UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആസൂത്രണത്തിന്റെ രാഷ്ട്രീയം: നരേന്ദ്ര മോദിക്ക് ജെ സി കുമരപ്പയെ മനസിലാകുമോ?

Avatar

അമൃത് ലാല്‍

ചുവപ്പുകോട്ടയുടെ എടുപ്പുകളെ സാക്ഷിനിര്‍ത്തി ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആസൂത്രണ കമ്മീഷന്റെ മരണ വാറന്റ് പുറപ്പെടുവിച്ചു. കമ്മീഷനു പകരം പുതിയ ഒരു സംവിധാനം നിലവില്‍ വരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പുതിയ സംവിധാനം എന്തായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചില്ല. കാരണം വേറൊന്നുമല്ല. അതെങ്ങനെയായിരിക്കണം എന്ന് അദ്ദേഹത്തിന് വലിയ പിടിപാടൊന്നുമില്ല. ഈയിടെ മുന്‍ ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹയുടെയും മറ്റും നേതൃത്വത്തില്‍ ചില അനൗപചാരിക ചര്‍ച്ചകള്‍ ആസൂത്രണ കമ്മിഷന്റെ ബദലുകളെച്ചൊല്ലി നടന്നിരുന്നുവെന്ന് കേള്‍ക്കുന്നു. കേന്ദ്രീകൃത ആസൂത്രണത്തിന്റെ കാലം കഴിഞ്ഞുവെന്ന കാരണം പറഞ്ഞ് ഇല്ലാതാക്കപ്പെട്ട കമ്മീഷന്റെ പകരമെന്തെന്ന് തീരുമാനിക്കുക എതായാലും, അധികാര കേന്ദ്രീകരണത്തിന്റെ ആള്‍രൂപമായ മോദി തന്നെയായിരിക്കണം എന്ന് സംശയം വേണ്ട.

മോദിയുടെ ആസൂത്രണ കമ്മീഷന്‍ വിരോധം സംസ്ഥാനങ്ങളോട്, പ്രത്യേകിച്ചും തന്റെ സംസ്ഥാനത്തോടും തന്നോടും വിവേചനം കാണിച്ചിരുന്നുവെന്ന തോന്നലില്‍ നിന്നാണ് ഉറവെടുത്തത് എന്നു തോന്നുന്നു. അരവിന്ദ് പാനഗറിയയെപോലുള്ള സാമ്പത്തിക വിദഗ്ദര്‍ ആ വിരോധത്തിന് പ്രത്യയശാസ്ത്ര പരിവേഷം നല്‍കി. നെഹ്‌റുവിയന്‍ യുഗത്തിന്റെ ശേഷിപ്പാണ് കമ്മീഷന്‍ എന്ന വാദഗതിയും നവലിബറല്‍ സാമ്പത്തിക വീക്ഷണക്കാര്‍ ഉയര്‍ത്തി. നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ അപ്പോസ്തലനായ മൊണ്ടേക് സിംഗ് അലുവാലിയ ആയിരുന്നു ദീര്‍ഘകാലം കമ്മിഷന്‍ തലവനെന്നതും തന്റെ സാമ്പത്തിക വീക്ഷണം സര്‍ക്കാര്‍ പരിപാടികളില്‍ അടിച്ചേല്‍പ്പിക്കാന്‍ കമ്മിഷന്റെ അധികാരം അദ്ദേഹം ഉപയോഗിച്ചിരുന്നുവെന്നതും കമ്മിഷന് ആയുസ്സ് നീട്ടിക്കിട്ടാന്‍ സഹായകരമായില്ല. കമ്മിഷന്റെ നെഹ്‌റുവിയന്‍ പാരമ്പര്യത്തെ തന്നെയാണ് എതിരാളികള്‍ ഉയര്‍ത്തിപ്പിടിച്ചത്. നെഹ്‌റു മോദിക്കും ഹിന്ദുത്വവാദികള്‍ക്കും നവലിബറല്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കും ചതുര്‍ത്ഥിയാണല്ലോ!

വലിയ പാരമ്പര്യമുള്ള പ്രസ്ഥാനം തന്നെയാണ് ആസൂത്രണ കമ്മീഷന്‍. 1938 ലെ ഹരിപുര കോണ്‍ഗ്രസ്സില്‍ സുഭാഷ് ചന്ദ്രബോസ് കോണ്‍ഗ്രസ് അദ്ധ്യക്ഷനായപ്പോഴാണ് ആസൂത്രണം എന്ന ആശയത്തിന് ആദ്യമായി ഇന്ത്യയില്‍ സ്ഥാപന രൂപം കൈവന്നത്. ആദ്യ അദ്ധ്യക്ഷനായി ജവഹര്‍ ലാല്‍ നെഹ്‌റു വന്നു. ബോസ്-നെഹ്‌റു സോഷ്യലിസത്തെക്കുറിച്ച് സംശയാലുവായിരുന്ന ഗാന്ധിജി തന്റെ പ്രതിനിധിയായി ജോസഫ് കോര്‍ണീലിയസ് കുമരപ്പ എന്ന സാമ്പത്തിക വിദഗ്ദ്ധനെ കമ്മീഷനിലേക്ക് അയച്ചു. ഇംഗ്ലണ്ടിലും അമേരിക്കയിലും സാമ്പത്തിക ശാസ്ത്രം പഠിക്കുകയും അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുകയും ചെയ്ത കുമരപ്പയ്ക്ക് ബോസ്-നെഹ്റു എന്നിവരേക്കാള്‍ സാമ്പത്തിക ശാസ്ത്രം അറിയാമായിരുന്നു.പക്ഷേ തന്റെ രാഷ്ട്ര-സമ്പദ്ഘടനാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ജീവവായു ആയ ഗ്രാമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചത് കുമരപ്പ ആയിരുന്നു എന്നതായിരുന്നു ഗാന്ധിജി അദ്ദേഹത്തെ തന്റെ പ്രതിനിധിയാക്കാന്‍ കാരണം. ബോസിന്റേയും നെഹ്റുവിന്റേയും സാമ്പത്തിക വീക്ഷണത്തോട് വിശിഷ്യാ വ്യവസായവത്കരണ സങ്കല്‍പ്പങ്ങളോട് വിയോജിച്ചുകൊണ്ട് കുമരപ്പ കമ്മീഷനോട് സഹകരിക്കാന്‍ വിസമ്മതിച്ചു. ചരിത്രം തല്‍ക്കാലം നെഹ്റുവിന്റെയും ബോസിന്റെയും ഒപ്പം നിന്നു. കേന്ദ്രീകൃത സാമ്പത്തിക ആസൂത്രണത്തിന്റെ പ്രഭാവ കാലമായിരുന്നല്ലോ കഴിഞ്ഞ നൂറ്റാണ്ട്.

അങ്ങനെ സ്വതന്ത്ര ഭാരതത്തിനും കിട്ടി സ്വന്തമായി ഒരു ആസൂത്രണ കമ്മീഷന്‍. ആദ്യ ചെയര്‍മാന്‍ ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു. ഗുല്‍സാരി ലാല്‍ നന്ദ, ടി.ടി കൃഷ്ണമാചാരി, സി ഡി ദേശ്മുഖ്, തര്‍ലോക് സിംഗ് എന്നിങ്ങനെയുള്ളവര്‍ അംഗങ്ങളായി. സാമ്പത്തിക ആസൂത്രണ കമ്മീഷന്‍ ഭരണഘടനയില്‍ വിഭാവനം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ആസൂത്രണ കമ്മീഷന്‍ ഒരു എക്‌സിക്യൂട്ടീവ് തീരുമാനമായിരുന്നു (ഭരണഘടന നിലവില്‍ വരുന്നതിനു മുന്‍പു തന്നെ-1950-ല്‍ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നു). രാഷ്ട്രത്തിന്റെ മാനവിക സാമ്പത്തിക വിഭവശേഷികളുടെ കണക്കെടുക്കാനും ലഭ്യത മുന്‍നിര്‍ത്തി സാമ്പത്തിക ആസൂത്രണം സാധ്യമാക്കാനും എന്നാണ് കമ്മീഷന്റെ ഉദ്ദേശ ലക്ഷ്യമായി സര്‍ക്കാര്‍ വിശദീകരിച്ചത്. ഇങ്ങനെയൊരു സ്ഥാപനത്തിന് കൃത്യമായ സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങളുണ്ടായിരുന്നു. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയാകുന്നതുവരെ കമ്മീഷന്റെ ലക്ഷ്യങ്ങളെ ആശയപരമായി സ്വാധീനിച്ചത് ഈ കാരണങ്ങളായിരുന്നു. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് ഏറ്റവും തെളിച്ചത്തോടെ എഴുതിയിട്ടുള്ള ഗ്രാന്‍വില്‍ ഓസ്റ്റിന്‍ പറയുന്നത് ഇന്ത്യന്‍ ആസൂത്രണത്തിന്റെയും ഇന്ത്യന്‍ സോഷ്യലിസത്തിന്റെയും ഹൃദയമായി ആസൂത്രണ കമ്മീഷന്‍ നിലകൊണ്ടു എന്നാണ്. ജനാധിപത്യവും സാമൂഹ്യ വിപ്ലവവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി നെഹ്‌റു ആസൂത്രണകമ്മീഷനെ കണ്ടു എന്നും ഓസ്റ്റിന്‍ എഴുതുന്നുണ്ട്. സര്‍ക്കാരിനെ ഉപദേശിക്കാന്‍ ഒരു ബുദ്ധിജീവി വൃന്ദം എന്ന നിലയ്ക്ക് പ്രവര്‍ത്തിച്ചുപോന്ന കമ്മീഷന്റെ ചുമതലകള്‍ അടുത്തിടെ എഴുതിയ ഒരു ലേഖനത്തില്‍ ഗോപാലകൃഷ്ണ ഗാന്ധി ഇങ്ങനെ വരച്ചുകാട്ടി: ഒന്ന്) സാമ്പത്തിക വികസനത്തിന് രൂപരേഖ തയ്യാറാക്കല്‍, രണ്ട്) ആസൂത്രണ പ്രക്രിയയില്‍ കേന്ദ്രവും സ്ഥാപനങ്ങളും തമ്മിലും സാമ്പത്തിക മന്ത്രാലയവും മറ്റ് മന്ത്രാലയങ്ങളും തമ്മിലുള്ള മധ്യസ്ഥത വഹിക്കുക, മൂന്ന്)  സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പും പദ്ധതികളും കാര്യക്ഷമതയും പഠിച്ച് കേന്ദ്രത്തെ അറിയിക്കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വിനിമയം രാഷ്ട്ര നിര്‍മ്മാണപ്രക്രിയയുടെ സുപ്രധാന ഘടകമാക്കുക വഴി, ആസൂത്രണ കമ്മീഷന്‍ ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്റെ മനഃസാക്ഷിയായി മാറി എന്നും ഗോപാലകൃഷ്ണ ഗാന്ധി എഴുതുന്നുണ്ട്. തികഞ്ഞ നെഹ്‌റുവിയനായ ഗോപാലകൃഷ്ണ ഗാന്ധി വരച്ചിട്ടത് കമ്മീഷന്റെ താത്വിക രൂപരേഖയും ആശയവും തന്നെയാണ്.

പ്രവൃത്തിയുടെ തലത്തില്‍ നെഹ്‌റുവിന്റെ കാലം മുതല്‍ക്കു തന്നെ കമ്മീഷന്‍ കേന്ദ്രീകൃത ഭരണ സംവിധാനത്തിന്റെ പ്രത്യക്ഷരൂപമായി തന്നെയാണ് നിലകൊണ്ടത്. നെഹ്‌റൂവിയന്‍ നേതൃത്വത്തില്‍ ദേശീയതയെക്കുറിച്ചും ഭരണത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടാണ് കമ്മീഷന്റെ ആശയ പ്രവര്‍ത്തനശൈലിയിലും പ്രതിബിംബിച്ചത്. നിരക്ഷരകുക്ഷികളായ ഇന്ത്യന്‍ ഗ്രാമീണ ജനതയെ കൃഷിയിലും കൈത്തോഴിലിലും ഊന്നിയുള്ളവരുടെ പിന്നാക്ക ജീവിതശൈലിയില്‍ നിന്നും ആധുനിക ഇന്ത്യന്‍ പൗരന്മാരാക്കുക തങ്ങളുടെ കടമയാണെന്നും ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ച് തങ്ങള്‍ നിര്‍വ്വഹിക്കേണ്ടതുണ്ടെന്നും നെഹ്‌റുവും കൂട്ടരും കരുതി. ബാബാ സാഹബ് അംബേദ്കറും ഇതേ ചിന്താഗതിക്കാരനായിരുന്നു. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന വിശ്വസിച്ച ഗാന്ധിജിയുടെ രാഷ്ട്ര സങ്കല്‍പ്പത്തിന് കടകവിരുദ്ധമായിരുന്നു  ഈ ചിന്താഗതിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ബൃഹദ് നിര്‍മ്മാണ പദ്ധതികളും ഘനവ്യവസായങ്ങളും പടിഞ്ഞാറന്‍ മാതൃകയിലുള്ള വിദ്യാഭ്യാസ സംവിധാനങ്ങളും നഗരവത്കരണവുമായിരുന്നു നെഹ്‌റുവിന്റെ ഇന്ത്യയെ ഉണ്ടാക്കലിന്റെ കാതല്‍. ഇത്തരത്തിലൊരു വൃക്ഷത്തിന് വേരുകളുണ്ടാവുകയില്ലെന്നും നിലകൊള്ളുന്ന മണ്ണിനെ ഊഷരമാക്കുമെന്നും ചിന്തിച്ചവര്‍ അന്ന് ഏറെയുണ്ടായിരുന്നില്ല. വിനോബാ ഭാവേയുടെ നേതൃത്വത്തില്‍ ഗാന്ധിയന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന രീതി സ്വതന്ത്ര ഇ്ന്ത്യയുടെ ഭരണ സംവിധാനത്തെയോ പ്രവര്‍ത്തന രീതിയേയോ ചോദ്യം ചെയ്യാന്‍ കെല്‍പ്പുള്ളതായിരുന്നില്ല.

അടങ്ങിയിരിക്കാത്ത ഒരേയൊരാള്‍ കുമരപ്പയായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാഷയില്‍ സംസാരിച്ചിരുന്നില്ല ഗാന്ധി എങ്കിലും ഗാന്ധിയന്‍ പ്രവര്‍ത്തനത്തിന് സാമ്പത്തിക ശാസ്ത്രവും പ്രവര്‍ത്തി പാരമ്പര്യവുമുണ്ടെന്ന് തെളിച്ചെഴുതിയത് കുമരപ്പയാണ്. ഹിന്ദ്‌ സ്വരാജില്‍ തുടങ്ങുന്നു ഗാന്ധിജിയുടെ സാമ്പത്തിക ശാസ്ത്രം. ഗാന്ധിസത്തിന്റെ ആദ്യത്തെ ഇക്കണോമിക് മാനിഫെസ്റ്റോയും ഹിന്ദ് സ്വരാജ് തന്നെ. ഖാദിയും ഗ്രാമ വ്യവസായങ്ങളും ഗാന്ധിജി വിഭാവനം ചെയ്ത സമ്പദ്ഘടനയുടെ ആസൂത്രണ വിഭവങ്ങള്‍ തന്നെ. അഖിലേന്ത്യാ ഗ്രാമവ്യവസായ സംഘം എന്ന ‘ആസൂത്രണ’ കമ്മീഷന്റെ ഉദ്ദേശം ഗ്രാമ വ്യവസായങ്ങളുടെ പുനഃസംഘടനയും സമുദ്ധാരണവുമായിരുന്നു. കുമരപ്പയായിരുന്നു ഈ സംഘടനയുടെ തലപ്പത്ത്.’പബ്ലിക് ഫൈനാന്‍സും നമ്മുടെ ദാരിദ്ര്യവും’ എന്ന കുമരപ്പയുടെ പഠനം സാമ്രാജ്യത്വം എങ്ങനെ ഇന്ത്യയെ ചൂഷണം ചെയ്ത് ദരിദ്രമാക്കി എന്ന കണക്കുകള്‍ കാട്ടി സമര്‍ത്ഥിച്ചിരുന്നു. ഗാന്ധിജി പഠനം ‘യംഗ് ഇന്ത്യ’യില്‍ പ്രസിദ്ധപ്പെടുത്തി. തന്റെ രാഷ്ട്രീയത്തിന് കുമരപ്പയില്‍ ഗാന്ധിജി ഒരു സാമ്പത്തിക ശാസ്ത്രജ്ഞനെ കണ്ടെത്തിയപ്പോള്‍ ഗാന്ധിജിയില്‍ കുമരപ്പ തന്റെ സാമ്പത്തിക വീക്ഷണത്തിന് ഒരു രാഷ്ട്രീയചിന്തകനെ തരിച്ചറിഞ്ഞു. ഗാനധിജിയുടെ രാഷ്ട്ര നിര്‍മ്മാണ പ്രകടനപത്രിക എന്നു വിളിക്കാവുന്ന രചനാത്മക പദ്ധതിയുടെ (constructive programme) പ്രത്യയശാസ്ത്ര ഗ്രന്ഥം ‘നിലനില്‍പ്പിന്റെ സമ്പദ് വ്യവസ്ഥ’  എഴുതിയത് കുമരപ്പയാണല്ലോ. അതേവരെ കുമരപ്പയെഴുതിയ ആസൂത്രണത്തെപ്പറ്റി ഉള്‍പ്പെടെയുള്ള സാമ്പത്തിക പഠനങ്ങളുടെയും ചിന്തകളുടെയും ആറ്റിക്കുറുക്കിയ ആലോചനയാണ് 1945 ല്‍ പ്രസിദ്ധീകൃതമായ ‘നിലനില്‍പ്പിന്റെ സമ്പദ് വ്യവസ്ഥ’.

സത്യവും അഹിംസയുമായിരിക്കണം സമ്പദ്ഘടനയുടെയും കാതല്‍ എന്ന് ഗാന്ധിജിയുടെ തുടര്‍ച്ചയായി കുമരപ്പയും കരുതി. സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ ഒരു സമ്പദ് ഘടനയ്ക്ക് വേണ്ട ആസൂത്രണ പദ്ധതിയെന്തെന്നും കുമരപ്പ വ്യക്തമാക്കിയിട്ടുണ്ട്. മാതാര്‍ ഗ്രാമസര്‍വ്വേ ഫലങ്ങളും അനേകം ഗ്രാമങ്ങളിലെ സാമ്പത്തിക സാംസ്‌കാരിക ബന്ധങ്ങളേയും ബ്രിട്ടീഷ് ഇന്ത്യയുടെയും അമേരിക്കന്‍-ബ്രിട്ടീഷ് പബ്ലിക് ഫിനാന്‍സ് സംവിധാനങ്ങളും ആധാരമാക്കി കുമരപ്പ ഇന്ത്യക്ക് തനതായ ഒരു ആസൂത്രണ പദ്ധതി ആവശ്യമാണെന്ന്‍ കണ്ടെത്തി. ബോസിന്റെ ആസൂത്രണ കമ്മീഷനില്‍ നിന്നും താന്‍ എന്തുകൊണ്ട് രാജിവച്ചു എന്ന് വിശദമാക്കിക്കൊണ്ട് കുമരപ്പ ‘അവനവന്റേതില്‍ നിന്ന്'(out of one’s elements) എന്നൊരു കുറിപ്പ് 1939 സെപ്തംബറില്‍ എഴുതുകയുണ്ടായി. അതിലദ്ദേഹം ഇങ്ങിനെ എഴുതി: ഗ്രാമോദ്ധാരണ സമിതിയുടെ കാഴ്ചപ്പാടില്‍ ഗ്രാമീണനാണ് സാമ്പത്തിക വികസനത്തിന്റെ കേന്ദ്രബിന്ദു. അവന്റെ ഉന്നമനമായിരിക്കണം സാമ്പത്തിക വികസനത്തിന്റെ പ്രാഥമിക ലക്ഷ്യം, മറ്റെല്ലാം പിന്നയേ വരൂ. ഗ്രാമീണര്‍ക്ക് തൊഴിലും ഉല്‍പ്പാദിപ്പിക്കുന്ന സമ്പത്തിന്റെ ഭാഗവും നേരിട്ട് നല്‍കാത്ത ഒരു ആസൂത്രണത്തിനും പ്രസക്തിയൊന്നുമില്ല. ഉല്‍പാദനപ്രക്രിയയുടെയും മനുഷ്യശേഷിയുടെയും ബുദ്ധിപൂര്‍വ്വമായ ഉപയോഗത്തിലൂടെയാണ് സമ്പത്ത് സൃഷ്ടിക്കപ്പെടുന്നത്. മൂന്ന് കാരകങ്ങളടെ യുക്തിപൂര്‍വ്വമായ സംയോജനമാണ് ആസൂത്രണം. അതിന്റെ സൂത്രവാക്യം: w = e+m; ഇവിടെ w സമ്പത്തിനെ കുറിക്കുമ്പോള്‍ e മനുഷ്യശേഷിയേയും (തൊഴിലാളി) m മൂലധനവും തൊഴില്‍ സാമഗ്രികളുമാണ്. സ്ഥിരമായിരിക്കുമ്പോള്‍ m ഉം e ഉം കൂടിയും കുറഞ്ഞുമിരിക്കും. അതുകൊണ്ട് ആസൂത്രണത്തിന്റെ ആദ്യപടി e യുടെയും m ന്റെയും ലഭ്യതയെക്കുറിച്ച് ധാരണയുണ്ടാക്കുകയാണ്.

തന്റെ സൂത്രവാക്യത്തെ മുന്‍നിര്‍ത്തി, അമേരിക്കന്‍, ബ്രിട്ടീഷ് സാമ്പത്തിക ആസൂത്രണം എങ്ങനെയായിരുന്നുവെന്ന് കുമരപ്പ വിശദീകരിക്കുന്നുണ്ട്. വ്യവസായ വിപ്ലവത്തിന്റെ കാലഘട്ടത്തില്‍ ബ്രിട്ടനില്‍ മൂലധനത്തിന് കുറവുണ്ടായിരുന്നില്ല. ഇന്ത്യ പോലുള്ള രാജ്യങ്ങളെ കൊള്ളയടിച്ചു കൊണ്ടുവന്ന മൂലധനം കൊണ്ട് ബ്രിട്ടന്‍ മുതലാളിത്തം കെട്ടിപ്പടുത്തു. അധിക മൂലധനം കൈയിലുണ്ടായിരുന്നതുകൊണ്ട് മനുഷ്യാധ്വാനം/തൊഴിലാളി അധികം വേണ്ടിവന്നില്ല. മനുഷ്യശേഷി കുറവായിരുന്നു എന്നതുകൊണ്ട് അമേരിക്ക മൂലധനം കടമെടുത്തു. കുമരപ്പയുടെ കാഴ്ചപ്പാടില്‍ ഇന്ത്യന്‍ സാഹചര്യം വ്യത്യസ്തമാണ്. ജനപ്പെരുപ്പമുള്ള ഇന്ത്യയില്‍ ഏറ്റവും ലഭ്യമായത് മനുഷ്യശേഷിയാണ്, മൂലധനമാകട്ടെ കുറവാണുതാനും. ഇന്ത്യന്‍ ആസൂത്രണത്തിന്റെ ആണിക്കല്ല് മനുഷ്യ ശേഷിയായിരിക്കണം എന്ന് കുമരപ്പ വാദിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കേന്ദ്രീകൃത വ്യവസായങ്ങള്‍ വികേന്ദ്രീകൃത വ്യവസായങ്ങള്‍ക്കുവേണ്ടി നിലകൊള്ളും. സ്റ്റേറ്റ് പൗരനെ സേവിക്കേണ്ടതുപോലെ, വികേന്ദ്രീകൃത വ്യവസായങ്ങള്‍ക്ക് ലാഭേച്ഛയോടെ പ്രവര്‍ത്തിക്കാം. എന്നാല്‍ കേന്ദ്രീകൃത വ്യവസായങ്ങള്‍ക്ക് അത് പാടില്ല. മാത്രവുമല്ല വികേന്ദ്രീകൃത ചെറുകിട വ്യവസായങ്ങളുമായി കേന്ദ്രീകൃത വ്യവസായങ്ങള്‍ മത്സരിക്കാനും പാടില്ല. നൂല്‍നൂല്‍പ്പ് സംഘടനയുടെ ആസൂത്രണ മാതൃകയായിട്ട് കുമരപ്പ എടുത്തുകാട്ടുന്നു. തുണി വ്യവസായത്തിലെ ആസൂത്രണമെന്നത് കുമരപ്പയുടെ കാഴ്ചപ്പാടില്‍ യൂണിറ്റുകള്‍ക്ക് പഞ്ഞി വാങ്ങിക്കൊടുക്കലാണ്. പഞ്ഞി വാങ്ങാന്‍ അവര്‍ക്ക് പണം തയ്യാറാക്കി കൊടുക്കലല്ല. അതുപോലെ ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്ട്രിയുടെ ചുമതല എന്നത് യൂണിറ്റുകള്‍ക്ക് മാര്‍ക്കറ്റ് ഉണ്ടാക്കി കൊടുക്കലല്ല, പകരം ആ ഉത്പന്നങ്ങള്‍ വാങ്ങുക എന്നതാണ്.

‘ഇന്ത്യക്ക് വേണ്ട ആസൂത്രണം’ എന്ന ലേഖനത്തില്‍ മനുഷ്യശേഷിയെ കേന്ദ്രീകരിച്ചുകൊണ്ടാവണം ആസൂത്രണം എന്ന് ഊന്നല്‍കൊടുത്തുകൊണ്ട് കേന്ദ്രീകൃത വ്യവസായങ്ങള്‍ ഒഴിവാക്കേണ്ടതാണ് എന്ന് കുമരപ്പ എഴുതുന്നു. ഉത്പാദത്തിന്റെ തുടര്‍ച്ചയാവണം ആവശ്യവും ഉപഭോഗവും എന്ന് അദ്ദേഹം വാദിക്കുന്നു. മുതലാളിത്തത്തില്‍ അത് തിരിച്ചാണ്. ഉപഭോഗവും ആവശ്യവും പലരീതികള്‍ ഉപയോഗിച്ച് സൃഷ്ടിച്ചശേഷം അവയുടെ ഉത്പാദനം ആസൂത്രണം ചെയ്യുന്ന രീതി കുമരപ്പയുടെ കാലത്തുനിന്ന് ഇന്ന് എത്രയോ കൂടിയിരിക്കുന്നു. അദ്ദഹം ആവര്‍ത്തിച്ചുപറയുന്ന മറ്റൊരു കാര്യമുണ്ട്; അവശ്യ വസ്തുക്കളെല്ലാം തന്നെ പ്രാദേശികമായി ലഭ്യമായവയാണെങ്കില്‍ മാത്രമേ യുദ്ധം ഒഴിവാക്കാനാവൂ. മിച്ചം മാത്രമായിരിക്കണം കച്ചവടം(trade) ചെയ്യപ്പെടുന്നത്. വില നിലവാരമായിരിക്കരുത്. ‘അഹിംസാത്മകമായ ആസൂത്രണം’ എന്ന മറ്റൊരു ലേഖനത്തില്‍ അദ്ദേഹം കേന്ദ്രീകൃത വ്യവസായങ്ങളുടെ സത്ത തന്നെ ഹിംസയാണെന്ന് പറയുന്നുണ്ട്. ഒരു ഉത്പാദന യൂണിറ്റിന് വേണ്ടുന്ന അസംസ്‌കൃത വസ്തുക്കള്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ശേഖരിക്കപ്പെടുന്നവയാണെങ്കില്‍, അവയുടെ യാത്രാമാര്‍ഗ്ഗങ്ങളും മറ്റും നിയന്ത്രിക്കേണ്ടി വരും. അത് വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കേണ്ടിവരും. ഇതൊക്കെ പലതരം ഹിംസകള്‍ക്ക് കാരണമാകും. ഉല്‍പ്പന്ന കേന്ദ്രീകൃതമായ ആസൂത്രണവും (material based plan) ഹിംസയും പിരിക്കാനാവാത്ത ഇണകളാണെന്നാണ് കുമരപ്പ പറയുന്നത്. മനുഷ്യകേന്ദ്രീകൃതമായ ആസൂത്രണം ഇതിനെ അദ്ദേഹം പകരമായി വെക്കുന്നൂ. ആധുനിക മുതലാളിത്ത വികസനത്തിന്റെ കാതല്‍ എന്താണ് എന്നു വെളിവാക്കുന്ന കുമരപ്പയുടെ നിരീക്ഷണങ്ങള്‍ക്ക് ഇന്ന് എന്നത്തേക്കാളും പ്രസക്തിയുണ്ട്.

‘നിലനില്‍പ്പിന്റെ സമ്പദ് വ്യവസ്ഥ’യില്‍ കുമരപ്പ തന്റെ മറ്റുലേഖനങ്ങളിലെ ആശയങ്ങള്‍ കൂടുതല്‍ വിശദീകരിക്കുന്നുണ്ട്. കൃഷി, ഗ്രാമവ്യവസായങ്ങള്‍, ശുചീകരണം, ആരോഗ്യം, പാര്‍പ്പിടം, ഗ്രാമവിദ്യാഭ്യാസം, ഗ്രാമസംഘടന, ഗ്രാമസംസ്‌കാരം എന്നീ തലക്കെട്ടുകളിലായി അദ്ദേഹം ഒരു പ്രവര്‍ത്തന പരിപാടി തന്നെ വരച്ചിടുന്നുണ്ട്. കുമരപ്പയുടെ constructive programme എന്ന് നിലനില്‍പ്പിന്റെ സമ്പദ് വ്യവസ്ഥയുടെ രണ്ടാം ഭാഗത്തെ വിളിക്കാമെന്ന് തോന്നുന്നു. ചില നിരീീക്ഷണങ്ങള്‍ ഇവിടെ എടുത്തുകൊള്ളട്ടെ.

‘ഭക്ഷണത്തിനും മറ്റു പ്രാഥമികാവശ്യങ്ങളുടെ നിര്‍വഹണത്തിനും വേണ്ടതെല്ലാം പ്രാദേശികമായിത്തന്നെ കഴിവതും ഉല്‍പ്പാദിപ്പിക്കാന്‍ നോക്കണം’

‘പുകയില. ചണം, കറുപ്പ് തുടങ്ങിയ വാണിജ്യവിളകളുടെ ഉത്പാദനം  മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമുള്ള ഭക്ഷണലഭ്യത ചുരുക്കുവാനാണ്. ഇവയുല്‍പ്പാദിപ്പിക്കാന്‍ വേണ്ടത് ധാന്യങ്ങളും മറ്റും നന്നായി വിളയുന്ന നല്ല ഭൂമിതന്നെയാണ്. കരിമ്പ് ഉല്‍പ്പാദനം കുറയ്ക്കുന്നതിനാലുണ്ടാകുന്ന ശര്‍ക്കരയുല്‍പ്പാദനത്തിലെ ഇടിവ് നികത്താന്‍ പനനീര് ഉപയോഗപ്പെടുത്താം.’ 

‘ഗ്രാമങ്ങളുടെ ആവശ്യങ്ങളില്‍ കവിഞ്ഞ് വിഭവങ്ങള്‍ മാത്രമെ പുറമേയ്ക്ക് കയറ്റിപ്പോകാവൂ’

‘മനുഷ്യമലവും മറ്റുവസ്തുക്കളും കമ്പോസ്റ്റാക്കി മാറ്റുന്ന വ്യക്തികരാറുകാര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്ന വളത്തിനാനുപാതികമായി ധനസഹായം നല്‍കണം.’

‘തുണിമില്ലുകള്‍ ജനാധിപത്യവിരുദ്ധമാണ്. ആയിരക്കണക്കിനാളുകള്‍ പണിയെടുക്കുന്ന മില്ലിന്റെ പരിധിക്കുള്ളില്‍ മില്ലുടമ പറയുന്നതാണ് നിയമം. അതെല്ലാവരും അനുസരിക്കണം. ഇത്തരം സമൂഹവിരുദ്ധ ചിട്ടവട്ടങ്ങള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല. രാഷ്ട്രീയമായുള്ള കാഴ്ചപ്പാടിലും കേന്ദ്രീകൃതവ്യവസായങ്ങള്‍ തിന്മയാണ്’

‘കേന്ദ്രീകരണത്തെ എതിര്‍ക്കുന്നു എന്നതുകൊണ്ട് യന്ത്രങ്ങളെ നിരാകരിക്കണമെന്നില്ല. മനുഷ്യനെ യന്ത്രത്തിന് അടിമയാക്കരുതെന്നേ ഉദ്ദേശമുള്ളൂ. യന്ത്രങ്ങള്‍ക്ക് മേല്‍ മനുഷ്യന് നിയന്ത്രണം നഷ്ടമാകുമ്പോള്‍ ഹിംസയുടെ വിളയാട്ടമായി’.

‘മാനവികസിദ്ധികളുടെ സന്തുലിതമായ പരിപോഷണമാണ് ശരിയായ വിദ്യാഭ്യാസ ലക്ഷ്യം. ആഖ്യാതാവ് ജീവിതത്തില്‍ പ്രയോജനമുള്ള തൊഴില്‍ അറിഞ്ഞിരിക്കണം. സമൂഹവുമായി സമരസപ്പെടണം. ആളുകളേയും സംഗതികളേയും വിലയിരുത്താന്‍ അയാള്‍ക്ക് കഴിയണം. ഈ നേട്ടമുണ്ടാക്കാത്ത വിദ്യാഭ്യാസം വകയ്ക്ക് കൊള്ളില്ല’.

സര്‍വ്വോദയത്തിന് ആസൂത്രണം എന്ന ആദര്‍ശം സ്വീകരിച്ച കുമരപ്പ സ്വദേശി എന്നാല്‍ സ്വദേശക്കാരായ വന്‍കിട വ്യവസായികളുടെ താല്‍പര്യസംരക്ഷണം എന്ന് മനസ്സിലാക്കിയിരിക്കുന്ന ഒരു ഭരണാധികാരിക്ക് സ്വീകാര്യനാകാനിടയില്ല. അധികാര കേന്ദ്രീകരണം സഹപ്രവര്‍ത്തകരോടും വ്യത്യസ്തമായി ചിന്തിക്കുന്ന ജനങ്ങളോടുമുള്ള ഭയം മൂലം ശിഥിലമാക്കിയ നേതാക്കള്‍ക്ക് കുമരപ്പ മുഖ്യധാരയില്‍ നിന്നും ഒഴിച്ചുനിര്‍ത്തപ്പടേണ്ടയാള്‍ മാത്രം. നാം എങ്ങിനെ ജീവിച്ചു, ജീവിക്കണം എന്നതിനെക്കുറിച്ചുള്ള ഒരു കണ്ണാടിയാണ് കുമരപ്പയുടെ ചിന്ത. എങ്ങിനെയാണ് നമ്മള്‍  ജീവിക്കേണ്ടത് എന്നതിനെക്കുറി്ച്ചുള്ള മാര്‍ഗ്ഗരേഖകള്‍കൂടിയാണ് അദ്ദേഹത്തിന്റെ ആലോചനകള്‍.

(ഈ കുറിപ്പിന് ഊര്‍ജ്ജം നല്‍കിയത് Back to Back: J C Kumarappa Reader എന്ന പ്രൗഢമായ ഗ്രന്ഥവും സി പി ഗംഗാധരന്‍ ഓജസ്സുള്ള മലയാളത്തില്‍ തര്‍ജ്ജമ ചെയ്ത ‘നിലനില്‍പ്പിന്റെ സമ്പദ് വ്യവസ്ഥ’യുമാണ്. മാര്‍ക് ലിന്‍ഡ്‌ലേ (Mark Lindley)യുടെ J C Kumarappa: Mahatma Gandhi’s Economist എന്ന പഠനവും കെ ജെ എബ്രഹാമിന്റെ ഗാന്ധിയന്‍ അര്‍ത്ഥശാസ്ത്രത്തിന്റെ ആചാര്യന്‍ എന്ന ചെറു ജീവചരിത്രവും കുമരപ്പയെ കുറിച്ച് അറിയാന്‍ ഉപകരിക്കും

 

പാഠഭേദം മാസികയുടെ സെപ്റ്റംബര്‍-ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

ഡല്‍ഹി, ഇന്ത്യന്‍ എക്സ്പ്രസില്‍ അസോസിയേറ്റ് എഡിറ്ററാണ് അമൃത് ലാല്‍. 

*Views are personal 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍