UPDATES

ഓഫ് ബീറ്റ്

ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ ഭരണകൂടത്തിന് എന്താണധികാരം?

വ്യക്തി സ്വന്തം ജീവിതത്തിന് സ്വയം കല്‍പ്പിച്ചു കൊടുത്തിരിക്കുന്ന മൂല്യത്തേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് മൂല്യമുണ്ടാക്കി കൊടുക്കാനാവില്ല

പിന്‍സീറ്റുകാര്‍ക്കും ഹെല്‍മെറ്റ് ബാധകമാക്കികൊണ്ടുള്ള കോടതി ഉത്തരവ് നടപ്പാക്കാന്‍ പോവുകയാണ്. മറ്റെല്ലാ നിയമങ്ങളെയുമെന്ന പോലെ ഇതിനെയും നമ്മള്‍ ഒട്ടൊരു അലോസരത്തോടെയെങ്കിലും സ്വീകരിക്കും. ആദ്യത്തെ മുറുമുറുപ്പിനപ്പുറം യാതൊരു പ്രതിഷേധവും നമ്മളില്‍ നിന്ന് ഉയരാന്‍ പോകുന്നില്ല എന്ന് ഭരണകൂടത്തിന് നന്നായറിയാം. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ ഭരണകൂടത്തിന് അധികാരമുണ്ടോ? നിയമപരമായും സാങ്കേതികമായും ഉണ്ട് എന്നതിന് സംശയം വേണ്ട. ഒട്ടേറെ നിയമങ്ങളിലും കോടതിയുടെ വിധിന്യായങ്ങളിലും ഇത് പല തവണ സാധൂകരിക്കപ്പെട്ടിട്ടുണ്ട്. ശരിയായ ചോദ്യം, ഭരണകൂടത്തിന് അതിനുള്ള ധാര്‍മ്മികമായ അധികാരമുണ്ടോ എന്നതാണ്.

ഭരണകൂടത്തിനും പൗരനും ഇടയിലെ ഇടപാട് എകപക്ഷീയമല്ല. പൗരന്‍, ഭരണകൂടം എന്ന ഭാവനാത്മക യാഥാര്‍ഥ്യത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നത്, ഭരണകൂടം തിരിച്ച് പൗരന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കും എന്നു നീതിപൂര്‍വകമായ ഒരു സമൂഹം ഉറപ്പുനല്‍കുമെന്നും വിശ്വസിച്ചുകൊണ്ടാണ്. ഇങ്ങനെ പൗരനും അന്നാട്ടിലെ ഭരണകൂടവുമായുള്ള ബന്ധത്തെ വിശദീകരിക്കുന്ന രേഖയാണ് ഭരണഘടന. സാമൂഹിക കരാര്‍ സിദ്ധാന്തം അനുസരിച്ച്, മനുഷ്യന്‍ എന്ന നിലയില്‍ തങ്ങള്‍ക്കുണ്ട് എന്ന് പൗരന്മാര്‍ കരുതുന്ന ചില അവകാശങ്ങള്‍ അവര്‍ ഭരണകൂടത്തിന് വിട്ടുകൊടുക്കുന്നു; ആ സമൂഹത്തിലെ മറ്റുള്ള എല്ലാവരും അതുപോലെ ചെയ്യും എന്ന ഉറപ്പിന്മേല്‍. അതായത് പൗരന്മാരെ ഭരിക്കാനുള്ള, അതിനുവേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള അധികാരം, പൗരന്മാര്‍ തങ്ങളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ഭരണകൂടത്തിന് കൈമാറുന്നു എന്ന് സാരം.

ഭരണകൂടം നിര്‍മ്മിക്കുന്ന നിയമങ്ങള്‍ സമൂഹത്തിന് വേണ്ടിയും പൗരന്റെ ക്ഷേമത്തിന് വേണ്ടിയുമാണ്. പക്ഷെ, അത് തനിക്ക് നല്ലത് എന്ന് പൗരന്‍ കരുതുന്ന ഒന്നിനെ, അത് അയാളുടെ വ്യക്തിമണ്ഡലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നാണെങ്കില്‍, നിയമം മൂലം നിയന്ത്രിക്കാന്‍ ഭരണകൂടത്തിന് അവകാശമില്ല. തനിക്ക് ശരി എന്ന് തോന്നുന്ന ഒരു പ്രവൃത്തി, അത് മറ്റാരെയും ബാധിക്കാത്ത ഒന്നാണെങ്കില്‍ ആരെയും കൂസാതെ ചെയ്യാന്‍ അയാള്‍ക്ക് അവകാശമുണ്ട്. കാരണം ഒരു വ്യക്തിയുടെ അന്തസ്സ് എന്നത് സ്വന്തമായി തീരുമാനം എടുക്കാനുള്ള അയാളുടെ അവകാശത്തെ അഥവാ ഓട്ടോണമിയെ ആശ്രയിച്ചിരിക്കുന്നു.

എന്നാല്‍ അതില്‍ കൈകടത്താന്‍ ഭരണകൂടത്തിന് അവകാശമില്ല എന്നല്ല; തീര്‍ച്ചയായും ഉണ്ട്. പക്ഷെ അത് വ്യക്തിയുടെ തിരഞ്ഞെടുപ്പ് മറ്റൊരു പൗരന്റെ അവകാശത്തെ ഹനിക്കുകയോ ബാധിക്കുകയോ ചെയ്യുന്നുവെങ്കില്‍ മാത്രമേയുള്ളൂ! ഒരാള്‍ എന്ത് കഴിക്കണം, കുടിക്കണം, ധരിക്കണം എന്നൊന്നും നിയമം കൊണ്ടുവരാന്‍ ഭരണകൂടത്തിന് അധികാരമില്ലാത്തത് ഇതുകൊണ്ടാണ്. വിഷമില്ലാത്ത പച്ചക്കറി കഴിക്കുന്നത് തന്നെയാണ് മനുഷ്യന്റെ ആരോഗ്യത്തിന് നല്ലത്. പക്ഷെ അത് കഴിക്കാന്‍ പാടില്ല എന്നൊരു നിയമം ഭരണകൂടത്തിന് കൊണ്ടുവരാന്‍ കഴിയില്ല, കാരണം അത് വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. അതില്‍ കൈകടത്താന്‍ ഭരണകൂടത്തിന് അധികാരമില്ല. അതേസമയം അത്തരം പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമമുണ്ടാക്കാം. കാരണം ആ ഉത്പാദകന്റെ പ്രവൃത്തി അയാളുടെ വ്യക്തിമണ്ഡലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല; മറ്റ് വ്യക്തികളേയും കൂടി ബാധിക്കുന്നു എന്നത് തന്നെ കാരണം.

അതുപോലെ, മദ്യപിച്ച് വാഹനമോടിക്കാന്‍ പാടില്ല എന്ന് നിയമം വരുന്നതില്‍ തെറ്റില്ല. കാരണം, അയാളുടെ പ്രവൃത്തി, അയാള്‍ക്ക് മാത്രമല്ല ദോഷമുണ്ടാക്കുക, റോഡിലെ മറ്റു വാഹനങ്ങളും വഴിയാത്രക്കാരും എല്ലാം അപകടപ്പെട്ടേക്കാം. അത്തരം സന്ദര്‍ഭത്തില്‍ ഭരണകൂടത്തിന് ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാം. പുകവലിയോടും ഇതേ സമീപനം കൈക്കൊള്ളേണ്ടി വരും. പക്ഷെ ഹെല്‍മെറ്റ്?

ഒരു വ്യക്തി ഹെല്‍മെറ്റ് ധരിക്കുന്നില്ല എന്നത് യാതൊരു വിധത്തിലുള്ള സാമൂഹ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല. കാര്യവിവേചനശേഷിയുള്ള, സ്വയംപര്യാപ്തനായ പൗരന്‍ എല്ലാ അപകട സാധ്യതകളും മനസ്സിലാക്കിയ ശേഷം, ഹെല്‍മെറ്റ് വെക്കുന്നില്ല എന്ന് തീരുമാനിച്ചാല്‍ അയാളെ അതിന് നിര്‍ബന്ധിക്കാന്‍ ധാര്‍മ്മികമായി ആര്‍ക്കും അധികാരമില്ല. കാരണം, അത് അയാളെ മാത്രം ബാധിക്കുന്ന വിഷയമാണ്. അയാളുടെ ആ തിരഞ്ഞെടുപ്പ് കൊണ്ട് സമൂഹത്തിലെ യാതൊരാളും ബാധിക്കപ്പെടുന്നില്ല. പറയുന്നത് ക്രൂരമായിരിക്കാം, പക്ഷേ അതിനെക്കാളൊക്കെ വലുതാണ് വ്യക്തി സ്വാതന്ത്ര്യം. നിയമം മൂലം നിര്‍ബന്ധമാക്കിയാല്‍ ഒരുപക്ഷെ ഒട്ടേറെ ജീവന്‍ രക്ഷപ്പെട്ടേക്കാം. (അതിലും സംശയമുണ്ട്; കാരണം കാര്‍, ജീപ്പ്, ടാക്‌സി അപകടങ്ങളിലെ അപകടമരണ അനുപാതത്തേക്കാള്‍ (8.9) ഒരുപാട് കൂടുതലൊന്നുമല്ല ഇരുചക്ര വാഹനങ്ങള്‍ മൂലമുള്ള അപകടങ്ങളിലെ അനുപാതം (9.18). എന്നാല്‍ ഇതിനേക്കാള്‍ എത്രയോ അധികമാണ് കെഎസ്ആര്‍ടിസി ബസ് അപകടങ്ങളിലെ അപകടമരണ അനുപാതം (17.44)).

യുക്തിപൂര്‍വ്വം ചിന്തിക്കാനും തീരുമാനമെടുക്കാനും പ്രാപ്തരായ, സ്വയപര്യാപ്തരായ ജീവിയാണ് മനുഷ്യന്‍. അപകടകരമായ ഒരു തീരുമാനം അറിഞ്ഞുകൊണ്ട് തന്നെ എടുക്കാന്‍ ഒരാൾ തുനിഞ്ഞിറങ്ങിയാല്‍ അയാളെ തടയാന്‍ ആര്‍ക്കും അധികാരമില്ല. വ്യക്തി സ്വന്തം ജീവിതത്തിന് സ്വയം കല്‍പ്പിച്ചു കൊടുത്തിരിക്കുന്ന മൂല്യത്തേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് മൂല്യമുണ്ടാക്കി കൊടുക്കാനാവില്ല. ചുരുക്കി പറഞ്ഞാല്‍, ഒരു വ്യക്തി ഹെല്‍മറ്റ് ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം ആ വ്യക്തിക്ക് തന്നെയാണ്. അതില്‍ കൈകടത്താന്‍ ഭരണകൂടത്തിന് അധികാരമില്ല. അത്തരത്തിലുള്ള എത് ശ്രമവും വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കലാണ്.

ഒട്ടേറെ ജീവനുകള്‍ രക്ഷിക്കാനാവുന്ന എത്രയൊക്കെ കാര്യങ്ങള്‍ ഭരണകൂടം ചെയ്യാതിരിക്കുന്നു എന്ന് കൂടി നോക്കുക. ജീവന്‍രക്ഷാ മരുന്നുകള്‍ സൗജന്യമായോ നാമമാത്രമായ വിലയ്‌ക്കോ ജനത്തിന് നല്‍കിയാല്‍ ഇതിലുമെത്രയോ ജീവനുകള്‍ രക്ഷപ്പെടും എന്ന് നമുക്കറിയാം, എന്നിട്ടും അതിന്‌വേണ്ടി ആരും ശബ്ദമുയര്‍ത്താറില്ലല്ലോ. ഒരു നാട്ടില്‍ നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥ എത്രത്തോളം പക്വമാണ് എന്നറിയുന്നത് അവിടത്തെ പൗരസമൂഹത്തെ വിലയിരുത്തിക്കൊണ്ടാണ്. ഭരണകൂടത്തിന്റെ മുന്നില്‍ വിനീതവിധേയരായി കൈകെട്ടി നില്‍ക്കുന്ന പൗരസമൂഹം ജനാധിപത്യത്തിന്റെ മരണത്തെ സൂചിപ്പിക്കുന്നു. സ്വയം തൊമ്മിയായി കരുതുകയും ഭരണകൂടത്തെ ഭാസ്‌കര പട്ടേലരായി ആരാധിക്കുകയും ചെയ്യുന്ന ജനതയുടെ നാട്ടില്‍, ജനാധിപത്യം എന്നത് വെറും തെരഞ്ഞെടുപ്പ് പ്രക്രിയ മാത്രമാവും. ഏറ്റവും വിലപ്പെട്ടതായി കരുതേണ്ട വ്യക്തിസ്വാതന്ത്ര്യം ചവിട്ടിമെതിയ്ക്കപ്പെടുമ്പോഴും പ്രതിഷേധത്തിന്റെ ഒരു വിമതസ്വരവുമുയര്‍ത്താതെ നാം തൊഴുകയ്യോടെ അനുസരിക്കും. ‘ഹോ, എന്തൊരു സ്പീഡ്!’ നമ്മള്‍ മൂക്കത്ത് വിരല്‍ വെക്കും.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍