UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലൈപണ്ടാരങ്ങള്‍ക്ക് ജാതി വേണം; തമ്മിലടിക്കാനല്ല, ജീവിക്കാന്‍

വിഷ്ണു എസ് വിജയന്‍

(ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ ചോദിക്കപ്പെടുന്ന ചോദ്യമാണ് കേരളം എങ്ങനെ ജീവിക്കുന്നു എന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികകള്‍ അതിനുള്ള ഉത്തരങ്ങളാണ് എന്നാണ് വെപ്പ്. എന്നാല്‍ കേരള സമൂഹത്തിലെ പല തട്ടുകളിലായി ജീവിക്കുന്ന ആളുകളുടെ സ്പന്ദനങ്ങള്‍ ഈ പ്രകടന പത്രികകളില്‍ ഉണ്ടാവാറുണ്ടോ? നമ്മളോരോരുത്തരും നമുക്ക് ചുറ്റുമുള്ളവരും എങ്ങനെയാണ് ജീവിക്കുന്നത്? എന്താണ് നമ്മുടെ പ്രശ്നങ്ങള്‍? നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കേവലം കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം എങ്ങനെയാണ് ഓരോരുത്തരും വിലയിരുത്തുന്നത്? കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ മനുഷ്യര്‍ തങ്ങളുടെ ജീവിതത്തെ കുറിച്ചും സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക-പാരിസ്ഥിതിക സംഭവ വികാസങ്ങളെ കുറിച്ചും പ്രതികരിക്കുകയാണ് ‘കേരളം എങ്ങനെ ജീവിക്കുന്നു?’ എന്ന ഈ സീരീസില്‍. അഴിമുഖം പ്രതിനിധികള്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തയ്യാറാക്കിയ വാര്‍ത്താ ഫീച്ചറുകള്‍, വ്യക്തി ചിത്രങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സീരീസിലെ  ആദ്യ റിപ്പോര്ട്ട്  ഇവിടെ വായിക്കാം- കുഞ്ഞുമുഹമ്മദിന്‍റെ കുഞ്ഞുകുഞ്ഞു വിപ്ലവങ്ങള്‍

‘ചേട്ടാ എനിക്കിനിയും പഠിക്കാന്‍ പറ്റുമോ? ‘കണ്ണന്റെ ചോദ്യം മനസ്സില്‍ ഒരു കരിങ്കല്ല് കെട്ടിവെച്ചത് പോലെ ഭാരം കൂട്ടുന്നു. എന്താണ് ഈ പത്താം ക്ലാസ്സുകാരനോട് പറയേണ്ടത്? ഭരണകൂടം നിന്റെ കുലത്തിനെ മനുഷ്യരായി പോലും പരിഗണിച്ചിട്ടില്ല; അതുകൊണ്ട് നിനക്കിനി പഠിക്കാന്‍ കഴിയില്ല, നിന്റെ ആളുകളെ പോലെ നീയും ഊര് ചുറ്റാന്‍ ഇറങ്ങിക്കൊള്ളുക എന്നോ?

തോന്നയ്ക്കല്‍ ലാല്‍ഭാഗ് കോളനിയിലെ ബാബുവിന്റെ മകന്‍ കണ്ണന്‍ ഇത്തവണത്തെ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച മാര്‍ക്കോടെയാണു ജയിച്ചത്. വിജയം നല്‍കിയ ആഹ്ളാദമല്ല, കണ്ണന്റെയുള്ളില്‍ തന്റെ വിദ്യാഭ്യാസം ഇവിടെവെച്ചു തീരാന്‍ പോവുകയാണോ എന്ന വേവലാതിയാണ്. തുടര്‍ന്നു പഠിക്കാന്‍ ഒരുപാട് കൊതിക്കുന്നുണ്ട് ഈ കുട്ടി, അതിനുള്ള കഴിവുമുണ്ട്. പക്ഷേ അവനിപ്പോള്‍ ഒരു ജാതി വേണം. ഞങ്ങള്‍ക്കൊരു ജാതി തരപ്പെടുത്തി തരാന്‍ കഴിയുമോ’ എന്നാണ് കണ്ണന്‍ ചോദിക്കുന്നത്.


കണ്ണനും കുടുംബവും

ജാതിവാലുകള്‍ മുറിച്ചു കളഞ്ഞും, ജാതി പറയുന്നവരെ അകറ്റി നിര്‍ത്തിയും മലയാളികള്‍ തങ്ങളുടെ ജാതിബോധം ഒഴിവാക്കാന്‍ നോക്കുന്ന കാലഘട്ടത്തില്‍ ഒരു വിഭാഗം ജനങ്ങള്‍ അവര്‍ക്കൊരു ജാതി ആവശ്യപ്പെട്ട് കൈകൂപ്പുമ്പോള്‍ നെറ്റി ചുളിക്കരുത്, ജീവിക്കാന്‍, നിലനില്‍ക്കാന്‍, കണ്ണനെ പോലുള്ളവര്‍ക്ക് പഠിക്കാന്‍ അങ്ങനെയൊരു ജാതി അവര്‍ക്ക് കൂടിയേ തീരൂ.

മലൈപണ്ടാര (മലമ്പണ്ടാരം)ങ്ങളെപ്പറ്റി എത്രപേര്‍ക്കറിയാം? പണ്ടെങ്ങോ തമിഴ്‌നാട്ടില്‍ നിന്നും മലയാളക്കരയില്‍ എത്തി താമസമാക്കിയ ഇവരുടെ ഇപ്പോഴത്തെ അവസ്ഥയാണ് കണ്ണനെ പോലുള്ളവരുടെ കണ്ണൂനീര്‍ പറയുന്നത്. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലില്‍ മലൈപണ്ടാരം വിഭാഗത്തില്‍ പെട്ട ഒരു കൂട്ടം മനുഷ്യര്‍ ജീവിക്കുന്നുണ്ട്. അവരില്‍ പെട്ടതാണ് കണ്ണനും.

ആരാണ് നിങ്ങള്‍? എവിടെ നിന്ന് വന്നു? ഈ ചോദ്യങ്ങള്‍ക്ക് ഇപ്പോഴത്തെ തലമുറയിലുള്ളവര്‍ക്ക് കൃത്യമായ മറുപടി പറയാന്‍ അറിയില്ല. പൂര്‍വികര്‍ നാടോടികള്‍ ആയിരുന്നുവെന്നും, തമിഴ്‌നാട്ടില്‍ നിന്നും വന്നവരാണെന്നും അറിയാം, അതും കേട്ടറിവ്. ഇപ്പോഴത്തെ തലമുറയിലെ പലരും ജനിച്ചു വീണത് കേരളത്തിലാണ്. 

സംഘകാലത്ത് കോവലനെ തിരക്കി രാജരഥങ്ങള്‍ ഊരുചുറ്റുന്ന മധുരയില്‍ എത്തിയ കണ്ണകി തന്റെ പ്രിയനെ ചോള രാജന്‍ വധിച്ചതറിഞ്ഞു മാമാധുരാപുരി കോപാഗ്‌നിയാല്‍ ചുട്ടുകരിച്ചപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ കാട്ടില്‍ ഓടിക്കയറിയവരെയാണ് മലൈപണ്ടാരങ്ങളുടെ പൂര്‍വികരെന്ന് കരുതുന്നത്. പിന്നീട് മലകളില്‍ നിന്ന് കാട്ടുമരുന്നുകളും മറ്റും പറിച്ചു നാട്ടില്‍ കൊണ്ടുവന്നു വിറ്റായിരുന്നു അവരുടെ ജീവിതം. എന്നാല്‍ ഒരിടത്തവര്‍ ഉറച്ചുനിന്നില്ല. ഒരിടം മടുക്കുമ്പോള്‍ മറ്റിടങ്ങള്‍ തേടിപ്പോയി. അങ്ങനെ എന്നോ കുറച്ചുപേര്‍ കേരളത്തിലുമെത്തി. വന്നവര്‍ മടങ്ങിപ്പോയില്ല. കേരളത്തില്‍ പലയിടങ്ങളിലായി പാര്‍പ്പുറപ്പിച്ചു. തമിഴ്‌നാട്ടില്‍ ചെയ്തുകൊണ്ടിരുന്ന മരുന്ന് വില്‍പ്പന തന്നെ ഇവിടെയും ജീവിതമാര്‍ഗമായി തുടര്‍ന്നു. തൈലം ഉണ്ടാക്കി കച്ചവടം ചെയ്യുന്ന പരമ്പരാഗത തൊഴിലാണ് തോന്നയ്ക്കലിലുള്ളവരും തുടരുന്നത്.

ഇന്നിവര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി സര്‍ക്കാര്‍ ഇവരെ ഒരു ജാതിയിലും ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് സര്‍ക്കാരിന്റെതാ ആനൂകൂല്യങ്ങളൊന്നും തന്നെ ലഭിക്കുകയില്ല. ആര്‍ക്കും സ്വന്തമായി കിടപ്പാടമില്ല, വിദ്യാഭ്യാസം മുടങ്ങുന്നു. തോന്നയ്ക്കല്‍ ലാല്‍ഭാഗ് കോളനിയിലും, ഭൂദാനകോളനിയിലുമായി ഏകദേശം മുപ്പതോളം കുടുംബങ്ങള്‍ സ്വന്തം ഭൂമി ഇല്ലാതെ അഭയാര്‍ത്ഥികളെപ്പോലെ കഴിയുന്നുണ്ട്. ഒരു ചെറിയ കൂരയില്‍ രണ്ടും മൂന്നും കുടുംബങ്ങള്‍ ഒരുമിച്ചാണ് താമസം.

ഭൂദാനകോളനിയിലെ മിച്ചഭൂമിയിലെ ആ കൂരകളെ അങ്ങനെ വിളിക്കുന്നതുപോലും ആഡംബരമാകും. മാളങ്ങള്‍ എന്ന് വേണമെങ്കില്‍ പറയാം. ഉറപ്പില്ലാത്ത ആസ്ബറ്റോസ് ഷീറ്റുകളും കീറിയ ടാര്‍പ്പോളിനുകളും ഓലകളും കൊണ്ടും ഉണ്ടാക്കിയവ. ഒന്നിന്റെയുള്ളില്‍ക്കൂടി തെങ്ങ് വളര്‍ന്നു നില്‍ക്കുന്നു. മറ്റൊന്നിനു വാതിലുകളോ, ഭിത്തികളോ ഇല്ല. രണ്ടും മൂന്നും കുടുംബങ്ങള്‍ ഇത്തരത്തില്‍ അടച്ചുകൂട്ടിയ കൂടാരങ്ങള്‍ക്കുള്ളില്‍ മഴയും വെയിലുമേറ്റു ശ്വാസം മുട്ടി കഴിയുന്നു.

അങ്ങനെയൊരു കൂടാരത്തിലാണ് ഒമ്പതാം ക്ലാസുകാരനായ മറ്റൊരു കണ്ണനെക്കൂടി കണ്ടുമുട്ടിയത്. ഗണിതമേളയില്‍ സ്റ്റില്‍ മോഡല്‍ നിര്‍മിച്ചതിന് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടി. തിരുവനന്തപുരം കളക്ടറുടെ കയ്യില്‍ നിന്നും പൊന്നാട കിട്ടിയവന്‍. അന്ന് കണ്ണനു കളക്ടര്‍ നല്‍കിയ ഉറപ്പ് കയറികിടക്കാന്‍ സ്വന്തമായൊരു വീടും, അതിനുള്ള ഭൂമിയുമാണ്. പക്ഷേ ആ ഉറപ്പ് ഇന്നേവരെ പാലിക്കപ്പെട്ടിട്ടില്ല.

മിച്ചഭൂമിയില്‍ തന്നെ താമസിക്കുന്ന ശകുന്തളയുടെ സന്മനസ് കൊണ്ട് അവരുടെ വീടിനടുത്താിയി കൊടുത്ത കുറച്ചു സ്ഥലത്താണ് ഇപ്പോള്‍ കണ്ണന്റെ കുടുംബം ഒരു കൂരയുണ്ടാക്കിയിരിക്കുന്നത്. 

‘ഫോട്ടോയും വേണ്ട വാര്‍ത്തയും വേണ്ട. ഞങ്ങളെയൊക്കെ നിരത്തി നിര്‍ത്തി പടം പിടിച്ച് നിങ്ങള്‍ കാശുണ്ടാക്കും. ഞങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്?’ ചോദ്യം രാജമ്മയുടെതാണ്. നിറഞ്ഞ കണ്ണുകളില്‍ ദേഷ്യമല്ല, നിരാശയായിരുന്നു. മാധ്യമങ്ങള്‍ പലതവണ ഇവരെ വാര്‍ത്തിയാക്കിയിട്ടുണ്ട്. എന്നിട്ടും അധികാരികളുടെ കണ്ണു തുറന്നില്ല. 

ഭൂദാന മിച്ചഭൂമിയില്‍ നിന്നിറങ്ങി ലാല്ഭാഗ് കോളനിയില്‍ എത്തുമ്പോള്‍ അവിടമാകെ ഉല്‍സവപ്രതീതിയില്‍ ആയിരുന്നു. തങ്ങളുടെ കുട്ടികള്‍ പത്താം ക്ലാസ് ജയിച്ചതിന്റെ ആഹ്ളാദം പങ്കുവെയ്ക്കുകയാണ് എല്ലാവരും. എല്ലാ ജനവിഭാഗക്കാരും അധിവസിക്കുന്ന ലാല്‍ഭാഗ് കോളനിയില്‍ ആണ് ഏറ്റവും കൂടുതല്‍ മലൈപണ്ടാര കുടുംബങ്ങള്‍ ഉള്ളത്. 

‘ഭരണകേന്ദ്രങ്ങളുടെ കണ്ണില്‍ അവര്‍ തമിഴ്‌നാട്ടില്‍ നിന്നു വന്ന നാടോടികളാണ്. മലൈപണ്ടാരം എന്ന ഒരു ജാതി ഈ പ്രദേശത്ത് ഇല്ല എന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ടാണ് ഈ വിഭാഗത്തിനെ ജനറല്‍ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ മലൈപണ്ടാരങ്ങളെ പോലെ പൂപണ്ടാരങ്ങള്‍ എന്നൊരു വിഭാഗം കൂടിയുണ്ട്. അവര്‍ക്കും ഏകദേശം ഇതേ ജീവിതരീതി തന്നെയാണ്. ഇവിടെ താമസിക്കുന്ന പലര്‍ക്കും തങ്ങള്‍ പൂപണ്ടാരമാണോ മലൈപണ്ടാരമാണോ എന്ന് അറിയില്ല. അതാണ് സര്‍ക്കാരിനെയും കുഴക്കുന്നത്. കൃത്യമായ ഒരു ജാതി തിരിച്ചു നല്‍കിയാല്‍ ഇവരുടെ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ കുറെയൊക്കെ പരിഹരിക്കപ്പെടും. ഒരു സംഘത്തെ തമിഴ്‌നാട്ടില്‍ വിട്ട് അന്വേഷിക്കാം എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ‘ ലാല്ഭാഗ് കോളനിയില്‍ മലൈപണ്ടാരങ്ങളുടെ വീടുകളിലേക്ക് നടക്കുന്നതിനിടയില്‍ അംഗനവാടി അധ്യാപിക വത്സല പറഞ്ഞു. 

ടീച്ചര്‍ കാട്ടിതന്ന വീടുകളിലെല്ലാം മൂന്നും നാലും കുടുംബങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നത്. എല്ലാവര്‍ക്കും ഒരേ കാര്യം തന്നെയാണ് പറയാന്‍ ഉള്ളത്, കുട്ടികളുടെ ഭാവി നേരെയാക്കാന്‍ എന്തെങ്കിലും വഴി കണ്ടെത്തണം.


രഞ്ചിത

മുരുകന്റെ മകള്‍ പത്താംക്ലാസ് വിജയി രഞ്ചിതയ്ക്ക് നാല് എ പ്ലസുകള്‍ ഉണ്ട്. കമ്പ്യുട്ടര്‍ കൊമേഴ്‌സ് എടുത്ത് പഠിക്കാനാണ് രഞ്ചിതയ്ക്ക് താത്പര്യം. പത്താം ക്ലാസുവരെ ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടാത്തതുകൊണ്ട് പഠിക്കാന്‍ പറ്റി. ഇനി എങ്ങനെ മകളുടെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകും എന്ന ആധിയിലാണ് മുരുകന്‍. ഏതെങ്കിലും ഒരു ജാതിയില്‍ ഉള്‍പ്പെട്ടു കിട്ടാന്‍ വേണ്ടി മുരുകന്‍ കയറി ഇറങ്ങാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളില്ല. രഞ്ചിതയുടെ വിജയം ഈ കുടുംബത്തിനു നല്‍കിയ സന്തോഷം ചെറുതല്ല. എന്നാല്‍ വരാന്‍ പോകുന്ന വെല്ലുവിളികളെപ്പറ്റി ചിന്തിക്കുമ്പോള്‍ ആ ആഹ്ളാദം നിശബ്ദമാക്കപ്പെടും. രഞ്ചിതയുടെ വീടിനു മുന്നിലെത്തിയപ്പോള്‍ കതകിനു മറവില്‍ അവളുടെ ചേച്ചി വന്നു നിന്നു. രഞ്ചിതയെക്കാള്‍ മൂന്നോ നാലോ വയസിനു മൂത്തതാണ്. ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിന്റെ പേരില്‍ പത്താം ക്ലാസ് കഴിഞ്ഞു പഠനം ഉപേക്ഷിക്കേണ്ടി വന്നു. തന്റെ മൂത്ത മകളുടെ ഗതി ഇളയമകള്‍ക്ക് വരാതിരിക്കാനാണ് മുരുകന്‍ ഇപ്പോള്‍ അലയുന്നത്. 

കേരളത്തിലെ മുഴുവന്‍ മലൈപണ്ടാരങ്ങളുടെ അവസ്ഥ ഇങ്ങനല്ല എന്നാണ് വത്സല ടീച്ചര്‍ പറയുന്നത്. ചിലയിടങ്ങളിലൊക്കെ അവരെ കേരളത്തിലെ മലൈപണ്ടാരം ജാതിയില്‍ ഉള്‍പ്പടുത്തിയിട്ടുണ്ട്. എന്നാല്‍ തോന്നയ്ക്കല്‍ പ്രദേശത്ത് താമസിക്കുന്നവര്‍ ശരിയായ മലൈപണ്ടാരങ്ങള്‍ അല്ല എന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണ്ടെത്തല്‍. അവര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നു തമിഴ്‌നാട്ടിലേക്ക് തന്നെ മടങ്ങി പോകുന്ന നാടോടികള്‍ ആണത്രേ!

ഇവരേതു ജാതിയാണെന്നു സര്‍ക്കാരിന് ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും അവര്‍ക്കെല്ലാം എപിഎല്‍ റേഷന്‍ കാര്‍ഡ് കൊടുക്കുന്ന കാര്യത്തില്‍ സംശയം തോന്നിയില്ല. ഇവിടെ താമസിക്കുന്നവരില്‍ പലരും സര്‍ക്കാരിന്റെ നോട്ടത്തില്‍ ദാരിദ്രരേഖയ്ക്ക് മുകളിലുള്ളവരാണ്. റേഷനരി വാങ്ങിക്കാനുള്ള അവകാശം പോലും സര്‍ക്കാര്‍ ഈ പാവങ്ങള്‍ക്ക് നിഷേധിച്ചിരിക്കുകയാണെന്നു ചുരുക്കം. 

സമുദായത്തിലെ ആരെങ്കിലും മരിച്ചുകഴിഞ്ഞാല്‍ ഇരുത്തി അടക്കുന്ന രീതിയാണ് ഇവരുടെ ആചാരം. സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ മരണപ്പെടുന്നവര്‍ക്ക് സമുദായം കല്‍പ്പിച്ചിട്ടുള്ള അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും കഴിയില്ല.

ഒരു സമൂഹം ജാതിയെ ബഹിഷ്‌കരിക്കാന്‍ പഠിക്കുമ്പോള്‍ ഇവിടെ ചിലര്‍ ജാതിക്കു വേണ്ടി കെഞ്ചുകയാണ്‌, നിലനില്‍പ്പിനു വേണ്ടി.

തിരകെ നടക്കുമ്പോള്‍ വത്സല ടീച്ചര്‍ ഒരു വൃദ്ധയെ കാട്ടിത്തന്നു; ‘ഇസൈക്കി അമ്മാള്‍. ഇവിടുത്തെ ഏറ്റവും പ്രായം കൂടിയ മലൈപണ്ടാരം. ഊരുചുറ്റലാണ് തൊഴില്‍. ഊരുചുറ്റലെന്നു പറഞ്ഞാല്‍ തെണ്ടല്‍. അവര്‍ മാത്രമാണ് ഇവിടെ നിന്ന് തമിഴ്‌നാട്ടില്‍ പോയിട്ടുള്ളത്. ഇസൈക്കിയമ്മാള്‍ കൂടി മരിച്ചാല്‍ ഇവരുടെ ചരിത്രം പറയാന്‍ ഇനിയാരുമില്ല.’

ഇസൈക്കിയമ്മ നിലത്തിരുന്നു പാടുകയാണ്
‘അന്ത കണ്ണകിയമ്മ കോപപ്പെട്ടു സുട്ടിട്ടാരെ….
മാമധുരൈ മൊത്തം സാമ്പലായിട്ടാരേ
എങ്കളോടി മലൈപക്കം വന്തിട്ടാരെ
കാപ്പാത്തുങ്കോ,കാവല്‍താങ്കോ മലയിന്‍ കടവുളേ
ഇന്ത മലയിന്‍ കടവുളേ…’

ചിത്രങ്ങള്‍: പ്രണവ് വി പി

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു എസ് വിജയന്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍