UPDATES

ചുവരെഴുത്ത് ഇത്ര വല്യ കുറ്റാ? മഹാരാജാസില്‍ നടക്കുന്നതെന്ത്? ഒരു വിദ്യാര്‍ഥിനിക്ക് പറയാനുള്ളത്

ക്യാമ്പസിന്റെ സര്‍ഗാത്മക പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നത്തിനെതിരെ ഞങ്ങളുടെ പ്രതിഷേധങ്ങള്‍ ആരംഭിക്കുകയാണ്. ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട് ജയിച്ചില്ലെങ്കിലും പരാജയപ്പെടില്ലെന്ന്

പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും സര്‍ഗാത്മക വഴികള്‍ സ്വീകരിച്ച മഹാരാജാസ് കോളേജില്‍ ആറു വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതിന് ഇതേ കോളേജിലെ പാരിസ്ഥിക രസതന്ത്ര വിദ്യാര്‍ത്ഥിനിയായ അനുവിന് പറയാനുള്ളത്-

പോലീസ്, കസ്റ്റഡിയില്‍ എടുത്ത ഞങ്ങളുടെ സുഹൃത്തുകള്‍ ചെയ്ത തെറ്റ് കവി കുരിപ്പുഴ ശ്രീകുമാറിന്റെയും സച്ചിദാനന്ദന്റെയും കവിതകള്‍ ഞങ്ങളുടെ കോളേജിന്റെ (മഹാരാജാസ്) ചുവരുകളില്‍ എഴുതിയതിനാണ്. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളായ അര്‍ജുന്‍, രാകേഷ്, ആനന്ദ് വിനീഷ്, ജിതിന്‍, ഷിജാസ്, നിതിന്‍ എന്നിവര്‍ക്കെതിരേ പരാതി നല്‍കിയിരിക്കുന്നത് ഞങ്ങളുടെ പ്രിന്‍സിപ്പല്‍ തന്നെയാണ്. പരാതി- പൊതുമുതല്‍ നശിപ്പിക്കുക, മതവിദ്വേഷ പ്രചരണം നടത്തുക, അശ്ശീലമായ പദങ്ങള്‍ എഴുതുക അങ്ങനെ നീണ്ടു പോകുന്നു. തിങ്കാളാഴ്ച വൈകിട്ട് ബസില്‍ ഇരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ പോലീസ് പിടിച്ചിറക്കി സ്‌റ്റേഷനില്‍ കൊണ്ടു പോവുകയായിരുന്നു. അവിടെ വച്ച് പോലീസ് ആ വിദ്യാര്‍ത്ഥിയോട് പറഞ്ഞത് ‘നിങ്ങളുടെ പ്രിന്‍സിപ്പലിന്റെ പരാതിയില്‍ നീ ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ കേസുണ്ട്. ബാക്കിയുള്ള സുഹൃത്തുകളോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പറയണം. കൂടാതെ നാളെ വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് (21-12-2016) 50,000 രൂപ കെട്ടിവയ്ക്കണം. ഇല്ലെങ്കില്‍ റിമാന്‍ഡിലാവും, ജാമ്യവും കിട്ടില്ല. കേസ് കോടതിയിലാവും’.

maha-01

പിന്നീട് ബാക്കി കുട്ടികളും സ്റ്റേഷനില്‍ ഹാജരായിരുന്നു. കസ്റ്റഡിയിലായ ആറു പേരില്‍ അഞ്ചു പേരും ദളിത് വിഭാഗത്തില്‍പ്പെട്ട പാവപ്പെട്ട കുട്ടികളാണ്. ഇവര്‍ക്ക് സ്റ്റേഷനില്‍ കെട്ടിവയ്ക്കണ്ട 50,000 തുക സ്വരൂപിക്കാനായി കോളേജ് സുഹൃത്തുകളുടെ ആഭരണങ്ങള്‍ വരെ പണയം വച്ചു. ആ തുക കെട്ടിവച്ചിട്ടും അവര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ഇതിനെ സംബന്ധിച്ച് ഞങ്ങള്‍ കുറച്ച് വിദ്യാര്‍ത്ഥികള്‍ (ഒരു വിദ്യാര്‍ത്ഥി സംഘടനയിലും പ്രവര്‍ത്തിക്കാത്തവര്‍) പ്രിന്‍സിപ്പിലിനെ കണ്ട് ചോദിച്ചപ്പോള്‍ പറഞ്ഞത്- ‘മഹാരാജാസിലെ ചുമരുകള്‍ മതങ്ങളുടെ ചൂഷണത്തിന് ഉപയോഗിക്കാനാവില്ല’ എന്നാണ്. ഇവിടുത്തെ ചുവരെഴുത്തുകള്‍ പ്രശസ്തരായ കവികളുടെതാണ്, ഇത് എഴുതിയിരിക്കുന്നത് കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥികളുമല്ല. എസ്എഫ്‌ഐ അനുകൂല വിദ്യാര്‍ത്ഥികള്‍ മാഗസിനില്‍ കൊടുക്കാന്‍ വേണ്ടി എഴുതിയതാണ് ഈ ചുവരെഴുത്തുകള്‍. ഇപ്പോള്‍ ഈ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി വരാനും കാരണം ഇവിടുത്തെ എസ്എഫ്‌ഐ അനുകൂല വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലുമാണ്.

maha-03

കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ മുമ്പ് എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു. അവരും എസ്എഫ്‌ഐയുടെ ചെയര്‍മാനും തമ്മില്‍ മുമ്പ് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനെതുടര്‍ന്ന് ചെയര്‍മാന്‍ ഇതേ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അന്ന് പോലീസിന് പരാതി നല്‍കുകയും സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളും. ഇപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിലും പുറത്തും പ്രചരിപ്പിക്കുന്നത് കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് പോലുള്ള ലഹരികള്‍ക്കടിമകളാണെന്നും ഇവര്‍ മതസ്പര്‍ദ്ദ വളര്‍ത്തുന്ന കാര്യങ്ങളാണ് ക്യാമ്പസില്‍ നടത്തുന്നതെന്നുമാണ്. എസ്എഫ്‌ഐ അനുകൂല വിദ്യാര്‍ത്ഥികള്‍ നല്‍കിയ പേരുകള്‍ പ്രകാരമാണ് പ്രിന്‍സിപ്പല്‍ പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. ഫാസിസ്റ്റ് നടപടികളാണ് ഇവിടുത്തെ പ്രിന്‍സിപ്പാല്‍ പലപ്പോഴും കൈകൊള്ളുന്നത്.

maha-07

ഇന്ന് മൂന്നു മണിക്ക് ഞങ്ങള്‍ ഇതിനെതിരെ പ്രതിഷേധത്തിനിറങ്ങുകയാണ്. ഞങ്ങള്‍ എന്നത് മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍. ഒരു വിദ്യാര്‍ത്ഥി സംഘടനയും ഇതിലില്ല. അവര്‍ക്ക് ഇതിനെതിരെ പ്രതികരിക്കേണ്ട കാര്യവുമില്ലല്ലോ. ക്യാമ്പസിന്റെ സര്‍ഗാത്മക പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നത്തിനെതിരെ ഞങ്ങളുടെ പ്രതിഷേധങ്ങള്‍ ആരംഭിക്കുകയാണ്. ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട് ജയിച്ചില്ലെങ്കിലും പരാജയപ്പെടില്ലെന്ന്. സംശയമുണ്ടെങ്കില്‍, മഹാരാജാസില്‍ മണിക്കുറുകള്‍ കൊണ്ട് സാമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ പ്രചരിക്കുന്ന ഈ പ്രതിഷേധങ്ങള്‍ നോക്കൂ-

‘ചുവരെഴുത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളെയും വിട്ടയ്ക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി നമ്മള്‍ ഒത്തുചേരുകയാണ് അവരെഴുതിയ ചുവരുകള്‍ മായാതെ നില്‍ക്കുന്ന അതേ മഹാരാജാസിന് മുന്നില്‍… 

കുരീപ്പുഴയും നദിയും കമലുമെല്ലാം… അവര്‍ മാത്രമല്ല നമ്മളെല്ലാവരും എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.
വൈകുന്നേരം മൂന്ന് മണിയാണ് സമയം.
പാട്ടും പറച്ചിലും കവിതയും വരയും നാടകവുമൊക്കെ ചേര്‍ത്ത് നമ്മുക്ക് പ്രതിഷേധത്തിന്റെ ഇരമ്പലാവാം..
പറ്റുന്നവരൊക്കെ വരണം.
കാരണം അകത്ത് കമ്പി നോക്കി ഉറങ്ങാതിരിക്കുന്ന അവരാരും ഒരു സംഘടനയുടെയും ദത്ത് പുത്രന്മാരല്ല… അവര്‍ക്കുള്ളത് നമ്മളാണ്, നമ്മളുണ്ടാവുക തന്നെ വേണം.
ഇനിയുമിനിയുമൊരായിരം കൈകളുയരണം ധാര്‍ഷ്ട്യത്തിന്റെ ചുവരുകള്‍ക്ക് നേരെ…
അതിലെഴുതുന്ന ഓരോ അക്ഷരങ്ങളും കുന്തമുനകളായിത്തന്നെ തിളങ്ങി നില്‍ക്കണം.
അതിന്റെ മൂര്‍ച്ചത്തലപ്പുകൊണ്ട് അധികാര ഗര്‍വിന്റെ അഹങ്കാരങ്ങളെയാകെ നമ്മുക്ക് കുത്തി നോവിക്കണം.
ഇനിയൊരാളെയും തടവറകളില്‍ തളച്ചിടാന്‍ അനുവദിക്കരുത്.
നമ്മള്‍ ഒത്തുചേരണം, അവരെ നമുക്ക് തിരികെ വേണം.’

maha-9999

‘അതേ,
പ്രിയ കുരീപ്പുഴ…
നാളെ മൂന്നു മണിക്ക് നമുക്ക് മഹാരാജാസിന് മുന്നില് ഒന്നങ്ങ് തടിച്ചു കൂടിയാലോ.
ഇങ്ങടെ കവിത ശകലം ഭിത്തിയിലെഴുതിയതിന് ആറ് മഹാരാജാസുകാരെ ജയിലിലടച്ചു.
ഇതെന്താ കഥ..
സംഘവും സാംസ്‌കാരികവുമൊക്കെ ഉണ്ടായ ക്യാംപസല്ലേ…
ഇപ്പോ എന്താ ഇങ്ങനൊക്കെ.
വിടരുത്. നമുക്ക് നാളെയൊരു ഉച്ചകഴിഞ്ഞങ്ങ് പാടാം… പറയാം.
ഞാനുണ്ടാകും.
വരുമോ.
വരണം.
ജീവനുള്ളതിന് മുന്നേ അവസാനമായി ഇതൊക്കയേ ചെയ്യാനാകൂ.
ആരെല്ലാമുണ്ട്…
കുരീപ്പുഴയെ… ഈ വിവരം ആര് വിളിച്ചു പറയും. കമലും നദിയും കോഴിക്കോട് നിന്ന് വരുമോ.
വന്നേ പറ്റൂ…’

maha-04

‘സര്‍ഗാത്മകതയുടെ ഇടങ്ങളായ ക്യാമ്പസുകളില്‍ നിര്‍ത്താതെ തുടരുന്ന പോലീസ് അടിയന്തിരാവസ്ഥക്കെതിരെ പ്രതിഷേധമുയരണം. ചുവരെഴുതിയതിന്റെ പേരില്‍ മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലാവുകയും ജയിലില്‍ അടക്കപ്പെടുകയും ചെയ്യുമ്പോള്‍ സാംസ്‌കാരിക പ്രതിഷേധമുയര്‍ത്തി അവര്‍ക്കൊപ്പം നിലകൊള്ളുക എന്നത് ഉറച്ച രാഷട്രീയ പ്രവര്‍ത്തനമാണ്. ക്യാമ്പസ് ചുവരെഴുത്തുകളില്‍ നിന്ന് ലോക സാഹിത്യം പഠിച്ചെന്നൊക്കെ മഹാരാജാസ് പഴമയില്‍ നാഴികയ്ക്ക് നാല്‍പ്പതു വട്ടം ഊറ്റം കൊള്ളുന്നവര്‍ വര്‍ത്തമാന കാലത്തെ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ നഷ്ടമാവുന്നത് കലാലയങ്ങളെ തന്നെയാണ്. മതസ്പര്‍ദ്ദയും രാജ്യദ്രോഹമെന്നുമൊക്കെ ഭരണകൂടം പറയുന്നത് കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതയെ കാണിച്ചിട്ടാണെന്നതും അതെഴുതിയതിന് 50000 രൂപക്ക് മേല്‍ കെട്ടി വയ്ക്കാതെ ജാമ്യം അനുവദിക്കില്ലെന്നതും നമ്മള്‍ എത്ര ഭീകരമായ കാലത്താണെന്നതിനെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ക്യാമ്പസ് ചുവരുകള്‍ ചിലക്കുന്നതിനെ ഭരണകൂടം ഇത്ര പേടിയോടെയാണ് കാണുന്നതെന്നത് തന്നെ നാടിന്റെ അവസ്ഥയുടെ പ്രതിബിംബമാണ്. കലാലയങ്ങളെ പോലീസ് ക്യാംപുകളാക്കി മാറ്റി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന നാവുകള്‍ക്ക് വിലങ്ങിടാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് രീതികളെ മൗനം കൊണ്ട് നേരിടാന്‍ ശ്രമിക്കുന്നവരേ, നിങ്ങള്‍ ഇരയാകുന്ന കാലം ഏറെ വിദൂരമല്ലെന്നത് കൂടി മനസിലാക്കുക. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും രാജ്യദ്രോഹ, വ്യാജ കേസുകളും കൊണ്ട് എതിര്‍ സ്വരങ്ങളെയാകെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ പ്രതിഷേധത്തിന്റെ ഒത്തുചേരലുകളിലൂടെ തകര്‍ത്തെറിഞ്ഞ് സര്‍ഗാത്മക ഇടങ്ങളെ നിലനിര്‍ത്തേണ്ടത് അനിവാര്യമായ കാലമാണിത്.’

maha-08

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍