UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മെയ്ക് ഇന്‍ ഇന്ത്യ; ആര്‍പ്പുവിളി കൊണ്ടു കാര്യമില്ല

Avatar

ആനീ ഗോവന്‍ 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ലോകത്തിന് നല്‍കാനായി കഴിഞ്ഞയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കരുതിവെച്ച സന്ദേശം ഇന്ത്യയില്‍ വന്‍കിട നിക്ഷേപങ്ങള്‍ക്ക് അവസരങ്ങളുണ്ട് എന്നതായിരുന്നു. 

ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈയില്‍ നടന്ന മിന്നിത്തിളങ്ങിയൊരു വാരാഘോഷത്തില്‍ 10,000 ആഭ്യന്തര, വിദേശ കമ്പനികള്‍ക്കും 65,000 പ്രതിനിധികള്‍ക്കും മുമ്പാകെ ഇന്ത്യയുടെ വ്യാപാര സാധ്യതകള്‍ അവതരിപ്പിച്ചപ്പോള്‍ ആഴ്ച്ചയുടെ അവസാനത്തില്‍ 227 ബില്ല്യണ്‍ ഡോളറിലേറെ നിക്ഷേപ വാഗ്ദാനം ഉണ്ടായെന്ന് ‘മെയ്ക് ഇന്‍ ഇന്ത്യ’ സംഘാടകര്‍ പറയുന്നു. 

പരിപാടിയുടെ ഉപജ്ഞാതാവും അതിന്റെ ആര്‍പ്പുവിളി സംഘത്തിന്റെ നേതാവുമായ മോദി ഈ പരിപാടിയെ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ബഹുമേഖല പരിപാടി എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യ ഇന്നുവരേക്കും സൃഷ്ടിച്ച ഏറ്റവും വലിയ ബ്രാന്റാണ് മെയ്ക് ഇന്‍ ഇന്ത്യ എന്നും അദ്ദേഹം പറഞ്ഞു. ഈ വാചകമടിയെല്ലാം ഉണ്ടായിട്ടും പ്രധാനവേദിക്ക് സമീപം തിങ്കളാഴ്ച്ച ഉണ്ടായ തീപിടിത്തത്തെ നവ സാമൂഹ്യമാധ്യമങ്ങളില്‍ വിശേഷിപ്പിച്ചത്’പൊങ്ങച്ചത്തിന്റെ ആളിക്കത്തല്‍’ എന്നാണ്. 

വ്യാപാര, വ്യവസായ പ്രമുഖര്‍ കഴിഞ്ഞയാഴ്ച്ച മുംബൈയില്‍ പറഞ്ഞത് 2014ല്‍ സമ്പദ് രംഗത്തെ കുതിച്ചുയര്‍ത്തുമെന്നും രാജ്യത്തെ മാറ്റിമറിക്കുമെന്നും പറഞ്ഞ് അധികാരത്തിലെത്തിയ മോദിയില്‍ അവര്‍ക്കിപ്പോഴും ശുഭാപ്തിവിശ്വാസമുണ്ട് എന്നാണ്. യു.എസ്- ഇന്ത്യ വ്യാപാരസമിതി രണ്ടുവര്‍ഷം കൊണ്ട് 27 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഉറപ്പുനല്‍കി. മോദി അധികാരമേറ്റെടുത്തത്തിന് ശേഷം ഇതുവരെ നിക്ഷേപിച്ച 15 ബില്ല്യണ്‍ ഡോളറിന് പുറമേയാണിത്. 

സേവന കേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥയിലെ നിര്‍മാണ മേഖലയുടെ പങ്ക് ഉയര്‍ത്താന്‍ ഇനിയും ഏറെ ചെയ്യാനുണ്ടെന്ന പൊതു അഭിപ്രായത്തോട് അവരും യോജിക്കുന്നുണ്ട്. വിദഗ്ധ തൊഴില്‍ശേഷി കൂട്ടുന്നതും നികുതി പരിഷ്‌കാരങ്ങളും ഇതില്‍ ഉള്‍പ്പെടും. വ്യാപാര സുഗമതയുടെ സൂചികയില്‍ ഇന്ത്യ 12 സ്ഥാനം മുന്നോട്ടുപോയതിനെ മോദി കഴിഞ്ഞയാഴ്ച്ച ഏറെ പൊക്കിപ്പറഞ്ഞു. പക്ഷേ 180 രാഷ്ട്രങ്ങളില്‍ ഇപ്പോഴും റഷ്യക്കും ഇറാനുമൊക്കെ പിറകിലായി 130ആം സ്ഥാനത്താണ് ഇന്ത്യ എന്നതാണു വസ്തുത. 

‘ഇന്ത്യ വ്യാപാരത്തിനായി തുറന്നിരിക്കുന്നു എന്ന സന്ദേശം വ്യക്തമാണ്, ‘ജി ഇ തെക്കനേഷ്യ തലവന്‍ ബന്‍മാലി അഗ്രവാല പറഞ്ഞ്. ‘പ്രതീക്ഷകള്‍ നിറവേറ്റേണ്ടതുണ്ട്. വലിയ മാറ്റങ്ങളൊന്നും ഇതുവരെ കണ്ടില്ല.’

ബിഹാറിലേക്കായി 1,000 ഡീസല്‍ എഞ്ചിനുകള്‍ ഉണ്ടാക്കാനുള്ള 2.6 ബില്ല്യണ്‍ ഡോളറിന്റെ കരാര്‍ ജി ഇ ഗതാഗതവിഭാഗത്തിന് ഇന്ത്യന്‍ റെയില്‍വേ ഈയിടെ നല്കിയിരുന്നു. എന്നിട്ടും സര്‍ക്കാരിന്റെ നികുതി സമ്പ്രദായം അപ്രവചനീയമായി തുടരുകയാണ് എന്നും അദ്ദേഹം പറയുന്നു. ഇറാക്കുമതി ചെയ്യുന്ന ചികിത്സ ഉപകരണങ്ങള്‍ക്കുള്ള 7% തീരുവ അപ്രതീക്ഷിതമായാണ് വന്നത്.

‘ഇത് ഒറ്റ രാത്രികൊണ്ടല്ല ചെയ്യേണ്ടത്.ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കണം.പൊടുന്നനെ നടപ്പാക്കുമ്പോള്‍ വിതരണത്തിന്റെയും മറ്റെല്ലാത്തിന്റെയും താളം തെറ്റും.’

ആദായനികുതി നിയമത്തിലെ 2012 ഭേദഗതി അനുസരിച്ചു വിദേശ കമ്പനികളെ മുന്‍കാല പ്രാബല്യത്തോടെ മൂലധന ലാഭത്തിനുമേല്‍ നികുതി ചുമത്താമെന്ന വകുപ്പ് ഇപ്പൊഴും നിലവിലുണ്ട്. 

‘നികുതി വിഷയങ്ങളില്‍ ആശങ്കകകളുണ്ട്. പക്ഷേ പ്രധാനമന്ത്രിയും ധനമന്ത്രിയും പറഞ്ഞത് മുന്‍കാല പ്രാബല്യത്തോടെ നികുതി ചുമത്തില്ല എന്നാണ്,’ വ്യവസായ നയ, പ്രോത്സാഹന വകുപ്പ് സെക്രട്ടറി അമിതാഭ് കാന്ത് പറഞ്ഞു. ‘നികുതിനയത്തില്‍ പ്രവചനീയതയും സ്ഥിരതയും ഉണ്ടാകുമെന്ന് അവര്‍ വ്യക്തമാക്കി.’

എന്നാല്‍ കഴിഞ്ഞയാഴ്ച്ച ബഹുരാഷ്ട്ര വാര്‍ത്താവിനിമയ കമ്പനി വൊഡാഫോണ്‍ പറഞ്ഞത് 2007ല്‍ ഒരു ഇന്ത്യന്‍ ടെലികോം കമ്പനിയെ ഏറ്റെടുത്തതില്‍ മുന്‍സര്‍ക്കാര്‍ ചുമത്തിയ സമാന നികുതിയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് 2.1 ബില്ല്യണ്‍ ഡോളര്‍ നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടു നിര്‍ദേശം ലഭിച്ചു എന്നാണ്. 

മോദി നികുതി സൗഹൃദ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുമ്പോള്‍ വൊഡഫോണിന്റെ പ്രസ്താവന സര്‍ക്കാരും നികുതി വകുപ്പും തമ്മിലുള്ള പൊരുത്തമില്ലായ്മയെയാണ് കാണിക്കുന്നത്. 

‘ഞങ്ങള്‍ക്ക് ആശ്ചര്യം തോന്നി. ഞങ്ങള്‍ക്ക് പറയാനുള്ളത് കൂടുതല്‍ സുതാര്യവും പ്രവചനീയവുമാകാന്‍ ഞങ്ങള്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ്. അത് കമ്പനികള്‍ക്ക് വ്യാപാരം തുടങ്ങാനും നിക്ഷേപം നടത്താനും എളുപ്പമാക്കും,’ യു.എസ്-ഇന്ത്യ വ്യാപാര സമിതി അദ്ധ്യക്ഷന്‍ മുകേഷ് അഘി പറയുന്നു. 

ഒരു വ്യാപാര സൗഹൃദ മുഖ്യമന്ത്രിയെന്ന, ഫോര്‍ഡ് പോലുള്ള കാര്‍നിര്‍മാതാക്കളെ വരെ ആകര്‍ഷിച്ച, തന്റെ ഗുജറാത്ത് ഭരണകാലത്ത് മോദി നേടിയ ഖ്യാതിയുടെ വലിയ രൂപമായിരുന്നു മുംബൈയില്‍ നടന്ന Make in India പരിപാടി. 

ആരവങ്ങളുണ്ടെങ്കിലും ഈ വാഗ്ദാനങ്ങളൊക്കെ നിക്ഷേപമായി വരുമോയെന്ന് കണ്ടറിയണമെന്നാണ് Mint പറയുന്നത്. മോദിയുടെ ഗുജറാത്ത് ഭരണകാലത്ത് ഇങ്ങനെ മുന്നോട്ടുവന്ന നിക്ഷേപ വാഗ്ദാനങ്ങളില്‍ വെറും 8% മാത്രമാണു നടപ്പായതെന്ന് സംസ്ഥാന സാമ്പത്തിക, കണക്കെടുപ്പ് വകുപ്പ് അറിയിച്ചതായി Mint പറഞ്ഞു. 

പദ്ധതിയുടെ ഭാഗമായി നിക്ഷേപം നടത്താന്‍ പോകുന്ന രണ്ടു വലിയ വലിയ കമ്പനികളില്‍ ഒന്നു വ്യോമയാന ഭീമന്‍ ബോയിങ് ആണ്. ലോക്ഹീഡ് മാര്‍ടിന്‍ ആണ് മറ്റൊരു കമ്പനി. 

തങ്ങള്‍ സര്‍ക്കാരിനെ സമ്മര്‍ദത്തില്‍ തന്നെ നിര്‍ത്തുന്നു എന്നു പറഞ്ഞ ബോയിങ് ഇന്ത്യ അദ്ധ്യക്ഷന്‍ പ്രത്യൂഷ് കുമാര്‍, വര്‍ഷങ്ങളായി കാത്തുകെട്ടിക്കിടക്കുന്ന ഇടപാടുകള്‍ക്ക് വേഗത്തില്‍ അംഗീകാരം നല്കാനും അതുവഴി നാഗ്പൂരില്‍ ബോയിങ് നിര്‍മാണ ശാല തുടങ്ങാനുള്ള നീക്കം വേഗമാക്കാനുമുള്ള മോദി സര്‍ക്കാര്‍ തീരുമാനത്തെപ്രശംസിച്ചു. പക്ഷേ പ്രതിരോധമേഖലയില്‍ ഇനിയുമേറെ ചെയ്യാനുണ്ടെന്ന് അദ്ദേഹം പറയുന്നു. പ്രത്യേകിച്ചും വിദേശ പ്രതിരോധ കമ്പനികള്‍ അവരുടെ കരാറിന്റെ 30% മൂല്യം വരുന്നവ പ്രാദേശികമായി കണ്ടെത്തണമെന്ന നിബന്ധന. 

‘ഇനിയും ഏറെ ദൂരം പോകാനുണ്ട്,’ കുമാര്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍