UPDATES

സിനിമ

മഹേഷേ, നീ ഞങ്ങളെ നൈസായിട്ടങ്ങ് തകര്‍ത്തുകളഞ്ഞു!

Avatar

സഫിയ ഒ സി 

മലയാള സിനിമയെയും പ്രേക്ഷകരെയും ദൃശ്യഭാഷകൊണ്ട് അമ്പരപ്പിച്ച സംവിധായകന്‍ പത്മരാജന്റെ വിയോഗത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികമാണ് ഇത്. പെരുവഴിയമ്പലവും കള്ളന്‍ പവിത്രനും അരപ്പട്ടകെട്ടിയ ഗ്രാമവും തൂവാനത്തുമ്പികളും കോറിയിട്ട ഗ്രാമങ്ങളും ഗ്രാമീണരും നമ്മുടെ ഓര്‍മ്മയുടെ തിരശീലയില്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. മഹേഷിന്റെ പ്രതികാരം കണ്ടിറങ്ങിയപ്പോള്‍ പത്മരാജന്‍ ഓര്‍മ്മകളില്‍ വന്നു നിറഞ്ഞു. ആ ഓര്‍മ്മയുണര്‍ത്താന്‍ കഴിഞ്ഞു എന്നതു മാത്രം മതി ദിലീഷ് പോത്തന്‍ എന്ന നവാഗത സംവിധായകന് മലയാളത്തിലെ സംവിധായക പ്രതിഭകളുടെ ഇടയിലേക്ക് ഒരു ഇടുക്കിക്കാരനെപ്പോലെ ആരെയും കൂസാതെ നടന്നു കയറാന്‍.

ഇതാ നിങ്ങളൊരു മഹാസംഭവം കാണാന്‍ പോകുന്നു എന്ന ഭാരമില്ലാതെയാണ് മഹേഷിന്റെ പ്രതികാരം കയറിവരുന്നത്. കഥയിലെ വമ്പന്‍ ട്വിസ്റ്റുകളില്‍ ഒന്നായ അപ്പൂപ്പന്‍ താടിയെപ്പോലെ പതിയെയാണ് അതിന്‍റെ ഒഴുക്ക്. പക്ഷേ ക്ലൈമാക്സ്…! അത് പരിണാമഗുപ്തിയെകുറിച്ച് വേവലാതികൊള്ളുന്ന ശരാശരി മലയാളി പ്രേക്ഷകനെ നൈസായിട്ടങ്ങ് തകര്‍ത്തുകളഞ്ഞു. പിന്നെ നിലയ്ക്കാത്ത കയ്യടിയായിരുന്നു തിയേറ്ററില്‍. (സിനിമ കഴിഞ്ഞാല്‍ ആളുകള്‍ എഴുന്നേറ്റ് നിന്നു കയ്യടിക്കുന്നത് ചലച്ചിത്രോത്സവങ്ങളിലെ കണ്ടിട്ടുള്ളൂ. ഒരു മലയാള സിനിമയ്ക്ക് ഇത് ആദ്യത്തെ അനുഭവം). 

ഇടുക്കി പ്രകാശ് സിറ്റിയിലെ ആകെയുള്ള സ്റ്റുഡിയോ ആയ ഭാവനയുടെ മുതലാളിയും ഫോട്ടോഗ്രാഫറുമാണ് മഹേഷ്. മഹേഷിന്റെ ചാച്ചന്‍ തുടങ്ങിയതാണ് സ്റ്റുഡിയോ. ഇപ്പോ നടത്തിപ്പ് മകനായ മഹേഷിന്റെ തലയില്‍. പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കല്യാണം, ശവമടക്ക്, മാമോദീസ തുടങ്ങിയ ഗ്രാമീണ ഇവന്റുകളുടെ ഫോട്ടോയെടുപ്പുമാണ് മഹേഷിന്റെ മുഖ്യ ഉപജീവനം. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷനില്‍ മെമ്പറാണ് മഹേഷ്. അങ്ങനെ ആകെയുള്ള ഒരപ്പനും ബാല്യകാല കാമുകിയും തൊട്ടടുത്ത മുറിയിലെ ആര്‍ട്ടിസ്റ്റ് ബേബിയുമൊക്കെ അടങ്ങുന്ന ഒരു രസികന്‍ ലോകത്താണ് മഹേഷ് ജീവിക്കുന്നത്. അത് ആറ്റിലൂടെ ഒഴുകി വരുന്ന കൊടംപുളി പോലെ മനോഹരമായിരുന്നു.

എന്നാല്‍ ഈ മനോഹാരിത കുറേക്കാലം നീണ്ടുനിന്നില്ല. പരോക്ഷമായി ഒരു വഞ്ചനയും പ്രത്യക്ഷത്തില്‍ ഒരു മാനക്കേടും മഹേഷിനെ പ്രതികാരദാഹിയാക്കുന്നു. സിനിമ ഒരു നാടോടിക്കഥയുടെ ചേലില്‍ പ്രേക്ഷകരെ തോളിലേറ്റി കൊണ്ടുപോകുന്നത് ഇവിടം മുതലാണ്. ഒരു സത്യന്‍ അന്തിക്കാട് സിനിമ ആയേക്കാവുന്ന ഘട്ടത്തില്‍ നിന്ന് പത്മരാജന്‍റെ ലെവലിലേക്ക് സിനിമ ഉയരുന്നതും ഇവിടെ വെച്ചാണ്. ആണത്തത്തെക്കുറിച്ചുള്ള ഒരു വ്യാഖ്യാന സാധ്യത തുറന്നിടുന്നത് കഥയുടെ ഈ ടേണിംഗിലാണ്. കവലയില്‍ നാട്ടുകാരുടെ മുന്‍പില്‍ അടി വാങ്ങുന്ന നായകന്‍ നടത്തുന്ന കടുത്ത പ്രതിജ്ഞ, (തുടക്കത്തില്‍ തോട്ടില്‍ വെച്ച് തേച്ച് വെളുപ്പിച്ചെടുത്ത ഹവായി ചെരുപ്പിന് തിരക്കഥയില്‍ ഇത്രയേറെ പ്രാധാന്യമുണ്ടാവുമെന്ന് കരുതിയില്ല) പ്രതികാരം, ഒടുവിലത്തെ ഭരതന്‍/പത്മരാജന്‍ കാലത്തെ കവലത്തല്ല് വരെ എല്ലാം ചേര്‍ന്ന് ഒരു കോമഡി/ത്രില്ലര്‍ തലത്തില്‍ നിന്നും സിനിമയെ പൊക്കിയെടുക്കുന്നുണ്ട്. 

അങ്ങനെയാണ് മഹേഷിന്റെ പ്രതികാരം സംഭവിച്ചത്; ദിലീഷ് പോത്തന്‍-അഭിമുഖം 

സിനിമ വെറും വാചകമടിയുടെ കലയായി മാത്രം കണക്കാക്കുന്നവരുടെ ലോകത്താണ് മഹേഷിന്റെ പ്രതികാരം പിറന്നു വീണിരിക്കുന്നത്. മഹേഷിന്റെ ഹവായി ചെരിപ്പും അയാളുടെ വീട്ടിലെ പട്ടിക്കുട്ടിയുമടക്കം സിനിമയുടെ ദൃശ്യ ആഖ്യാന തലത്തില്‍ നടത്തുന്ന ഇടപെടലുകള്‍ ഒരു പക്ഷേ സമീപകാല മലയാള സിനിമയില്‍ അപൂര്‍വ്വമാണെന്ന് പറയാം. (ഡബിള്‍ ബാരലും മണ്‍സൂണ്‍ മാംഗോസുമൊക്കെ അത്തരം ചില എടുത്തു ചാട്ടങ്ങള്‍ നടത്തുകയും വാണിജ്യ പരാജയത്തിന്റെ പടുകുഴിയില്‍ വീഴുകയും ചെയ്ത സിനിമകളാണ്. )

മഹേഷിന്റെ പ്രതികാരം പ്രേക്ഷകരെ ഞെട്ടിക്കുന്നത് അതിന്‍റെ കാസ്റ്റിങ്ങിലാണ്. രണ്ടു ഡസന്‍ പുതുമുഖങ്ങളെയാണ് ദിലീഷ് പോത്തനും സംഘവും അവതരിപ്പിക്കുന്നത്. ഇവരെല്ലാവരും ഇടുക്കിക്കാര്‍. സ്ക്രീനിലെ അവരുടെ മെയ് വഴക്കം കണ്ടാല്‍ ഇവരാരും തന്നെ നോണ്‍-പ്രൊഫഷണല്‍ ആക്ടേഴ്സ് ആണെന്ന് പറയില്ല. പ്രത്യേകിച്ചും ഫഹദ് ഫാസിലിന്റെ ചാച്ചനായി അഭിനയിക്കുന്ന കെ.എല്‍ ആന്‍റണി എന്ന ആ ഓള്‍ഡ് സ്കൂള്‍ ഫോട്ടോഗ്രാഫറെ ആരും മറക്കുമെന്ന് തോന്നുന്നില്ല. ചാരുകസേരയിലുള്ള ആ ഇരുത്തം തന്നെ മതി; നമ്മുടെ സോകോള്‍ഡ് സിനിമ അപ്പാപ്പന്‍മാരുടെ ചാരുകസേര ഇരുത്തങ്ങളെ പൊളിച്ചടുക്കുന്നുണ്ട് ഈ നാടക നടന്‍. 

എടുത്തു പറയേണ്ട മറ്റൊരു നടന്‍ അലന്‍സിയര്‍ ആണ്. ഈ അടുത്ത കാലത്ത് കന്യക ടാക്കീസിലും മണ്‍സൂണ്‍ മംഗോസിലുമൊക്കെ കണ്ട അലന്‍സിയര്‍ എന്ന നടന്‍റെ ഗ്രാഫ് മുകളിലേക്കുള്ള വളര്‍ച്ചയിലാണെന്ന് തെളിയിക്കുന്നുണ്ട് ഈ സിനിമയിലെ ആര്‍ട്ടിസ്റ്റ് ബേബി എന്ന കഥാപാത്രം. അതുപോലെ തന്നെ ബേബിയുടെ ഫോട്ടോഷോപ്പ് തൊഴിലാളിയായി എത്തുന്ന സൌബിന്‍ ഷാഹിറും തന്‍റേതായ ഹാസ്യ ശൈലിയിലൂടെ പ്രേക്ഷകരെ വീണ്ടും അമ്പരപ്പിക്കുന്നു. സ്റ്റീവ് ലോപ്പസിന് ശേഷം എന്താണ് ഈ നടനെ കാണാത്തത് എന്നു കരുതുമ്പോഴാണ് ജിപ്സനായുള്ള സുജിത് ശങ്കറിന്റെ വരവ്. വില്ലത്തം ഉള്ള ഈ നല്ല കഥാപാത്രവും നമ്മുടെ മനസില്‍ ഉടക്കി നില്ക്കും. നായികമാരായ അനുശ്രീയും അപര്‍ണ്ണ ബാലമുരളിയും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുന്നുണ്ട്.  

ഏറ്റവും വലിയ കയ്യടി നല്‍കേണ്ടത് ഫഹദ് ഫാസിലിന് തന്നെ. ഏതൊരു നടന്റെയും കരിയറില്‍ സംഭവിക്കുന്നത് പോലെ പരാജയങ്ങളുടെ കയ്പ്പുനീര്‍ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു ഫഹദ്. അവിടെ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഫഹദിന് മഹേഷിന്റെ പ്രതികാരം. സൂക്ഷ്മാഭിനയം വേണ്ടിടത്ത് അങ്ങനെയും ആരാധകരെ രസിപ്പിക്കാനുള്ള ഫ്ലെക്സിബിലിറ്റി വേണ്ടിടത്ത് അങ്ങനെയും അനായാസം പെരുമാറാന്‍ ഫഹദിന് സാധിക്കുന്നുണ്ട്. ഈ സിനിമയില്‍ ഫഹദിന് തന്‍റെ മുന്‍കഥാപാത്രങ്ങളോട് മാത്രമേ മത്സരിക്കാനുണ്ടായിരുന്നുള്ളൂ. അതില്‍ അയാള്‍ നിഷ്പ്രയാസം വിജയിക്കുകയും ചെയ്യുന്നുണ്ട് . മഹേഷിന്റെ പ്രതികാരം ഫഹദിനെ വിജയത്തിന്റെ ട്രാക്കിലേക്ക് കൊണ്ടുവരും എന്ന കാര്യത്തില്‍ സംശയമില്ല. 

ഒരു മലയോര ഗ്രാമത്തിന്റെ എല്ലാ സ്വാഭാവികതയോടെയും പ്രകാശ് സിറ്റി നമ്മളെ കീഴടക്കുമ്പോള്‍ ഒരു കൂട്ടം മനുഷ്യരുമൊന്നിച്ചേ നമുക്ക് തിയേറ്റര്‍ വിട്ടു പോരാന്‍ കഴിയുകയുള്ളൂ. അതുതന്നെയാണ് ദിലീഷ് പോത്തന്‍റെ വിജയവും.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍