UPDATES

വിദേശം

സമാധാനത്തിനുള്ള നൊബേല്‍ ഇന്ത്യാക്കാരനും പാക്കിസ്ഥാനിക്കും നല്‍കിയതിലെ സൂചനകള്‍

Avatar

ടീം അഴിമുഖം

സ്ത്രീ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയതിന് താലിബാന്‍ തീവ്രവാദികളുടെ വെടിയുണ്ടകള്‍ നേരിടേണ്ടി വന്ന ഒരു പതിനേഴുകാരി ഈ വെള്ളിയാഴ്ച ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ പുരസ്‌കാര ജേതാവായിരിക്കുകയാണ്. ബാലവേലയില്ലാതാക്കാന്‍ പരിശ്രമിക്കുന്ന ഒരു ഇന്ത്യക്കാരനൊപ്പമാണ് അവള്‍ ഈ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്. ആ പെണ്‍കുട്ടി മലാല യൂസഫ് ആണ്. ആഗോള സ്ത്രീവക്താവായി മാറിക്കൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി സംസാരിക്കുന്നവള്‍. തനിക്കു നേരിടേണ്ടിവന്ന ദുരന്തത്തില്‍ നിന്ന് മോചിതയായാണ് അവളുടെ പരിശ്രമങ്ങള്‍. നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് അവള്‍ക്ക് പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍വെച്ച് വെടിയേറ്റതിന്റെ രണ്ടാം വാര്‍ഷികമായിരുന്നു. മലാലയ്‌ക്കൊപ്പം നൊബേല്‍ പുരസ്‌കാരം പങ്കിട്ട 60 കാരനായ കൈലാഷ് സത്യാര്‍ത്ഥി കുട്ടികളെ അടിമകളെപ്പോലെ കണക്കാക്കി നരകിപ്പിക്കുന്നവര്‍ക്കെതിരെ കുരിശുയുദ്ധം നടത്തുന്ന വ്യക്തിയാണ്. തന്റെ ദീര്‍ഘകാല പോരാട്ടത്തിനിടയില്‍ പതിനായിരക്കണക്കിന് കുട്ടികളെയാണ് കൈലാഷ് രക്ഷപ്പെടുത്തിയത്.

“കുട്ടികള്‍ക്കും യുവാക്കള്‍ക്കും എതിരെ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കുവേണ്ടിയും” നടത്തുന്ന പോരാട്ടങ്ങളുടെ പേരില്‍ നൊബേല്‍ കമ്മിറ്റി ഇരുവരയേും അഭിനന്ദിച്ചു.

കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന രണ്ടുപേര്‍, അതില്‍ ഒരാള്‍ ഇന്ത്യാക്കാരനും മറ്റയാള്‍ പാക്കിസ്ഥാനിയും, ഇത്തരത്തിലുള്ള രണ്ടുപേര്‍ക്ക് പുരസ്‌കാരം നല്‍കുക വഴി നൊബേല്‍ കമ്മിറ്റി മുന്നോട്ട് വയ്ക്കുന്ന ഒരു സന്ദേശമുണ്ട്. അത് കുട്ടികളുടെ അവകാശങ്ങളെ സംബന്ധിക്കുന്നതു മാത്രമല്ല, ഉപഭൂഖണ്ഡത്തിലെ സമാധാന പ്രതീക്ഷകളെക്കുറിച്ചും ഉള്ളതാണ്. “ഈയടുത്ത ദിവസങ്ങളില്‍ ഭൂതകാലത്തെ ഓര്‍മ്മിപ്പിക്കും വിധം ഇരു രാജ്യങ്ങളും അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ പരസ്പരം വെടിയുതിര്‍ത്തുകൊണ്ടിരിക്കുകയാണ്. ഒരു ഹിന്ദുവിനും ഒരു ഇസ്ലാമിനും, ഒരു പാക്കിസ്ഥാനിക്കും ഒരു ഭാരതീയനും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം സമ്മാനിക്കുക വഴി ഞങ്ങള്‍ക്കെന്താണ് പറയാനുള്ളത്, അത് ചെയ്തിരിക്കുകയാണ്. ഞങ്ങള്‍ക്കുറപ്പുണ്ട്; ഇതൊരു ശക്തമായ സൂചന തന്നെയാണ്”-നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി പ്രസിഡന്റ് തോര്‍ബ്‌ജോണ്‍ ജഗ്‌ലന്‍ഡ് പുരസ്‌കാര പ്രഖ്യാപനത്തോടുനുബന്ധിച്ച് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഈ പുരസ്‌കാര ജേതാക്കളില്‍ മലാല യൂസഫ്‌ സായ് ആഗോളതലത്തില്‍ അറിയപ്പെടുന്ന പെണ്‍കുട്ടിയാണ്. സ്വതന്ത്ര പാക്കിസ്ഥാനില്‍ ജനിച്ച ആദ്യത്തെ നൊബേല്‍ സമ്മാന ജേതാവും മലാലയാണ്. സഹപാഠികളോടൊത്ത് സ്‌കൂളിലേക്കുള്ള ബസ് യാത്രയ്ക്കിടയിലാണ് താലിബാന്‍ തീവ്രവാദികള്‍ മലാലയെ വധിക്കാന്‍ ശ്രമിക്കുന്നത്. ഈ ആക്രമണത്തില്‍ സംഭവിച്ച ഗുരുതരമായ പരിക്കില്‍ നിന്ന് മോചിതയായ മലാല പിന്നീട് താലിബാന്‍ ആക്രമണത്തിന്റെ ആഗോള പ്രതീകമായി മാറി. ഇത്തരമൊരു ആക്രമണം നടക്കുന്നതിന് മുമ്പേ തന്നെ മലാല പാക്കിസ്ഥാനില്‍ ചര്‍ച്ചാവിഷയമായിരുന്നു. സ്ത്രീകളുടടെ വിദ്യാഭ്യാസം നിഷേധിക്കുന്ന മൗലീകവാദികളായ ഇസ്ലാമിക് ഗ്രൂപ്പുകളെ തുറന്നെതിര്‍ക്കുക വഴിയായിരുന്നു മലാല മാതൃരാജ്യത്ത് ശ്രദ്ധിക്കപ്പെടുന്നത്. കൊലപാതക ശ്രമത്തില്‍ നിന്ന് മോചിതയായശേഷവും മലാലയ്‌ക്കെതിരെ താലിബാന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. എങ്കിലും ആ ഭീഷണികള്‍ വകവയ്ക്കാതെ തന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്ന മലാല പ്രചുര പ്രാചാരം നേടിയ ഒരു പുസ്തകം രചിക്കുകയും ഐക്യരാഷ്ട്ര സഭ പോലുള്ള അന്താരാഷ്ട്ര വേദികളില്‍ തന്റെ ലക്ഷ്യങ്ങള്‍ വിവരിക്കുകയും ചെയ്തു.

“അവര്‍ വിചാരിച്ചത് വെടിയുണ്ടകള്‍കൊണ്ട് ഞങ്ങളെ നിശബ്ദരാക്കാമെന്നാണ്, അവര്‍ പരാജയപ്പെട്ടിരിക്കുന്നു. ആ നിശബ്ദതയ്ക്കു പകരം ആയിരക്കണക്കിന് നാവുകളുടെ ശബ്ദമാണ് ഇപ്പോള്‍ മുഴങ്ങുന്നത്”- യു എന്നില്‍ നടത്തിയ പ്രസംഗത്തില്‍  മലാല പറഞ്ഞു.

മലാലയുടെ ഈ പ്രവര്‍ത്തികള്‍ അവളുടെ മാതൃരാജ്യത്തിലെ പലരേയും രോഷാകുലരാക്കുന്നുണ്ട്. ഇപ്പോള്‍ കിട്ടിയ ഈ ഉന്നത പുരസ്‌കാരം പോലും താലിബാന്‍റെ ശത്രുത വര്‍ദ്ധിപ്പിക്കുമെന്നും അടുത്ത കലാപങ്ങള്‍ക്കായി അവര്‍ തയ്യാറെടുക്കുമെന്നും പലരും ഭയപ്പെടുന്നു. ആക്രമണത്തില്‍ നിന്ന് മോചിതയായ നാള്‍തൊട്ട് ബ്രിട്ടനില്‍ പ്രവാസ ജീവിതം നയിക്കുകയാണ് മലാലയും കുടുംബവും. എന്നിരിക്കിലും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പുരസ്‌കാരലബ്ധിയറിഞ്ഞശേഷം മലാലയെ വിശേഷിപ്പിച്ചത് പാക്കിസ്ഥാന്റെ അഭിമാനമെന്നാണ്.

“അവള്‍ തന്റെ ജനങ്ങള്‍ക്ക് അഭിമാനകരമായ നേട്ടം സമ്മാനിച്ചിരിക്കുന്നു. അവളുടെ നേട്ടം അതുല്യവും അനുപമവുമാണ്. ലോകത്തിലെ എല്ലാ കുട്ടികള്‍ക്കും അവളുടെ പോരാട്ടങ്ങളും ഉത്തരവാദിത്വങ്ങളും തങ്ങളുടെ മാതൃകയായി കണ്ട് പിന്തുടരാവുന്നതാണ്”- നവാസ് ഷെരിഫ് മലാലയെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.

മലാലയെക്കാള്‍ ആഗോള പ്രശസ്തി കുറവാണ് കൈലാഷ് സത്യാര്‍ത്ഥിക്ക്. പക്ഷേ ഇന്ത്യയില്‍ കൈലാഷിന്റെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍സ്വീകാര്യതയാണുള്ളത്. കൈലാഷിനെ ജേതാവായി പ്രഖ്യാപിച്ചുകൊണ്ട് ജഗ്‌ലന്‍ഡ് വിശേഷിപ്പിച്ചത് “ഗാന്ധിയുടെ പാരമ്പര്യം പിന്തുടരുന്ന വ്യക്തി”യെന്നാണ്. “വിവിധ മാര്‍ഗ്ഗങ്ങളിലൂടെ കുട്ടികളെ സാമ്പത്തിക നേട്ടത്തിനായി ചൂഷണത്തിന് വിധേയമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അദ്ദേഹം അഹിംസയിലധിഠിതമായ പോരാട്ടം നടത്തുന്നതായും” ജഗ്‌ലന്‍ഡ് വിലയിരുത്തി.

“ലോകത്ത് ഇന്ന് 168 മില്യണ്‍ ബാലവേലക്കാര്‍ ഉള്ളതായാണ് കണക്ക്. എന്നാല്‍ 2000ത്തിലെ കണക്കില്‍ നിന്ന് 78 മില്യണ്‍ കുറഞ്ഞിരിക്കുന്നു”-ജഗ്‌ലന്‍ഡ് ചൂണ്ടിക്കാണിക്കുന്നു.

രണ്ട് ദശാബ്ദത്തോളമായി സത്യാര്‍ത്ഥി തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട്. ഇതിനിടയില്‍ പതിനായിരക്കണക്കിന് കുട്ടികളെയാണ് അദ്ദേഹം ദുസ്സഹമായ തൊഴില്‍ സാഹചര്യങ്ങളില്‍ നിന്ന് മോചിപ്പിച്ചിട്ടുള്ളത്. കാര്‍പ്പറ്റ് വ്യവസായങ്ങളിലും സര്‍ക്കസ് കമ്പനികളുമെല്ലാം പണിയെടുത്തിരുന്ന കുട്ടികളെയടക്കം സത്യാര്‍ത്ഥി സ്വതന്ത്രരാക്കി. ഇതിന്റെ പേരില്‍ തിരിച്ചടികളും സത്യാര്‍ത്ഥിക്ക് ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവനുനേരെ ഭീഷണികളുയര്‍ന്നു. 1994ല്‍ ന്യൂഡല്‍ഹിയിലുള്ള അദ്ദേഹത്തിന്റെ ഓഫിസ് അഗ്നിക്കിരയാക്കി.

“എന്റെ ബാല്യം തൊട്ട് ബാലവേലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്റെ സ്‌കൂള്‍ ജീവിതത്തിന്റെ ആദ്യ ദിവസം,ഞാന്‍ കാണുന്നൊരു കാഴ്ചയുണ്ട്. ഒരു കുട്ടി, അവനെന്റെ സഹപാഠിയുമാണ്, ഞങ്ങളുടെ ക്ലാസിന്റെ വെളിയില്‍ ഇരിക്കുകയാണ്. കൂടെ അവന്റെ അച്ഛനുമുണ്ട്. അവര്‍ ചെരുപ്പുകുത്തികളാണ്. അന്നാണ് രണ്ട് കുട്ടികളുടെ ജീവിതങ്ങള്‍ തമ്മിലുള്ള അന്തരം എന്താണെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ഞാനെന്റെ ടീച്ചറിനോട് ചോദിച്ചു- ഞങ്ങളെല്ലാവാരും ഈ ക്ലാസ് മുറിയില്‍ ഇരിക്കുമ്പോള്‍ അവന്‍ മാത്രമെന്താണ് പുറത്തിരിക്കുന്നതും പണിയെടുക്കുന്നതും?”- ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയൊരു അഭിമുഖത്തില്‍ കൈലാഷ് സത്യാര്‍ത്ഥി പറഞ്ഞ കാര്യങ്ങളാണിത്.

“ബാലാവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളെ തിരിച്ചറിഞ്ഞുവെന്നുള്ളതാണ് ഈ പുരസ്‌കാരലബ്ധിയിലൂടെ തന്നെ സന്തോഷിപ്പിക്കുന്ന കാര്യമെന്ന്” സത്യാര്‍ത്ഥി പറഞ്ഞു. “ഈ ആധുനിക യുഗത്തിലും അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ലക്ഷക്കണക്കിന് കുട്ടികളെ തിരിച്ചറിയാന്‍ ശ്രമിച്ച” അവാര്‍ഡ് കമ്മിറ്റിയോട് സത്യാര്‍ത്ഥി നന്ദിയും രേഖപ്പെടുത്തി.

ബെസ്റ്റ് ഓഫ് അഴിമുഖം 

എന്തുകൊണ്ട് മലാലയുടെ അച്ഛന്‍ നോബല്‍ പട്ടികയില്‍ ഇടംപിടിച്ചില്ല?
മുഹമ്മദ് മൊര്‍സി നെല്‍സന്‍ മണ്ടേലയാവുന്നതെങ്ങനെ?
ബര്‍മയുടെ ഉടഞ്ഞ വിഗ്രഹം
ഭീതിയുടെ മുള്‍മുനയില്‍ കറാച്ചി
ഞങ്ങള്‍ അരക്ഷിതരും ആകുലരുമാണ്

പ്രക്ഷുബ്ദമായൊരു കാലത്താണ് മലാലയും സത്യാര്‍ത്ഥിയും അംഗീകരിക്കപ്പെടുന്നത്. ലോകത്ത് പുതിയ കലഹങ്ങള്‍ ഉടലെടുക്കുകയും പഴയവ കൂടുതല്‍ വലുതാവുകയുമാണ്. കിഴക്കന്‍ യുക്രൈനും റഷ്യയ്ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിക്കുകയാണ്. കഷ്ണങ്ങളാക്കപ്പെട്ട ഒരു രാജ്യത്തിന്റെ പേരില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ ഇതിനകം 3,500 ഓളം പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ശീതയുദ്ധത്തിന്റെ പുതിയഘട്ടം തുടങ്ങുകയാണോയെന്ന് പടിഞ്ഞാറ് ഭയപ്പെടുന്നു.

ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ അവരുടെതായ ഒരു രാഷ്ട്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. ബ്രിട്ടനേക്കാള്‍ വലുതാണ് ആ രാഷ്ട്രം. അവര്‍ ഗോത്രങ്ങളെയും മതന്യൂനപക്ഷങ്ങളെ മൃഗീയമായി വേട്ടയാടുന്നു. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെയും ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകരുടെയും തലവെട്ടുന്നു.

സിറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ നിലവിലെ കണക്ക് മുന്‍വര്‍ഷങ്ങളില്‍ അവിടെ ഉണ്ടായ മരണനിരക്കിനെക്കാള്‍ ഇരട്ടിയാണ്. പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിന്റെ സൈന്യവും വിമതരും തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ സാധാരണക്കാര്‍ക്ക് നേരിടേണ്ടി വരുന്ന ദുരിതം അതിക്രൂരമാണ്.

കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും സംഘടനകള്‍ക്കായിരുന്നു സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നത്. ഇത്തവണയാണ് രണ്ടു വ്യക്തികള്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരാവുന്നത്. കഴിഞ്ഞ തവണ സിറിയയിലെ രാസായുധ നിര്‍മാര്‍ജ്ജനത്തില്‍ പങ്കുവഹിച്ച ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് എന്ന സംഘടനയ്ക്കായിരുന്നു പുരസ്‌കാരം. 2012 ല്‍ യൂറോപ്യന്‍ യൂണിയനായിരുന്നു സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. യൂറോപ്പിനെ യുദ്ധത്തിന്റെ വന്‍കരയില്‍ നിന്ന് സമാധാനത്തിന്റെ വന്‍കരയിലേക്ക് മാറ്റുന്നതില്‍ വഹിച്ച സേവനം മുന്‍നിര്‍ത്തിയായിരുന്നു യൂറോപ്യന്‍ യൂണിയന്‍ പുരസ്‌കാരത്തിന് അര്‍ഹരായത്.

പ്രസിഡന്റ് പദത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുന്നേ തന്നെ 2009 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഈ പുരസ്‌കാരത്തിന് അര്‍ഹനായിത്തീര്‍ന്നിരുന്നു.

1901 മുതല്‍ നല്‍കപ്പെട്ടുവരുന്ന ഈ പുരസ്‌കാരം പതക്കവും 1.24 മില്യണ്‍ ഡോളറും അടങ്ങിയതാണ്. നൊബേല്‍ പുരസ്‌കാരങ്ങളില്‍, ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സാമ്പത്തികശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ മേഖലകളിലെ ജേതാക്കളെ തിരഞ്ഞെടുക്കുന്നത് സ്വീഡനിലെ വിദഗ്ദ സമിതിയും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാക്കളെ നോര്‍വീജിയന്‍ പാര്‍ലമെന്റ് നിയോഗിക്കുന്ന പ്രത്യേക സമിതിയുമാണ്.

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരദാന ചടങ്ങ് ഡിസംബര്‍ 10നു ഓസ്‌ലോ സിറ്റി ഹാളില്‍ നടക്കും. ആല്‍ഫ്രെഡ് നൊബേലിന്റെ ചരമ വാര്‍ഷിക ദിനമാണ് അന്ന്. “രാജ്യങ്ങള്‍ക്കിടയില്‍ സാഹോദര്യം നിലനിര്‍ത്താനായി മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവരെയും ലോകത്ത് സമാധാനം നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനും പ്രയത്‌നിക്കുന്നവരെയും സൈനിക സാന്നിധ്യം കുറയ്ക്കാന്‍ യത്‌നിക്കുന്നവരെയുമെല്ലാം” വര്‍ഷം തോറും കണ്ടെത്തി, അവര്‍ക്ക് തന്റെ സമ്പാദ്യത്തില്‍ നിന്ന് പുരസ്കാരംനല്‍കണമെന്നാണ് ആല്‍ഫ്രഡ് നൊബേല്‍ തന്റെ വില്‍പത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍