UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരേ ചെരുപ്പ് ധരിച്ച് ഗാന്ധിയും ഐന്‍സ്റ്റീനും; വാഷിംഗ്ടണ്‍ ഡി സി യിലെ പ്രതിമകള്‍ നമ്മോട് പറയുന്നത്

Avatar

മെനഷെം വെക്കര്‍
(വാഷിംഗ്ടൺ പോസ്റ്റ്)

കൊളമ്പിയയിലെ സാമാന്യം ഊഷ്മളമായ ഡിസംബര്‍ കാലാവസ്ഥയേക്കാള്‍ തണുപ്പേറിയതാണ് ജനുവരിയിലെ കാലാവസ്ഥയെങ്കിലും അവിടത്തെ രണ്ടു സ്ഥലവാസികള്‍ വേനല്‍ക്കാല ചെരുപ്പുകളില്‍ തന്നെ തുടരുകയാണ്.  

കോണ്‍സ്ടിറ്റ്യൂഷന്‍ അവന്യൂവില്‍ ഇരുപത്തൊന്നും ഇരുപത്തിമൂന്നും സ്ട്രീറ്റിനിടയിലുള്ള നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിനു പുറത്തുള്ള റോബര്‍ട്ട് ബെര്‍ക്കിന്റെ ശില്‍പ്പത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ സാദാ ചെരുപ്പണിഞ്ഞ് പുസ്തകവും പിടിച്ചിരിക്കുന്നു. ഇരുപത്തൊന്നാം നമ്പര്‍ സ്ട്രീറ്റില്‍ നിന്നും ഒന്നര മൈല്‍ ദൂരെ മസാചുസെറ്റ്സ് അവന്യുവിനും ക്യൂ സ്ട്രീറ്റിനും മദ്ധ്യേ ഗൌതം പാലിന്റെ മഹാത്മാ ഗാന്ധി പ്രതിമ— എംബസിക്കരികില്‍ സ്ഥാപിച്ചിട്ടുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സമ്മാനം. അതേ ചെരുപ്പണിഞ്ഞിരിക്കുന്നു.  

1948 ല്‍ കൊല്ലപ്പെട്ടുമ്പോള്‍, ലളിത ജീവിതത്തിനു പേരുകേട്ട ഗാന്ധിയുടേതായി മെതിയടികളും കണ്ണടയും മറ്റു ചില വസ്തുക്കളുമേ അവശേഷിച്ചിരുന്നുള്ളൂ. രണ്ടായിരത്തില്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച പ്രതിമയില്‍ അവ പ്രതീക്ഷിക്കപ്പെട്ടിരുന്നു. “കൌമാരത്തില്‍ ഗാന്ധി തികഞ്ഞ വിദേശ നിര്‍മിത ചെരുപ്പുകളാണ് ഉപയോഗിച്ചിരുന്നതെങ്കിലും, സൌത്ത് ആഫ്രിക്കന്‍ സിവില്‍ ഡിസൊബീഡിയന്‍സ് പ്രസ്ഥാനത്തിന് ശേഷം അദ്ദേഹം സ്വദേശി സാധനങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ മെതിയടികളും നഗ്ന പാദത്തോടെയുള്ള യാത്രകളും ഉള്‍പ്പെടും” എന്ന് ബര്‍ണാഡ് കോളേജിലെ എമിററ്റസ് പ്രൊഫസറും  “മഹാത്മാ ഗാന്ധി: കര്‍മ്മത്തിലെ അഹിംസാ ശക്തി” എന്ന പുസ്തക രചയിതാവുമായ ഡെന്നിസ് ഡാൾട്ടൻ രേഖപ്പെടുത്തുന്നു. “ഗാന്ധിയുടെ അസാധാരണമായ കാര്യക്ഷമത, വ്യക്തി-രാഷ്ട്രീയ മേഖലകളിലെ എല്ലാത്തരം പെരുമാറ്റ രീതികളിലും സ്ഥിരത കൈവരിക്കുക എന്ന ദൃഢനിശ്ചയത്തില്‍ നിന്ന് ഉരുവംകൊണ്ടതാണ്”, ഡാള്‍ട്ടന്‍ പറയുന്നു.

ഐന്‍സ്റ്റീന്‍റെ വസ്ത്രധാരണം ഗാന്ധിയെ പോലെ പൊതുവേ വ്യക്തിമുദ്ര പതിഞ്ഞതോ രാഷ്ട്രീയപരമോ ആയിരുന്നില്ല. ‘ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍: ഒരു ജീവചരിത്രം’ എന്ന പുസ്തകം എഴുതിയവരിലൊരാളായ ട്രെവർ ലിപ്സ്കോംമ്പ്, ഐന്‍സ്റ്റീന്‍ കടല്‍ തീരത്ത് സാദാ ചെരുപ്പുമണിഞ്ഞിരിക്കുന്ന 1945 ലെ പ്രശസ്ത ചിത്രം ഉദാഹരിച്ചുകൊണ്ട് പറയുന്നു. “സോക്സ്‌ ഇടാത്തതിന് പ്രസിദ്ധനായിരുന്നു അദ്ദേഹം”, കാത്തലിക് യൂനിവേഴ്സിറ്റി ഓഫ് അമേരിക്ക പ്രസ്‌ തലവനായ ലിപ്സ്കോംമ്പ് കൂട്ടിച്ചേര്‍ക്കുന്നു.

“1939  ലെ വേനലിൽ, ഐന്‍സ്റ്റീന്‍ ഒരു കടയില്‍ ചെന്ന് ‘സാന്‍ഡല്‍’ അന്വേഷിച്ചു. അദ്ദേഹത്തിന്റെ ജര്‍മന്‍ ഉച്ചാരണ രീതി കാരണം കടക്കാരന്‍ “സണ്‍ ഡയല്‍” എന്നാണ് കേട്ടത്. അവിടെ ഒരു ചെരുപ്പേ അവശേഷിച്ചിരുന്നുള്ളൂ; അതും സൈസ് 11 ഉള്ള സ്ത്രീകളുടെ ചെരുപ്പ്. അദ്ദേഹം അതും വാങ്ങി കടക്കാരനോപ്പം വയലിന്‍ വായിക്കുന്നിടത്ത് കഥ അവസാനിക്കുന്നു”, ലിപ്സ്കോംമ്പ് പറയുന്നു.

1979  ഏപ്രിൽ  22 ന് അനാച്ഛാദനം ചെയ്ത ബെര്‍ക്കിന്റെ ഐന്‍സ്റ്റീന്‍ ശില്‍പ്പം, അദ്ദേഹം തന്നെ 1953 ല്‍ നേരിട്ട് നോക്കി കൊത്തിയെടുത്ത ശില്പ്പത്തിന്റെ മോഡലിലാണ് ചെയ്തിരിക്കുന്നത്. ഐന്‍സ്റ്റീന്‍ സാധാരണ വസ്ത്രത്തിലായിരുന്നു; അതുകൊണ്ട് തന്നെ ശില്പി അദ്ദേഹത്തെ അതുപോലെ തന്നെ പകര്‍ത്തി. എന്നാല്‍ റോബർട്ട് ഓപ്പൻഹൈമർ 1950 കളുടെ അവസാനത്തില്‍ അതിനെ എതിര്‍ത്തു.  “ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ധീരനായ മനുഷ്യനായിരുന്നു ഐന്‍സ്റ്റീന്‍. എന്നാല്‍ നിങ്ങള്‍ അദ്ദേഹത്തെ ഒരു വിനയാന്വിതനായ വൃദ്ധനാക്കി മാറ്റി”, അദ്ദേഹം ബര്‍ക്കിനോട് പറഞ്ഞു. അക്കാദമിക്ക് പുറത്ത് നിലയുറപ്പിച്ചിട്ടുള്ള, ശരിക്കുമുള്ള രൂപത്തിന്റെ മൂന്നിരട്ടി വലിപ്പമുള്ള, 1.66 മില്ല്യന്‍ ഡോളര്‍ ചിലവേറിയ ഈ ശില്പം പിന്നെയും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങി. “ഒരു നാടോടിയെപ്പോലെയുണ്ടെ”ന്നു 1979 ലെ ന്യൂസ് ഡേ ലേഖനം പറഞ്ഞു. വാഷിംഗ്ടൺ പോസ്റ്റിലെ പോൾ റിച്ചാർഡിന്റെ 1978 ലെ റിവ്യു അതിനെ “ഘോരവും വിരസവു”മെന്നു വിളിച്ചു.

ഈ ശില്‍പ്പവുമായി ബന്ധപ്പെട്ട് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിലെ ആർക്കൈവുകളില്‍ സൂക്ഷിച്ചു വച്ചിട്ടുള്ള രേഖകളില്‍ അധികവും അന്നത്തെ അക്കാദമി പ്രസിഡന്‍റ് ആയിരുന്ന ഫിലിപ്പ് ഹാന്ട്ലറിനുള്ള പരാതികളാണ്. ററ്റ്ജേഴ്സ് യൂണിവേഴ്സിറ്റിയിലെ നൂക്ലിയര്‍ ഫിസിക്സ് ലബോറട്ടറിയുടെ തലവനായിരുന്ന ജി.എം. ടെമ്മര്‍ ആ പ്രോജക്റ്റ് നിര്‍ത്തലാക്കുവാന്‍ വേണ്ടി നൂറു ഡോളര്‍ വാഗ്ദാനം ചെയ്തു. “ഐന്‍സ്റ്റീനെ ആദരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അപമാനമാണ്” ആ ‘മ്ലേച്ഛ’ ശില്പ്പ”മെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ചരിത്രം ആ ശില്പ്പത്തോടും അതിന്റെ രീതിയോടും കുറെക്കൂടി കരുണ കാണിച്ചു. വര്‍ഷങ്ങള്‍ കഴിയും തോറും ആ ശില്‍പത്തോട് ഇഷ്ടം തോന്നി തുടങ്ങിയെന്നു  സമ്മതിക്കുന്ന ലിപ്സ്കോംമ്പ് പറയുന്നത് ഐന്‍സ്റ്റീന്റെ അനൌപചാരികമായ വസ്ത്രധാരണത്തോട് ആ ചെരിപ്പുകള്‍ ചേരുന്നുണ്ടെന്നാണ്. മാത്രമല്ല, അദ്ദേഹത്തിന്റെ ഗവേഷണത്തെ പ്രതിഫലിപ്പിക്കുന്ന ശില്പ്പത്തിലുള്ള  പുസ്തകം അദ്ദേഹത്തിന്റെ ബൌദ്ധിക നേട്ടങ്ങളെയും സ്മരണയില്‍ കൊണ്ടുവരുന്നു.

“ചില സമ്പ്രദായങ്ങളോട് ഐന്‍സ്റ്റീനു താത്പര്യമില്ലായിരുന്നു.”, ഹാവാര്‍ഡ്‌ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സറും “ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഐന്‍സ്റീന്‍: ശാസ്ത്രം, കല, ആധുനിക സംസ്കാരം എന്നിവയിലെ പൈതൃകം” എന്ന പുസ്തകത്തിന്റെ കോ-എഡിറ്ററുമായ പീറ്റര്‍ ഗാലിസന്‍ സമ്മതിക്കുന്നു. ശില്‍പ്പം “ചെറുപ്പത്തെക്കാള്‍ സ്വൈര്യമായ, പ്രായമുള്ള ഐന്‍സ്റ്റീനെയാണ് ഉദ്ദേശിച്ചിരിക്കുന്നത്” എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. 

യേല്‍ യൂണിവേഴ്സിറ്റിയില്‍ ജോയിന്റ് പ്രൊഫസ്സറും അവിടെ സ്മരണാ സിദ്ധാന്തങ്ങളെ പറ്റി പഠനം നടത്തുകയും ചെയ്യുന്ന മാര്‍ഗരെറ്റ് ഒലിന്‍ തന്റെ വ്യത്യസ്ത വീക്ഷണം പങ്കു വയ്ക്കുന്നു. “ഐന്‍സ്റ്റീന്റെ ചെരുപ്പുകള്‍ കാഷ്വൽ ആയിരിക്കുമ്പോഴും അദ്ദേഹത്തിന്റെ കയ്യില്‍ പുസ്തകമുണ്ട്. അതായത് അദ്ദേഹം എവിടെ പോയാലും, അത് അവധിക്കാലമാണെങ്കില്‍ പോലും, തന്റെ ശാസ്ത്രീയ പഠനങ്ങള്‍ കൂടെ കൂട്ടും എന്ന ധ്വനിയാണ് നല്‍കുന്നത്. എന്നാല്‍ ഗാന്ധിയാകട്ടെ താന്‍ പ്രസിദ്ധനായ വേഷവിധാനത്തെ മനപൂര്‍വം പിന്‍തുടരുകയാണ് ചെയ്തത്.” ഒലിന്‍ പറയുന്നത് സാമ്യപ്പെടുത്താനാകാത്ത വിധം രണ്ടു ശില്‍പ്പങ്ങളുടേയും ശൈലി വ്യത്യസ്തമാണെന്നാണ്.

എന്നാല്‍ നിങ്ങള്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നിറങ്ങി സ്ട്രീറ്റ് മുറിച്ചു കടന്ന് നിങ്ങളുടെ കണ്ണുകളെ ഗാന്ധി പ്രതിമയുടെ മെതിയടികളില്‍ കേന്ദ്രീകരിക്കുമ്പോള്‍ അവിടെ ഒരു വാചകം കൊത്തി വച്ചിരിക്കുന്നത് കാണാം:

 “ഗാന്ധിയുടെ എഴുപതാം ജന്മദിനത്തില്‍ ഐന്‍സ്റ്റീന്‍ ഇങ്ങനെ എഴുതി: ഇങ്ങനെ ഒരു മനുഷ്യന്‍ മാംസത്തോടും രക്തത്തോടും കൂടി ഭൂമിയിലൂടെ കടന്നു പോയിരുന്നെന്നു വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍