UPDATES

ട്രെന്‍ഡിങ്ങ്

നിങ്ങള്‍ ആരെയാണ് നിശബ്ദരാക്കാന്‍ ശ്രമിക്കുന്നത്?

നിര്‍ഭാഗ്യമെന്തെന്നാല്‍ മഹാരാജസില്‍ ഇന്നലെ നടന്ന അറസ്റ്റ് സംഭവിക്കപ്പെട്ടിരിക്കുന്നത് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോഴാണ്. അടിയന്തരാവസ്ഥയുടെ ക്രൂരതകള്‍ പൊലീസിനാല്‍ ഏറ്റുവാങ്ങിയ ഒരു കമ്യൂണിസ്റ്റുകാരന്‍ കേരളം ഭരിക്കുമ്പോഴാണ്. എന്നിട്ടും ഇതെല്ലാം സംഭവിക്കുന്നതെന്താണെന്ന ചോദ്യമാണ് ഇനി നാമിവിടെ നിരന്തരം ചോദിക്കേണ്ടത്. ചോദിച്ചുകൊണ്ടേയിരിക്കണം; മറുപടി പറയുംവരെ.

ഒരിക്കല്‍ മഹാരാജാസില്‍ വച്ച് വൈലോപ്പള്ളി പറഞ്ഞതാണ്; മുന്‍പൊക്കെ ഇവിടെ ജി ശങ്കരക്കുറുപ്പ്, കുറ്റിപ്പുറം എന്നിവരെ പോലുള്ള കവികളായിരുന്നു നിറയെ, ഇപ്പോള്‍ എം. ലീലാവതിയെപ്പോലെ നിരൂപകരായി കോളേജ് മുഴുവന്‍. ഒരു വസന്തത്തിനപ്പുറം ഗ്രീഷ്മം ഉണ്ടാകുമെന്നു പറയുന്നതുപോലെ…

ഇന്നിപ്പോള്‍ വൈലോപ്പള്ളി ഉണ്ടായിരുന്നെങ്കില്‍ മഹാരാജാസിന്റെ അവസ്ഥയെ ചൂണ്ടി അദ്ദേഹം എന്തായിരിക്കും പറയുക?

റാഗിംഗ് നടത്തിയിട്ടോ മറ്റെന്തെങ്കിലും തരത്തിലുള്ള വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടോ അല്ല ഇന്നലെ എറണാകുളം മഹാരാജാസ് കോളേജിലെ ആറു വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അവര്‍ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും സര്‍ഗാത്മക വഴികള്‍ സ്വീകരിച്ചതിനാണ്. കവി കുരിപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍ പോസറ്ററാക്കി ഒട്ടിച്ചതാണ് കേസ്. ഇതു ചെയ്തതായി പറയുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ അര്‍ജുന്‍, രാകേഷ്, ആനന്ദ് വിനീഷ്, ജിതിന്‍, ഷിജാസ്, നിതിന്‍ എന്നിവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ പൊതുമുതല്‍ നശിപ്പിക്കുക, മതവിദ്വേഷ പ്രചരണം നടത്തുക എന്നിവയും!

കേരളത്തിലെ കലാലയങ്ങളുടെ ചുവരുകളില്‍ എന്നും എക്കാലവും പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും എഴുത്തുകള്‍ ഉണ്ടായിരുന്നു. അവിടെ സംസാരിച്ചതും എഴുതിയതും ചര്‍ച്ച ചെയ്തതും തര്‍ക്കിച്ചതുമെല്ലാം ലോകത്തെക്കുറിച്ചും ലോകസാഹിത്യങ്ങളെക്കുറിച്ചും ആയിരുന്നു. മനുഷ്യന്‍ എന്ന പൊതുവികാരത്തില്‍ ഊന്നി, മര്‍ദ്ദിതനുവേണ്ടിയും മര്‍ദ്ദകനെതിരേയും ശബ്ദം ഉയര്‍ന്നിരുന്നു, പോസറ്ററുകളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരുന്നു. കേരളം ഇന്നണിഞ്ഞിരിക്കുന്ന ബൗദ്ധിക പരിവേഷം കാമ്പസുകള്‍ കൂടി തുന്നിക്കൊടുത്തതാണ്. അതേ കലാലയങ്ങളെയാണ് ഇന്നു സര്‍വൈലന്‍സ് കാമറകളുടെ നിരീക്ഷണത്തില്‍ തളച്ചിട്ടിരിക്കുന്നത്; വിദ്യാര്‍ത്ഥികള്‍ ഒന്നുറക്കെ ഒച്ചവച്ചാല്‍ പൊലീസ് ജീപ്പിനു കയറിവരാന്‍ കോളേജ് ഗേറ്റ് തുറന്നിട്ടു കൊടുക്കാന്‍ തിടുക്കപ്പെടുകയാണ് പ്രിന്‍സിപ്പലുമാര്‍.

പണ്ട് കൊല്ലം എസ്എന്‍ കോളേജില്‍ ഡോ. എം ശ്രീനിവാസന്‍ എന്നൊരു പ്രിന്‍സിപ്പല്‍ ഉണ്ടായിരുന്നു. കെഎസ്‌യു- എസ്എഫ്ഐ സംഘര്‍ഷം പതിവായ കോളേജില്‍ തന്റെ പിള്ളേര് തമ്മില്‍ തല്ലുന്നത് ഒഴിവാക്കാന്‍ ശ്രീനിവാസന്‍ സാര്‍ സ്ഥിരമായി പ്രയോഗിക്കുന്നൊരു തന്ത്രമുണ്ട്. പോര്‍ വിളിച്ചു നില്‍ക്കുന്ന രണ്ടു കൂട്ടര്‍ക്കുമിടയില്‍ ചെന്ന് ഒരു ബോധം കെടല്‍. താഴെ വീഴുന്ന സാറിനെ ഉടന്‍ തന്നെ കുട്ടികള്‍ (അവരപ്പോള്‍ കെ.എസ്.യുവും അല്ല, എസ്.എഫ്.ഐയും അല്ല, ശ്രീനിസാറിന്റെ കുട്ടികള്‍ മാത്രമാണ്) താങ്ങിയെഴുന്നേല്‍പ്പിച്ച് മുറിയിലേക്കു കൊണ്ടു പോകും. അവിടെ നിന്നും പിള്ളേര്‍ പുറത്തിറങ്ങിപ്പോകുന്നത് വഴക്കും പരിഭവവുമൊന്നുമില്ലാതെ. ചിലപ്പോഴോക്കെ സാറിനും തടുക്കാന്‍ പറ്റാത്ത തരത്തില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം കലശലാകും. ഇടപെടാന്‍ പാകത്തില്‍ പുറത്തു റോഡില്‍ പൊലീസ് ജീപ്പ് കിടപ്പുണ്ടാകും. ഇതറിയുന്ന ശ്രീനിവാസന്‍ സാര്‍ നേരെ ചെന്നു ഗേറ്റിനു മുന്നില്‍ കിടക്കും. എന്നെ കടന്നല്ലാതെ എന്റെ പിള്ളേരെ തൊടാന്‍ പറ്റില്ലെന്ന വാശിയില്‍!

ഇങ്ങനെയുള്ള പ്രിന്‍സിപ്പലുമാര്‍ കാമ്പസുകളില്‍ ഇല്ലാതായി. പകരം വിദ്യാര്‍ത്ഥികളെ മര്യാദ പഠിപ്പിക്കാന്‍ കാമറ വയ്ക്കുന്നവരും പൊലീസിനെ വിളിക്കുന്നവരുമായ ഭരണാധിപന്മാരാണ് ഇന്ന്‍ കോളേജുകളിലുള്ളത്. അങ്ങനെയുള്ളിടത്തു നിന്നാണ് ആറു കുട്ടികളെ ഇന്നലെ അറസ്റ്റ് ചെയ്തതും അവരെ റിമാന്‍ഡ് ചെയ്തതും.

വൈലോപ്പള്ളി പണ്ട് പറഞ്ഞതു നര്‍മം ആയിരുന്നെങ്കിലും അതില്‍ വലിയൊരു സത്യവും അടങ്ങിയിരുന്നു. വസന്തവും ഗ്രീഷ്മവുമൊക്കെ പരിപോഷിപ്പിച്ചിരുന്നൊരു നല്ല കാമ്പസായിരുന്നു മഹാരാജാസ്. ഇന്നലെ തനിക്ക് അനിഷ്ടമുണ്ടാക്കിയ വിദ്യാര്‍ത്ഥികളെ പൊലീസിലേല്‍പ്പിക്കുമ്പോള്‍ ആ പ്രിന്‍സിപ്പല്‍ മഹത്തായൊരു പാരമ്പര്യത്തിനുമേലാണ് കോടാലി വീശിയതും.

poem

ഹിന്ദുവിന്റെ കോടാലി
മുസ്ലിമിന്റെ കോടാലിയോടു പറഞ്ഞു
എടാ… നാമിന്ന് കുടിച്ച ചോരയ്ക്ക്
ഒരേ രുചിയാണ്…

മതവിദ്വേഷ പ്രചരണം എന്നു പ്രിന്‍സിപ്പലിനും പൊലീസിനുമൊക്കെ തോന്നിയ വരികള്‍ കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയതാണ്. ഈ കവിത കുരീപ്പുഴ എഴുതുന്നത് 14 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. 2002-ല്‍ ‘ഇന്ന്’ മാസികയില്‍. ഇക്കാലത്തിനിടയിലൊന്നും കുരീപ്പുഴയുടെ വരികള്‍ മതവിദ്വേഷപ്രചരണമായി ആര്‍ക്കും തോന്നിയിട്ടില്ല. വരികളില്‍ എവിടെയാണ് ഏതെങ്കിലും മതത്തെ വിമര്‍ശിക്കുന്നത്? വിമര്‍ശിക്കുന്നുണ്ട്, അത് ഹിന്ദുവിന്റെയും മുസ്ലിമിന്റെയും മുഖംമൂടിയിട്ടവര്‍ നടത്തുന്ന അരുംകൊലകളെയാണ്. മനുഷ്യനു മനസിലാകാത്ത സത്യം കോടാലിത്തലകള്‍ക്ക് ബോധ്യപ്പെടുന്നുണ്ടെന്നാണു കവി പറഞ്ഞത്. തിരിച്ചറിവിന്റെ ഉദ്‌ബോധനങ്ങളായി കാണേണ്ടതിനെ അന്ധതയുടെ കണ്ണട വച്ച് വായിക്കുമ്പോഴാണ് തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നത്. അത്തരത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരധ്യാപകനാണ് മഹാരാജാസ് പോലുള്ളൊരു കലാലയത്തില്‍ വിദ്യാര്‍ത്ഥികളുടെ നിയന്ത്രിതാവായി മാറുന്നതെന്നത് എത്ര കഷ്ടമാണ്.

ദേശദ്രോഹപരമായി തോന്നിയ മറ്റൊരു കുരിപ്പൂഴ കവിത കൂടിയുണ്ട്;

സുഹൃത്തേ,
ജനഗണനമന ഒന്നു തെറ്റ് കൂടാതെ
എഴുതി തരുമോ
ഏതെങ്കിലും പത്രത്തിനയയ്ക്കാനാ
രചയിതാവെന്ന പേരില്‍…

southlive%2f2016-12%2fc336de8c-aa97-448a-95a7-b028305594ac%2fwhatsapp-image-2016-12-20-at-9-25-08-pm

ഈ കവിത എഴുതുന്നത് 2005-ലാണ്. ഒരിക്കല്‍ കവി തന്നെ ഈ കവിതയുടെ പിന്നാമ്പുറ രഹസ്യം തമാശയായി പറഞ്ഞിട്ടുണ്ട്. സമ്പന്നരും അഭ്യസ്തവിദ്യരും ഉള്‍പ്പെടുന്നൊരു സംഘടനയുടെ ചടങ്ങില്‍ കവിക്കും പങ്കെടുക്കേണ്ടി വന്നൂ. ചടങ്ങ് തുടങ്ങും മുന്നേ ദേശീയഗാനം. കുട്ടിക്കാലം തൊട്ടെ മനസില്‍ കയറിക്കൂടിയ ഇഷ്ടം ദേശീയഗാനത്തോടുള്ളതുകൊണ്ട് ആരും നിര്‍ബന്ധിക്കാതിരുന്നിട്ടും കവിയും എഴുന്നേറ്റു നിന്നു. എന്നാല്‍ അന്നവിടെ ആലപിക്കപ്പെട്ട ദേശീയഗാനം താന്‍ അതുവരെ കേട്ടതേയല്ല എന്നു കവിക്കു മനസിലായി. ‘പഞ്ചാര സിന്ധു…’ എന്ന വരികളൊന്നും ടാഗോര്‍ എഴുതിയിട്ടില്ല. ഒന്നോ രണ്ടോ വരികളൊഴിച്ചാല്‍ ബാക്കിയ്‌ക്കൊന്നും ടാഗോറിന് അവകാശമേയില്ലാത്ത ഒരു ദേശീയഗാനമായിരുന്നു ആ ‘വലിയ’ ആള്‍ക്കാരുടെ ചടങ്ങില്‍ കേട്ടത്. തീര്‍ന്നില്ല അവിടെ ഉണ്ടായിരുന്ന ഒരാള്‍ കവിയെ സമീപിച്ചു ചോദിച്ചു; ‘അറിയാമെങ്കില്‍ ദേശീയഗാനം തെറ്റില്ലാതെ ഒന്ന് എഴുതി തരാമോ? സമ്പാദകനായി പേരു വച്ച് ഏതെങ്കിലും പത്രത്തിലേക്ക് അയച്ചു കൊടുക്കാനാണ്…’

southlive%2f2016-12%2fa9d394a5-e2df-4560-8d2a-112dac7ab0f0%2fwhatsapp-image-2016-12-20-at-9-25-20-pm

ഒരു കവിതയു വെറുതെ എഴുതപ്പെടുന്നില്ല. അതിന്റെ പിന്നില്‍ പറയാന്‍ ഒരു കാരണം ഉണ്ടായിരിക്കും. കുരിപ്പുഴയുടെ കവിതകള്‍ എഴുതിയൊട്ടിച്ചവര്‍ മതവിദ്വേഷകരും അക്രമികളുമായി ആര്‍ക്കെല്ലാം തോന്നിയോ അവരെ ആസ്വാദനബോധമില്ലാത്തവരെന്നല്ല, അടിച്ചമര്‍ത്തലുകാരെന്നു തന്നെയാണു വിളിക്കേണ്ടത്. കാമ്പസിന്റെ സര്‍ഗാത്മകതയെ, പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നവരായി തന്നെ. കേരളത്തിന്റെ കലാലയങ്ങള്‍ അരാഷ്ട്രീയവത്കരിക്കപ്പെട്ടു പോകുന്നു എന്ന നിലവിളികള്‍ക്കിടയിലാണ് ചില നാമ്പുകള്‍ ഉയര്‍ന്നു പൊങ്ങുന്നത്. എന്നാല്‍ അവയെ കരിച്ചു കളയാന്‍ നോക്കുന്നവരോട് ക്ഷമിക്കേണ്ടതില്ല.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഇന്ത്യയിലെ കലാലയങ്ങള്‍, അക്കാദമിക്, സാംസ്കാരിക സ്ഥാപനങ്ങള്‍ ഇവിടെല്ലാം കാവിവത്ക്കരണവും വിദ്യാഭ്യാസത്തിന്റെ കച്ചവടവത്ക്കരണവുമൊക്കെ കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്. സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് അടിക്കാനുള്ള ആ ഭരണകൂടത്തിന്റെയും അവരുടെ മാതൃസംഘടന ആര്‍എസ്എസിന്റെയും ശ്രമങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ ശക്തമായി പൊരുതിക്കൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ അതിന് നേതൃത്വം കൊടുക്കുന്നത് ഇന്ത്യയിലെ കലാലയങ്ങളും അവിടങ്ങളിലെ ഇടതുപക്ഷ – ഫാസിസ്റ്റ് – സവര്‍ണ വിരുദ്ധ മനോഭാവമുള്ള വിദ്യാര്‍ഥികളുമാണ്. അങ്ങനെയാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും, ഹൈദരാബാദ് യൂണിവേഴ്സിറ്റിയും ജെഎന്‍യുവും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുമൊക്കെ ജനാധിപത്യ ഇടങ്ങളെ തിരിച്ചു പിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

നിര്‍ഭാഗ്യകരെമെന്ന് പറയട്ടെ ആ പോരാട്ടങ്ങളുടെ മുമ്പില്‍ നില്‍ക്കേണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നു വിശ്വസിക്കപ്പെടുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളത്തിലാണ് ഇപ്പോള്‍ ഇത് നടന്നിരിക്കുന്നത്. അടിയന്തരാവസ്ഥയുടെ ക്രൂരതകള്‍ പൊലീസിനാല്‍ ഏറ്റുവാങ്ങിയ ഒരു കമ്യൂണിസ്റ്റുകാരന്‍ കേരളം ഭരിക്കുമ്പോഴാണ്. എന്നിട്ടും ഇതെല്ലാം സംഭവിക്കുന്നതെന്താണെന്ന ചോദ്യമാണ് ഇനി നാമിവിടെ നിരന്തരം ചോദിക്കേണ്ടത്. ചോദിച്ചുകൊണ്ടേയിരിക്കണം; മറുപടി പറയുംവരെ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍