UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനുഷ്യത്വവും സൗഹൃദവും കാത്തുസൂക്ഷിച്ച കലാകാരനായിരുന്നു മാള അരവിന്ദന്‍ – കുഞ്ചന്‍ അനുസ്മരിക്കുന്നു

അന്തരിച്ച പ്രശസ്ത നടന്‍ മാള അരവിന്ദനെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന കുഞ്ചന്‍ അനുസ്മരിക്കുന്നു

സൗഹൃദത്തിന് എന്നും വലിയ സ്ഥാനം ജീവിതത്തില്‍ കൊടുത്തിരുന്ന നല്ല മനസിന്റെ ഉടമയായിരുന്നു മാള അരവിന്ദന്‍. ഞങ്ങള്‍ ഒരുമിച്ച് അനവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു സഹപ്രവര്‍ത്തകന്റെ വേര്‍പാടിനെക്കാള്‍ എന്നെ വേദനിപ്പിക്കുന്നത് ഒരു നല്ല സുഹൃത്ത് ഇനിയില്ലല്ലോ എന്ന ഓര്‍മ്മകളാണ്. ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നതും പരിചയപ്പെടുന്നതും തിരുവനന്തപുരത്ത് താര ഹോട്ടലില്‍വച്ചാണ്. ഒരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഞാനവിടെയുണ്ട്. സൂര്യസോമയുടെ നാടകത്തിലൂടെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച മാള, അവാര്‍ഡ് ദാന ചടങ്ങിനുശേഷം അതേ ഹോട്ടലില്‍ എത്തിയിരുന്നു. മികച്ച നാടകനടനായി തെരഞ്ഞെടുക്കപ്പെട്ട ആള്‍ അവിടെ വന്നിട്ടുണ്ടെന്നറിഞ്ഞ് ഞാന്‍ പോയി അദ്ദേഹത്തെ പരിചയപ്പെടുകയായിരുന്നു. ആ പരിചയം പിന്നീട് ഒരിളക്കവും സംഭവിക്കാത്ത സൗഹൃദമായി മാറുകയായിരുന്നു.

കാഴ്ച്ചയിലും ഞങ്ങള്‍ക്കു തമ്മില്‍ ഏകദേശരൂപ സാദൃശ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ താറാവ് എന്ന സിനിമ റിലീസ് ചെയ്തശേഷം പലരും എന്നെ മാള അരവിന്ദനല്ലേ എന്നു ചോദിച്ച് അഭിനന്ദിക്കാറുണ്ടായിരുന്നു. ഇക്കാര്യം ഞാന്‍ അദ്ദേഹത്തോട് പറയുമ്പോള്‍, കുറച്ചു കാലം നീ എന്നെക്കൊണ്ട് ജീവിച്ചോടാ..എന്ന നര്‍മ്മം കലര്‍ന്ന മറുപടിയായിരുന്നു. ഒരു കാലത്ത് മലയാളത്തില്‍ മാളയില്ലാത്ത സിനിമകളില്ലായിരുന്നു. പക്ഷെ അപ്പോഴും തന്റെയുള്ളിലെ ലാളിത്യം അദ്ദേഹം നഷ്ടപ്പെടുത്തിയിരുന്നില്ല. നാടകത്തില്‍ നിന്നുവന്നതിന്റെ ഗുണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. തബല വായനയില്‍ മിടുക്കനായിരുന്നു, അതെപോലെ സംഗീതത്തെ കുറിച്ചും അദ്ദേഹത്തിന് നല്ല ജ്ഞാനം ഉണ്ടായിരുന്നു. ഷൂട്ടിംഗ് സെറ്റുകളില്‍ ഒത്തുകൂടുമ്പോള്‍ സ്വരങ്ങളെ കുറിച്ചും രാഗങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹം വാചാലനാകാറുണ്ട്. കൂടെയുള്ളവരെ ഒരിക്കലും മുഷിപ്പിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. തമാശ പറഞ്ഞോ പാട്ടുപാടിയോ തബല വായിച്ചോ എപ്പോഴും തന്റെ സൗഹൃദസദസ്സിനെ ആനന്ദപ്പിച്ചുകൊണ്ടിരിക്കും. ഒരിക്കല്‍ ഞാനും മാളയും കൂടി ഒരു കോളേജ് യൂണിയന്റെ ചടങ്ങിനുപോയിട്ടുണ്ട്. പിള്ളേര്‍ക്ക് സിനിമാക്കാരെ കണ്ടപ്പോള്‍ തൊടാനും മാന്താനുമൊക്കെ മോഹം. അതുപിന്നെ തല്ലിലാണ് കലാശിച്ചത്. മോശമില്ലാത്ത ഇടി ഞങ്ങള്‍ വാങ്ങിച്ചു. അന്നു ഞങ്ങളെ ആ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ വന്നയാള്‍ ഇന്നസെന്റായിരുന്നു. ഇന്നസെന്റ് അന്ന് സിനിമാനടനൊന്നും ആയിട്ടില്ല.

എനിക്ക് മാള അരവിന്ദന്‍ എന്ന നടനെക്കുറിച്ച് പറയാനുള്ളതിനേക്കാള്‍ അദ്ദേഹത്തിലെ മനുഷ്യനെക്കുറിച്ച് പറയാനാണ് താല്‍പര്യം. അത്ര നല്ല വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. സിനിമയുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഞാന്‍ അദ്ദേഹത്തെ വിളിക്കുമായിരുന്നു. നീ മാത്രമാണെടാ..എന്നെ വിളിക്കാറുള്ളത് എന്ന് പലപ്പോഴും ഹൃദയവേദനയോടു കൂടി പറയാറുണ്ടായിരുന്നു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് നേരെ എന്റെ വീട്ടിലേക്കാണ് അദ്ദേഹം വന്നത്. എനിക്കൊന്നു കിടക്കണമെടാ.. എന്നു പറഞ്ഞു, കുറേ നേരം വീട്ടില്‍ വിശ്രമിച്ചിട്ടാണ് പോയത്. എന്റെ മകളുടെ കല്യാണത്തിനു വിളിച്ചപ്പോഴും തീരെ വയ്യാത്തൊരു അവസ്ഥയിലായിരുന്നെങ്കില്‍പ്പോലും വരികയും എന്റെ മകളെ അനുഗ്രഹിക്കുകയും ചെയ്തു. രണ്ടു കാലിലും നീരുവന്നു വീര്‍ത്ത അവസ്ഥയിലായിരുന്നു അന്നു വന്നത്. പിന്നീട് കുറച്ചുനാള്‍ അദ്ദേഹം കിടപ്പിലായിപ്പോയി. തന്റെ ആരോഗ്യസ്ഥിതി പോലും വകവയ്ക്കാതെ എന്റെ സന്തോഷത്തിനായി വന്ന ആ മനുഷ്യന്റെ നല്ല മനസിനു മുന്നില്‍ ഞാന്‍ ഇപ്പോഴും തൊഴുതു പോകുന്നു.

ഒരാള്‍ ഇല്ലാതായി കഴിയുമ്പോഴാണ് നമ്മള്‍ അയാള്‍ എന്തായിരുന്നുവെന്നതിനെ
കുറിച്ച് ആലോചിക്കുന്നത് തന്നെ. മാള അരവിന്ദന്‍ മികച്ചൊരു നടനായിരുന്നു. വൈവിധ്യമുള്ള, ഒത്തിരി വേഷങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നടന്‍. പക്ഷെ, എത്രത്തോളം ആ കലാകാരനെ സിനിമ ഉപയോഗിച്ചു എന്നത് ഇനി ചര്‍ച്ച ചെയ്യേണ്ടകാര്യമല്ല. എന്തായാലും മാള അരവിന്ദന്‍ എന്ന നടനും മനുഷ്യനും എന്റെ മനസില്‍ നിന്ന് ഒരിക്കലും മറഞ്ഞുപോകില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍