UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രസ് ഉടമകള്‍ സെന്‍സര്‍മാരാകുന്ന നിശബ്ദ അടിയന്തരാവസ്ഥക്കാലം

Avatar

ഉണ്ണികൃഷ്ണന്‍ വി

ഫാസിസത്തിന്റെ മുഖത്തുനോക്കി ആദ്യം കൈയുയര്‍ത്തുന്നത് എവിടെയും യുവത്വമാണ്. വിദ്യാര്‍ത്ഥി പോരാട്ടങ്ങളുടെ കഥയ്ക്ക് ലോകത്ത് ഏകമാനം കൈവരുന്നതും അതെല്ലാം ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ നടത്തിയ എതിര്‍പ്പുകളുടേതായിരുന്നുവെന്നതിനാലാണ്. ഇന്ത്യയില്‍, നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ കാമ്പസുകള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതും സര്‍ഗാത്മക പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതും ചില സങ്കീര്‍ണതകള്‍ നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പിനുമേല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ്.

രാജ്യത്തിന്റെ ഭരണാധികാരിയെ വിമര്‍ശിക്കാന്‍ പാടില്ല എന്ന നിര്‍ദേശം ഒരു ജനാധിപത്യരാജ്യത്തെ സംബന്ധിച്ച് ഒട്ടും ഭൂഷണമല്ലെന്നിരിക്കെ, തുടര്‍ച്ചയായി ഉണ്ടാകുന്ന അവകാശധ്വസംസനങ്ങള്‍ ഏത് ഇരുണ്ടകാലത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്?

നിശബ്ദ അടിയന്തരാവസ്ഥ ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ? ഉണ്ട്, എന്നു പറയേണ്ടി വരുന്നതിന്റെ ഒരു ഉദാഹരണംകൂടി…

തൃശൂര്‍ മഹാരാജാസ് പോളിടെക്‌നിക്കിലെ കോളേജ് മാഗസിനായ ‘പുറംമോടി’യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ലേഖനങ്ങള്‍ ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി പ്രസ് ഉടമ പ്രിന്റിംഗിന് വിസമ്മതിച്ചിരിക്കുന്നു! നേരത്തെ ഇതേ കാരണത്താല്‍ തന്നെ കോളേജ് ഫണ്ടും വിലക്കിയിരുന്നു. തുടര്‍ന്ന് എസ് എഫ് ഐയുടെ നേതൃത്വത്തിലുള്ള മാഗസിന്‍ കമ്മിറ്റി സ്വന്തം ചെലവില്‍ പ്രിന്റിംഗ് നടത്താന്‍ തീരുമാനിച്ചാണ് തൃശൂര്‍ എബനേസര്‍ പ്രസ്സിനെ സമീപിക്കുന്നത്. അവര്‍ അഡ്വാന്‍സ് തുകയും കൈപറ്റി. എന്നാല്‍ പ്രൂഫ് വായിച്ചു നോക്കിയ പ്രസ് ഉടമ, അതില്‍ മോദി വിമര്‍ശനം ഉണ്ടെന്ന കണ്ടെത്തലില്‍ മാഗസിന്‍ പ്രിന്റ് ചെയ്യാന്‍ വിസമ്മതം അറിയിക്കുകയായിരുന്നു.

സാധാരണഗതിയില്‍ പ്രിന്റ് ചെയ്യാന്‍ കൊടുക്കുന്നതെന്തായാലും അതില്‍ സെന്‍സറിംഗ് നടത്താന്‍ ഒരു പ്രസ് ഉടമയും ഇതുവരെ ഇടപെട്ടിട്ടില്ലെന്നിരിക്കെ എബനേസര്‍ പ്രസ്സിന്റെ ചുമതലക്കാരന്‍ എന്തുകൊണ്ടായിരിക്കും ഒരു വിശദമായ വായനയ്ക്ക് മുതിര്‍ന്നത്. സമീപകാലത്ത് നടന്ന വിവാദങ്ങള്‍ തന്നെയായിരിക്കണം അദ്ദേഹത്തെ കൊണ്ടും അങ്ങനെ ചെയ്യിപ്പിച്ചത്. പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ ഉള്ളടക്കത്തില്‍ ഉണ്ടെന്ന കാരണത്തില്‍ രണ്ടു കോളേജ് മാഗസിനുകള്‍ക്കെതിരെ ശക്തമായ പൊലീസ് നടപടികളായിരുന്നു ഉണ്ടായത്.

കുന്ദംകുളം ഗവ. പോളിടെക്‌നിക് കോളേജിലെയും, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെയും മാഗസിനുകള്‍ക്കു നേരെയായിരുന്നു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപമാനിച്ചു എന്നതരത്തിലുള്ള ആരോപണങ്ങളും അതിന തുടര്‍ന്ന് അറസ്റ്റുകളും ഉണ്ടായത്.

എന്തായിരുന്നു ആ രണ്ടു മാഗസിനുകളിലും ഉണ്ടായിരുന്ന മോദി വിരുദ്ധത?

കുന്ദംകുളം പോളിയിലെ നെഗറ്റീവ് ഫേസസ് എന്ന തലക്കെട്ടിനു കീഴെ ചരിത്രത്തിലെ ചില കറുത്ത അധ്യായങ്ങളുടെ രചയിതാക്കളെന്ന പേരില്‍ കൊടുത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ നരേന്ദ്ര മോദിയെയും ചേര്‍ത്തൂ. ഹിറ്റ്‌ലര്‍, മുസ്സോളിനി, വേലുപ്പിള്ള പ്രഭാകരന്‍, വീരപ്പന്‍, ജോര്‍ജ് ബുഷ് എന്നിവരുടെ കൂട്ടത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിയത് അക്ഷന്തവ്യമായ അപരാധമായി വിചാരണ ചെയ്യപ്പെടുകയായിരുന്നു. കൈവിലങ്ങുകളും ഭീഷണികളുമായി വന്നവരോട് അന്ന് വിദ്യാര്‍ത്ഥികള്‍ ചോദിച്ചത്; ഗുജറാത്ത് കൂട്ടക്കൊലയുടെ കാരണക്കാരനെന്ന് ലോകം വിശ്വസിക്കുന്നൊരാള്‍, തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പരാജയപ്പെടുമ്പോള്‍, അയാള്‍ ഒരു കുറ്റവാളി തന്നെയല്ലേ എന്നായിരുന്നു.

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് മാഗസിന്റെ സ്ഥിതിയും ഇങ്ങനെ തന്നെയായിരുന്നു. പദപ്രശ്‌നത്തിന്റെ രൂപത്തില്‍ മോദിയെയും മാതാ അമൃതാനന്ദമയിയെയും പരിഹസിച്ചു എന്നതായിരുന്നു അവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം. പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവിനെയും ഇന്ദിരാഗാന്ധിയെയുമൊക്കെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചിരുന്ന ശങ്കര്‍ ഇന്നായിരുന്നു തന്റെ കറുപ്പ് മഷി ചെലവാക്കിയിരുന്നതെങ്കിലോ?

കാലാകാലങ്ങളായി ഇന്ത്യയിലെ ഭരണാധികാരികള്‍ക്കെതിരെ ഇതിലും ശക്തമായ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ നടക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മേലുള്ള കടുംവെട്ട് വ്യക്തമായ ഫാസിസ്റ്റ് അതിക്രമം തന്നെയാണെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നു. ഭരണകൂടത്തിന്റെ ശത്രുത പിടിച്ചു പറ്റാന്‍ ഇഷ്ടപ്പെടാത്ത പ്രസ്സുടമയെ പോലുള്ളവര്‍ ഇത്തരം വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളുടെ മേല്‍ ജാഗരൂകരായി മാറുന്നതാണ് അവര്‍ സ്വയം നടത്തുന്ന സെന്‍സറിംഗ്. 

പ്രിന്റ് ചെയ്യാന്‍ പ്രസ് ഉടമ വിസമ്മതം അറിയിച്ചതിന തുടര്‍ന്ന് മാഗസിന്‍ കമ്മിറ്റി അതിന്റെ ഡമ്മി കോപ്പികള്‍ വാങ്ങി തെരുവില്‍വെച്ച് പ്രകാശനം ചെയ്യുകയും ആ കോപ്പികള്‍ വിതരണം നടത്തുകയും ചെയ്തു. എന്നാല്‍ വിചിത്രമായ മറ്റൊരു സംഭവം കൂടി ഇതിനിടയില്‍ നടന്നു. ഫാസിസത്തിനെതിരെ പോരാട്ടം നടത്തുന്നുവെന്ന് പ്രചരിപ്പിക്കുന്ന സിപിഐ-എം ഇവിടെ മൗനം ഭജിക്കുകയാണ് ചെയ്തത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യം അഭിപ്രായം അറിയാന്‍ വിളിച്ച എസ് എഫ് ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ‘എപ്പഴോ നടന്നൊരു സംഭവം വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരികയാണ്’ എന്നായിരുന്നു പ്രതികരിച്ചത്. തങ്ങള്‍ക്ക് എസ്എഫ്‌ഐ ജില്ലാഘടകത്തില്‍ നിന്നു പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായില്ലെന്നും പ്രസ്സിനെതിരെ നിയമനടപടികളിലേക്ക് തിരിയുകയാമെന്നും മാഗസിന്‍ കമ്മിറ്റിയും പറഞ്ഞിരുന്നു. പ്രസ് ഉടമയെ പിണക്കേണ്ട എന്ന സന്ദേശമാണ് എസ് എഫ് ഐ ജില്ലാഘടകത്തിന് പാര്‍ട്ടിയില്‍ നിന്നുകിട്ടിയതെന്നും അതിനെ തുടര്‍ന്നാണ് അവര്‍ ഈ സംഭവത്തില്‍ നിശബ്ദത പാലിച്ചതെന്നും പറയപ്പെടുന്നുണ്ട്. പാര്‍ട്ടിയ്ക്ക് വേണ്ടപ്പെട്ടൊരു പ്രസിനെ പിണക്കണ്ട എന്ന സ്വാര്‍ത്ഥയായിരുന്നു സിപിഐഎമ്മിനെങ്കില്‍, അതുവഴി അവര്‍ നടത്തിയത് ഒരു തരത്തില്‍ കീഴടങ്ങല്‍ കൂടിയാണ്; പ്രസ് ഉടമയുടെ മുന്നില്‍ മാത്രമല്ല, ഫാസിസത്തിനു മുന്നിലും.

ഒരു ജനാധിപത്യരാജ്യത്ത് എന്നും അതിന്റെ ഭരണാധികാരികള്‍ക്കു മുന്നില്‍ ചോദ്യങ്ങളും വിമര്‍ഷനങ്ങളും ഉയര്‍ന്നുകൊണ്ടേയിരിക്കും. ആ ചോദ്യങ്ങളും അതിനോടുള്ള സഹിഷ്ണുതാപരമായ മറുപടികളുമാണ് ജനാധിപത്യത്തെ നിലനിര്‍ത്തി കൊണ്ടുപോകുന്നത്. ചോദ്യം ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നിടം ജനാധിപത്യപത്യത്തിന്റെതല്ല, അത് ഫാസിസത്തിന്റെ തടവറയാണ്. എതിര്‍ക്കേണ്ടത് അതിനെയാണ്, ഒപ്പം പുറത്തു നിശബ്ദരായി നില്‍ക്കുന്നവരെയും.

പുറംമോടി മാഗസിനില്‍ നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന  ലേഖനത്തിന്റെ ആദ്യ ഭാഗം …

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍