UPDATES

വിദേശം

ബ്രിട്ടന്‍ ഗാന്ധി പ്രതിമ സ്ഥാപിക്കുക തന്നെ വേണം

Avatar

ഇഷാന്‍ തരൂര്‍
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

നെല്‍സന്‍ മണ്ടേലയുടെയും അബ്രഹാം ലിങ്കന്റെയും പ്രതിമകളുടെയൊപ്പം പാര്‍ലമെന്റില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയും സ്ഥാപിക്കുമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചു. സൌത്ത് ആഫ്രിക്കയില്‍ നിന്ന് ഗാന്ധി ഇന്ത്യയിലെത്തിയതിന്റെ ഓര്‍മ്മയ്ക്കായി അടുത്ത വര്ഷം പ്രതിമ അനാഛാദനം ചെയ്യുമെന്നാണ് കരുതുന്നത്.

“മാതൃപാര്‍ലമെന്റിനുമുന്നില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ പിതാവിനെ സ്ഥാപിക്കാന്‍ സമയമായി”, ബ്രിട്ടീഷ് ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണ്‍ പറഞ്ഞു. “അദ്ദേഹം ബ്രിട്ടനും ഇന്ത്യയ്ക്കും മാത്രമല്ല ലോകത്തിനു മുഴുവനും പ്രചോദനമാണ്.”

അത് നേരാണ്. ലോകം മുഴുവന്‍ ഗാന്ധി പ്രതിമകളുണ്ട്. ഇന്ത്യയിലും ന്യൂയോര്‍ക്കിലും മറ്റുപലയിടങ്ങളിലെ പാര്‍ക്കുകളിലും ചത്വരങ്ങളിലും ഗാന്ധിയുണ്ട്. എന്നാല്‍ ദശാബ്ദങ്ങളോളം താന്‍ പൊരുതിയ ഒരു വ്യവസ്ഥയുടെ മുന്നില്‍ ഗാന്ധിയെ സ്ഥാപിക്കുന്നതില്‍ ഒരു വൈരുധ്യമുണ്ട്.

ഓസ്ബോണ്‍ മാതൃപാര്‍ലമെന്‍റ് എന്ന് വിശേഷിപ്പിക്കുന്ന ബ്രിട്ടനില്‍ നിന്ന് ഉണ്ടായത് തന്നെയാകും ഇന്ത്യന്‍ പാര്‍ലമെന്‍ററി ജനാധിപത്യം. എന്നാല്‍ ഗാന്ധി ഏറ്റവും മികച്ചതായി കരുതിയ ഒരു രാഷ്ട്രീയസംവിധാനം അതല്ല. ഗാന്ധിയുടെ കാഴ്ചപ്പാടില്‍ ഇന്ത്യയിലെ അസംഖ്യം ഗ്രാമങ്ങള്‍ക്ക് അധികാരം ലഭിക്കുന്ന കേന്ദ്രീകൃതമല്ലാത്ത അടിസ്ഥാന രാഷ്ട്രീയമായിരുന്നു ശരി. ഓരോ വ്യക്തിയുടേയും സ്വാതന്ത്ര്യത്തില്‍ നിന്നായിരുന്നു അധികാരം ഉണ്ടാകേണ്ടത്, തലസ്ഥാനത്തെ മിനുങ്ങുന്ന കെട്ടിടങ്ങളില്‍ നിന്നല്ല. ആത്മീയവും രാഷ്ട്രീയപരവുമായ ഒരു ലോകവീക്ഷണമായിരുന്നു അത്. അത് തീര്‍ച്ചയായും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നിന്നോ ബ്രിട്ടീഷ് ജനാധിപത്യത്തില്‍ നിന്നോ വന്നതല്ല.

ഇന്ത്യയുമായുള്ള വാണിജ്യ-സാമ്പത്തികബന്ധങ്ങള്‍ മെച്ചപ്പെടുത്താനും നരേന്ദ്രമോദി സര്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ബ്രിട്ടന്‍ ശ്രമിക്കുന്ന ഒരു സമയത്താണ് ഈ ഗാന്ധിപ്രതിമയെപ്പറ്റിയുള്ള വാര്‍ത്ത വരുന്നത്. എന്നാല്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഇന്ത്യക്കാരായ ബ്രിട്ടീഷ് വോട്ടര്‍മാരെ പ്രീതിപ്പിക്കാനുമുള്ള ഈ വ്യഗ്രത ബ്രിട്ടന്റെ സാമ്രാജ്യത്വഭൂതകാലവുമായി ചേര്‍ന്ന് പോകുന്നില്ല.

ഈയടുത്ത വര്‍ഷങ്ങളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ കോഹിനൂര്‍ രത്നം തിരികെവേണമെന്ന ഇന്ത്യയുടെ ആവശ്യത്തെ അല്‍പ്പം പരുങ്ങലോടെ ചര്‍ച്ച ചെയ്യുകയുണ്ടായി. 1919ല്‍ നൂറുകണക്കിന് ഇന്ത്യന്‍ സമരക്കാരെ ബ്രിട്ടീഷ് പട്ടാളം വെടിവെച്ചുകൊലപ്പെടുത്തിയ അമൃത്സറില്‍ വെച്ച് കാമറൂണ്‍ ക്ഷമാപണം പോലെ എന്തോ പറഞ്ഞു.

1982ലെ ഓസ്കാര്‍ സിനിമയായ ഗാന്ധിയില്‍ ഈ സംഭവം ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ കാമറൂണ്‍ നേരിട്ട് മാപ്പുപറയുകയല്ല ചെയ്തത്, മറിച്ച് അന്നുണ്ടായത് അങ്ങേയറ്റം ലജ്ജാവഹമായിരുന്നു എന്ന് പറയുക മാത്രമാണ് ചെയ്തത്.

ഇത് മനസിലാക്കാവുന്നതാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഒരു കൂട്ടമരണത്തിന് മാപ്പുപറഞ്ഞാല്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും ഇത്തരം ക്രൂരതകള്‍ക്ക് ബ്രിട്ടന്‍ മാപ്പുപറയണമെന്ന് ആവശ്യങ്ങള്‍ ഉയരും. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വലിപ്പവും അതിന്റെ കയ്യില്‍ പുരണ്ടിരിക്കുന്ന രക്തവും നോക്കിയാല്‍ ഇത്തരം മാപ്പുപറച്ചിലുകള്‍ക്ക് അവസാനമുണ്ടാകില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒരു ക്ഷമാപണപര്യടനം തന്നെ നടത്തേണ്ടിവരും.

ബ്രിട്ടന്റെ ഈ ഇരുണ്ട ഭൂതകാലത്തെ ഓര്‍മ്മപ്പെടുത്താനെന്നോണം ഗാന്ധിയുടെ പ്രതിമ ബ്രിട്ടീഷ് പാര്‍ലമെന്റിന്‍റെ ഹാളുകള്‍ക്ക് വെളിയില്‍ നില്‍ക്കുന്നതും ചിലപ്പോള്‍ വേണ്ടതുതന്നെയായിരിക്കും.

Tharoor writes about foreign affairs for The Washington Post. He previously was a Senior Editor at TIME, based first in Hong Kong and later in New York.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍