UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് രാഷ്ട്രീയ കാപട്യം; കോണ്‍ഗ്രസിന് പഠിക്കുന്ന ബി.ജെ.പി

Avatar

ടീം അഴിമുഖം

പാര്‍ലമെന്ററി ജനാധിപത്യം കൈകാര്യം ചെയ്യുന്ന രീതിയെ സംബന്ധിച്ചിടത്തോളം, മഹാരാഷ്ട്രയില്‍ പുതുതായി അധികാരമേറ്റെടുത്ത ബിജെപി സര്‍ക്കാര്‍, കോണ്‍ഗ്രസ് പാര്‍ട്ടി നടന്ന അതേ വഴികളില്‍ കൂടിയാണ് നടക്കുന്നതെന്ന് തോന്നുന്നു. 

ബിജെപി ഇതിഹാസങ്ങളിലെ മറക്കപ്പെട്ട കഥാപാത്രമായ എല്‍ കെ അദ്വാനി, ഏകദേശം ഒരു വര്‍ഷം മുമ്പ് ഇങ്ങനെ എഴുതി: ‘രാജ്യസഭാംഗമായി 1970 ഏപ്രിലിലാണ് ഞാന്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇതില്‍ 1996-97 കാലഘട്ടത്തിലെ രണ്ട് വര്‍ഷങ്ങള്‍ ഒഴിച്ച് 40 വര്‍ഷത്തിലേറെക്കാലം (രാജ്യസഭയില്‍ മൂന്ന് തവണയും ലോക്‌സഭയില്‍ ആറ് തവണയും) ഞാന്‍ പാര്‍ലമെന്റ് അംഗമായിരുന്നു. എനിക്കെതിരെ തെറ്റായി ചാര്‍ത്തപ്പെട്ട ഹവാല ആരോപണത്തില്‍ നിന്നും കോടതി എന്നെ കുറ്റവിമുക്തനാക്കുന്നത് വരെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന എന്റെ തീരുമാനപ്രകാരം 1996 ലെ തിരഞ്ഞെടുപ്പില്‍ നിന്നും ഞാന്‍ സ്വയം വിട്ടുനില്‍ക്കുകയായിരുന്നു. ഈ 41 വര്‍ഷത്തെ എന്റെ പാര്‍ലമെന്റ് ജീവിതത്തില്‍, ഇത്തവണത്തെ വര്‍ഷകാല സമ്മേളനം യുപിഎ സര്‍ക്കാര്‍ അവതാളത്തിലാക്കിയത് പോലെ മറ്റൊരു സര്‍ക്കാരും കാര്യങ്ങള്‍ വഷളാക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.’ 

പാര്‍ലമെന്ററി മര്യാദ എന്താണെന്ന് പഠിക്കാന്‍ ബിജെപിയിലെ ആരും അദ്വാനിയുടെ അടുത്തേക്ക് പോയിട്ടുണ്ടാവില്ല. മഹാരാഷ്ട്ര നിയമസഭയില്‍ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുള്ള അദ്വാനിയുടെ അറിവ് ഇപ്പോഴത്തെ സാഹചര്യത്തില്‍ മാധ്യമ വാര്‍ത്തകള്‍ക്ക് അപ്പുറം പോകാനും വഴിയില്ല. എന്നാല്‍ ബിജെപിക്കു കീഴില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാവി ഇരുണ്ടതായിരിക്കും എന്ന്  ആ പാര്‍ട്ടിയുടെ ഭാഗത്തു നിന്നും ലഭിക്കുന്ന വ്യക്തമായ സന്ദേശമായി വേണം മഹാരാഷ്ട്ര നിയമസഭയിലെ സംഭവവികാസങ്ങളെ വിലയിരുത്താന്‍. കോണ്‍ഗ്രസ് പാര്‍ലമെന്റിലും നിയമസഭകളിലും ജനാധിപത്യത്തെ കൈകാര്യം ചെയ്ത രീതി തന്നെയാവും ബിജെപി പിന്തുടരുക എന്നാണ് ബിജെപിയുടെ ജനാധിപത്യത്തോടുള്ള സമീപനത്തെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള മറുപടി. ഭരണഘടനാ സംവിധാനങ്ങളെ ചിട്ടയോടെ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളാണ് എല്ലായ്പ്പോഴും വലിയ പാര്‍ട്ടികളുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. 

ഒരു സംസ്ഥാനത്തെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിനായി സഭയിലെ അംഗങ്ങള്‍ക്കിടിയിലെ വോട്ടെടുപ്പ് അസന്ദിഗ്ദമായി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് വിശ്വാസവോട്ട് രേഖപ്പെടുത്തല്‍. പക്ഷെ അങ്ങനെ ചെയ്യാതിരിക്കുന്നത് വഴി, സ്പീക്കറുടെ മൗനാനുവാദത്തോടെ ജനാധിപത്യത്തെ അവഹേളിക്കുകയാണ് ബിജെപി ചെയ്തിരിക്കുന്നത്. തങ്ങളുടെ സര്‍ക്കാരിന് കേവല ഭൂരിപക്ഷം ഉണ്ടെന്ന് ജനങ്ങളുടെ മുന്നില്‍ അവര്‍ സംശയാതീതമായി തെളിയിക്കേണ്ടിയിരിക്കുന്നു. തങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികള്‍ സര്‍ക്കാരിന് അനുകൂലമായോണോ പ്രതികൂലമായാണോ വോട്ട് ചെയ്തതെന്ന് അറിയാനുള്ള അവകാശം സമ്മതിദായകര്‍ക്കുണ്ട്. അതിന് സഹായകമായ രീതിയിലാണോ സഭയില്‍ വോട്ടെടുപ്പ് നടന്നിരിക്കുന്നതെന്നും അവര്‍ക്ക് അറിയേണ്ടതുണ്ട്.  

പാര്‍ലമെന്ററി നടപടി പ്രകാരം, ഒറ്റയംഗം ആവശ്യപ്പെട്ടാല്‍ പോലും സഭയില്‍ വോട്ടെടുപ്പ് നടത്തുക മാത്രമാണ് സ്പീക്കറുടെ മുന്നിലുള്ള വഴി എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഒരു അംഗം ഈ ആവശ്യം ഉന്നയിച്ചാല്‍ പോലും അത് തള്ളിക്കളയണമെങ്കില്‍ സഭയുടെ ഏകകണ്ഠമായ പിന്തുണ ആവശ്യമാണ്. ഭരണഘടനാ പ്രകാരം നിഷ്പക്ഷനായിരിക്കേണ്ട സ്പീക്കര്‍ പക്ഷം പിടിച്ചത് വഴി, ഇന്ത്യന്‍ ഭരണഘടനയെ തന്നെ അവഹേളിക്കുകയാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്പീക്കര്‍ ഹരിബാവു ബാഗ്‌ഡെ ചെയ്തിരിക്കുന്നതും. ഇരുഭാഗത്തുമായി വിഭിന്ന അഭിപ്രായങ്ങള്‍ ഉള്ള 140 അംഗങ്ങള്‍ ബഹളം വച്ചു കൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കാണ് കേവല ഭൂരിപക്ഷം എന്ന് കൃത്യമായി അളക്കാന്‍ സാധ്യമല്ലെന്നിരിക്കെ, വോട്ടെടുപ്പിനുള്ള ആവശ്യം തള്ളിക്കളഞ്ഞു കൊണ്ട് ശബ്ദവോട്ടിന് അനുമതി നല്‍കിയ സ്പീക്കറുടെ തീരുമാനം ഞെട്ടിക്കുന്നതാണ്. 

എന്‍സിപി അംഗങ്ങള്‍ സഭയില്‍ ഹാജരാവാതിരുന്നത് കൊണ്ട് മാത്രമാണ് ബിജെപി ശബ്ദവോട്ടെടുപ്പില്‍ വിജയിച്ചതെന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ‘എന്‍സിപി’ യെ ‘സ്വാഭാവിക അഴിമതി പാര്‍ട്ടി’ (Naturally Corrupt Patry-NCP) എന്നാണ് വിശേഷിപ്പിച്ചത്. എന്‍സിപിയുമായി യാതൊരു സംഖ്യവും ഉണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇത്തരം അലറിക്കുത്തുന്ന പ്രഖ്യാപനങ്ങള്‍ക്ക് ശേഷം, എന്‍സിപിയുടെ മൗനപിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച ഇപ്പോഴത്തെ ശ്രമങ്ങളെ രാഷ്ട്രീയ കാപട്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണം എന്നേ വിശേഷിപ്പിക്കാന്‍ സാധിക്കൂ.

ഈ കാപട്യം ഒളിപ്പിക്കുന്നതിന്റെ ഭാഗമായി, ജനാധിപത്യത്തെ അവഹേളിക്കുന്ന നടപടികള്‍ ബിജെപി ആവര്‍ത്തിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍