക്കേടില്ലാത്ത ശമ്പളം. ലക്ഷത്തിനടുത്ത്. ഇതാണ് ദമ്പതികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടവരുത്തിയത്. ആലോചനകള്‍ ഉറയ്ക്കുന്നതും വിവാഹങ്ങള്‍ നടക്കുന്നതും പരിശീലന കാലത്ത്. ഇങ്ങനെ പരിശീലനത്തിനിടെ ഉറപ്പിച്ച വിവാഹങ്ങള്‍ സര്‍ക്കാരിന്റെ ചതിയെത്തുടര്‍ന്ന് മുടങ്ങുമോയെന്ന ആശങ്കയിലാണ് ചിലരെങ്കിലും.

ഗ്രാമന്യായാലയങ്ങള്‍ തുടങ്ങുമെന്ന സര്‍ക്കാരിന്റെ ഉറപ്പാണ് ഹൈക്കോടതിയെ വെട്ടിലാക്കിയത്. പരിശീലനം നല്‍കുന്ന മുഴുവന്‍ പേരെയും മജിസ്‌ട്രേറ്റാക്കാന്‍ കഴിയില്ല. സുപ്രീംകോടതിയുടെ  കനിവ് നേടിയെങ്കിലും ഫലമുണ്ടായില്ല. മുന്‍സിഫ് മജിസ്‌ട്രേറ്റ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ പേര്‍ക്കും നിയമനം കിട്ടില്ലെന്ന് ഉറപ്പായി. 28 പേര്‍ ഒരു വഴിക്കായി. ഇവര്‍ക്ക് ഇനി വക്കീല്‍പണിയുമായി തിരിച്ചുപോകാം. ഇവരെ തുടര്‍വര്‍ഷങ്ങളിലെ നിയമനത്തിനായി അനുമതി നല്‍കണമെന്ന ഹൈക്കോടതിയുടെ ആവശ്യമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ച് കഴിഞ്ഞ ദിവസം തിരസ്‌കരിച്ചത്.

ഇനി അല്‍പ്പം ചരിത്രം. ഐക്യകേരളം രൂപീകൃതമായതിനുശേഷം പി.എസ്.സി.യാണ് സംസ്ഥാനത്തെ നീതിന്യായ കോടതികളില്‍ മജിസ്‌ട്രേറ്റുമാരെയും ജസ്റ്റിസുമാരെയും നിയമിച്ചിരുന്നത്. നിയമനം കുറ്റമറ്റതാക്കുന്നതിനാണ് ഹൈക്കോടതി ഇത് നേരിട്ട് ഏറ്റെടുത്തത്. ഹൈക്കോടതി എഴുത്തുപരീക്ഷയും അഭിമുഖവും നേരിട്ട് നടത്തിവരുന്നു. ഹൈക്കോടതി നടത്തുന്ന എഴുത്തുപരീക്ഷയില്‍ വിജയിക്കാന്‍ ഇപ്പോള്‍ കേരളത്തിലുടനീളം കോച്ചിംഗ് ക്ലാസുകളും നടന്നുവരുന്നു. എഴുത്തില്‍ യോഗ്യത നേടുന്നവരെ പിന്നീട് അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖ കടമ്പ കടക്കുന്നവരെ പരിശീലനം നല്‍കി ഒഴിവുകള്‍ നോക്കി കേരളത്തിലുടനീളം നിയമിക്കും. സിവില്‍ കേസുകള്‍ പരിഗണിക്കുന്നവര്‍ മുന്‍സിഫും ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്നവര്‍ മജിസ്‌ട്രേറ്റുമാരും ആവും. പിന്നീട് കയറ്റം കിട്ടി ഇവര്‍ ജില്ലാ ജഡ്ജിമാരും. അതിനുശേഷം ഹൈക്കോടതിയിലേക്ക് നേരിട്ട്  നിയമനത്തിന് അര്‍ഹരും ആകും. 

അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള നിയമബിരുദമാണ് യോഗ്യത. നേരത്തെ മൂന്നുവര്‍ഷം അഭിഭാഷകവൃത്തിയില്‍ പരിചയം ആവശ്യമായിരുന്നു. സുപ്രീംകോടതിയുടെ ഒരു സ്റ്റേ ഉത്തരവ് നിലവിലുള്ളതിനാല്‍ അഭിഭാഷകവൃത്തിയില്‍ പരിചയം തല്‍ക്കാലം ആവശ്യമില്ല.

2013 ലാണ് അവസാനമായി മുന്‍സിഫ്/മജിസ്‌ട്രേറ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. 38 ഒഴിവുകളിലേക്കുള്ള വിജ്ഞാപനം. പക്ഷെ 66 പേരെ തിരഞ്ഞെടുത്ത് പരിശീലനം തുടങ്ങി. പരിശീലനം സ്റ്റൈപ്പന്റ്, താമസസൗകര്യം തുടങ്ങി ആനുകൂല്യങ്ങളും നല്‍കിയാണ് നടന്നുവരുന്നത്.

പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ  ഹൈക്കോടതിയുടെ എഴുത്തുപരീക്ഷ ഹൈക്കോടതിയില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടു. സിംഗിള്‍ ബഞ്ച് ഹര്‍ജി തള്ളി. എന്നാല്‍ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഉദ്യോഗാര്‍ത്ഥി നല്‍കിയ അപ്പീലില്‍ ജുഡീഷ്യല്‍ ബഞ്ച് ദീര്‍ഘമായ വാദത്തിനൊടുവില്‍ ഉത്തരക്കടലാസുകള്‍ വിളിച്ചുവരുത്തി പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ മാര്‍ക്ക് ഇട്ടതില്‍ ക്രമക്കേട് കണ്ടെത്തി. ഇങ്ങനയെങ്കില്‍ ഇടപെടാന്‍ മടിക്കില്ലെന്നായി ഡിവിഷന്‍ ബഞ്ച്. വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് അപ്പീല്‍ വിധി പറയാനായി മാറ്റിവച്ചിരിക്കുകയാണ്. 

അപ്പീല്‍ വിധിപറയാന്‍ മാറ്റും മുമ്പ് തന്നെ കേസ് ഈ ബെഞ്ച് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് നിയുക്ത മജിസ്‌ട്രേറ്റുമാര്‍ കോടതിയിലെത്തി. ഇവരുടെ ആവശ്യം ഡിവിഷന്‍ ബെഞ്ച് ഗൗനിച്ചില്ല. തുടര്‍ന്ന് ഇതേ പരാതി തന്നെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയ്ക്കും നല്‍കി.

ഇങ്ങനെയിരിക്കെയാണ് കാര്യങ്ങള്‍ മൊത്തം തകിടം മറിഞ്ഞത്. ഒഴിവുവരുന്ന മജിസ്‌ട്രേറ്റ് തസ്തികകളില്‍ എല്ലാ വര്‍ഷവും നിയമനം നടത്തണമെന്ന സുപ്രീംകോടതിയുടെ ‘മൗലിക മസൂര്‍ സുല്‍ത്താന്‍’ കേസിലെ വിധി കേരളത്തില്‍ പാലിക്കപ്പെട്ടില്ല എന്ന പരാതി ഉയര്‍ന്നത്. ഹൈക്കോടതി രജിസ്ട്രാറെ സുപ്രീംകോടതി വിളിച്ചുവരുത്തി വിശദീകരണം തേടി. 38 ഒഴിവുകള്‍ മാത്രമുള്ളപ്പോഴാണ് 66 പേരെ പരിശീലനം നല്‍കി നിയമനം നടത്താന്‍ പോകുന്നതെന്നായിരുന്നു ആരോപണം.

വിജ്ഞാപനം ചെയ്യുന്ന ഒഴിവുകളിലേക്ക് മാത്രമേ നിയമനം പാടുള്ളുവെന്ന അടിസ്ഥാന തത്വം ലംഘിക്കപ്പെട്ടുവെന്നും പരാതി ഉയര്‍ന്നു.  കേരള ഹൈക്കോടതിക്കു വേണ്ടി പ്രത്യേകം റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചുവെങ്കിലും സുപ്രീംകോടതിയില്‍ ഇത് ഫലം കണ്ടില്ല.

ഇതിനിടെ നിയമനത്തിനായി പരിശീലനം ആരംഭിച്ച 66 പേരുടെ പരിശീലന കാലാവധി ഒരു വര്‍ഷം പൂര്‍ത്തിയായി. പരിശീലനം ഒരു വര്‍ഷം കഴിഞ്ഞെങ്കിലും നിയമനം നടത്താനായില്ല. ഒരു വര്‍ഷം കഴിഞ്ഞ് ആറു മാസങ്ങളും ഇപ്പോള്‍ കടന്നുപോകും എന്നിട്ടും നിയമനം നടത്താന്‍ കഴിയുന്നില്ല.

സംസ്ഥാനത്ത് പഞ്ചായത്തുകള്‍ തോറും ഗ്രാമന്യായാലയങ്ങള്‍ സ്ഥാപിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പാണ് പുലിവാല്‍ പിടിക്കാന്‍ കാരണമായത്. ഗ്രാമന്യായാലയത്തില്‍ നിയമിക്കാനുള്ളവരെയും ചേര്‍ത്താണ് 66 പേരെ തെരഞ്ഞെടുത്തത്. കേന്ദ്ര സര്‍ക്കാര്‍ വാക്കുപാലിച്ചില്ല. 38 ഒഴിവുകള്‍ നികത്തിയതിനു ശേഷം ബാക്കിയുള്ളവരെ തുടര്‍ വര്‍ഷങ്ങളില്‍ നിയമനത്തിനായി പരിഗണിക്കണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതി സുപ്രീംകടോതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ജഡ്ജി സ്ഥാനം ഉപേക്ഷിച്ച് സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരിയെതന്നെ ചുമതലപ്പെടുത്തി കേസ് വാദിച്ചു.

എന്നാല്‍ നിയമാനുസൃതമല്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരെ നിയമിക്കാന്‍ അനുമതി നല്‍കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന സുപ്രീംകോടതി ബെഞ്ച് നിലപാട് സ്വീകരിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടുകയായിരുന്നു. ഈ അനുമതി നല്‍കിയ സുപ്രീംകോടതി, ഹര്‍ജി തള്ളി.

തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വരും കാലങ്ങളില്‍ നിയമനത്തിന് പ്രാമുഖ്യം നല്‍കാമല്ലോ എന്ന കോടതിയുടെ അഭിപ്രായം വിധിന്യായത്തില്‍ ഉള്‍പ്പെടുത്തണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി തയ്യാറായില്ല.

ഇതിനിടെ ഒഴിവുകള്‍ നികത്താനാവാതെ വന്നപ്പോള്‍ 30 താല്‍ക്കാലിക മജിസ്‌ട്രേറ്റ്മാരെ വിവിധ കോടതികളില്‍ ഹൈക്കോടതി നിയമിച്ചു. കോടതി ജീവനക്കാരില്‍ നിയമബിരുദം ഉള്ളവരെയാണ് ഇങ്ങനെ നിയമിച്ചത്. തല്‍ക്കാലം ഇവര്‍ തുടരും.

കേന്ദ്രസര്‍ക്കാരിന്റെ ഈ വന്‍ ചതി കേരളഹൈക്കോടതിയെ വെട്ടിലാക്കിയെന്നു മാത്രമല്ല ആലോചിച്ച് ഉറപ്പിച്ച വിവാഹങ്ങള്‍ മുടക്കുമെന്ന നിലയിലുമെത്തിച്ചു.

(കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍. തൊടുപുഴ സ്വദേശി)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍