UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഗാന്ധി ജയന്തിയും റോക് ഹഡ്‌സണും

Avatar

ഒക്ടോബര്‍ 2 
ഗാന്ധി ജയന്തിയും ലാല്‍ ബഹദൂര്‍ ശാസ്ത്രി ജന്മദിനവും 

ഓരോ ഭാരതീയന്റെയും മനസ്സില്‍ ഈ ദിവസത്തിന്റെ പ്രസക്തി കൊത്തിവച്ചിട്ടുണ്ട്. ഭാരതത്തിന്റെ രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മദിനമാണ് ഇന്ന്. ഭാരതത്തിന്റെ ഏറ്റവും മഹത്വമേറിയ പുത്രന്റെ ജന്മദിനമായ ഒക്ടോബര്‍ 2 രാജ്യത്ത് പൊതു അവധിയാണ്. ഇന്ത്യയുടെ മഹാത്മാവായി മാറിയ ഗാന്ധി 1869 ലാണ് ജനിക്കുന്നത്. ഗുജറാത്തിന്റെ തീരപ്രദേശമായ പോര്‍ബന്തറാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം. പോര്‍ബന്തറിലെ ദിവാനായിരുന്നു അദ്ദേഹത്തിന്റെ പിതാവ് കരംചന്ദ്.

നിയമ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയ ഗാന്ധി പഠനാനന്തരം തിരികെ ഇന്ത്യയില്‍ വന്നശേഷം പ്രാക്ടീസിനായി ദക്ഷിണാഫ്രിക്കയിലേക്ക് പോയി. ഈ യാത്രയില്‍ അദ്ദേഹത്തിനുനേരെയുണ്ടായ വംശീയാക്ഷേപമാണ് ഗാന്ധിയുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്. വംശീയയാഥാസ്ഥിതികത്വത്തിനെതിരെ ഗാന്ധി ധര്‍മ്മസമരം നടത്തി. ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദഹം ഇവിടുത്തെ രാഷ്ട്രീയവൃത്തങ്ങളുടെ ചര്‍ച്ചാപാത്രമായി. വൈകാതെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗാന്ധിയുഗം ആവിര്‍ഭവിച്ചു. ഇന്ത്യയുടെ അനിഷേധ്യനേതാവായി അദ്ദേഹം മാറി.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ആറുമാസങ്ങള്‍ക്ക് ശേഷം, 1948 ജനുവരി 30 ന് ഗാന്ധി വധിക്കപ്പെട്ടു.

ഈ വര്‍ഷത്തെ ഗാന്ധി ജയന്തി ശുചിത്വ ഇന്ത്യ ദിവസമായി ആചരിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തോട് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഗാന്ധിയെക്കൂടാതെ ഇതേ ദിവസം ജനിച്ച മറ്റൊരു മഹാനായ നേതാവ് കൂടിയുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസത്രി.1904 ഒക്ടോബര്‍ 2 നാണ് ശാസ്ത്രിയുടെ ജന്മദിനം. ലാളിത്യവും സമര്‍പ്പണവുമാണ് ശാസ്ത്രിയുടെ മുഖമുദ്ര.

ജയ് ജവാന്‍, ജയ് കിസാന്‍(കര്‍ഷകനും ജവാനും അഭിവാദ്യങ്ങള്‍) എന്ന പ്രശസ്തമായ മുദ്രാവാക്യം ഇന്ത്യക്ക് സമ്മാനിച്ചത് ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണ്.

1985 ഒക്ടോബര്‍ 2
ഹോളിവുഡ് നടന്‍ റോക് ഹഡ്‌സണ്‍ എയ്ഡ്‌സ് ബാധിച്ച് മരിച്ചു

ഹോളിവുഡ് നടനായിരുന്ന റോക് ഹഡ്‌സണ്‍ 1985 ഒക്ടോബര്‍ 2 ന് മരിച്ചു. 59 വയസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി എയ്ഡ്‌സ് ബാധിച്ച് മരിച്ച സെലിബ്രിറ്റി ആയിരുന്നു ഹഡ്‌സണ്‍. മാഗ്നിഫിക്കെന്റ് ഒബ്‌സഷന്‍, ഗെയിന്റ്, പില്ലോ ടോക്ക് എന്നീ ചിത്രങ്ങളിലൂടെ വലിയൊരു താരമായി മാറിയിരുന്നു ഹഡ്‌സണ്‍. ഒരു സ്വവര്‍ഗ്ഗാനുരാഗിയായിരുന്നു താനെന്നത് ഒരു രഹസ്യമായി അദ്ദേഹം സൂക്ഷിച്ചിരുന്നു.

1984 ലാണ് ഹഡ്‌സണ് ഏയ്ഡ്സ് ബാധിച്ചതായി തിരിച്ചറിയുന്നത്. ഒരു വര്‍ഷത്തോളം അദ്ദേഹം രോഗവുമായി പോരടിച്ചു. 1985 ജൂലായ് 25 നാണ് തനിക്ക് എയ്ഡ്‌സ് ആണെന്ന് ഹഡ്‌സണ്‍ പുറംലോകത്തോട് അറിയിക്കുന്നത്. അദ്ദേഹത്തിന്റെ ആരാധകര്‍ ആ വാര്‍ത്തകേട്ട് ഞെട്ടിത്തരിച്ചു. എയ്ഡ്‌സ് എന്ന അസുഖത്തിനുമേല്‍ മെഡിക്കല്‍ സയന്‍സ് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ നിമിത്തമായത് ഹഡ്‌സണാണ്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തിയ്യതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍