UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മേയ്ക്ക് ഇന്‍ ഇന്ത്യ; ഇങ്ങേരെല്ലാം കൂടി ചിരിപ്പിച്ച് ചിരിപ്പിച്ച് ഒരു വഴിക്കാക്കും

Avatar

ഷാഹിന റഫീഖ്

അനില്‍, നിനക്കറിയോ നമ്മുടെ നാട്ടുകാര് ഒഴുക്കുന്ന കണ്ണീര്‍ പോലും നമ്മുടെ സ്വന്തമല്ല! കണ്ണീര്‍വാതക കുമിളകള്‍ വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നതാണ്!

 

നമ്മുടെ രാജ്യം ഭരിക്കുന്ന ആളങ്ങനെ ഉള്ളില്‍ തട്ടി ഗദ്ഗദപ്പെട്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി. അപ്പോഴാണ് എനിക്ക് തലയില്‍ ബള്‍ബ് കത്തിയത്. ഇന്ത്യയെ ഉണ്ടയാക്കണംന്ന് പറഞ്ഞപ്പോ ഞാനിത്രേം നിരീച്ചിരുന്നില്ല്യ. മുന്‍പ് ഭരിച്ചിരുന്ന ഫാമിലിയേക്കാളും എത്ര നല്ല തങ്കപ്പെട്ട മനുഷ്യന്‍. വെറുതെ പത്തറുപത് കൊല്ലം റോട്ടി, കപ്പട, മകാന്‍ ന്നൊക്കെ പറഞ്ഞ് നടന്നു. പ്രതിരോധം ശക്തമാകാതെ കുപ്പയവുമിട്ട് വീട്ടില്‍ കയറി സമാധാനായിട്ട് റൊട്ടി തിന്നാന്‍ പറ്റോ? ഛായ്! ഇറ്റാലിയന്‍ പിസ്സ പോലെയല്ലാലോ ഭാരത റൊട്ടി. (ഇതാണോ നമ്മുടെ വല്യ പ്രശ്‌നം ന്ന് ചോദിക്കാന്‍ ആള്‍ക്കാരുണ്ടാവും, ചേരികള്‍ അനുദിനം വര്‍ദ്ധിക്കുന്നു, തിന്നാനില്ല, കുടിക്കാനില്ല എന്നൊക്കെ അവര്‍ പറഞ്ഞുന്നു വരും. അല്ലെങ്കിലും ഒരാള് നന്നാവുന്നത് ഇഷ്ട്ടപ്പെടാത്ത വര്‍ഗങ്ങള്‍ ആണവറ്റ). പറഞ്ഞു വന്നത് അതല്ല, ഹൃദയം നൊന്ത് മന്നവേന്ദ്രന്‍ പറഞ്ഞത് കേട്ട ആ ഒരു നിമിഷത്തിലാണ് എനിക്ക് ബോധോദയം വന്നത് .പണ്ട് കൃഷ്ണന്റെ വായില്‍ ഈരേഴുലകം കണ്ട പെമ്പ്രന്നോത്തിനെ പോലെ ആ ഒരു നിമിഷത്തില്‍ ഞാന്‍ മന്നവേന്ദ്രന്റെ തലയ്ക്കകത്തെ വളഞ്ഞു പുളഞ്ഞു പോവുന്ന നേര്‍രേഖ കണ്ടു! നാളെയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച അറിഞ്ഞു. നമ്മുടെ രാജ്യത്തെ, പ്രതിരോധ മേഖലയിലെ ഒരൊന്നാന്തരം കളിക്കാരന്‍ ആക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കണ്ടു. പറ്റിയ സാരഥിയെ തന്നെയാണ് ഈ മേഖലയില്‍ കുതിക്കാന്‍ അദ്ദേഹം കാളവണ്ടിയില്‍ പൂട്ടിയിട്ടുള്ളത് എന്നറിഞ്ഞതും ദേഹമാസകലം എനിക്ക് കുളിരുകോരി.

 

ഈ മന്ത്രിപുംഗവന്‍ സാരഥി ഉണ്ടല്ലോ ചില്ലറക്കാരനല്ല, നല്ല ഒന്നാന്തരം പെടക്കുന്ന നോട്ട് തന്നെയാണ്. ബുദ്ധി, കഴിവ്, എന്നതൊക്കെ പോരാഞ്ഞ് കഠിനാധ്വാനി, കൂട്ടത്തില്‍ ഒടുക്കത്തെ എത്തിക്‌സും. സംഗതി അങ്ങോര് തേര് തെളിയിക്കാന്‍ തുടങ്ങീട്ട് അധികം നാളായില്ലെങ്കിലും അടിവാരം എത്തുമ്പോള്‍ വണ്ടി നിര്‍ത്തി എല്ലാരും ഉണ്ടാക്കുന്നില്ലേന്നു പരിശോധിക്കുന്നുണ്ട്. അതിനു വേണ്ട ഏര്‍പ്പാടും ചെയ്തു കൊടുക്കുന്നുണ്ട്. ആള് ആദര്‍ശശാലി, ഇപ്പോള്‍ നിലവിലുള്ള സിസ്റ്റം, രീതികള്‍ ഒക്കെ മാറ്റി എല്ലാം സുതാര്യമാക്കി മോഡേണ്‍ ആക്കിയത് കൊണ്ട് അടിവാരം പാത്തുന് മുട്ടില്ലാതെ കഴിയാനുള്ള വഹ തരാവുന്നുണ്ട്.

 

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ അയലോക്കക്കാര് തീരെ ശരിയല്ല. ഓര് പോത്തിറച്ചി തിന്ന് കീഴ്വായു വിട്ട് അതിര്‍ത്തിയില്‍ വല്ലാത്ത അലോസരം ഉണ്ടാക്കുന്നുണ്ട്. സംഗതി വെടിയാണ്, യേത്? വെടിവെപ്പ്‌ന്നെ! ഓര് ഇടയ്ക്കിടയ്ക്ക് വേലി ചാടാന്‍ നോക്കും. അപ്പോ നമ്മളെ ആദര്‍ശശാലിനെ (പൈശാചികം ഫെയിം) പോലെ മുണ്ട് ഉടുത്ത് ചെന്ന് അത് പൊക്കി കാണിക്കാന്‍ പറ്റില്ലാലോ, സംഭവം പിന്നെ യുദ്ധം വേറെ ആവും. ഇപ്പുറത്തെ സൈഡില്‍ ആണെങ്കില്‍ പച്ചവെള്ളം ചേര്‍ക്കാത്ത ചോപ്പന്മാര്‍, കടുകട്ടി. ഓരേം പേടിക്കണം, ദൈവവിശ്വാസം ഇല്ലാത്ത കൂട്ടരാണ് (മറ്റോര്‍ക്ക് കുറച്ചു വിശ്വാസം കൂടീം പോയി). അതിന്റെ എടേല് ഓര് തമ്മില്‍ ഉള്ളില്‍ കൂടി ചില ഇടപാടുകള്‍ നടക്കുന്നുണ്ട് നമുക്കെതിരായിട്ട്. ഒറ്റ എണ്ണത്തിനെ വിശ്വസിച്ചൂടാ. എന്നിട്ടാണ് നമ്മള്‍ടെ പട്ടാളക്കാര് ഇപ്പോഴും ആ ബോഫോഴ്സ് തോക്കും പിടിച്ചിരിക്കുന്നത്. അതൊന്നു മാറ്റി ഇവിടെ ഉണ്ടാക്കിയത് കൈയില്‍ പിടിക്കാന്‍ ഓര്‍ക്കും ഉണ്ടാവൂലെ പൂതി? എന്താ ഇവിടെ ഉണ്ടാക്കിയാ ഉണ്ടാവൂലേ ഇതൊന്നും? അതു കൊണ്ടാണ് സ്വകാര്യ കളിക്കാര്‍ക്ക് ടെണ്ടര്‍ കൊടുക്കാനുള്ള പുത്തന്‍ പോളിസി നുമ്മ നേതാവ് ചിന്തിച്ചുണ്ടാക്കിയത്. ലച്ചം ലച്ചം പിന്നാലെ.

 

 

നമ്മുടെ രാജ്യത്ത് പട്ടിണി, പരിവട്ടം, സൂക്കേട്, നിരക്ഷരത, പിന്നെ വെള്ളം വൈദ്യുതി ക്ഷാമം അങ്ങനെ ഒന്നും കേട്ടു കേള്‍വി പോലുംല്ല. ആകെ ഒരു കുറവുള്ളത് പ്രതിരോധ മേഖലയില്‍ മാത്രാണ്. ഞാന്‍ പോയി മൂന്ന് സൈന്യാധിപന്മാരേം നേരിട്ടങ്ങ് കണ്ടു. എന്തൊരു നല്ല മനുഷ്യന്മാര്. എന്തൊരു ഡെഡിക്കേഷന്‍. അപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്. ഞാന്‍ വല്ലാതെ പേടിച്ചു പോയിരുന്നു. ഇനി ഒന്നും പേടിക്കാനില്ല. നല്ല മൂന്നാള്‍ക്കാര്‍ തന്നെയാണ് അളിയന്മാര്‍. പെങ്ങളെ പ്രസവത്തിനു കൂട്ടിക്കൊണ്ട് വന്നാ മതി ഇനി.

 

അളിയന്മാര്‍ക്കും കൂട്ടക്കാര്‍ക്കും അച്ചടക്കവും കൈക്കരുത്തും ഡെഡിക്കേഷനും ഒക്കെ ഉണ്ട്; പറഞ്ഞിട്ട് കാര്യല്ല, സംഗതി ഒരു യുദ്ധം വരുമ്പോ ഡിഷ്യൂം ഡിഷ്യൂം ന്ന് ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ ഇട്ടാല്‍ പോര, ശരിക്ക് പൊട്ടണ തോക്ക് തന്നെ വേണം. കാര്‍ഗിലിലെ കാര്യം തന്നെ കണ്ടില്ലേ, ആ മേജര്‍ സിനിമ വരെ ഉണ്ടാക്കി! അതു കൊണ്ട് ഇനി ഒരു തീരുമാനം എടുത്തേ പറ്റൂ. യൂണിഫോമിട്ടവര്‍ക്ക് നല്ല ഒന്നാന്തരം ചായയും വടയും തന്നെ കൊടുക്കണം, ചൂടോടെ.

 

നമ്മുടെ നാട്ടിലെ മുങ്ങിക്കപ്പല്‍ വെള്ളത്തില്‍ ഇട്ടാല്‍ മുങ്ങോ അറീല്ല, മുങ്ങിയാല്‍ പൊങ്ങോന്നറീല എന്ന മട്ടില്‍ കാലാവധി കഴിഞ്ഞതാണ്. എഴുപതിലെ മിഗ് ഉരുട്ടിക്കളിക്കാണ് വ്യോമാക്കാര്. 2024 ആവുമ്പോഴേക്ക് മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാവാന്‍ മുട്ടി നില്‍ക്കുമ്പോഴാണ് ഈ അവസ്ഥ. എന്ന് മാത്രല്ല, യു. എന്‍ സെക്യൂരിറ്റി കൌണ്‍സിലില്‍ സ്ഥിരായിട്ട് കുത്തിയിരിക്കാന്‍ കസേരയും പിടിച്ച് വാതിലിന്റവിടെ കാത്ത് നില്ക്കാ നമ്മള്‍. അപ്പോഴാണ് നമ്മളീ യുദ്ധ സാമഗ്രികളൊക്കെ ഇറക്കുമതി ചെയ്ത് കൊണ്ട് കാശ് കളയുന്നത്. ഋഷിമാരുടെ കാലത്തേ വിമാനം പറത്തിയവരാ നമ്മള്ന്ന് ശാസ്ത്രജ്ഞന്മാര് വരെ സമ്മതിച്ചിട്ടുണ്ട്. എന്നിട്ടാണ് ഈ സ്ഥിതി. ലജ്ജാവഹ് ഹേ! 16 ലക്ഷം കോടി രൂപയാണ് നമ്മള്‍ ഇജ്ജാതി സാധന സാമഗ്രികള്‍ വാങ്ങാന്‍ വേണ്ടി വിദേശികള്‍ക്ക് കൊടുക്കുന്നത്. നമ്മുടെ കുന്ദംകുളത്തെ കുണ്ടന്മാര്‍ക്ക് ഉണ്ടാക്കാനറിയാത്ത വല്ല സാധനോം ഉണ്ടോ ഈ ഭൂലോകത്ത് ? നമ്മള്‍ ഇതൊക്കെ സ്വന്തായി ഉണ്ടാക്കേം ചെയ്യും വേണങ്കില്‍ കയറ്റി അയക്കേം ചെയ്യും. (സ്വന്തം നാട്ടിലെ പെട്രോള്‍ ഊറ്റി നാട്ടുകാര്‍ക്ക് തന്നെ വില്‍ക്കുന്നു എന്ന് നിങ്ങള്‍ സ്വകാര്യം പറയണ്ട, മതിലും ഗേറ്റും കെട്ടി നിങ്ങളുടെയാ എന്ന് പറയുന്ന ഭൂമി നിങ്ങള്‍ പെറ്റിട്ടതൊന്നും അല്ലാലോ)

 

 

പറഞ്ഞു വന്നത്, ഇതിനൊക്കെ ഒറ്റ വഴിയേ ഉള്ളൂ എന്നാണ്. സംഗതി മൂപ്പര്‍ക്ക് തിരിഞ്ഞിട്ടുണ്ട്. എഫ്.ഡി.ഐ ഒക്കെ മൂപ്പര് തരാതരം പോലെ കൂട്ടിക്കോളാം എന്ന് പറഞ്ഞിട്ടുണ്ട്. നമ്മള് സ്വകാര്യക്കാരെ കണ്ണുംപൂട്ടി വിശ്വസിക്കുക മാത്രം ചെയ്താ മതി ഇനി. പിന്നെ ഒരു കണ്ടീഷന്‍ ഉണ്ട്, കളിക്കാനൊക്കെ നമ്മള്‍ റെഡിയാണ്, പക്ഷേ ഇതിലേക്ക് ഇറങ്ങി പുറപ്പെട്ടിട്ട് പിന്നെ കണ കൊണ പറയരുത്. ദീര്‍ഘകാല കരാറുകള്‍, കനത്തില്‍ വങ്ങുംന്നുള്ള ഉറപ്പ്, പി.ഡബ്ല്യൂ.ഡി കോണ്ട്രാക്ടര്‍മാരെ പോലെ പൈസക്ക് നടത്തിക്കാതെ മൊത്തമായിട്ട് കാലേക്കൂട്ടി വീട്ടിലെത്തിക്കല്‍ മുതലായവ പാലിച്ചിരിക്കണം. പിന്നൊരു കാര്യം, സി.ബി.ഐ, സി.വി.സി, സി.എ.ജി ടീമിനെയൊന്നും ഈ വഴിക്ക് വിടരുത്; ശകുനം മുടക്കാന്‍.

 

മോനേ നീ പരിപാടി തുടങ്ങുന്നതിനു മുന്‍പേ സ്ത്രീധനം കൊണ്ടു വന്നത് നന്നായി. നിനക്കറിയാലോ ഞാന്‍ സ്ത്രീധനത്തിന് എതിരാണ്. കൈ കൊണ്ട് വാങ്ങൂലാന്ന് മാത്രല്ല മക്കളെ കെട്ടിക്കാന്‍ 15 ലക്ഷം വീതം എല്ലാര്‌ടേം അക്കൗണ്ടില്‍ ഇടാം എന്ന് ഒരു ദുര്‍ബല നിമിഷത്തില്‍ പറഞ്ഞും പോയി. ഇനിയിപ്പോ ഈ ബാന്ധവം നടന്നു കഴിഞ്ഞാല്‍ കുശുമ്പും കുന്നായ്മയും മൂത്ത ആള്‍ക്കാര്‍ ഓരോന്ന് പറഞ്ഞുണ്ടാക്കും. നിയ്യ് ഒരു കാര്യം ചെയ്യ്; അതിനു മുന്‍പേ നമ്മുടെ കൂട്ടര്‌ടെ പേരുള്ള പത്രത്തില്‍ ഒരു ഗമഗണ്ടന്‍ കോളം അങ്ങട്ട് എഴുത്.

 

അങ്ങുന്ന് അതോര്‍ത്തു വിഷമിക്കാതെ, അതിനൊക്കെ വാല്യക്കാരെ ഏര്‍പ്പാടാക്കാം. മന്നവേന്ദ്രന്‍ എന്ന തങ്കപ്പെട്ട മനുഷ്യന്‍ എന്നൊരു തലക്കെട്ടും കൊടുക്കാം.

 

ശുഭം!

 

ഇതു വായിച്ച് ഒരു അന്തവും കുന്തവും തിരിയാത്തോര്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

 

http://www.thehindu.com/todays-paper/tp-opinion/private-sector-in-defence-resurgence/article6952986.ece

 

(പ്രമുഖ ചലച്ചിത്ര നിരൂപക, കഥാകൃത്ത്, എഴുത്തുകാരി. ആനുകാലികങ്ങളില്‍ ലോക സിനിമയെ കുറിച്ച് സ്ഥിരമായി എഴുതുന്നു. ലോക സിനിമയിലുണ്ടാകുന്ന മാറ്റങ്ങള്‍ അടയാളപ്പെടുത്തുകയും സമകാലീന സിനിമകളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന മൂവീ മാപ്പ് എന്ന കോളം അഴിമുഖത്തില്‍ ചെയ്യുന്നുണ്ട്)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍