UPDATES

കേരളം

കുരീപ്പുഴയുടെ കവിതകള്‍ ചുവരിലെഴുതിയത് എസ്എഫ്‌ഐക്കാര്‍; അറസ്റ്റ് നേരത്തെയുള്ള കേസില്‍

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പൊതുമുതല്‍ നശിപ്പിച്ചെന്ന പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എറണാകുളം മഹാരാജാസ് കോളേജിലെ ചുവരെഴുത്തുകളുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന വിവാദങ്ങളില്‍ വ്യത്യസ്ത സംഭവങ്ങള്‍ കൂട്ടിക്കുഴയ്ക്കപ്പെട്ടതിലൂടെ ഉണ്ടായിരിക്കുന്ന തെറ്റിദ്ധാരണയാണ് ഉള്ളതെന്ന് എസ്എഫ്‌ഐ. കുരീപ്പുഴയുടേയും മറ്റും കവിതകള്‍ ചുവരിലെഴുതിയത് തങ്ങളുടെ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി. അതേസമയം കുരീപ്പുഴയുടെ കവിതകള്‍ ചുവരിലെഴുതിയ എസ്എഫ്‌ഐക്കാരെ അറസ്റ്റ് ചെയ്തു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും എസ്എഫ്‌ഐ പ്രതികരിച്ചു. പൊലീസും ഇത് തന്നെയാണ് പറയുന്നത്. എസ്എഫ്‌ഐക്കാരുടെ ചുവരെഴുത്തിന്‌റെ പേരിലുള്ള രണ്ടാമത്തെ കേസില്‍ യാതൊരു അറസ്റ്റും നടന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പൊതുമുതല്‍ നശിപ്പിച്ച ഒരു മാസം മുമ്പത്തെ സംഭവത്തിലാണ് അറസ്റ്റ്.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പൊതുമുതല്‍ നശിപ്പിച്ചുവെന്ന പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടില്ല. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്‌റ് പിഎ അമല്‍, ജോയിന്‌റ് സെക്രട്ടറി ഉണ്ണി ഉല്ലാസ് എന്നിവര്‍ക്കെതിരെ കേസുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് പേരും ക്യാമ്പസില്‍ കഞ്ചാവ് ഉപയോഗവും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നവരാണെന്നാണ് എസ് ഏഫ് ഐയുടെ ആരോപണം. പ്രിന്‍സിപ്പാളിന്‌റെ ഓഫീസിന്‌റെ ചില്ല് തകര്‍ക്കുകയും വാട്ടര്‍ ടാങ്കിനും പൈപ്പുകള്‍ക്കും നാശഷ്ടം ഉണ്ടാക്കിയതിനും ക്ലാസ് മുറികളിലെ ബഞ്ചും ഡസ്‌കും തകര്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പൊതുമുതല്‍ നശിപ്പിച്ചതിന്‌റെ പേരില്‍ ഇവര്‍ക്കെതിരെ കേസെടുത്തത്. മാഫിയ എന്ന പേരില്‍ ഒരു ഗ്യാംഗായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു ഇവര്‍. ഈ കേസിലും അറസ്റ്റിലും തെറ്റില്ല – കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ച സംഭവത്തിന്‌റെ കൂട്ടത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ചേര്‍ത്ത് കേസെടുത്തത് അന്യായമായാണെന്ന് അശ്വിന്‍ പറയുന്നു.

അര്‍ജുന്‍, ജിതിന്‍ ,രാഗേഷ്, ഷിജാസ്, ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ നേരത്തെ സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയതാണെന്നും അതല്ല ഇവര്‍ എസ്എഫ്‌ഐ അംഗങ്ങളൊന്നും ആയിരുന്നില്ലെന്നും കുറച്ചു കാലം കൂടെ നടന്നിരുന്നു എന്ന് മാത്രമേ ഉ്ള്ളൂ എന്നുമൊ്‌ക്കെ എസ്എഫ്‌ഐ നേതാക്കള്‍ തന്നെ പറയുന്നുണ്ട്. യേശു ക്രിസ്തുവിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ഈ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നടത്തിയ വിവാദ ചുവരെഴുത്ത് ഒരാഴ്ച മുമ്പ് മുന്‍കൈ എടുത്ത് മായ്ച്ച് കളഞ്ഞിരുന്നു എന്നാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പറയുന്നത്. ഇപ്പോള്‍ ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതും പൊതുമുതല്‍ നശീകരണത്തിന്‌റെ പേരില്‍ പ്രിന്‍സിപ്പാളിന്‌റെ പരാതിയുടെ അടിസ്ഥാനത്തിലാണ്. എസ്എഫ്‌ഐയ്ക്ക് ഈ കേസുമായി ഒരു ബന്ധവുമില്ല. നേരത്തെ കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ടും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമത്തിന്‌റെ പേരിലുമാണ് ആറ് പേര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‌റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് അടക്കമുള്ള അക്രമ പ്രവര്‍ത്തനങ്ങളോട് യോജിക്കാനാവില്ലെന്നും അശ്വിന്‍ പറഞ്ഞു.

അതേസമയം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി വിജിന്‍ നേരത്തെ പറഞ്ഞത് മതനിന്ദാപരമായ ചുവരെഴുത്തിന്‌റെ പേരിലാണ് അറസ്‌റ്റെന്നും ഇതില്‍ തെറ്റില്ലെന്നുമായിരുന്നു. പൊതുമുതല്‍ നശീകരണത്തിനൊപ്പം വിദ്യാര്‍ത്ഥികളുടെ മതനിന്ദാ ചുവരെഴുത്തിന് എതിരെയും പ്രിന്‍സിപ്പാളിന് പരാതിയുണ്ടെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. ക്യാമ്പസില്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ.എന്‍.എല്‍ ബീനയ്‌ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിലും പൊലീസിനെ ക്യാമ്പസിനുള്ളിലേയ്ക്ക് കടക്കാന്‍ അനുവദിച്ചതിനുമായിരുന്നു പ്രതിഷേധം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍