UPDATES

മലബാര്‍ എക്സ്പ്രസ്സ് പാളം തെറ്റി; വന്‍ദുരന്തം ഒഴിവായി

അഴിമുഖം പ്രതിനിധി

മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് അങ്കമാലിക്ക് സമീപം കറുകുറ്റിയില്‍ പാളംതെറ്റി. പുലര്‍ച്ചെ 2.55നാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. ട്രെയിനിലെ 12 ബോഗികളാണ് അപകടത്തില്‍ പെട്ടത്.

ട്രെയിന് വേഗം കുറവായിരുന്നതിനാലാണ് വന്‍ദുരന്തം ഒഴിവായത്. ബോഗികള്‍ ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലാണ്. ട്രെയിനിലെ ആദ്യ അഞ്ചു ബോഗികള്‍ കടന്നുപോയ ശേഷമാണ് അപകടം. എസ് 3 മുതല്‍ എസ് 12 വരെയുള്ള സ്ലീപ്പര്‍കോച്ചുകളും എ 1, ബി 1 കോച്ചുകളുമാണ് പാളംതെറ്റിയത്. പാളത്തിലെ വിളളലാണ് അപകടകാരണമെന്ന് റെയില്‍വേ അധികൃതര്‍ സ്ഥിരീകരിച്ചു.

പരിക്കേറ്റയാളുകളെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. തുടര്‍ന്ന് യാത്രക്കാരെ ബസില്‍ തൃശൂര്‍ സ്‌റ്റേഷനിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുകയാണ്.

തൃശൂര്‍-എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്. ചില ട്രെയിനുകള്‍ റദ്ദാക്കുകയും ദീര്‍ഘദൂര ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട് . എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വേണാട് എക്‌സ്പ്രസ് (16302), ജനശതാബ്ദി എക്‌സ്പ്രസ് (12076) എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് റദ്ദാക്കി.

ഇന്നു തിരുവനന്തപുരത്തു നിന്നു പുറപ്പെടേണ്ട ദീര്‍ഘദൂര ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. കന്യാകുമാരി-മുംബൈ ജയന്തി ജനത എക്‌സ്പ്രസ്, കന്യാകുമാരി-ബംഗളൂരു ഐലന്റ് എക്‌സ്പ്രസ്, ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്, തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ്, തിരുവനന്തപുരം-ഇന്‍ഡോര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ തിരുവനന്തപുരത്തുനിന്നും തിരുനെല്‍വേലി വഴിയാണ് യാത്ര തിരിക്കുക.

സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേ ഹെല്‍പ്പ് ലൈന്‍ തുറന്നു. തിരുവനന്തപുരം: 04712320012, തൃശ്ശൂര്‍: 04712429241 എന്നിയാണ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍