UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാളയിലെ ജൂത ശേഷിപ്പുകള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെടുന്നവരെ മുസ്ലീം വിരുദ്ധരാക്കുമ്പോള്‍

രാകേഷ് നായര്‍

ലോകശ്രദ്ധയില്‍ ഇടം പിടിക്കേണ്ട മാളയിലെ ജൂത സ്മാരകങ്ങള്‍ വികസനത്തിന്റെ പേരില്‍ കയ്യേറ്റം ചെയ്യപ്പെടുകയും പൈതൃക സ്മാരകങ്ങളായി പരിഗണിക്കേണ്ടവയെ അവഗണനയുടെ പുറമ്പോക്കിലേക്ക് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്ന കാഴ്ച്ചകളാണ് ഇപ്പോഴുള്ളത്. കേരളത്തിലെ ജൂത അധിവാസത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്നായ മാളയിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വിസ്തീര്‍ണമുള്ള( 4 ഏക്കര്‍) ജൂത സെമിത്തേരി സ്ഥിതി ചെയ്യുന്നത്, ഒപ്പം ഏറെ പഴക്കമുള്ള സിനഗോഗും. കേരളത്തിന്റെ സംസ്‌കാരത്തിന്റെയും മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും കൂടി ചിഹ്നങ്ങളായ ഈ സ്മാരകങ്ങള്‍ എന്തുകൊണ്ടും സംരക്ഷിക്കപ്പെടേണ്ടവ തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട് അഴിമുഖം തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം( ആദ്യഭാഗം വായിക്കാന്‍; മാളയിലെ ജൂതര്‍; ചരിത്രത്തിന്റെ അവശേഷിപ്പുകള്‍).

ഓരോ മനുഷ്യരും അവന്റെ ചരിത്രത്തിലേക്ക് ഒരിക്കല്‍ അഭയാര്‍ത്ഥിയായി ചെല്ലേണ്ടതുണ്ട്…

സംവത്സരങ്ങളുടെ ചരിത്രം പേറുന്നൊരു ഗരിമ മാളയ്ക്കുണ്ടെന്ന് എഴുതിയിരുന്നു. അതിന്റെ തുടര്‍ച്ചയായി തന്നെ ആ ചരിത്രത്തെ ഇല്ലായ്മ ചെയ്യാനുള്ള വിവേക ശൂന്യതയും ഇപ്പോള്‍ മാളയില്‍ നടക്കുന്നുണ്ടെന്ന് പറയേണ്ടി വരുന്നത് അല്‍പ്പമല്ലാത്ത വിഷമത്തോടെയാണ്. ലോകത്തിനു മുന്നില്‍, ‘ഇതാ ഞങ്ങള്‍ അഭിമാനപൂര്‍വം ഒരു ജനതയുടെ പൈതൃകത്തെ കാത്തു സംരക്ഷിക്കുന്നുവെന്ന്’ കാണിച്ചു കൊടുക്കാനുള്ള അവസരം ഉണ്ടായിട്ടും സ്വാര്‍ത്ഥതയുടെ പേരില്‍ അതു നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തികളെ ഏതു വികസനത്തിന്റെ പേരിലായാലും ന്യായീകരിക്കുക വയ്യ… ചരിത്രം എന്നാല്‍ വെറും മണ്ണും കല്ലും അല്ലെന്നും പൈതൃകങ്ങള്‍ സംരക്ഷിക്കേണ്ടത് ഇരുമ്പു ബോര്‍ഡുകളില്‍ അല്ലെന്നും മനസ്സിലാക്കാതെ പോകുന്ന അജ്ഞാനത്തിന്റെ ദുര്‍ബലമായ പ്രതിരോധം മാത്രമാണ് ഇവിടെ വികസനം എന്ന വാക്ക്. മാള എന്ന കൊച്ചുപട്ടണം അടയാളപ്പെടുന്നത് ഒരു യഹൂദ അധിവാസ കേന്ദ്രമെന്ന നിലയ്ക്കുകൂടിയാണെന്ന സ്മരണ ഇല്ലാതെ പോകുന്നത് അക്ഷന്തവ്യമായ അപരാധം തന്നെ; അതിനി ഏതു രാഷ്ട്രീയം പറഞ്ഞു ന്യായീകരിക്കാന്‍ ശ്രമിച്ചാലും.

മാളയ്ക്ക് ലോകത്തോട് പറയാനുള്ള ഏറ്റവും അഭിമാനകരമായ വസ്തുത ഒരു കരാറിന്റെതാണ്. രണ്ടു ജനതകള്‍ തമ്മിലുള്ള വിശ്വാസത്തിന്റെ കഥ. ഡയസ്‌പോറയുടെ ദുരിതകാണ്ഡങ്ങള്‍ കടന്ന് തങ്ങളുടെതായ വാഗ്ദത്ത ഭൂമിക്ക് യഹൂദര്‍ അവകാശികളാകുന്നത് 1948 ല്‍ ഇസ്രയേല്‍ എന്ന സ്വതന്ത്രജൂതരാഷ്ട്രം ലോക ഭുപടത്തില്‍ ഉടലെടുത്തു കഴിയുമ്പോഴാണ്, അതുവരെ ലോകത്തിന്റെ വിവിധ കോണുകളിലായി ചിതറിക്കിടന്ന ഒരു വംശം ആ രാജ്യത്ത് സ്വന്തം അസ്തിത്വം കണ്ടെത്തി. ആയിരത്തോളം വര്‍ഷങ്ങള്‍ മാളയില്‍ വാസമുറപ്പിച്ച യൂഹൂദസംഘത്തിന്റെ അക്കാലത്തെ തലമുറയും മാതൃഭൂമിയെന്ന് അവര്‍ വിശേഷിപ്പിച്ച മാളയില്‍ നിന്ന് ഇസ്രായേലിലേക്ക് കപ്പല്‍ കയറി. പോകുമ്പോള്‍ അവര്‍ക്കറിയാമായിരുന്നു, പോകുന്നത് കേവലം കുറച്ചു മനുഷ്യര്‍ മാത്രമാണെന്നും തങ്ങള്‍ക്കൊരിക്കലും കൊണ്ടുപോകാനാവാത്ത സ്വന്തം പൈതൃകസ്മാരകങ്ങള്‍ ഈ മണ്ണില്‍ തന്നെ നില്‍ക്കുമെന്നും. അതിലവര്‍ക്ക് ആശ്വാസം നല്‍കിയത് നിറഞ്ഞമനസ്സോടെ ഒരിക്കല്‍ അവരെ സ്വീകരിച്ച് ഒപ്പം കൂട്ടിയ ഒരു ജനത തന്നെയായിരുന്നു. നിങ്ങള്‍ പോയാലും ബാക്കിയായി ഇവിടെ വയ്ക്കുന്നവയെ ഞങ്ങള്‍ സംരക്ഷിക്കുമെന്ന് അവര്‍ ഉറപ്പു നല്‍കിയിരുന്നു. അതാണ് മാളയുടെ വിശ്വാസത്തിന്റെ കഥ.

1955 ല്‍ അവസാനത്തെ ജൂത സംഘവും ഇസ്രായേലിലേക്ക് പോകുന്നതിനു മുമ്പ് തങ്ങളുടെ സ്വത്തുക്കളെല്ലാം യാതൊരു വിലപേശലുമില്ലാതെ തദ്ദേശീയര്‍ക്ക് വിറ്റിട്ടാണ് പോകുന്നത്. ഒരിക്കലും വില്‍ക്കാന്‍ സാധിക്കാത്ത രണ്ടു കാര്യങ്ങളുടെ പേരില്‍ മാത്രമാണ് അവര്‍ വിഷണ്ണരായത്. വിശുദ്ധമായ തങ്ങളുടെ പള്ളിയും (സിനഗോഗ്) പൂര്‍വികര്‍ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരിയും. യഹൂദവംശത്തിന്റെ വരും തലമുറയ്ക്കായി ഇവ രണ്ടും സംരക്ഷിക്കണമെന്ന പേരില്‍ ജൂതര്‍ അന്നത്തെ മാള പഞ്ചായത്ത് അധികൃതരുമായി ചേര്‍ന്ന് ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ആ കരാറിന്റെ അടിസ്ഥാനത്തില്‍ മാള പഞ്ചായത്ത് അവര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പ്രധാനമായും; ശ്മശാനത്തിന്റെയും സിനഗോഗിന്റെയും തനിമയും പവിത്രതയും കാത്ത് സൂക്ഷിക്കുമെന്നായിരുന്നു. ഇത്തരമൊരു കരാര്‍ ജൂതരുടെ ഇതുവരെയുള്ള ചരിത്രത്തില്‍ മറ്റൊരിടത്തും ഉള്ളതായി തോന്നുന്നില്ല. കേരളത്തിലും ഇത്തരത്തിലൊന്ന് മറ്റൊരിടത്തും കാണില്ല. എന്തുകൊണ്ടും പ്രത്യേകതയുള്ളൊരു ഉടമ്പടി. ആ ഉടമ്പടി മാളയില്‍ ഇന്ന് ലംഘിക്കപ്പെടുകയാണ്.

1955 ല്‍ യഹൂദരും മാള പഞ്ചായത്തും തമ്മില്‍ ഒപ്പുവച്ച കരാറിന്റെ ചില വ്യവസ്ഥകള്‍ ഇപ്രകാരമാണ്;

മാള യഹൂദ സമുദായ ട്രസ്റ്റിമാരും പഞ്ചായത്ത് അധികൃതരും 1955 ജനുവരി നാലിന് മാള സബ് രജിസ്ട്രാര്‍ ഓഫീസില്‍ 6/1955 നമ്പര്‍ ആയാണ് ഈ കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എറണാകുളത്ത് താമസിച്ചിരുന്ന യഹൂദനായിരുന്ന അവറോണി, മാളക്കാരനായിരുന്ന പള്ളിവാതുക്കല്‍ എലിയാച്ച, ചേന്ദമംഗലത്തുണ്ടായിരുന്ന ഏല്യബായ് എന്നിവരും മാളയുടെ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ ഡി ജോസഫുമാണ് ഈ കരാര്‍ ഒപ്പുവച്ചത്. കരാറിന്റെ എ ഷെഡ്യൂളില്‍ 23 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സിനഗോഗിനെ പറ്റിയും ബി ഷെഡ്യൂളില്‍ നാല് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന സെമിത്തേരിയേയും പറ്റി പറയുന്നുണ്ട്. കരാറിലെ സുപ്രധാന വ്യവസ്ഥകളെന്നു പറയുന്നത്- സിനഗോഗും സെമിത്തേരിയും പഞ്ചായത്ത് സ്വന്തം ചെലവില്‍ വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണികള്‍ ചെയ്ത് സംരക്ഷിക്കണം. രണ്ടിടത്തും അവയുടെ പേര് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണം, ഇവ രണ്ടും അന്യാധീനപ്പെടാന്‍ പാടില്ല. സിനഗോഗ് മറ്റേതെങ്കിലും വിഭാഗത്തിന്റെ ആരാധനാലയമാക്കരുത്. സെമിത്തേരിയില്‍ കടന്നു കയറ്റമോ കല്ലറകള്‍ക്കു നേരെ കയ്യേറ്റമോ അനുവദിക്കരുത്. സെമിത്തേരിയുടെ ഒരു ഭാഗവും കുഴിക്കുകയോ മണ്ണ് മാറ്റുകയോ ചെയ്യരുത്. ചുറ്റുമതിലും ഗേറ്റും സംരക്ഷിക്കണം. മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കരുത്. ടി ഭൂമി ഏത് കാലത്തും ഏതൊരു യഹൂദനും സെമിത്തേരിയായി ഉപയോഗിക്കാനുള്ള അവകാശം നിഷേധിക്കരുത്.

രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനായി കേന്ദ്ര-സംസ്ഥാനങ്ങള്‍ നിയമങ്ങള്‍ കൊണ്ടുവരുന്നത് തന്നെ 1958 ലും 64 ഉം ആയിട്ടാണ്. അപ്പോള്‍ അതിനും മുന്നേ തന്നെ ഒരു ചെറിയ പഞ്ചായത്ത് ഇത്തരമൊരു സംരക്ഷണ കരാര്‍ ഉണ്ടാക്കി എന്നു പറയുമ്പോള്‍, മാളയ്ക്ക് അതില്‍ അഭിമാനിക്കാന്‍ ഏറെയുണ്ട്. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇന്നിപ്പോള്‍ ഈ കരാര്‍ ഒരു പഴംകഥയായി മാറിക്കൊണ്ടിരിക്കുകയാണ്. നുണ ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരുന്നാല്‍ ചിലപ്പോള്‍ ചരിത്രം പോലും അപഹാസ്യമായി തീരും. മാളയില്‍ സംഭവിക്കുന്നതും അതാണ്.

എന്തൊക്കെ ചെയ്യരുതെന്ന് പറഞ്ഞോ അതിനായിട്ടാണ് ഇപ്പോള്‍ അധികൃതര്‍ മത്സരിക്കുന്നത്. കരാറില്‍ അവരുടെ സിനഗോഗും സെമിത്തേരിയും വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണികള്‍ നടത്തി അതിരുകള്‍ തിരിച്ചു സംരക്ഷിക്കാമെന്ന് ഉറപ്പുകൊടുത്തിട്ടുണ്ടെങ്കിലും പഞ്ചായത്തിന്റെ അധികാരം കൈമാറി കിട്ടിയ പില്‍ക്കാല നേതാക്കള്‍ക്ക് അവയൊക്കെ വെറും കല്ലും മണ്ണും മാത്രമായിരുന്നു. മറ്റൊരാവിശ്യത്തിനും ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയിട്ടുള്ള സിനഗോഗ് അവര്‍ ആദ്യം പ്രൈമറി സ്‌കൂള്‍ ആക്കി. പിന്നീടത് കമ്യൂണിറ്റി ഹാളാക്കി. അതുകൊണ്ടും അടങ്ങിയില്ല മാളയിലെ വികസന നായകന്മാര്‍. സിനഗോഗിനെ പൂര്‍ണമായും മറച്ചുകൊണ്ട് വടക്കുവശത്തായി ഇരുനില ഷോപ്പിംഗ് കോംപ്ലക്‌സും കെട്ടിയുണ്ടാക്കി. പിന്നീട് കേസ് വന്നപ്പോള്‍ ഈ ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിക്കേണ്ടി വന്നു. കരാറില്‍ വ്യക്തമായി സിനഗോഗ് നില്‍ക്കുന്ന സ്ഥലത്തിന്റെ ചുറ്റളവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന കാര്യങ്ങളാണ് ഇവിടെ കയ്യേറ്റം നടന്നിട്ടുണ്ടെന്ന്. വടക്കുഭാഗത്ത് രണ്ടു മീറ്റര്‍ വീതിയില്‍ റോഡിനായി വിട്ടുകൊടുത്ത സ്ഥലം സിനഗോഗിന്റെതാണ്. മുന്‍വശത്ത് കച്ചവടക്കാരുടെ കയ്യേറ്റം. സിനഗോഗിന്റെ പ്രധാനകവാടം പോലും അടയ്ക്കപ്പെട്ടിരിക്കുന്നു. ഇതിലും പരിതാപകരമാണ് ശ്മശാനത്തിന്റെ അവസ്ഥ. ചുററുമതില്‍ കെട്ടി സംരക്ഷിക്കണമെന്ന് നിര്‍ദേശിച്ച സ്ഥലത്ത് ഇപ്പോള്‍ തകര്‍ന്നു കിടക്കുന്ന-അതോ തകര്‍ത്തത്തോ- മതില്‍ കാണാം. സെമിത്തേരിക്കകത്ത് നിന്നിരുന്ന മരങ്ങള്‍ വെട്ടിയെടുത്തു ചിലര്‍ കൊണ്ടുപോയി. അനധികൃതമായി പ്രവേശിക്കരുതെന്ന് വ്യവസ്ഥ ചെയ്തിടത്തു കൂടി അന്യയമായി ഇടവഴികള്‍ ഉണ്ടാക്കി ശ്മശാനം ഒരു ഷോര്‍ട് കട്ടാക്കി. യഹൂദര്‍ ഏറ്റവും പവിത്രതയോടെ സംരക്ഷിക്കുന്ന കല്ലറകള്‍ ഒരിക്കല്‍ ഹോം ഗാര്‍ഡ്‌സിന്റെ വെടിവയ്പ്പ് പരിശീലത്തിനുള്ള ലക്ഷ്യസ്ഥാനങ്ങളാക്കുന്നതിനുപോലും പഞ്ചായത്ത് അനുവാദം കൊടുത്തു. പേര് സൂചിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിക്കണമെന്ന് പറഞ്ഞിടത്ത് അടുത്തകാലത്തായാണ് ജൂത സെമിത്തേരി എന്ന ബോര്‍ഡ് വന്നിട്ടുള്ളത്. അതും ചരിത്രത്തെ സ്‌നേഹിക്കുന്ന കുറച്ചാളുകളുടെ പ്രതിബദ്ധത കൊണ്ടുമാത്രം.


കരാര്‍ ഒപ്പിടുന്ന സമയത്ത് സെമിത്തേരിയില്‍ 30 കല്ലറകള്‍ ഉണ്ടായിരുന്നതാണ്. ഇന്നിപ്പോള്‍ മൂന്നെണ്ണം അവശേഷിക്കുന്നു, അവയ്ക്കു തന്നെ ആയുസ് എത്രയെന്ന് നിശ്ചയമില്ല. 

യഹൂദപൈതൃകങ്ങളുടെ മേല്‍ കടന്നുകയറ്റം ആരംഭിച്ചത് ഈയടുത്തം കാലം തൊട്ടൊന്നുമല്ല, 1990 കള്‍ തൊട്ട് അതിനുള്ള ശ്രമങ്ങള്‍ നടന്നു തുടങ്ങിയിരുന്നു. വ്യവസ്ഥലംഘനങ്ങള്‍ നടത്തി കാട്ടിക്കൂട്ടുന്ന തോന്ന്യവാസങ്ങള്‍ക്കെതിരെ ഒരു കൂട്ടം ആളുകള്‍, അതില്‍ പ്രധാനി സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവും മാളയില്‍ ആദ്യമായി കരുണാകരന്‍ മത്സരിക്കാന്‍ എത്തുമ്പോള്‍ എതിര്‍ സ്ഥനാര്‍ത്ഥിയായിരുന്ന കെ എ തോമാസ് മാസറ്റര്‍ ആയിരുന്നു (1967 ല്‍ ആയിരുന്നു കരുണാകരന്‍ -തോമസ് മാസ്റ്റര്‍ മത്സരം ഉണ്ടാകുന്നത്. സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് മാസ്റ്ററുടെ തോല്‍വി വെറും 300 ല്‍ പരം വോട്ടുകള്‍ക്കായിരുന്നു. അന്ന് തോമസ് മാസ്റ്റര്‍ തോല്‍ക്കാനായുണ്ടായ പ്രധാന കാരണം ഒരു വ്യാജപ്രചരണമാണ്. ഞാന്‍ ജയിച്ചാല്‍ മാള പള്ളി പൊളിച്ചു കളയുമെന്ന് തോമസ് മാസറ്റര്‍ പ്രഖ്യാപിച്ചതായുള്ള വാര്‍ത്ത അവിടുത്തെ ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചരിച്ചു. യുക്തിവാദിയും കമ്യൂണിസ്റ്റുമായി തോമസ് മാസ്റ്ററുടെ പേരില്‍ പരന്ന വാര്‍ത്ത വിശ്വാസികളെല്ലാം വിശ്വസിച്ചു.അതിന്റെ പേരില്‍ അവര്‍ എതിര്‍ത്തു കുത്തിയിരുന്നില്ലെങ്കില്‍ ഒരുപക്ഷേ കെ കരുണാകരന്‍ കേരള രാഷ്ട്രീയത്തിന്റെ ഭീഷ്മര്‍ ആകില്ലായിരുന്നു.ആ തെരഞ്ഞെടുപ്പില്‍ ജയിച്ചു സഭയില്‍ എത്തിയതുകൊണ്ടാണ് അലക്‌സാണ്ടര്‍ പറമ്പിത്തറ വേണ്ടെന്നുവെച്ച കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് സ്ഥാനം കരുണാകരന്‍ ഏറ്റെടുക്കുന്നതും പിന്നീട് കോണ്‍ഗ്രസ് എന്നാല്‍ കേരളത്തില്‍ കരുണാകരന്‍ എന്ന് മാറ്റിയെഴുതേണ്ടി വന്നതും). മാസ്റ്ററുടെ നേതൃത്വത്തില്‍ സംഘടിച്ചവര്‍ മാളയിലെ യഹൂദസ്മാരകള്‍ സംരക്ഷിക്കപ്പെടേണ്ടവയാണെന്ന് ചൂണ്ടിക്കാട്ടി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഇക്കാര്യത്തില്‍ അനുകൂലമായി ഇടപെട്ടെങ്കിലും പഞ്ചായത്തിന്റെ സഹകരണം ഉണ്ടായില്ല.

തുടര്‍ച്ചയായി കരാര്‍ ലംഘനം നടക്കുന്നതായി ബോധ്യപ്പെട്ടതോടെ എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന അസോസിയേഷന്‍ ഓഫ് കേരള ജ്യൂസ് എന്ന സംഘടന മാള പഞ്ചായത്തിനെതിരെ 1994 ല്‍ കേരള ഹൈക്കോടതയില്‍ കേസ് കൊടുത്തു. ഇതിനെതിരെ പഞ്ചായത്ത് നല്‍കിയ കൗണ്ടര്‍ അഫിഡിവിറ്റില്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്നും യഹൂദര്‍ ആരും ഇപ്പോള്‍ മാളയില്‍ അധിവസിക്കുന്നില്ലെന്നും അറിയിച്ചു. 1955 ലെ കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിരിക്കുന്നതായി കോടതിക്ക് അന്വേഷണത്തിലൂടെ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതുവരെ നടന്ന കയ്യേറ്റങ്ങള്‍ ഒഴിവാക്കുകയും തുടര്‍ന്ന് അത്തരം പ്രവര്‍ത്തികള്‍ക്ക് പഞ്ചായത്ത് ധൈര്യപ്പെടാതിരിക്കുകയും ചെയ്തു. 

ഈ കേസിന്റെ വിധി വരുന്നത് 2005 ലാണ്. അപ്പോഴേക്കും പരാതി കൊടുത്തിരുന്ന സംഘടന ദുര്‍ബലപ്പെട്ടിരുന്നു. ഈയൊരു സാഹചര്യത്തില്‍ യഹൂദരുടെ വാദം തള്ളിക്കളയാതെ(without prejudice to the contentions of the pettitioner) അവരുടെ പരാതി കോടതി തള്ളുന്നതായുള്ള വിധിയാണ് ഉണ്ടായത്. യഹൂദര്‍ക്കെതിരെ ന്യൂനപക്ഷാവകാശ ലംഘനങ്ങള്‍ നടന്നുവെന്ന വാദം കോടതിക്ക് അംഗീകരിക്കാനായില്ല. കാരണം ആ സമയത്ത് മാളയില്‍ യഹൂദര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ബാക്കിയാവുന്നത് കരാര്‍ ലംഘനമാണെന്നും ഇതുമായി ബന്ധപ്പെട്ട് സമീപിക്കേണ്ടത് അപ്രോപ്രിയേറ്റ് ഫോറത്തെ( കീഴ്‌ക്കോടതി) ആണെന്നുമാണ് ഹൈക്കോടതി തീര്‍പ്പുകല്‍പ്പിച്ചത്. ഈ വിധി പിന്നീട് പ്രചരിപ്പിക്കപ്പെട്ടത് യഹൂദരുടെ പരാതി കോടതി പൂര്‍ണമായി തളളിക്കളഞ്ഞെന്നും വിധി പഞ്ചായത്തിന് അനുകൂലമാണെന്നുമായിരുന്നു. കോടതിവിധി പകര്‍പ്പ് ലഭ്യമാകാതിരുന്ന കാലത്തോളം ഈ നുണ പലരും വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ 1955 ലെ കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നതിനോ പ്രസ്തുത സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ ഹൈക്കോടതി പഞ്ചായത്തിനെ അനുവദിച്ചിരുന്നില്ല എന്നതായിരുന്നു വസ്തുത.


കൃത്യമായ പ്രചാരണവേലകളാണ് ഇവിടെ പഞ്ചായത്ത് നടത്തിവന്നത്. 2005 ലെ കോടതി വിധി ജൂത ശ്മശാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അനുമതി നല്‍കിയെന്ന തരത്തില്‍ പരത്താന്‍ നിക്ഷിപ്തതാല്‍പര്യക്കാര്‍ക്ക് സാധിച്ചു. അന്നത്തെ കോടതി വിധിയുടെ പകര്‍പ്പ് പരിശോധിക്കുന്ന ആര്‍ക്കും ഇതൊരു പച്ചക്കള്ളമാണെന്നു വ്യക്തമാകും. യഹൂദരുടെ അസാന്നിധ്യവും നാട്ടുകാര്‍ക്ക് കാര്യങ്ങളിലുണ്ടായ അവ്യക്തതയും മുതലെടുത്ത് അന്നത്തെ പഞ്ചായത്ത് ഭരണസമിതി യഹൂദ ശ്മശാനം കൈയേറി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. നാലേക്കര്‍ ഉണ്ടായിരുന്നു ശ്മശാന ഭൂമി ഒന്നരയേക്കറും രണ്ടരയേക്കറുമായി വിഭജിച്ചു. രണ്ടരയേക്കറില്‍ മൂന്നുവശങ്ങളുള്ള ഒരു ഓപ്പണ്‍ എയര്‍ ഗാലറി പണിതു. 2005 ല്‍ ഈ ഓപ്പണ്‍ എയര്‍ ഗാലറി ജവഹര്‍ ലാല്‍ നെഹ്റുവിന്റെ നാമം നല്‍കി ഉത്ഘാടനം ചെയ്യുകയും ഉണ്ടായി. യഹൂദരെ പാടെ മറന്നെന്നു പറഞ്ഞുകൂട, ഉത്ഘാടന ഫലകത്തില്‍ യഹൂദ സ്മാരകമെന്ന് കൊത്തിവയ്ക്കാന്‍ ആര്‍ക്കോ ബുദ്ധി തോന്നിയിരുന്നു. ഇവിടുത്തെ ചുറ്റുമതില്‍ പുനര്‍നിര്‍മിച്ചപ്പോള്‍ രണ്ടര മീറ്റര്‍ റോഡിനായി സ്ഥലം വിട്ടുകൊടുക്കാനുള്ള ഉദാരതയും പഞ്ചായത്ത് കാണിച്ചിരുന്നു!

55ലെ കരാറില്‍ ഒരു ലംഘനവും നടത്തിയിട്ടില്ലെന്ന് ഹൈക്കോടതിയില്‍ ഉറപ്പുകൊടുത്ത കൂട്ടരാണ് ഈ പ്രവര്‍ത്തികള്‍ ചെയ്തതെന്നോര്‍ക്കണം. കോടതി വിധിക്ക് തെറ്റായ വ്യാഖാനം നല്‍കി ജനങ്ങളെയും കോടതിയേയും ഒരുപോലെ പരിഹസിച്ചായിരുന്നു ഇതെല്ലാം കാണിച്ചത്. ഒടുവില്‍ പഞ്ചായത്തിന്റെ പൂച്ച് പുറത്തു ചാടുന്നത് മാള പൈതൃകസംരക്ഷണ സമിതി 2013 ല്‍ വിവരാവകാശ നിയമപ്രകാരം വാങ്ങിയെടുത്ത 2005 ലെ കോടതി വിധിയുടെ പകര്‍പ്പില്‍ നിന്നാണ്. കോടതി ഒരു നിര്‍മാണപ്രവര്‍ത്തനത്തിനും അനുമതി നല്‍കിയിട്ടില്ലെന്ന് ആ വിധിയില്‍ നിന്നു കൃത്യമായി മനസ്സിലാക്കാം. കരാര്‍ പ്രകാരം സംരക്ഷണം നല്കുന്നുണ്ടെന്നു കോടതിയില്‍ പറഞ്ഞവര്‍ എന്തുതരം സംരക്ഷണമാണ് നടത്തുന്നതെന്ന് ഇപ്പോള്‍ മാളയില്‍ പോയി നോക്കിയാല്‍ മനസ്സിലാകും. അനധികൃത നിര്‍മാണമോ കൈയ്യേറ്റമോ പാടില്ലെന്നു പറഞ്ഞയിടം സംരക്ഷിക്കാന്‍ ഒരു ചുറ്റുമതില്‍ പോലുമില്ല. മൊത്തം കാടുപിടിച്ചു കിടക്കുന്നു. പശുക്കളെ കെട്ടാനുള്ള ഒരിടം കൂടിയായി ഇവിടം മാറിയിട്ടുണ്ട്. ശ്മശാനത്തിന്റെ പേര് എഴുതിയ ബോര്‍ഡ് വര്‍ഷങ്ങളായി ഇല്ലാത്ത അവസ്ഥയില്‍ ആയിരുന്നു. ഒടുവില്‍ പൈതൃക സംരക്ഷണ സമിതിക്കാര്‍ ഒരു ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. ഇതു തടയാന്‍ പഞ്ചായത്ത് പൊലീസിനെ വരെ ഇറക്കി.

യഹൂദ ശ്മശാനം തകര്‍ത്തുകൊണ്ടുള്ള ‘യഥാര്‍ത്ഥ വികസനം’ പിന്നീടാണ് രൂപപ്പെടുന്നത്. ശ്മശാനം അപചയപ്പെടുന്നുവെന്നു കണ്ട് ഇടപെടല്‍ നടത്തിയ ടി എന്‍ പ്രതാപന്‍ എംഎല്‍എ ആയിരുന്നു ഈ വികസനത്തിന്റെ പ്രധാന ശില്‍പി. പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന യഹൂദന്മാര്‍, അതുകൊണ്ട് തന്നെ തങ്ങളുടെ ശ്മശാനത്തിന് എത്ര പ്രധാന്യമാണ് കൊടുക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഹീബ്രൂ ഭാഷ പഠിക്കണമെന്നൊന്നും ഇല്ല. അനാവശ്യമായി ഒരു കുഴിപോലും എടുക്കരുതെന്ന് നിഷ്കര്‍ഷിക്കുന്ന ഇടത്ത് എംഎല്‍എയും കൂട്ടരും കൊണ്ടുവന്ന സംരക്ഷണ പദ്ധതികള്‍ കേട്ടാല്‍ ജൂതര്‍ നെഞ്ചുപൊട്ടി മരിക്കും. 2011 ലെ ടൂറിസം മന്ത്രിയെക്കൊണ്ടു പ്രഖ്യാപിച്ച മാള യഹൂദ പൈതൃക പാര്‍ക്ക് പദ്ധതിയാണ് വികസന നായകനും പ്രകൃതി സ്‌നേഹിയുമായ നേതാവ് ജൂത ശ്മശാനത്തില്‍ നടപ്പാക്കാന്‍ ആഗ്രഹിച്ചത്. കൃത്രിമ കുളം, ബോട്ട്, ടോയ്‌ലെറ്റുകള്‍, കടമുറികള്‍, ബസ് ഷെല്‍ട്ടര്‍, പാര്‍ക്കിംഗ് ഏരിയ, സ്റ്റേജ്, മ്യൂസിയം, ടിക്കറ്റ് കൗണ്ടര്‍ എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു സൗഹൃദ പാര്‍ക്കിന്റെ രൂപരേഖ. ഇതിലെവിടെയാണ് പൈതൃകസംരക്ഷണം നടക്കുന്നതെന്നു മാത്രം അറിയില്ല.

എന്നാല്‍ ഇത്തരമൊരു നീക്കത്തിലെ കച്ചവടതാല്‍പര്യം തിരിച്ചറിഞ്ഞവര്‍ ചരിത്ര പണ്ഡിതന്മാരുടെ സഹായത്താല്‍ ഈ നീക്കത്തിലെ അപകടം ചൂണ്ടിക്കാട്ടി. വിഭാവനം ചെയ്ത പദ്ധതി അതേപോലെ നടത്താതെ, ശ്മശാനത്തിന്റെ പവിത്രത നഷ്ടപ്പെടുത്താതെ മാറ്റങ്ങളോടുകൂടി നടപ്പിലാക്കണമെന്ന് വാദിച്ചു. 

ഇക്കാര്യത്തില്‍ മാള പൈതൃക സംരക്ഷണ സമിതിക്കാര്‍ പറയുന്നതിങ്ങനെയാണ്;

ശ്മശാനത്തിന്റെ തനതു സ്വഭാവം നഷ്ടപ്പെടുത്തുന്ന രീതിയില്‍ തയ്യാറാക്കിയ രൂപരേഖയ്‌ക്കെതിരെ ഉണ്ടായ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള പൈതൃക പഠന കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഡോ. എംജിഎസ് നാരായണനും കേന്ദ്രത്തിലെ ഡീന്‍ ഡോ. എം ജി ശശിഭൂഷണും മാളയിലെത്തി സ്മാരകങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് സ്ഥലം എംഎല്‍എ ടി എന്‍ പ്രതാപനുമായി ഇവര്‍ സംസാരിക്കുകയുണ്ടായി. 2012 ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് എംഎല്‍എയുടെ മുറിയില്‍ നടന്ന യോഗത്തില്‍ എം ജി എസ്, ശശി ഭൂഷണ്‍, ഡോ. എന്‍ എം നമ്പൂതിരി, ഡോ. കെ എ എം അന്‍വര്‍, ചീഫ് ആര്‍കിടെക്റ്റ് എന്നിവര്‍ ചര്‍ച്ച നടത്തി. കരാറിന്റെ അടിസ്ഥാനത്തില്‍ പദ്ധതി അവലോകനം ചെയ്യാനാണ് ആ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായത്. തുടര്‍ന്ന് 2012 ജൂലായില്‍ പഞ്ചായത്ത് എംജിഎസിന്റെയും ശശിഭൂഷന്റെയും സാന്നിധ്യത്തില്‍ യോഗം വിളിച്ചു. എന്നാല്‍ എംഎല്‍എ പങ്കെടുത്തില്ല. അന്നു നടന്ന യോഗത്തില്‍ നിര്‍ദ്ദിഷ്ട പദ്ധതിയിലെ 19 തീരുമാനങ്ങളില്‍ പുനപരിശോധന ചര്‍ച്ച നടത്തുകയും അതിന്റെ ഭാഗമായി ചുറ്റുമതില്‍, പ്രവേശന കവാടം, നടപ്പാത, മതിലിനോട് ചേര്‍ന്ന് ഇരിപ്പിടങ്ങള്‍, പൂമരങ്ങള്‍ നട്ടുപിടിപ്പിച്ച സ്മൃതിവനം, കല്ലറകളുടെ സംരക്ഷണം എന്നിവ നിലനിര്‍ത്തി ബാക്കിയെല്ലാം ഉപേക്ഷിക്കാന്‍ ഏകകണ്ഠമായി തീരുമാനം ഉണ്ടായി. ഇതിന്റെ മേല്‍നോട്ടത്തിനായി എംഎല്‍എ ചെയര്‍മാനായി മോണിട്ടറിംഗ് കമ്മിറ്റിയും രൂപീകരിച്ചു. എന്നാല്‍ 2012 ഓഗസ്റ്റ് നാലിന് എംഎല്‍എയുടെ നേതൃത്വത്തില്‍ കൂടിയ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ മുന്‍ തീരുമാനങ്ങള്‍ അട്ടിമറിക്കാനാണ് ശ്രമം നടന്നത്. ഏകകണ്ഠമായി തന്നെ തള്ളിക്കളഞ്ഞ പലതും നടപ്പാക്കാന്‍ തീരുമാനിച്ചു. പദ്ധതി പുനരവലോകനം ചെയ്യാന്‍ മോണിറ്ററിംഗ് കമ്മിറ്റിക്ക് അവകാശമില്ലെന്ന വാദം എംഎല്‍എ തള്ളിക്കളഞ്ഞു. എന്നാല്‍ എംഎല്‍എയുടെ വാശിക്കു മുന്നില്‍ തോറ്റുകൊടുക്കാന്‍ പൈതൃക സംരക്ഷണ സമിതി തയ്യാറല്ലായിരുന്നു. ചരിത്ര വിദഗ്ദരുടെ പിന്തുണ നേടിയെടുക്കാന്‍ എംഎല്‍എയ്ക്കും കൂട്ടര്‍ക്കും ഇതുവരെ കഴിയാതെ വരുന്നതിനാല്‍ കൂടുതലായൊന്നും ചെയ്യാന്‍ അവര്‍ക്കിപ്പോള്‍ കഴിയുന്നില്ല. എങ്കിലും ശക്തരാണാവര്‍.

2005 ല്‍ ഉത്ഘാടനം ചെയ്ത ഓപ്പണ്‍ എയര്‍ ഗാലറിയുടെ വികസനം എന്നപേരില്‍ ഇപ്പോള്‍ ശ്മശാന ഭൂമിയില്‍ പുതിയ നിര്‍മാണം നടക്കുന്നുണ്ടങ്കിലും ഇത് കോടതി വിധി നിരാകരിച്ച് നടത്തുന്ന പുതിയ നിര്‍മാണ പ്രവര്‍ത്തിയാണെന്നാണ് പൈതൃക സംരക്ഷണ സമിതിക്കാര്‍ ആരോപിക്കുന്നത്. കെ കരുണാകരന്റെ പേരില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച് തുടക്കം കുറിച്ചിരിക്കുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സാണ് ഇത്. സംസ്ഥാന സ്‌പോര്‍ട് വകുപ്പിനെ കൊണ്ട് അംഗീകരിപ്പിച്ച് എട്ടുകോടിയോളം രൂപ ചെലവില്‍ നിര്‍മിക്കുന്ന ഈ പദ്ധതിക്ക് മൂന്നു ഘട്ടങ്ങളാണുള്ളതെന്ന് അറിയുന്നു. ആദ്യ ഘട്ടത്തില്‍ വോളീബോള്‍, ബാസ്‌കറ്റ് ബോള്‍, ബാഡ്മിന്റണ്‍, ടെന്നീസ്, ഷട്ടില്‍ മത്സരങ്ങള്‍ക്കുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയവും രണ്ടാം ഘട്ടത്തില്‍ നീന്തല്‍ക്കുളം, പവലിയന്‍, ഗ്യാലറി, 200 മീറ്ററില്‍ സിന്തറ്റിക് ട്രാക്ക് എന്നിവയും മൂന്നാം ഘട്ടത്തില്‍ ഓഫിസ്. ചുറ്റുമതില്‍ എന്നിവയുമാണ് നിര്‍മിക്കുക. ഇത്രയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ രണ്ടരയേക്കറില്‍ പൂര്‍ത്തിയായാല്‍ പിന്നെ അവിടെ നിന്ന് നാളെ ചരിത്രപരമായി ഏതെങ്കിലും തരത്തിലുള്ള ഉത്ഘനനത്തിനുപോലും ഒരിഞ്ചു മണ്ണുപോലും കിട്ടില്ല. അതുമാത്രമല്ല, ഈ രണ്ടരയേക്കറില്‍ ഒതുങ്ങുന്ന വികസനമേ ഈ സ്‌പോര്‍ട് കോംപ്ലക്‌സിന് ഭാവിയിലും ഉണ്ടാകൂ. സര്‍ക്കാര്‍ ചരിത്രപ്രാധാന്യമുള്ള സ്ഥലത്ത് ഇത്തരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എന്തടിസ്ഥാനത്തില്‍ അനുമതി കൊടുത്തൂ എന്നു ചോദിച്ചാല്‍, സര്‍ക്കാരിനെ ഇക്കാര്യത്തിലുള്ള സത്യാവസ്ഥ അറിയിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചു എന്നാണ് ഉത്തരം. കരാര്‍ പ്രകാരം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നുള്ളതും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നുമുള്ള(കോടതി നിര്‍ദേശവുമുള്ള) ഭൂമിയില്‍ ഈ അനധികൃത നിര്‍മാണം നടക്കുന്നതില്‍ ഇപ്പോള്‍ സര്‍ക്കാരും കുറ്റക്കാരാണ്.

നിവലവില്‍ ഉള്ള കല്ലറകള്‍ സംരക്ഷിക്കുന്നുണ്ടല്ലോ എന്നാണ് പഞ്ചായത്ത് അധികൃതര്‍ ഇപ്പോള്‍ പറയുന്ന ന്യായം. ആയിരം കൊല്ലങ്ങളോളം ഈ മണ്ണില്‍ ജീവിച്ച യഹൂദരില്‍ ആകെ മൂന്നുപേര്‍ മാത്രമേ മരിച്ചിട്ടുള്ളൂവന്നാണോ ? അതോ ആകെ മൂന്നുപേരെ മാത്രമെ അടക്കം ചെയ്തിട്ടുള്ളൂവെന്നോ? യഹൂദര്‍ മാള വിടുമ്പോള്‍ മുപ്പത് കല്ലറകള്‍ ഇവിടെ ഉണ്ടായിരുന്നു. അവയെല്ലാം സംരക്ഷിക്കാമെന്നല്ലേ നാം അവര്‍ക്ക് നിയമപ്രകാരം തന്നെ ഉറപ്പു കൊടുത്തത്. എന്നിട്ടെന്തു സംഭവിച്ചു? ചുരുങ്ങിയത് രണ്ടായിരം മൃതദേഹങ്ങളെങ്കിലും അവിടെ അടക്കം ചെയ്തിട്ടുണ്ടെന്ന കണക്ക് ശരിയാണെങ്കില്‍ അവയുടെയെല്ലാം സ്മാരകമായി ഒരു സ്റ്റേഡിയം കാണിച്ചുകൊടുത്താല്‍ മതിയോ? അതാണോ നീതി? ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കണമെന്ന് പറഞ്ഞയിടത്ത് ഇപ്പോള്‍ ഉള്ള ചുറ്റുമതിലുപോലും പൊളിഞ്ഞു കിടക്കുന്നു. കവാടം തകര്‍ന്നു കിടക്കുന്നു. എന്തേ ഒന്നും ചെയ്യാത്തത് എന്നു ചോദിച്ചാല്‍ പഞ്ചായത്ത് പറയുന്നത് കോടതിയില്‍ കേസ് നടക്കുന്നതുകൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണ്. കോടതി എവിടെയാണ് കരാര്‍ സംരക്ഷണത്തിന് എതിര് പറഞ്ഞിരിക്കുന്നത്? വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണികള്‍ ചെയ്യാമെന്ന് കരാറില്‍ പറയുന്നുണ്ട്, ഈ കരാര്‍ സംരക്ഷിക്കണമെന്നാണ് കോടതിയും പറഞ്ഞിരിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ കരാറിന്റെ ലംഘനം മാത്രമല്ല, കോടതിയെ ധിക്കരിക്കുക കൂടിയല്ലേ പഞ്ചായത്ത് ചെയ്യുന്നത്? ഇനി ഒരു കരാറും കോടതി വിധിയും ഒന്നും തന്നെയില്ലെന്നിരിക്കട്ടെ, തങ്ങളുടെ നാട്ടിലുള്ള ചെറിയ സ്മാരകങ്ങള്‍ പോലും സംരക്ഷിക്കാന്‍ ഓരോ രാജ്യവും ശ്രദ്ധ കൊടുക്കുമ്പോള്‍( ഇന്ത്യയിലും കേരളത്തില്‍ തന്നെയും ഇത്തരം പ്രവര്‍ത്തികള്‍ നടന്നുവരുന്നുണ്ട്) മാളയിലെ ഭരണാധികാരികള്‍ക്ക് ഒരു സംസ്‌കാരത്തിന്റെ തിരശേഷിപ്പുകളെ എങ്ങനെ അവഗണിക്കാന്‍ സാധിക്കും!


ഇനി പഞ്ചായത്ത് പറയുന്ന കോടതി ഇടപെടല്‍ എന്താണെന്നു കൂടി പരിശോധിച്ചേക്കാം. 1995 ലെ കരാറിലെ വ്യവസ്ഥകള്‍ പഞ്ചായത്ത് ലംഘിക്കുന്നതിനാല്‍ കരാര്‍ റദ്ദാക്കി സിനഗോഗും ശ്മശാനവും തങ്ങള്‍ക്ക് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് യഹൂദരായ രണ്ടു പേര്‍- ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നവരും മാളയിലുണ്ടായിരുന്ന യഹൂദരുടെ പിന്‍മുറക്കാരുമായ ഡാന്‍ എലിയാസ്, എബി അബ്രഹാം-2012 ഏപ്രില്‍ 12 ന് ഇരിങ്ങാലക്കുട സബ്‌കോടതിയില്‍ പഞ്ചായത്തിനെതിരെ പരാതി നല്‍കി. ഈ പരാതിയില്‍ മറുപടി നല്‍കാന്‍ പഞ്ചായത്ത് തയ്യാറായില്ല. തുടര്‍ന്ന് ശ്മശാനത്തിലെ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും തടയാന്‍ കോടതി ഉത്തരവിട്ടു. ഈ ഉത്തരവില്‍ പിന്നീട് കോടതി ഭാഗീകമായി ഇളവ് നല്‍കി. എങ്കിലും ഇപ്പോഴും ഇതു സംബന്ധിച്ച വ്യവഹാരങ്ങള്‍ കോടതിയില്‍ തുടരുന്നുണ്ട്. ഇതിനിടയില്‍ ഒരിടത്തും 55 ലെ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുകൊള്ളാന്‍ പഞ്ചായത്തിനെ കോടതി അനുവദിച്ചിട്ടില്ല. സംരക്ഷണവ്യവസ്ഥകള്‍ കൃത്യമായി പാലിക്കണമെന്നാണ് പറഞ്ഞിട്ടുള്ളതും. വാസ്തവം ഇതാണെന്നിരിക്കെയാണ് ശ്മശാനത്തിന്റെ ചുറ്റുമതില്‍ കെട്ടാനോ, കാടുപിടിച്ചു കിടക്കുന്ന പറമ്പ് വൃത്തിയാക്കോനോ, അന്യര്‍ പ്രവേശിക്കുന്നത് തടയാനോ, കവാടം കെട്ടി ബോര്‍ഡ് വച്ച് സംരക്ഷണം ഏര്‍പ്പെടുത്താനോ പഞ്ചായത്ത് ശ്രമിക്കാത്തത്. ധാര്‍മികമായ ഉത്തരവാദിത്വത്തെ കുറിച്ച് പറയുന്നതില്‍ അര്‍ത്ഥമുണ്ടോയെന്ന് അറിയില്ല, പക്ഷെ നിയമപരമായ ചില ഉത്തരവാദിത്വങ്ങളെങ്കിലും പഞ്ചായത്ത് തിരിച്ചറിയേണ്ടതുണ്ടെന്ന് പൈതൃകസംരക്ഷണ സമിതിക്കാര്‍ പറയുന്നു- ഉഭയ കക്ഷി സമ്മതപ്രകാരമുള്ള വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്തും സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തതുമായ കരാര്‍ പ്രകാരമാണ് യഹൂദ സ്മാരകങ്ങളുടെ ചുമതലകള്‍ പ്രാദേശിക ഭരണകൂടമായ മാള പഞ്ചായത്ത് ഏറ്റെടുക്കുന്നത്. കരാര്‍ വ്യവസ്ഥപ്രകാരം യഹൂദ സ്മാരകങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാര്‍ എന്ന നിലയിലും നിയമവാഴ്ച്ചയില്‍ വിശ്വാസമുള്ള സ്ഥാപനം എന്ന നിലയിലും പഞ്ചായത്തിന്റെ ചുമതലയാണ്. പൗരന്റെ ചുമതലകള്‍ വ്യക്തമാക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 51 A(f) ന്റെ ലംഘനമാണ് ഇപ്പോള്‍ യഹൂദസ്മാരകങ്ങളുടെ കാര്യത്തില്‍ മാളയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇക്കാര്യങ്ങളില്‍ മൗനം പാലിച്ചുകൊണ്ട് പൊള്ളയായ അവകാശവാദങ്ങള്‍ നിരത്തുക മാത്രമാണ് ഭരണക്കാര്‍ ചെയ്യുന്നത്. ലക്ഷങ്ങള്‍ മുടക്കി സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന സിനഗോഗിന്റെ അവസ്ഥ, പഞ്ചായത്ത് എത്ര കള്ളങ്ങള്‍ പറഞ്ഞാലും മറച്ചുവയ്ക്കാന്‍ പറ്റുന്നതല്ല. എ കെ ചന്ദ്രന്‍ എംഎല്‍എ ആയിരിക്കുമ്പോള്‍ സിനഗോഗ് അറ്റകുറ്റപ്പണികള്‍ക്കായി അഞ്ചുലക്ഷം രൂപപ അനുവദിച്ചിരുന്നു. അന്ന് എന്തെങ്കിലും ചെയ്തതല്ലാതെ പിന്നീടൊരു നവീകരണപ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. സിനഗോഗിന് ഇപ്പോള്‍ നല്ലരീതിയില്‍ ബലക്ഷയം ഉണ്ട്. പ്രധാനകവാടമാകട്ടെ മുന്നിലെ കടമുറകളാല്‍ മറഞ്ഞിരിക്കുന്നു. മുന്നിലും വടക്കുവശത്തും ചുറ്റു മതിലുകളില്ല. 23 സെന്റ് സ്ഥലം കൃത്യമായ അളവുതിരിച്ചു രേഖപ്പെടുത്തിയിട്ടുണ്ട് കരാറില്‍. എന്നാല്‍ അതില്‍ നിന്ന് സ്ഥലം പലപ്പോഴായി നഷ്ടപ്പെട്ടു. യഹൂദര്‍ ഏറെ പരിപാവനമായി കാണുന്ന സിനഗോഗിന്റെ മുന്‍വശം ഇപ്പോള്‍ മലമൂത്രവിസര്‍ജനത്തിന് പറ്റിയ മറവാണ്. മദ്യപിക്കാനും നല്ലൊരിടം തന്നെ. അവിടെ പോകുന്ന ആര്‍ക്കും കാണാവുന്ന കാഴ്ച്ചകളാണിതൊക്കെ എന്നിരുന്നിട്ടും സിനഗോഗ് പാവനമായി സംരക്ഷിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശിവരാമന് കഴിയുന്നുണ്ടെങ്കില്‍ അവരുടെ ‘നിഷ്‌കളങ്കത’യെ സമ്മതിക്കണം. ജൂതന്മാര്‍ കിട്ടിയ വിലക്ക് വിറ്റിട്ടുപോകാാന്‍ നോക്കിയ പള്ളിയും സെമിത്തേരിയും പഞ്ചായത്ത് ഇക്കാലമത്രയും നോക്കിയതിന്റെ ത്യാഗത്തെ കുറിച്ചും പ്രസിഡന്റ് വാചാലയാകുന്നുണ്ട്. ഇനി അഥവ സിനഗോഗിന്റെ മുന്നില്‍ ആരെങ്കിലും കുറച്ച് മൂത്രമൊഴിച്ചാല്‍ പോലും അവിടെയാരുമിപ്പോള്‍ പ്രാര്‍ത്ഥിക്കാനൊന്നും വരുന്നില്ലല്ലോ എന്ന ന്യായം കൊണ്ട് പ്രതിരോധിക്കാനൊക്കെ പഞ്ചായത്ത് പ്രസിഡന്റ് പഠിച്ചിട്ടുണ്ട്.

ഇതിനെക്കാളൊക്കെ ഭയാനകമായ മറ്റൊന്ന് ജൂതസ്മാരകങ്ങളുടെ സംരക്ഷണത്തെ നേരിടാനെടുക്കുന്ന രാഷ്ട്രീയമാണ്. ഈ സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നടക്കുന്നവര്‍ക്ക് ഇസ്രയേല്‍ ഫണ്ട് കിട്ടുന്നുണ്ടെന്നും ഇസ്രയേല്‍ എന്ന മുസ്ലീം വിരുദ്ധ രാഷ്ട്രത്തെ പിന്താങ്ങുന്നവര്‍ അപകടകാരികളാണെന്നുമുള്ള തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ കുത്തിവയ്ക്കുന്ന വിഷം മാളയില്‍ ഒട്ടൊക്കെ പടര്‍ന്നിട്ടുണ്ട്. മാളയിലെ യഹൂദസ്മൃതികള്‍ സന്ദര്‍ശിക്കാനെത്തിയ ആനന്ദ് അടക്കമുള്ള എഴുത്തുകാര്‍ക്കെതിരെ പ്രതിഷേധങ്ങളുമായി എത്തിയവരില്‍ എന്‍ഡിഎഫുകാരും ഉണ്ടായിരുന്നു. ഇസ്രയേലിന്റെ രാഷ്ട്രീയത്തെ മാളയിലേക്കും വലിച്ചിട്ട് ഇവിടെയുള്ള മുസ്ലീങ്ങള്‍ക്കുള്ളില്‍ അവര്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുക, അതിലൂടെ ഇവിടെയുള്ള യഹൂദരുടെ സ്മാരകങ്ങള്‍ ഇല്ലാതാക്കാന്‍ തങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കുകയുമാണ് മാളയിലെ ഒരു വിഭാഗം രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നത്.

ഇതിനൊക്കെ ഇറങ്ങിപ്പുറപ്പെടുന്നവര്‍ മാളയുടെയും ഈ നാട് യഹൂദരെ സ്വീകരിച്ചതിന്റെയുമൊക്കെ ചരിത്രം മറക്കരുത്. ആയിരത്തോളം വര്‍ഷം അവര്‍ ഇവിടെയുണ്ടായിരുന്നപ്പോള്‍ ജൂതനും ഇസ്ലാമിനും ഹിന്ദുവിനും ക്രിസ്ത്യാനിക്കുമൊന്നും തമ്മില്‍ ശത്രുതയും വഴക്കും ഉണ്ടായിരുന്നില്ലെന്നോര്‍ക്കണം. യഹൂദര്‍ പോകുമ്പോള്‍ അവരുടെ ഓര്‍മ്മകള്‍ ഞങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞവരില്‍ നാനാമതക്കാരും ഉണ്ടായിരുന്നു. വികസനം ഏതൊരു നാടിനും ആവിശ്യമാണ്. എന്നാല്‍ ഒരു നാടിന് കൈവന്ന ഭാഗ്യം ഈ വികസനത്തിന്റെ പേരില്‍ ഇല്ലാതാക്കിയാല്‍, അത് സംസ്‌കാരത്തിന്റെ അപചയമായെ കാണാനാകൂ. മാളയിലെ യഹൂദ സ്മാരകങ്ങള്‍ അര്‍ഹിക്കുന്ന പ്രധാന്യത്തോടെ സംരക്ഷിക്കുകയാണെങ്കില്‍ മാള എന്ന കൊച്ചുപട്ടണത്തിന് ലോകഭൂപടത്തില്‍ കിട്ടുന്ന സ്ഥാനവും അതിലൂടെ കിട്ടുന്ന ടൂറിസം സാധ്യതകളും ഈ നാടിന്റെ വികസനം തന്നെയല്ലേ! മറ്റൊന്നിനെ ഇല്ലാതാക്കി കൊണ്ട് കെട്ടിയുണ്ടാക്കേണ്ടതാണ് വികസനമെന്ന് ആരാണ് നിങ്ങളെ പഠിപ്പിച്ചത്?

ഒന്നോര്‍ക്കണം; നമുക്ക് ശേഷവും ഇവിടെ തലമുറകളുണ്ടാവും, അവരെ ചരിത്രമില്ലാത്തവരാക്കരുത്…

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍