UPDATES

കായികം

എട്ടുവര്‍ഷത്തിനുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ധോണി

അഴിമുഖം പ്രതിനിധി

എട്ടുവര്‍ഷത്തിനുശേഷം ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ആഭ്യന്തര ക്രിക്കറ്റില്‍ പാഡണിയുന്നു. നാളെ ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ സ്വന്തം സംസ്ഥാനമായ ജാര്‍ഖണ്ഡിനുവേണ്ടിയാണ് ധോണി കളിക്കാന്‍ ഇറങ്ങുന്നത്. 2007-ല്‍ ജാര്‍ഖണ്ഡിനുവേണ്ടി സെയ്ദ് മുഷ്താഖ് അലി ടി20 ചാമ്പ്യന്‍ഷിപ്പില്‍ കിഴക്കന്‍ മേഖല മത്സരങ്ങളിലാണ് അദ്ദേഹം അവസാനമായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചത്. ഇന്ത്യയുടെ ക്യാപ്റ്റനാണെങ്കിലും സംസ്ഥാന ടീമിനെ ധോണി നയിക്കില്ല.

സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി രാജേഷ് വര്‍മ്മ ക്യാപ്റ്റന്‍ സ്ഥാനം ധോണിക്ക് വാഗ്ദാനം ചെയ്തുവെങ്കിലും അദ്ദേഹമത് നിരസിച്ചു. ഫാസ്റ്റ് ബൗളറായ വരുണ്‍ ആറോണാണ് ജാര്‍ഖണ്ഡിനെ നയിക്കുന്നത്. 

സംസ്ഥാന ടീമിനുവേണ്ടി കളിക്കുന്നതിനുള്ള ആഗ്രഹം ധോണി തന്നെയാണ് പ്രകടിപ്പിച്ചതെന്ന് വര്‍മ്മ പറയുന്നു. എന്നിരുന്നാലും ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്താനുമായുള്ള സമ്പൂര്‍ണ ക്രിക്കറ്റ് പരമ്പരയ്ക്ക് പച്ചക്കൊടി കാണിച്ചിരിക്കുന്നതിനാല്‍ ധോണി ടൂര്‍ണമെന്റിലെ എല്ലാ കളികളിലും കളിക്കാന്‍ ഇറങ്ങുന്നത് സംശയത്തിലാണ്. ഡിസംബര്‍ 24 മുതല്‍ ജനുവരി അഞ്ച് വരെ പാകിസ്താനുമായുള്ള പരമ്പര നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ എല്ലാ സാധ്യതയും ഉണ്ടെന്ന് ധോണി പറഞ്ഞിട്ടുണ്ടെന്ന് വര്‍മ്മ പറയുന്നു. എത്ര മത്സരങ്ങളില്‍ കളിക്കാന്‍ ഇറങ്ങുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. നിലവിലെ ചാമ്പ്യന്‍ കര്‍ണാടകയും കേരളവും ജമ്മുകശ്മീരും റെയില്‍വേയും ഹരിയാനയും ഗുജറാത്തും അടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് ജാര്‍ഖണ്ഡ് ഉള്‍പ്പെടുന്നത്.

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഏകദിന പരമ്പരയ്ക്കും ശ്രീലങ്കയ്ക്ക് എതിരായ ടി20കളിലും ടി20 ഏഷ്യാ കപ്പിനും അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന ടി20 ലോകകപ്പിനും വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്ക് ധോണിയെ ആഭ്യന്തര മത്സരങ്ങള്‍ സഹായിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍