UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാരാജാസിലെ ചുവരെഴുത്തുകളും സോഷ്യല്‍ മീഡിയ ചുവരെഴുത്തുകളും

സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ മഹാരാജാസ് പ്രശ്‌നത്തില്‍ വരുന്നുണ്ട്.

എറണാകുളം മഹാരാജാസ് കോളേജിലെ ചുവരെഴുത്ത് വിവാദം കത്തുകയാണ്. ഇന്നലെ പൊതുമുതല്‍ നശിപ്പിച്ചു, മതനിന്ദ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ആറ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഫേസ്ബുക്ക് അടക്കം സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ മഹാരാജാസ് പ്രശ്‌നത്തില്‍ വരുന്നുണ്ട്. പിഡിപിപി പ്രകാരം കേസെടുത്തതിനെയടക്കം വിമര്‍ശിച്ചുകൊണ്ടുള്ള പ്രതികരണമാണ് വരുന്നത്. അവയില്‍ ചിലത്:

രാജീവ് രാമചന്ദ്രന്‍

മഹാരാജാസിലെ കുട്ടികള്‍ എഴുതിയതെന്ന് പറയുന്ന പോസ്റ്ററിന്റെ കാതല്‍ കമ്യൂണല്‍ ഹേറ്റ്‌റഡ് തന്നെയാണ്.
സംഘികളുടെ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന തരം കണ്ടന്റ്. ഇവിടെ അനാര്‍ക്കിസത്തിന്റെ മേമ്പൊടി ചേര്‍ത്ത പാക്കിംഗ് ആണെന് മാത്രം.

പക്ഷെ ചുവരില്‍ ഒരു പോസ്റ്ററൊട്ടിച്ചതിന് PDPP കേസ് കൊടുത്ത പ്രിന്‍സിപ്പലാണ് കിടു. മുമ്പൊരിക്കല്‍ ദളിത് കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുത്താല്‍ മറ്റ് കുട്ടികള്‍ വഴി തെറ്റുമെന്ന് പ്രസ്താവിച്ചതും ഈ ഡോക്ടര്‍ തന്നെയാണെന്ന് തോന്നുന്നു.

അവര് പിള്ളേരുടെ രോഷപ്രകടനം, ഖെരാവോ ആയിട്ടോ അല്ലാതെയോ അര്‍ഹിക്കുന്നുണ്ട്.

സനീഷ് ഇളയിടത്ത്

മഹാരാജാസില്‍ ആ പോസ്റ്ററൊട്ടിച്ചവര്‍ക്ക് ഐക്യദാര്‍ഢ്യോമില്ല, ഒരു മണ്ണാങ്കട്ടേമില്ല.

ഒരു മതത്തിന്റെ വിശ്വാസികള്‍ ആരാധനാര്‍ഹനായി കരുതുന്ന ബിംബത്തെ മിസ്റ്റര്‍ എന്ന് അഭിസംബോധന ചെയ്ത് അമ്മ പിഴച്ചുണ്ടായ തന്തയില്ലാത്തവനെ എന്ന് വിശേഷിപ്പിക്കുന്നതാണ് ഒരു പോസ്റ്റര്‍. അത് മതവിദ്വേഷമുണ്ടാക്കുന്നതല്ല എന്നാണോ നിങ്ങള് വിചാരിക്കുന്നത്. എനിക്ക് ആ വിചാരമില്ല. സര്‍ക്കാര്‍ കോളജാണ്. വിശ്വാസികളും അവിശ്വാസികളും അടക്കം പല തരക്കാരായ കുട്ടികള്‍ വന്ന് പഠിക്കുന്നയിടമാണ്. ആ മതബിംബത്തെ അവഹേളിക്കുന്നത് വിശ്വാസികളായ കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കുകയൊക്കെ ചെയ്യും. അതില്‍ പ്രിന്‍സിപ്പല്‍ ഇടപെട്ടതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല. ആ പോസ്റ്ററൊട്ടിച്ചത് ഞങ്ങളല്ല എന്ന് പറഞ്ഞ എസ്സെഫൈക്കാരെ പരിഹസിക്കേണ്ട കാര്യവുമില്ല. അവരാണ് ശരി.

‘കലക്കിലെ മുഷു’ എന്ന് ഒരു ചൊല്ലൊയി പറയാറുണ്ട് ഞങ്ങളുടെ നാട്ടില്. വെള്ളം കലക്കിയിട്ട് നീണ്ട് കൂര്‍ത്ത മുള്ള് കൊണ്ട് കുത്തി വേദനിപ്പിക്കുന്ന ഒരു മീനാണ് മുഷു. മുഴു എന്നും പറയും. കൊറേ കലക്കിലെ മുഴുക്കള് എറങ്ങീട്ട്ണ്ട്. നിങ്ങളവരെ എസ്സെഫൈ, സീപീയെം വിമര്‍ശകരായാണ് കാണുക. പക്ഷെ ആത്യന്തികമായി സംഘപരിവാരത്തിന് നേട്ടമുണ്ടാക്കിക്കൊടുക്കാനാണ് കളി.

അത് കൊണ്ട് മഹാരാജാസിലെ രാഷ്ട്രീയക്കാരായ കുട്ടികള്‍ക്ക് ഐക്യദാര്‍ഡ്യം. കലക്കിലെ മുഷുക്കള്‍ക്കല്ല.

വര്‍ഗീസ്‌ ആന്റണി:

ചിലർക്ക് യേശുവിനെ മിസ്റ്റർ എന്ന് വിളിക്കാൻ തോന്നിയെന്നിരിക്കട്ടെ. അതിൽ എന്താ ഇത്ര മതനിന്ദയുടെ പ്രശ്‌നം എന്ന് മനസിലാകുന്നില്ല. അമേരിക്കൻ പ്രസിഡന്റിനെ അവിടത്തെ പൗരൻമാർ ബഹുമാന പൂർവ്വം വിളിക്കുന്ന വാക്കാണല്ലൊ അത്. ‘ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ പിതാവേ, നിന്റെ നാമം വാഴ്ത്തപ്പെടട്ടെ’ എന്ന് പ്രാർത്ഥിക്കുന്ന സഭകളുണ്ട്. ഇതിൽ ‘നീ’ എന്ന പ്രയോഗം കേട്ടാൽ മറ്റുള്ളവർക്ക് തോന്നും അത് നിന്ദയാണോ എന്ന്. പക്ഷേ, അങ്ങനെയല്ല. അത് ബഹുമാനപൂർവ്വമുള്ള സംബോധനയാണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ മിസ്റ്റർ ഒക്കെ നല്ല വാക്കല്ലെ.

ഇനി യേശുവിന് അച്ഛനില്ലെന്ന് പോസ്റ്ററിൽ പറയുന്ന ഭാഗമെടുക്കാം. കാലാകാലങ്ങളായി സാത്താൻ സേവക്കാർ പറയുന്ന കാര്യമാണത്. എന്നിട്ടും ക്രിസ്തീയ വിശ്വാസത്തിന് ലോകത്ത് ഒരു ഇളക്കവും തട്ടിയിട്ടില്ല. അത് ഉത്തരോത്തരം വളരുക തന്നെയാണ് ചെയ്തത്. സാത്താൻ സേവക്ക് ക്ലച്ച് പിടിക്കാനുമായിട്ടില്ല. സാത്താൻ സേവക്കാരും ഒരു വിശ്വാസ ധാരയാണെന്ന് കരുതുന്നവർക്ക്‌ അവരുടെ ഭാഗം അവർ പറയട്ടെ എന്ന അഭിപ്രായം ഉണ്ടായേക്കാം. ക്യാംപസ് ആയതുകൊണ്ട് എല്ലാത്തരം വിശ്വാസ ധാരകളും ചർച്ചയിൽ വരുന്നത് നല്ലതാണെന്നാണ് എന്റെ പക്ഷം. നല്ലതിനെ തെരഞ്ഞെടുക്കാൻ പ്രാപ്തരാക്കുന്നതാണ് വിദ്യാഭ്യാസം. പക്ഷേ, സാത്താൻ സേവക്കാര് അവരുടെ ആശയം പ്രസിദ്ധീകരിച്ച വഴി വളഞ്ഞതായിപ്പോയി. പരസ്യമായി പറയുന്നതാണ് നല്ലത്. അതിനുള്ള ചങ്കൂറ്റം കാണിക്കണം. ഏത് പോസ്റ്റർ എഴുതിയാലും അതിന്റെ കീഴിൽ അത് ആരാണ് പതിച്ചത് എന്ന് കാണിക്കുന്ന ഒരു ബൈലൈൻ കാണേണ്ടതാണ്. അതില്ലാത്ത പോസ്റ്ററുകളെ ആ നിലക്ക് അവഗണിക്കുകയാണ് ചെയ്യേണ്ടത്. അതിന് പകരം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പിള്ളേരാണ് അത് എഴുതിയതെന്ന് ആരോപിച്ച് പോലീസിൽ പരാതി കൊടുത്ത പ്രിൻസിപ്പലിനെ പറഞ്ഞാൽ മതിയല്ലൊ. ആ പോസ്റ്റർ കീറിക്കളഞ്ഞാൽ തീരുന്ന പ്രശ്‌നങ്ങളേ ഉണ്ടായിരുന്നുള്ളു.

അനുബന്ധം: ഇപ്പോൾ ജയിലിൽ കിടക്കുന്ന അഞ്ച് വിദ്യാർത്ഥികൾക്ക് മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന് ആരോപണമുള്ള പോസ്റ്ററുമായി ബന്ധമൊന്നുമില്ല. ആറ് മാസം മുൻപത്തെ കേസിലാണ് അവർ അകത്തായത്. ‘യേശു പോസ്റ്റർ’ രണ്ടാഴ്ച മുൻപാണ് പ്രത്യക്ഷപ്പെട്ടത്. പ്രിൻസിപ്പൽ പരാതി നൽകിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. അതിൽ സംശയമുള്ള രണ്ട് വിദ്യാർത്ഥികളെ ഇന്ന് പോലീസ് പിടികൂടിയേക്കും എന്ന് സൂചനയുണ്ട്. ഒരു ചാനലിന് ഇന്ന് നൽകിയ ബൈറ്റിൽ ക്യാംപസിൽ സംഘടനാ പ്രവർത്തനം നടത്തുന്ന കുട്ടികളിൽ ചിലരാണ് ഈ പോസ്റ്റർ എഴുതിയതെന്ന് പ്രിൻസിപ്പൽ പേരെടുത്ത്‌ പറയുകയുണ്ടായി. അതിൽ പ്രതിഷേധിച്ചുള്ള സമരം ഇപ്പോഴും തുടരുകയാണ്. വെറുതേ പ്രിൻസിപ്പലിന്റെ സംശയത്തിന്റെ പേരിൽ രണ്ട് വിദ്യാർത്ഥികളെ കൂടി അറസ്റ്റ് ചെയ്യുന്നത് കാര്യങ്ങൾ വഷളാക്കുകയേ ഉള്ളു. ആ വിദ്യാർത്ഥികൾ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കപ്പെട്ടവരുടെ കൂട്ടത്തിലുള്ളവരല്ല എന്നതും ഓർക്കണം.

hindukodali

ഷാഹിന നഫീസ
പിള്ളേര്‍ ചുമരിലെഴുതി എന്ന് പറഞ്ഞു പൊലീസിന് പരാതി കൊടുത്തു കുട്ടികളെ ജയിലിലേക്ക് പറഞ്ഞയക്കുന്ന അധ്യാപകര്‍, ആ പണി നിര്‍ത്തി വേറെ എന്തെങ്കിലും നോക്കുന്നതാണ് നല്ലത്.

സെബിന്‍ എ ജേക്കബ്

ചില സൈദ്ധാന്തിക കടുംപിടുത്തങ്ങൾ

ആ പോസ്റ്ററിൽ ബ്ലാസ്ഫെമിയുണ്ട്, വർഗീയതയില്ല എന്നാണു കണ്ടെത്തൽ. യഥാർത്ഥമാണെങ്കിലും അല്ലെങ്കിലും ക്രിസ്തുവിന്റെ ജനന പെരുന്നാൾ ആഘോഷിക്കുന്ന സമയത്ത് അങ്ങനെ എഴുതാൻ തോന്നുന്നത് അന്യമത വിദ്വേഷം മൂലമാണ്. ഈ വിദ്വേഷം ഉടലെടുക്കുന്നതു വർഗീയതയിൽ നിന്നാണ്. ഇനി വാദത്തിനു വേണ്ടി ഇവർ പറയുന്നതു സമ്മതിച്ചാൽ തന്നെയും മൂന്നു ചോദ്യം ബാക്കിയാകുന്നു.

1. തന്തയ്ക്കു പിറക്കാത്തവൻ എന്ന വിളി യേശുവിനെയോ ഡിങ്കനെയോ ഇനി നിങ്ങളെ തന്നെയോ ആവട്ടെ. അതു രാഷ്ട്രീയമായും ജൈവികമായും ശരിയാണോ?

2. മറിയ പിഴച്ചു പെറ്റു എന്ന പ്രയോഗം രാഷ്ട്രീയമായി ശരിയാണോ? മറിയയുടെ മകൻ പ്രശസ്തനായതിനാൽ ഇണയെ തെരഞ്ഞെടുക്കാനുള്ള മറിയത്തിന്റെ ഏജൻസി റദ്ദു ചെയ്യപ്പെടുമോ?

3. തന്റെ ഭാര്യയുടെ ഗർഭത്തിനു താനല്ല ഉത്തരവാദി എങ്കിൽ അതു ഭർത്താവിനെ മാത്രം ബാധിക്കുന്ന കാര്യമല്ലേ?

ഒരു മാർക്സിസ്റ്റിനു യാന്ത്രിക യുക്തിവാദം വിനയാണ്. അതല്ല, അതാവരുത്, അവരെ അലട്ടുന്ന പ്രധാന പ്രശ്നം. തൊഴിലാളികൾക്കിടയിലെ (ഇവിടെ വിദ്യാർത്ഥികൾക്കിടയിലെ) ഐക്യം ഇല്ലാതാക്കാനെ അതുപകരിക്കൂ.

ശ്രീകാന്ത് പി കെ

യേശുവില്‍ തുടങ്ങി മുഹമ്മദിലൂടെ കൃഷ്ണനില്‍ എത്തിയാലും ഇവരെയൊക്കെ വിമര്‍ശിക്കാന്‍ പാകമായ നിരവധിയനവധി എലമെന്റുകളുണ്ട് എന്നത് ശരി തന്നെയാണ്.കൃസ്ത്യാനിയായാലും മുസ്ലിം ആയാലും ഹിന്ദുവായാലും പാഴ്സിയോ ജൈനനോ ബുദ്ധനോ ഏതു മതക്കാരനായാലും അവന്‍/അവള്‍ അന്നോളം നേടിയെടുത്ത അവന്‍റെ വിശ്വാസസംഹിതകള്‍ എന്നത് സാംസ്കാരികം കൂടിയാണ്,അവന്‍റെ സമസ്ത ജീവിത മേഖലകളെയും ഒന്ന് അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്വാധീനിക്കുന്ന ഒരു ഘടകമാണ് ഹേ അവന്‍റെ മതവും ദൈവവും അതിനെ ചുറ്റി പറ്റി നില്‍ക്കുന്ന വിശ്വാസ പ്രമാണങ്ങളും..എന്തിനു ആശ്രമങ്ങളും പള്ളിയും കെട്ടി പൊക്കി പുതുതായി മുളച്ചു പൊന്തുന്ന ന്യൂ ജനറേഷന്‍ ദൈവങ്ങളായാലും ശരി അവരുടെ അനുയായികള്‍ എന്നത് നിങ്ങള്‍ക്ക് പരിഹസിച്ചു തള്ളുവാനുള്ള യൂസ്ലെസ്സുകളല്ല , അവര്‍ ഇരയാക്കപ്പെട്ടവരാണ്.

യേശുവും മുഹമ്മദും കൃഷ്ണനും ദൈവമോ ,പ്രവാചകനോ ,മനുഷ്യനോ ,മറുതയോ ,കള്ളനോ ,കള്ളനു കഞ്ഞി വച്ചവനോ ആരോ ആകട്ടെ ,അവര്‍ ഇന്ന് അനേക ലക്ഷം മനുഷ്യരുടെ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഇടപെടുന്ന ഒരു ചാലക ശക്തിയാണ്.
ശരിയാണ് നിങ്ങള്‍ വിശ്വാസിയല്ല, ഞാനുമല്ല .അതിനര്‍ത്ഥം വിശ്വാസികളായ ഭൂരിപക്ഷ സമൂഹം മുഴുവന്‍ പോഴന്മാരാണെന്നല്ല. അവരും അവരുടെ വിശ്വാസ പ്രമാണങ്ങളും ബിംബങ്ങളും ചിറി കൊട്ടി പരിഹസിക്കാനുള്ള തമാശയാണെന്ന യുക്തി നിങ്ങളുടെ ഒറ്റ ബുദ്ധിയില്‍ നിന്നുയരുന്നതാണ്. ഒറ്റ കുറ്റിക്ക് ചുറ്റും കറങ്ങി വിധി തീര്‍പ്പാക്കുന്ന അരാജക മസ്തിഷ്കത്തിന് എല്ലാത്തിനെയും പുച്ചിച്ചു തള്ളുവാന്‍ മാത്രമുള്ള വികാസം മാത്രമേയുള്ളൂ, മനുഷ്യനെയും അവന്‍ ഇടപാട് നടത്തുന്ന സമൂഹത്തെയും കുറിച്ചുള്ള രാഷ്ട്രീയ-സാംസ്കാരിക ധാരണകള്‍ അവരുടെ മസ്തിഷ്കത്തിനു അന്യമാണ്. മതം എന്നത് കേവലമൊരു ഐഡിയോളജി മാത്രമല്ലെന്നും അതൊരു മെറ്റീരിയല്‍ ഫോഴ്സ് കൂടിയാണെന്നും മനസ്സിലാക്കുവാന്‍ നിങ്ങളുടെ ഒറ്റ ബുദ്ധിയുടെ യാന്ത്രിക യുക്തി മതിയാവില്ല.

കോടിക്കണക്കിനു മനുഷ്യര്‍ ആരാധനാമൂര്‍ത്തിയായി കാണുന്ന ഒരു ബിംബത്തെ മിസ്റ്റര്‍ ചേര്‍ത്ത് അഭിസംഭോധന ചെയ്യുകയും പിഴച്ചുണ്ടായ സന്തതിയാക്കിയും ചിത്രീകരിച്ചു കൊണ്ട് നിങ്ങള്‍ നടത്തുന്ന ‘വിപ്ലവം’ എന്തോ ആനക്കാര്യമാണെന്ന ധാരയുണ്ടെങ്കില്‍ അത് വെറുതെയാണ് മക്കളെ. തന്തക്ക് പിറക്കാത്തവന്‍ എന്ന വരിയുടെ രാഷ്ട്രീയം എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല എന്നത് വേറെ കാര്യം. നിങ്ങള്‍ എന്താണോ ചെയ്യുന്നത് അത് തന്നെയാണ് കയ്യിലെ രാഖിയും തടവിക്കൊണ്ട് അപ്പുറം കാത്തിരിക്കുന്നവര്‍ക്കും വേണ്ടത്.ലിബറലിസത്തില്‍ നിന്ന് ചാടി ചാടി നിങ്ങള്‍ വീഴുന്നത് ടോട്ടാലിറ്റേറിയനിസത്തിന്‍റെ കുഴിയിലെക്കാണ് മക്കളെ . നിങ്ങളുടെ ഈ ഏക ദിശാ രീതി ശാത്രം മറ്റൊരു സങ്കുചിതവാദമാണ്. കാര്യം അറസ്റ്റിനെ ഒരിക്കലും ന്യായീകരിക്കുന്നില്ല എങ്കിലും നിങ്ങളുടെ യാന്ത്രിക യുക്തിവാദ അരാജക വിപ്ലവമൊക്കെ കഴിഞ്ഞു കാവിക്കൊടി ബാക്ക് ഗ്രൗണ്ടില്‍ ഒരു സെല്‍ഫി കൂടിയെടുത്ത് പോസ്റ്റ് ചെയ്യണം. പൊളിക്കും.

അനു നാരായണന്‍

തീവണ്ടിക്കക്കൂസില്‍ എഴുതുന്ന സാഹിത്യത്തില്‍ അല്‍പം ശ്രേഷ്ഠ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതിയാല്‍ അത് ഉത്തരാധുനികത ആവില്ലെന്ന് ഈ വങ്കന്‍മാരെ പറഞ്ഞ് മനസിലാക്കാന്‍ ആരുമില്ലാതെ പോയി. ഇത്തരം വൃത്തികേട് എഴുതി വയ്ക്കാനുള്ള ഇടമല്ല കോളേജിന്റെ മതില്‍…ഈ ന്യായം സ്വീകരിക്കാമെങ്കില്‍ സാറിന്റെയും ടീച്ചറിന്റെയും കാമലീലകള്‍ എന്ന പേരില്‍ സൃഷ്ടിക്കുന്ന രേഖാചിത്രങ്ങളും സാഹിത്യവും ഉത്തുംഗമെന്നു വാഴ്ത്തി പ്രദര്‍ശനത്തിന് വയ്ക്കണമെന്നു വാദിക്കാനും ആളുണ്ടാകും.

നാസര്‍ കുന്നുംപുറത്ത്

ദൈവങ്ങളും മതങ്ങളും അനാവശ്യ ബഹുമാനം ഇരന്നു വാങ്ങുന്ന സര്‍വകലാശാലകളില്‍ തന്നെ അതിനെ ചോദ്യം ചെയ്യുന്ന ചിന്തകള്‍ ഉദിച്ചുയരണം. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആളുകളെ ആ രീതിയില്‍ ചിന്തിക്കാന്‍ പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു. പരമ്പരാഗത ചിന്തയില്‍ നിന്നും മാറി ചിന്തിച്ചാല്‍ മഹാരാജാസ് കൊളുത്തിയത് ഒരു വിപ്ലവ ചിന്തയാണ്. ആ വിപ്ലവം തുടരട്ടെ.

ദിലീപ് രാജ്

കുരീപ്പുഴയുടെ കവിതയെ കുറിച്ചുള്ള അഭിപ്രായ വോട്ടെടുപ്പോ
ഐക്യദാർഢ്യം ആർക്ക് എന്ന പുതിയ ഗെയിമോ അല്ല …

ജെയിലിൽ കിടക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച് നിങ്ങൾ എന്ത് പറയുന്നു എന്നതാണ് ഇപ്പോൾ ആദ്യത്തെ ചോദ്യം .

അവർ കുറ്റം ചെയ്തു, അകത്തു കിടക്കട്ടെ എന്നോ ?

സുരേഷ് കുമാര്‍

എഞ്ചിനീയറിങ്ങ് പഠിച്ചിറങ്ങിയവരാണെന്ന് തോന്നുന്നു കേരളത്തിലെ പോലീസ് സേനയിൽ.

എന്തിറ്റാ ജോബ് ഫ്ളെക്സിബിലിറ്റി.

എഴുത്തുകാർ, ആക്റ്റിവിസ്റ്റ്സ്, കണ്ടാലറിയാവുന്നവർ, ആർട്ട്സ് കോളേജിൽ പോസ്റ്ററെഴുതുന്ന വിദ്യാർത്ഥികൾ,
എന്നുവേണ്ട സകല ‘തിരിവുതേങ്ങകളേയും’ വളഞ്ഞിട്ട് പിടിച്ച് അകത്തിടുവല്ലേ.

എന്നിട്ട് ചിലരെയൊക്കെ മന്ത്രിമാര് പറയുമ്പ
ഇറക്കിവിടുകേം ചെയ്യും.


സുദീപ് ബെന്‍ ആദില്‍

SFI Maharajas -ന്റെ പേജിൽ ഇന്ന് രാവിലെ ഉണ്ടായിരുന്ന പോസ്റ്റ് ഇങ്ങനെയൊക്കെ ആയിരുന്നു :

“ചുവരെഴുത്തുകളെ സംരക്ഷിക്കുന്ന തോടൊപ്പം ഏതെങ്കിലും മതവിഭാഗത്തിന്റെയോ സാമൂഹീക വിഭാഗങ്ങളുടെയോ വികാരങ്ങളെ ഹനിക്കുന്ന രീതിയിലുള്ള ചുവരെഴുത്തുകൾ നീക്കം ചെയ്യുന്നതിൽ വിദ്യാർത്ഥികൾ തന്നെ ശ്രദ്ധ ചെലുത്തിയിരുന്നു .അതിന്റെ ഭാഗമായി മേൽ പറഞ്ഞ വിദ്യാർത്ഥികൾ തയ്യാറാക്കിയ ചുവരെഴുത്തുകൾ SFI നേതൃത്വം ഇടപെട്ട് കൊണ്ട് തന്നെ നീക്കം ചെയ്തിരുന്നു. ഇവരെ SFI പ്രവർത്തകർ എന്ന രീതിയിൽ ചിത്രീകരിക്കുന്ന അധികാരികളുടെയും നിക്ഷിപ്ത താത്പര്യക്കാരുടെയും വാദഗതി പ്രതിഷേധാർഹമാണ്…”

അടിയിൽ സെക്രട്ടറി SFI മഹാരാജാസ് യൂണിറ്റ് എന്നെഴുതി ഒപ്പുവച്ച പോസ്റ്റായിരുന്നു.

ഇപ്പോൾ ആ പോസ്റ്റ് കാണുന്നില്ല, എസ് എഫ് ഐക്കാരെയും പോലീസ് വെറുതെ വിടുന്നില്ല എന്നായി.. ഇടതുപക്ഷം ഹൃദയപക്ഷം തിരുത്താൻ തയ്യാറായതല്ലേ.. ആരെങ്കിലുമൊക്കെ ഒന്നഭിനന്ദിക്കൂ 🙂

Edited : അവർ SFI-ക്കാരല്ലെന്ന നിലപാടിൽ തിരുത്തില്ലെന്നാണ് ഒടുവിൽ കിട്ടിയ വാർത്തകളിൽ നിന്നു മനസ്സിലാവുന്നത്, ആ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും. ‘മേൽ പറഞ്ഞ വിദ്യാർത്ഥികൾ തയ്യാറാക്കിയ ചുവരെഴുത്തുകൾ SFI നേതൃത്വം ഇടപെട്ട് കൊണ്ട് തന്നെ നീക്കം ചെയ്തു’ എന്നു തുറന്നു സമ്മതിക്കുന്നത് ശരിയല്ലല്ലോ എന്നു തോന്നി നീക്കം ചെയ്തതാവാം.


സന്ദീപ്‌ സുരേഷ് കുമാര്‍

ദൈവത്തെ എതിര്‍ക്കുന്ന സാത്താന്‍ സേവക്കാര്‍ അത് കണ്ടു കുരു പൊട്ടുന്ന വിശ്വാസി, ഇങ്ങിനെ ഇരുന്നപ്പോള്‍ വെറുതെ സാത്താന്‍ സേവക്കാരനെ പറ്റി ഒന്ന് ഓര്‍ത്തു പോയ്‌ അവന്‍റെ ആരാധനാ മൂര്‍ത്തിയെ പരിഹസിക്കുന്നത് കേട്ട് അവന്‍റെ ന്തോരം കുരു പൊട്ടിയിട്ടുണ്ടാവണം. 😉
ശെരിക്കും സാത്താന്‍ സേവ എങ്ങിനെ ഒരു ക്രൈം ആകും.?
—————————————————–

NB : പോസ്റ്റര്‍ വിവാദം മാറ്റി വെക്കുക. അതല്ല പോസ്റ്റിലെ വിഷയം അവിടെ നടന്നതില്‍ എനിക്ക് ഒരു ക്ലാരിറ്റിയും ഇല്ല.

അനുപമ മോഹന്‍

ആട്ടിന്‍കാട്ടങ്ങളോട്..

ഇവിടെ ബേക്കറി ജംഗ്ഷനില്‍ ഒരാളുണ്ടായിരുന്നു. മനസിന്‍റെ നിയന്ത്രണങ്ങള്‍ അയാള്‍ക്ക് വേറെ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഭ്രാന്ത് കൂടി തിളച്ചുതൂവുന്ന സമയങ്ങളില്‍, കള്ള്ഷാപ്പിന് പിന്നിലെ ഒഴിഞ്ഞ സ്ഥലത്ത് നിന്ന് അയാള്‍ റോഡിലൂടെ പോകുന്ന എല്ലാവരേയും തന്‍റെ ലിംഗം കാണിച്ചുകൊടുക്കും. ആണെന്നോ പെണ്ണെന്നോ വൃദ്ധനെന്നോ കൂട്ടമെന്നോ ഒറ്റയെന്നോ നോക്കാതെ അയാള്‍ അവര്‍ക്കെല്ലാം മുന്‍പില്‍ സ്വയംഭോഗം ചെയ്യും. ലോകത്തിനുവേണ്ടി താനിങ്ങനെ അനാവൃതനായി നില്‍ക്കുന്നു എന്നാണ് അയാളുടെ ശരീരം പ്രഖ്യാപിക്കുന്നത്. പക്ഷേ, കണ്ണുകളില്‍ നോക്കിയാലറിയാം, സ്വന്തം സുഖംതന്നെയാണ് വന്യമായ ഉന്മാദത്തിനിടയിലും അയാളുടെ കൈകളെ ചലിപ്പിക്കുന്നത്.

പക്ഷേ, അയാള്‍ക്കല്ലാതെ, ലോകത്തിന് അയാളുടെ സ്വയംഭോഗം കൊണ്ട് ഒന്നും സംഭവിക്കുന്നില്ല. സൃഷ്ടിപരമായത് ഒന്നുംതന്നെ അയാള്‍ ചെയ്യുന്നില്ല. പരമാവധി ചെയ്യുന്നത്, അറപ്പ് ഉളവാക്കുകയാണ്. പരമാവധി ചെയ്യുന്നത്, അയാള്‍ നില്‍ക്കുന്ന ദിശയിലേക്ക് നോക്കാതിരിക്കാന്‍ പ്രേരിപ്പിക്കുകയാണ്. പരമാവധി ചെയ്യുന്നത്, തനിക്ക് ചുറ്റും പൊതുശ്രദ്ധയുടെ ഒരു sphere of evasion ഉണ്ടാക്കുകയാണ്. ഡിഫോള്‍ട്ട് ആയി അയാളിരിക്കുമിടം തിരിഞ്ഞുനോക്കാത്തിടമാകുന്നു.

ഈ കഥ എന്തിന് നിങ്ങളോട് പറഞ്ഞു എന്നല്ലേ.. ഫാഷിസം എന്ന വലിയ ഭീഷണി നമുക്ക് മുന്നിലുണ്ട്. അനീതി നിരവധി നടക്കുന്നുണ്ട്. പൊലീസും രാഷ്ട്രം തന്നെയും പൌരനുമേല്‍ കടന്നുകയറുന്നുണ്ട്. തീവ്രവും ഗുരുതരവുമായ അത്തരം വിഷയങ്ങളില്‍, ഞാനേ സരസ്വതിമാരുടെ, എന്തിനും തിളയ്ക്കുന്ന സാമ്പാറുകളുടെ, എല്ലാ പൊരുളും ഒരുവന്‍ഒരുവന്ക്ക് ആക്കുന്നവരുടെ, സ്വയംപൊങ്ങികളുടെ, ഉഴുന്നുവടസമരക്കാരുടെ ഇടപെടലുകള്‍ – (ആനന്ദരാഷ്ട്രീയമെന്ന് ഗുരു) – ആ വിഷയത്തിന്‍റെ, പ്രശ്നത്തിന്‍റെ ദോഷത്തിനേ കളമൊരുക്കുകയുള്ളു.

രാഷ്ട്രീയം ക്ഷണനേരത്തെ ദേഷ്യമോ, പ്രതിഷേധമോ അല്ല. എന്നെ ശ്രദ്ധിക്കൂ എന്‍റെ കുത്തിക്കഴപ്പിന്‍റെ കാഴ്ച്ച കാണൂ എന്നതുമല്ല ആവിഷ്കാരം. സമരം എന്നത് എന്തിനും ധൈര്യമുള്ളവര്‍ക്ക് (!) പറഞ്ഞിട്ടുള്ളതാണെന്നും വിചാരിക്കുന്നില്ല. ഒരു വിഷയത്തില്‍ ഞാനെവിടെയായിരുന്നു എന്ന് സ്ഥാപിക്കാലാണ് എന്‍റെ രാഷ്ട്രീയം എന്ന് കരുതുന്നില്ല.

ഞെട്ടിപ്പിക്കാനുദ്ദേശിച്ചതും കണ്ണില്‍തറയ്ക്കുന്നതുമായ റെപ്രസെന്‍റേഷനുകളില്‍ ഒരു ആള്‍ക്കൂട്ടത്തില്‍ നിങ്ങളെത്തന്നെ കണ്ടെത്താന്‍ സമരം, രാഷ്ട്രീയപ്രവര്‍ത്തനം എന്നിവ Where’s Waldo കളിയല്ല. എന്നെ പീഡിപ്പിച്ച കണക്ക് മാത്രം നിരത്താന്‍, ഫോട്ടോ ക്യാപ്ഷനുകളിലെ “എന്നിവര്‍സമീപം” എന്ന പോസ്റ്റിലേക്ക് വിഷയത്തെ ഒതുക്കാന്‍, നിസ്സാരമായ നിരവധി വിഷയങ്ങള്‍ ഇവിടെയുണ്ട്. നിങ്ങളുടെ കളികള്‍ അവിടെവച്ച് ആകൂ. മനുഷ്യാവകാശ ലംഘനങ്ങള്‍ സെല്‍ഫി ഓപ്പര്‍ച്യൂണിറ്റിയല്ല.

ഭ്രാന്ത് മൂക്കുന്ന നേരങ്ങളില്‍, അയാള്‍ക്ക് ചലിക്കുന്നതെന്തും ഉദ്ദീപകമാണ്. നിങ്ങള്‍ക്ക്, സിപിഎം വിരോധത്തിന്‍റെ ചലം ഒഴുക്കാനുള്ള കുരുപൊട്ടലും. അതുകൊണ്ട് ഗുണമൊന്നുമുണ്ടാകുന്നില്ല, നിങ്ങളുടെ പെര്‍വേര്‍ട്ടഡ് സുഖങ്ങള്‍ക്കൊഴികെ. ദോഷം, ആ ഒരു പ്രശ്നത്തിലേക്ക് തന്നെയുള്ള ശ്രദ്ധ നിങ്ങളുടെ ഇടപെടല്‍ കാരണം മാറുന്നു എന്നതാണ്. പൊതുശ്രദ്ധ നിങ്ങളെ കാണുന്ന കാഴ്ച്ചയില്‍ അവിടെനിന്ന് മാറുന്നു. ആ ഭാഗത്തേക്ക് നോക്കാതെയേ ആകുന്നു.

ഇത്രയും പറഞ്ഞതില്‍ വിഷമമുണ്ട്. ഒരു രീതിയിലുള്ള പ്രതികരണവും മോശമല്ലെന്നാണ് എന്‍റെ പൊതുധാരണയും. പക്ഷേ പൂജ്യം ക്രെഡിബിലിറ്റിയുള്ള നിങ്ങളുടെ ഇന്‍വോള്‍വ്മെന്‍റ് ഈ വിഷയത്തിന്‍റെ വിശ്വാസ്യതയെ തകര്‍ക്കുന്നു എന്നുകൊണ്ടാണ് പറയേണ്ടിവന്നത്.

പൊലീസ് രാജിന്‍റെ കാര്യത്തിലെ ചില സ്വകാര്യ ബോധംകെടലുകളും പ്രൊഫൈല്‍ താനേപൂട്ടലുകളും ആണെങ്കിലും എസ്എഫ്ഐയുടെ അക്കൌണ്ടില്‍ കയറിപ്പോയിരുന്ന, അവരുമായി ഒരു ബന്ധവുമില്ലാത്ത മഹാരാജാസിലെ ആ കുത്തിക്കഴപ്പ് ചുവരെഴുത്താണെങ്കിലും ഒക്കെ, നിങ്ങള്‍ വിഷയത്തെ കൊല്ലുകയാണ്.

വെയിലത്ത് കിടക്കുന്നത് നീരുള്ള, നീറുന്ന, നേരുള്ള എള്ളാണ്.

അതുകൊണ്ട്, ആട്ടിന്‍കാട്ടങ്ങളേ, ദയവ് ചെയ്ത് അല്‍പ്പം മാറിക്കിടന്ന് ഉണങ്ങൂ. ആ എള്ളിനെ നാറ്റിക്കരുത്.

സ്നേഹം,
ഉമ്മകള്‍

അശ്വിന്‍ വല്ലത്ത്
മഹാരാജാസിലെ സഖാക്കള്‍ ചുവരിലെഴുതാനുള്ള ഉദ്ധരണികള്‍ ‘ശ്യാമമാധവ’ത്തില്‍ നിന്നോ ‘പൂച്ച’യില്‍ നിന്നോ കണ്ടെത്തേണ്ടതാണ്!!
#BananaRepublic

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍