UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശീയതയിലെ ഇരട്ടത്താപ്പ്; രാഹുല്‍ ഗാന്ധി പറയുന്നതും അനുയായികള്‍ കേള്‍ക്കുന്നതും

Avatar

അഴിമുഖം പ്രതിനിധി

അദ്ദേഹം അതു പറഞ്ഞെന്നതു ശരിതന്നെ. എന്നാല്‍ നേതാവിന്റെ വാക്കുകള്‍ അനുയായികളുടെ പ്രവൃത്തികൊണ്ടാണ് ആദരിക്കപ്പെടേണ്ടത്.

പതാകയുടെ പേരില്‍ ബന്ധങ്ങള്‍ ഇല്ലാതാക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി സംസാരിച്ചിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളൂ. എന്നാല്‍ ‘ഭാരത് മാതാ കി ജയ്’ എന്നു പറയാന്‍ വിസമ്മതിച്ച ഒരു എംഎല്‍എയെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ വേട്ടയാടി പുറത്താക്കി.

മഹാരാഷ്ട്ര നിയമസഭയില്‍ എഐഎംഐഎം എംഎല്‍എ വാരിസ് പത്താനെ സസ്‌പെന്‍ഡ് ചെയ്യുന്നതില്‍ ബിജെപി, എന്‍സിപി, ശിവസേന എംഎല്‍എമാര്‍ക്കൊപ്പം കോണ്‍ഗ്രസ് എംഎല്‍എമാരും ഒറ്റക്കെട്ടായിരുന്നു.  പത്താന്റെ പെരുമാറ്റത്തെ അപലപിക്കുകയും ബജറ്റ് സമ്മേളനത്തിന്റെ ബാക്കിയുള്ള ദിവസങ്ങളില്‍ അദ്ദേഹത്തെ സഭയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യാന്‍ ആഭ്യന്തര സഹമന്ത്രി രഞ്ജിത്ത് പാട്ടീല്‍ കൊണ്ടുവന്ന പ്രമേയത്തെ അവരും പിന്താങ്ങി.

പത്താന്‍ ക്ഷമാപണം നടത്തിയാല്‍ മതിയാകുമെന്ന് ക്യാബിനറ്റ് മന്ത്രിയും ബിജെപി നേതാവുമായ ഏക്‌നാഥ് ഖഡ്‌സെ പറഞ്ഞെങ്കിലും സസ്‌പെന്‍ഷന്‍ വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അദ്ദേഹത്തെ കൂവിയിരുത്തുകയായിരുന്നു. കോണ്‍ഗ്രസിന്റെ ആവശ്യത്തിന് എന്‍സിപി, ബിജെപി, ശിവസേന എംഎല്‍എമാര്‍ ഉടന്‍ പിന്തുണ നല്‍കുകയും ചെയ്തു.

പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ രാധാകൃഷ്ണ വിഖെ പാട്ടില്‍ പറഞ്ഞത് ഇങ്ങനെയാണ്: ‘  ദേശീയ വികാരത്തെ ആരെങ്കിലും അപമാനിച്ചാല്‍ അത് വച്ചുപൊറുപ്പിക്കില്ല. രാജ്യത്തെ അപമാനിച്ചതിന് അംഗത്തിന്റെമേല്‍ ശക്തമായ നടപടിയെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.’

ശിവസേന എംഎല്‍എ ഗുലാബ്‌റാവു പാട്ടീല്‍ പറഞ്ഞത് ‘ ഈ രാജ്യത്ത് ജീവിക്കണമെങ്കില്‍, നായ്ക്കളേ, നിങ്ങള്‍ വന്ദേമാതരം എന്നു പറഞ്ഞേ തീരൂ’ എന്നായിരുന്നു.

ആസാദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം എംഎല്‍എമാരായ പത്താനെയും (ബൈക്കുള) ഇംതിയാസ് ജലീലിനെ(ഔറംഗബാദ്)യും ഗവര്‍ണറുടെ നയപ്രഖ്യാപനത്തെപ്പറ്റിയുള്ള ചര്‍ച്ചയില്‍ ബിജെപി അംഗങ്ങള്‍ ഒറ്റപ്പെടുത്തി. ഇവരുടെ സീറ്റിനടുത്തെത്തി ഭാരത് മാതാ കി ജയ് എന്നുവിളിക്കുകയും ചെയ്തു.

പിന്നീട് സഭയ്ക്കു പുറത്ത് തന്റെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച പത്താന്‍ ഇങ്ങനെ പറഞ്ഞു: ‘ ജയ് ഹിന്ദ് എന്നു പറയാന്‍ എനിക്കു മടിയില്ല. എന്റെ രാജ്യത്തെ ഞാന്‍ സ്‌നേഹിക്കുന്നു. ഞാന്‍ എന്തു പറയണം എന്നു മറ്റുള്ളവര്‍ തീരുമാനിക്കുന്നതിനെയാണ് ഞാന്‍ എതിര്‍ക്കുന്നത്. എന്നെ ഭാരത് മാതാ കി ജയ് എന്നു പറയാന്‍ നിര്‍ബന്ധിതനാക്കുന്നതിനെ ഞാന്‍ എതിര്‍ക്കുന്നു.’

‘ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. പുറത്താക്കുന്നതിനു മുന്‍പ് സഭയില്‍ സംസാരിക്കാനെങ്കിലും എന്നെ അനുവദിക്കേണ്ടതായിരുന്നു. ഇത് ജനാധിപത്യമല്ല. ഞാന്‍ തിരഞ്ഞെടുക്കപ്പെട്ട അംഗമാണ്. നാം നിയമത്തെയും ചട്ടങ്ങളെയും മാനിക്കുന്നവരാണ്.’

ബജറ്റ് ചര്‍ച്ചയ്ക്കിടെ സ്മാരകങ്ങള്‍ക്ക് അനുവദിക്കുന്ന പണം ആശുപത്രി പുനരുദ്ധാരണം തുടങ്ങിയ കൂടുതല്‍ മെച്ചപ്പെട്ട കാര്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് ജലീല്‍ ആവശ്യപ്പെട്ടിടത്താണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. ശിവസേന, ബിജെപി അംഗങ്ങള്‍ ‘ ദേശസ്‌നേഹികളെ നിങ്ങള്‍ മാനിക്കുന്നില്ലേ? ആദ്യം ഭാരത് മാതാ കി ജയ് എന്നു പറയൂ’ എന്നാക്രോശിച്ചു.

എഐഎംഐഎം എംഎല്‍എമാര്‍ ഭാരത് മാതാ കി ജയ് എന്നു പറയണമെന്ന് ബിജെപിയുടെ രാം കദം ആവശ്യപ്പെട്ടപ്പോള്‍ പത്താന്‍ പ്രതിഷേധിച്ചു: ‘ ഞാന്‍ ഭാരത് മാതാ കി ജയ് എന്നു പറയില്ല.’

ഇത് മറ്റ് അംഗങ്ങളെ ക്ഷുഭിതരാക്കി. കോണ്‍ഗ്രസ്, എന്‍സിപി അംഗങ്ങളും ബിജെപി, സേന അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പത്താനെതിരെ നടപടി ആവശ്യപ്പെട്ടു. ബഹളം മൂലം സഭ പലതവണ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

ഏറ്റവും കൂടുതല്‍ ബഹളം വച്ച കോണ്‍ഗ്രസ് എംഎല്‍എ അബ്ദുല്‍ സത്താര്‍ ഇങ്ങനെ പറഞ്ഞു: ‘എഐഎംഐഎം രാഷ്ട്രീയം രാജ്യത്തിനകത്തും പുറത്തും ന്യൂനപക്ഷങ്ങള്‍ക്കു ചീത്തപ്പേരുണ്ടാക്കുന്നു. അവരുടെ ദേശവിരുദ്ധ രാഷ്ട്രീയം സമൂഹത്തിനു നന്മയുണ്ടാക്കില്ല. സമുദായസൗഹാര്‍ദത്തിനുമേല്‍ ഇതിനു ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുകയും ചെയ്യും.’

മന്ത്രി ഖഡ്‌സെ പറഞ്ഞു: ‘എഐഎംഐഎം ചൊവ്വാഴ്ചയും ഇന്നും എടുത്ത നിലപാട് നമ്മുടെ ഏറ്റവും കറുത്ത ദിനങ്ങളാണ്. നിങ്ങള്‍ക്ക് എങ്ങനെയാണ് മദര്‍ ഇന്ത്യയെ ബഹുമാനിക്കാതിരിക്കാനാകുക?’

പത്താനെതിരെയുള്ള നടപടിയെ പിന്താങ്ങിയതിനെ എന്‍സിപി നേതാവ് ജയന്ത് പാട്ടീലും ന്യായീകരിച്ചു.

പാര്‍ട്ടി എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തെപ്പറ്റി ഒവൈസി പിടിഐയോട് ഇങ്ങനെ പറഞ്ഞു: ‘ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുദ്രാവാക്യം മുഴക്കാത്തതിന്റെ പേരില്‍ ഒരാള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്. മുദ്രാവാക്യം മുഴക്കുന്നില്ലെങ്കില്‍ ഒരാളെ സസ്‌പെന്‍ഡ് ചെയ്യാമെന്ന് ഭരണഘടനയില്‍ എവിടെയാണുള്ളത്?’

കോണ്‍ഗ്രസിനെയും എന്‍സിപിയെയും ഒവൈസി അപലപിച്ചു. ‘ഇരുണ്ട യുഗത്തിലേക്കാണ് നമ്മുടെ പോക്ക്. മതേതരകക്ഷികളെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസും എന്‍സിപിയും സസ്‌പെന്‍ഷനെ പിന്തുണയ്ക്കുക വഴി അവരുടെ പൊള്ളത്തരം വെളിവാക്കിയിരിക്കുകയാണ്.’

അതേസമയം ‘കഴുത്തില്‍ കത്തിവച്ചാലും ഭാരത് മാതാ കി ജയ് എന്നു പറയില്ലെ’ന്ന് പറഞ്ഞ ഒവൈസിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദില്‍ ഒരു കോടതിക്ക് സ്വകാര്യ പരാതി ലഭിച്ചു.

പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച് ബിസിനസുകാരനായ സായി കുമാര്‍ ഗൗഡാണ് പരാതിക്കാരന്‍. മല്‍ക്കാജ്ഗിരിയിലെ 20ത് മെട്രോപ്പൊലീറ്റന്‍ മജിസ്‌ട്രേറ്റിനു ലഭിച്ച പരാതിയില്‍ ഒവൈസിയുടെ പ്രസംഗം മാനനഷ്ടമുണ്ടാക്കുന്നു എന്നാണ് ആരോപണം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ അനുസരിച്ചു കേസെടുക്കണമെന്നും ആവശ്യപ്പെടുന്നു. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ മതം, വംശം, ജന്മസ്ഥലം, വസതി, ഭാഷ തുടങ്ങിയവയെച്ചൊല്ലി ശത്രുത വളര്‍ത്തുന്നതും ഐക്യം നിലനിര്‍ത്തുന്നതിനെതിരായ പ്രവര്‍ത്തികളുമാണ് ഈ സെക്ഷനില്‍ വരുന്നത്.

ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ഒരു പുനര്‍വിചിന്തനമാകാം: അദ്ദേഹം പറയുന്നതു തന്നെയാണോ അര്‍ത്ഥമാക്കുന്നത്?  അതോ അദ്ദേഹം പറയുന്നതുതന്നെയാണോ അനുയായികള്‍ മനസിലാക്കുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍