UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജയങ്ങളുടെ പുല്‍മൈതാനങ്ങളും വിവാദങ്ങളുടെ കുപ്പത്തൊട്ടിയും പങ്കിട്ട നായകന്‍

Avatar

ടീം അഴിമുഖം

 

2014 മാര്‍ച്ച് 27ന് ഉച്ചയ്ക്ക് തൊട്ടുമുമ്പാണ് സുപ്രീം കോടതിയില്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആദ്യ ബൗണ്‍സര്‍ എറിഞ്ഞത്. അതുവരെ, ജസ്റ്റിസുമാരായ എ കെ പട്‌നായിക്കിന്റെയും എഫ് എം ഐ കാലിഫുള്ളയുടെയും കോടതി മുറിയിലെ മുഴുവന്‍ ശ്രദ്ധയും ഇന്ത്യന്‍ ക്രിക്കറ്റിന്റെ കളങ്കിത ഭരണാധികാരി എന്‍ ശ്രീനിവാസനിലായിരുന്നു. ധോണിയെ നുണയന്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ട് സാല്‍വെ കത്തിക്കയറി. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ ഒരു ക്രിക്കറ്റ് ആരാധകന്‍ മാത്രമാണെന്നും ഐപിഎല്‍ ടീമായ ചെന്നൈ സുപ്പര്‍ കിംഗ്‌സില്‍ ഒരു പദവിയും അദ്ദേഹം വഹിക്കുന്നില്ലെന്നും ജസ്റ്റിസ് മുദഗല്‍ കമ്മിറ്റിക്ക് മൊഴി നല്‍കുക വഴി ഇന്ത്യന്‍ ക്യാപ്ടന്‍ അഴിമതിക്ക് കുടപിടിക്കുയാണെന്ന് സാല്‍വെ ആരോപിച്ചു. ഇന്ത്യയിലെ പ്രമുഖ അഭിഭാഷകന്‍ ഇതുകൊണ്ടും നിറുത്തിയില്ല. അദ്ദേഹം ധോണിക്കെതിരായി ട്വിറ്ററില്‍ നല്‍കിയ സന്ദേശം ഇങ്ങനെയായിരുന്നു: ‘മെയ്യപ്പനെ രക്ഷിക്കാനുള്ള ശ്രമം അഴിമതിയാണ്. സിഎസ്‌കെയുടെ നായകന് (ധോണി) മെയ്യപ്പന്റെ പങ്കിനെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് എനിക്ക് വിശ്വസിക്കാനാവുന്നില്ല’. കോടതിയില്‍ നാടകം അരങ്ങേറുമ്പോള്‍ ധോണി മൈലുകള്‍ അപ്പുറമുള്ള ബംഗ്ലാദേശില്‍ ടി-20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുകയും ശ്രീനിവാസന്‍ തിമിര ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഐപിഎല്‍ വാതുവയ്പ്പിലും സ്‌പോട്ട്-ഫിക്‌സിംഗിലും ധോണിക്ക് പങ്കുണ്ടെന്ന ആരോപണം സംപ്രക്ഷേപണം ചെയ്ത സീ ടിവിക്കെതിരെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇന്ത്യന്‍ ക്യാപ്ടന്‍ 100 കോടിരൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

എന്നാല്‍ നിരവധി നേട്ടങ്ങ ഒന്നാം സ്ഥാനങ്ങളും തന്റെ റെക്കോഡ് ബുക്കില്‍ ചേര്‍ത്ത ധോണി വമ്പിച്ച വിശ്വാസ്യ പ്രതിസന്ധിയില്‍ പതിക്കുന്നതിന് മാര്‍ച്ചിലെ ആ സായാഹ്നത്തില്‍ സ്വയം സാക്ഷിയാകേണ്ടി വന്നു. ഇപ്പോള്‍ കളിയിലെ ഒരു ഫോര്‍മാറ്റില്‍ നിന്നെങ്കിലും അദ്ദേഹം തൊപ്പിയൂരുകയും ചെയ്തിരിക്കുന്നു.

2004 ഡിസംബറില്‍ ബംഗ്ലാദേശില്‍ നടന്ന തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ ശേഷം രാജ്യത്തിന് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റന്‍ എന്ന നിലയിലേക്കും 31.5 ബില്യണ്‍ രൂപ സമ്പാദ്യത്തിലൂടെ ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന ആറ് കളിക്കാരില്‍ ഒരാളെന്ന നിലയിലേക്കുമുള്ള മഹി എന്ന് കൂട്ടുകാര്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന ധോണിയുടെ യാത്ര ദൈര്‍ഘ്യമേറിയതായിരുന്നു. ടി-20, ഏകദിന ലോകകപ്പുകള്‍ ജയിച്ച ഇന്ത്യയിലെ ഏറ്റവും വിജകരമായ ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നുണ്ട്. സൗരവ് ഗാംഗുലിയെ പോലെ ഒരു ക്യാപ്റ്റന് പോലും ഇത്രയും നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നതും നാം ഓര്‍ക്കേണ്ടതുണ്ട്.

ഓരോ തവണയും ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ നിന്നും അത്ഭുതകരമായ പ്രകടനങ്ങളുമായി ധോണി തിരിച്ചു വന്നു. മാത്രമല്ല, സെലക്ഷന്‍ കമ്മിറ്റി ഒരു മാറ്റം ആഗ്രഹിച്ചപ്പോഴൊക്കെ എന്‍ ശ്രീനിവാസന്‍ തീരുമാനം വീറ്റോ ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ കളിക്കാരനുമായി താതാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞിരുന്നതിനാല്‍ ഇതെല്ലാം മറക്കാന്‍ ആരാധകര്‍ തയ്യാറായിരുന്നു.

നീണ്ട മുടിയുമായി വിക്കറ്റുകാത്ത അന്നത്തെ ആ 23 കാരനില്‍ നിരവധി പേര്‍ പ്രചോദനം കണ്ടെത്തി. ടീമില്‍ നിന്നും പുറത്തായ കളിക്കാരായ മുനാഫ് പട്ടേലും പീയുഷ് ചൗളയും മുതല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ കളിക്കാരായ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷാമിയും വരെയുള്ള നിരവധി കളിക്കാര്‍, ചെറുകിട പട്ടണങ്ങളില്‍ നിന്നും ഇന്ത്യന്‍ ഡ്രസിംഗ് റൂമിലേക്ക് ഒഴുകിയെത്തുകയും ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാവിക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കുകയും ചെയ്തു. ആരാധകരും ക്രിക്കറ്റ് എഴുത്തുകാരും ‘മിസ്റ്റര്‍ കൂള്‍’ എന്നോ ‘ക്യാപ്റ്റന്‍ കൂള്‍’ എന്നോ വിളിക്കാനാഗ്രഹിക്കുന്ന ഒരാളുടെ സ്വപ്‌നതുല്യമായ യാത്രയായിരുന്നു ഇത്.

 

സ്വയംപ്രയത്‌നത്തിലൂടെ ഒരു വ്യക്തിക്ക് ഏത് നേട്ടവും കൈവരിക്കാനാകും എന്ന പുതിയ ഒരു സ്വപ്നം, പുതിയ ഒരു ഇന്ത്യ നിര്‍മിക്കുകയായിരുന്നു ധോണി. വിവാദങ്ങള്‍ കടന്നു വന്നപ്പോഴൊക്കെ സാധാരണ ഇന്ത്യക്കാര്‍ അതിനെ തള്ളിക്കളയുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയപ്പോഴേക്കും അദ്ദേഹം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുകയും പ്രതിഫലം 200 കോടിയിലേക്ക് വര്‍ദ്ധിപ്പിക്കപ്പെടുകയും ചെയ്തു. തന്റെ കരിയറിന്റെ എട്ടാം വര്‍ഷത്തിലാണ് ഗാംഗുലി ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടെങ്കില്‍ സച്ചിന്‍ തെന്‍ഡൂല്‍ക്കര്‍ക്ക് ആ സ്ഥാനത്തെത്താന്‍ ഏഴ് വര്‍ഷം വേണ്ടി വന്നു. പലര്‍ക്കും ധോണി വിജയത്തിന്റെ ആള്‍രൂപമായിരുന്നു.

2013 ല്‍ ഐപിഎല്‍ കോഴക്കേസില്‍ ക്രിക്കറ്റ് താരങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടുകയും വാതുവയ്പ്പുമായി ബന്ധപ്പെട്ട് മെയ്യപ്പനെ പോലുള്ളവര്‍ കുടുങ്ങുകയും ചെയ്തതോടെ കാര്യങ്ങള്‍ മാറിമറിയാന്‍ തുടങ്ങി. പെട്ടെന്ന് ശ്രദ്ധ ക്യാപ്റ്റനിലേക്ക് തിരിഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആരും അദ്ദേഹത്തിന് നേരെ വിരല്‍ചൂണ്ടിയില്ലെങ്കിലും മെയ്യപ്പനെ പോലുള്ളവര്‍ അഴിക്ക് പിന്നിലായതോടെ സംശയങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി. പുറത്താക്കപ്പെട്ട ബിസിസിഐ അധ്യക്ഷനുമായുള്ള ധോണിയുടെ അടുപ്പവും ശ്രീനിവാസന്റെ ഉടസ്ഥതയിലുള്ള ഇന്ത്യ സിമന്റ്‌സിലെ ധോണിയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും നിരീക്ഷണത്തിന് വിധേയമായി. ഇന്ത്യന്‍ കളിക്കാക്കെുറിച്ച് മുദ്ഗല്‍ കമ്മിറ്റി വിശേഷിപ്പിച്ച ‘പരിശോധിക്കപ്പെടാത്ത വിവരങ്ങളെ’ കുറിച്ചുള്ള വാര്‍ത്തകളും പ്രമുഖരിലേക്ക് വിരല്‍ചൂണ്ടുന്ന തമിഴ്‌നാട് പോലീസിലെ ഐപിഎസ് ഓഫീസര്‍ ജി സമ്പത്ത് കുമാറിന്റെ വാക്കുകളും മുറിവില്‍ എരിവ് പുരട്ടുന്നതായി. മുദ്ഗല്‍ കമ്മിറ്റിക്ക് മുമ്പാകെ മെയ്യപ്പനോടൊപ്പം ധോണിക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ളതായി സമ്പത്ത് കുമാര്‍ മൊഴിനല്‍കിയതായും, കമ്മിറ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രഹസ്യരേഖയില്‍ ഈ പേരുകളുണ്ടെന്നുമുള്ള ഊഹാപോഹങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചു.

ധോണിക്കെതിരായ വാര്‍ത്തകളുടെ ഒരു പ്രവാഹം തന്നെയായിരുന്നു പിന്നീട്. സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, പ്രഗ്യാന്‍ ഓജ, ആര്‍ പി സിംഗ് എന്നീ നാല് കളിക്കാരുടെ മാനേജരും ധോണിയുടെ അടുത്ത സുഹൃത്തുമായ അരുണ്‍ പാണ്ഡെ നടത്തുന്ന സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനിയില്‍ ധോണിക്ക് ഓഹരിയുണ്ടെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. വ്യത്യസ്ത താല്‍പര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇത് വഴിവെച്ചു. തുടര്‍ന്ന് ധോണി തന്റെ ഓഹരികള്‍ പിന്‍വലിച്ചു.

 

ധോണിയുടെ സത്യസന്ധതയെ സാല്‍വെ ചോദ്യം ചെയ്തപ്പോള്‍, വിക്കറ്റ് കീപ്പര്‍-ക്യാപ്റ്റനായ ധോണിയുടെ പിന്തുണയ്ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് വീറോടെ രംഗത്തെത്തി. സാല്‍വെ ഉദ്ധരിച്ച വാക്കുകള്‍ ധോണി പറഞ്ഞിട്ടില്ലെന്നായിരുന്നു ബിസിസിഐയുടെ വാദം. കൃത്യമായ തെളിവുകളില്ലാതെ ആരെയും സംഭവത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന്, അന്ന് മന്ത്രിയും ബിസിസിഐ ഭാരവാഹിയുമായിരുന്ന രാജീവ് ശുക്ല പറഞ്ഞു. സിഎസ്‌കെയുടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ചെന്നൈ സിമന്റ്‌സില്‍ നിന്നും രാജി വെക്കാമെന്ന് ധോണി വാഗ്ദാനം നല്‍കിയെന്നും, എന്നാല്‍ അവസാനം വരെ പോരാടുമെന്ന കാരണത്താല്‍ ശ്രീനിവാസന്‍ അത് നിരസിക്കുകയായിരുന്നെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ധോണിയെ പോലെയുള്ള ഒരു പോരാളിയെ സംബന്ധിച്ചിടത്തോളം മൈതാനത്തും പുറത്തുമുള്ള അന്തിമ വിജയത്തെ സംബന്ധിച്ച ആത്മവിശ്വാസവും ഉയര്‍ന്നതായിരിക്കും.

ചുക്കാന്‍ സ്വന്തം കൈയില്‍ സൂക്ഷിക്കുന്നതില്‍ അദ്ദേഹം വിജയിച്ചിരിക്കാം. പക്ഷെ അതുമായി ബന്ധപ്പെട്ട കുപ്പത്തൊട്ടി ധോണിയും പങ്കിട്ടിരുന്നു എന്നതിനാല്‍ അതിന് വലിയ വില നല്‍കേണ്ടതായി തന്നെ വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍