UPDATES

വിദേശം

താലിബാന്‌ ഇന്നും മലാലയെ കൊന്നേ തീരൂ

Avatar

കമ്രാന്‍ ഹൈദര്‍
(ബ്ലൂംബര്‍ഗ്)

മലാല യൂസഫ്‌ സായി നൊബേൽ സമാധാന പുരസ്കാരത്തിന് അര്‍ഹയായതോടുകൂടി രണ്ട്‌ പോലീസുകാർ  AK-47 നുമായി പാകിസ്ഥാനിലെ മലാലയുടെ അമ്മാവന്റെ വീടിനു മുന്നിലുള്ള ഇടവഴിക്കു പുറത്ത്‌ കാവല്‍ നില്‍ക്കാന്‍ തുടങ്ങി. 

പതിനേഴുകാരിയായ മലാല അവാര്‍ഡ്‌ കിട്ടിയത്‌ ആഘോഷിച്ചത്‌ പാകിസ്ഥാനിൽ നിന്നും 5000 മൈൽ  (8000 കിലോമീറ്റർ) അകലെ ബ്രിട്ടനിലാണ്‌. രണ്ട്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ സ്കൂളിൽ പോകുന്ന വഴിയിൽ താലിബാന്റെ വെടി മുഖത്തേറ്റതിനുശേഷം മലാല താമസിക്കുന്നത്‌ ബ്രിട്ടനിലാണ്‌. അവളുടെ അമ്മാവൻ മഹ്മൂദി ഹസൻ വെളിപ്പെടുത്തിയത് ഇനിയൊരു മൂന്നു വര്‍ഷം കൂടിയെങ്കിലും മലാല പാകിസ്ഥാനിൽ നിന്നും ദൂരെ കഴിയാൻ ഉദ്ദേശിക്കുന്നു എന്നാണ്‌.

“സുരക്ഷാ സംവിധാനമൊക്കെ നന്നായിരിക്കുന്നു, പക്ഷേ, അള്ളാഹുവിനറിയാം കാര്യങ്ങള്‍ കൂടുതൽ നന്നായി” പാകിസ്ഥാനിലെ മിംഗോര പട്ടണത്തിലെ വീട്ടിലിരുന്ന് അദ്ദേഹം പറയുന്നു. സ്വാത്‌ നദിയുടെ വടക്കുപടിഞ്ഞാറൻ താഴ്വരനഗരമായ മിംഗോരയിൽ അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പേ പാകിസ്ഥാൻ-താലിബാൻ പടയാളികൾ ചുരുങ്ങിയ തോതിലുള്ള അധികാരനിയന്ത്രണം നടത്തിയിരുന്നു. “അവളുടെ ജീവന്‍ കൊണ്ട് കളിക്കാന്‍ ഞങ്ങള്‍ക്കാവില്ല.”

താലിബാൻ പോരാളികളുമായുള്ള പാകിസ്ഥാന്റെ യുദ്ധം അടുത്തകാലത്തെങ്ങും അവസാനിക്കാൻ പോകുന്നില്ല. ഇക്കഴിഞ്ഞ ജൂണിൽ പട്ടാളം അഫ്ഗാൻ അതിര്‍ത്തിയിൽ നടത്തിയ കടന്നാക്രമണത്തിന്‌ മിംഗോരയിലെ ജനങ്ങളുടെ ഭയമകറ്റാൻ വേണ്ടി ഒന്നും ചെയ്യാനായില്ല. കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യാക്കാരനായ കൈലാഷ്‌ സത്യാര്‍ഥിക്കൊപ്പം പുരസ്കാരം പങ്കിട്ട മലാലയെ അനുമോദിച്ചുകൊണ്ട്‌ രണ്ട്‌ ദിവസങ്ങള്‍ക്കുമുന്‍പ്‌ അവിടെ നടന്ന റാലിക്ക്‌ വളരെക്കുറച്ച്‌ ജനങ്ങളെ ആകര്‍ഷിക്കാനേ ആയുള്ളൂ.

“ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങൾ ഇന്നും നടന്നുകൊണ്ടിരിക്കുന്നു,” ആ റാലിക്കു നേതൃത്വം നല്‍കിയ സ്വകാര്യ സ്കൂൾ പ്രിന്‍സിപ്പാളായ അഹമ്മദ്‌ ഷാ ഒരു അഭിമുഖത്തിൽ പറഞ്ഞു. “ഗോത്രസഭാംഗങ്ങൾ, രാഷ്ട്രീയക്കാർ, അഭിപ്രായൈക്യം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ തുടങ്ങി നിരവധി പേരെ നിരന്തം വെടിവച്ചുകൊല്ലുന്നു. ഇങ്ങനൊരു ചുറ്റുപാടിൽ ആളുകളെങ്ങനെ തെരുവിലേക്കിറങ്ങും?” അഞ്ചു വര്‍ഷങ്ങൾക്ക്  മുന്‍പാണ്‌ താലിബാൻ ഗറില്ലകൾ സ്വാത്തിലെ പ്രകൃതിരമണീയമായ പര്‍വതങ്ങളും നദികളും തടാകങ്ങളുമെല്ലാം നുഴഞ്ഞുകയറി കയ്യടക്കിയതും അവരുടെ രീതിയിൽ വളച്ചൊടിച്ച ഇസ്ളാം മതനിയമങ്ങളെ ജനങ്ങളുടെ മേൽ അടിച്ചേല്‍പ്പിക്കാൻ തുടങ്ങിയതും. അവർ പെണ്‍കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിച്ചു. തലസ്ഥാനമായ ഇസ്ളാമബാദിൽ നിന്നും 155 മൈൽ അകലെയുള്ള ഈ വനനിബിഡമായ താഴ്‌വാരങ്ങളിലെ 2 ദശലക്ഷത്തോളംപേരെ ഭവനരഹിതരാക്കിക്കൊണ്ട്‌ അവർ നടത്തിയ യുദ്ധത്തിൽ പ്രാദേശിക ഉദ്യോഗസ്ഥന്‍മാരുടെ തലവെട്ടുകയും സ്കൂളുകൾ തീയിട്ടു നശിപ്പിക്കുകയും ചെയ്തു.

ബെസ്റ്റ് ഓഫ് അഴിമുഖം 

സമാധാനത്തിനുള്ള നൊബേല്‍ ഇന്ത്യാക്കാരനും പാക്കിസ്ഥാനിക്കും നല്‍കിയതിലെ സൂചനകള്‍
എന്തുകൊണ്ട് മലാലയുടെ അച്ഛന്‍ നോബല്‍ പട്ടികയില്‍ ഇടംപിടിച്ചില്ല?
വഖാന്‍ : അഫ്ഘാനിസ്ഥാനില്‍ ഇങ്ങനെയും ഒരു സ്ഥലമുണ്ട്
അഫ്ഗാന്‍കാരുടെ കൂട്ടപ്പിറന്നാള്‍ദിനം
അഫ്ഗാന്‍ കുഞ്ഞുങ്ങളുടെ ചുടലപ്പറമ്പോ?

2009 മേയ്‌ മാസത്തിൽ ആരംഭിച്ച്‌, പത്താഴ്ച  നീണ്ടുനിന്ന ഒരു പട്ടാള ആക്രമണത്തിലൂടെ താലിബാന്‍ ഭരണം അവസാനിപ്പിക്കാൻ ആയെങ്കിലും അവരുടെ തിരിച്ചടികൾ ഇപ്പോഴും സാധാരണമാണ്‌. പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിൽ തുല്യാവകാശം നല്‍കണം എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട്‌ മലാല നടത്തിയ ആശയപ്രചരണത്തിനുള്ള തിരിച്ചടിയായിട്ടാണ്‌ 2012  ഒക്ടോബറിൽ സ്കൂളിലേക്കുള്ള യാത്രാ മദ്ധ്യേ മലാലയെ താലിബാൻ ആക്രമിച്ചത്‌. വെടിയുണ്ട അവളുടെ ഇടംകണ്ണിന്റെ തൊട്ടു മുകളിലൂടെ അവളുടെ തലച്ചോർ തകര്‍ത്തു കടന്നു പോയി.

അവൾ അടിയന്തിര ചികിത്സയ്ക്കായി ഇംഗ്ളണ്ടിലേക്കു പറക്കുകയും പിന്നീട്‌ ബര്‍മിംഗ്ഹാമിൽ തന്നെ വിദ്യാഭ്യാസം തുടരുകയും ചെയ്തു. നിരക്ഷരതക്കും ദാരിദ്ര്യത്തിനും തീവ്രവാദത്തിനും എതിരെയുള്ള മലാലയുടെ പോരാട്ടം ആഗോള പ്രശസ്തി നേടിക്കൊടുത്തുവെങ്കിലും പാകിസ്താനിൽ കടുത്ത എതിര്‍പ്പ്‌ വളര്‍ന്നു വന്നു. വിമര്‍ശകരുടെ അഭിപ്രായത്തിൽ അമേരിക്കയും മറ്റ്‌ പാശ്ചാത്യരാജ്യങ്ങളും മലാലയെ പാകിസ്ഥാന്റെ പ്രാദേശികസംസ്കാരത്തിന്‌ അവമതിയുണ്ടാക്കാനായി ഉപയോഗിക്കുകയാണ്‌.

സമാധാന പുരസ്കാരലബ്ധിക്കു ശേഷം ആ ചിന്തകള്‍ കൂടുതൽ പ്രകടമായി. മതാധിഷ്ടിതമായ ജമാഅത്‌-എ-ഇസ്ളാമി പാര്‍ട്ടിയുടെ വക്താവ്‌ അമീറുൾ അസീമിന്റെ ചോദ്യം, തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ആക്രമണങ്ങള്‍ക്കിടയിലും സ്കൂളുകളിൽ പോകുന്ന പലസ്തീൻ കുട്ടികൾ എത്രയോ ഉണ്ടായിട്ടും ഈ സമ്മാനമെങ്ങനെ മലാലയ്ക്ക്‌ കിട്ടി എന്നാണ്‌.

“തങ്ങളുടെ ഉത്സാഹം പ്രകടമാക്കിയിട്ടുള്ള ധാരാളം പെണ്‍കുട്ടികളുണ്ട്‌, പക്ഷെ, എന്തു കൊണ്ട്‌ മലാലയെ തെരെഞ്ഞെടുത്തു?” പെഷവാറിലെ സര്‍ഹദ്‌ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി അലി റാസാ യൂസഫ്‌ സായി ചോദിക്കുന്നു. പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറെ പ്രവിശ്യയിലെ പ്രധാന നഗരങ്ങളിലൊന്നായ പെഷവാറിലെ പ്രദേശവാസികൾ താലിബാൻ പോരാളികളുടെ പഷ്ടൂണ്‍ ഗോത്രാചാരങ്ങൾ പിന്തുടരുന്നവരാണ്‌. പെഷവാറിൽ നിന്നും മിംഗോറയിലെ സ്വന്തം മാതാപിതാക്കളെ കാണാനെത്തിയതായിരുന്നു അലി റാസ യൂസഫ്‌ സായി. ഇയാള്‍ക്ക്‌ മലാല യൂസഫ്‌ സായിയുമായി ബന്ധമൊന്നുമില്ല. “എന്തു അസാധാരണകാര്യമാണ് അവൾ ചെയ്തത്‌?” അയാൾ ചോദിക്കുന്നു.

“ഏറ്റവും അപകടകരമായ സാഹചര്യത്തിലാ”ണ്‌ മലാല പെണ്‍കുട്ടികളുടെ പഠനാവകാശത്തിനായി പൊരുതിയതെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി. ചെറുപ്പക്കാര്‍ക്ക്‌ സ്വയം ഒരു ഉദാഹരണമായി മറ്റുള്ളവരെ നയിക്കാൻ കഴിയും എന്നതിന്റെ ദൃഷ്ടാന്തവുമാണ്‌ മലാലയെന്നും കമ്മിറ്റി പറഞ്ഞു.

താലിബാൻ പെണ്‍കുട്ടികളെ സ്കൂളിൽ പോകുന്നതിൽ നിന്നും വിലക്കിയപ്പോൾ പിന്നെ മലാലയുടെ മുന്നിൽ രണ്ട്‌ വഴികളേ ഉണ്ടായിരുന്നുള്ളൂ. മലാല പറഞ്ഞു: നിശബ്ദയായി ഇരിക്കുക, കൊല്ലപ്പെടുക അല്ലെങ്കിൽ സംസാരിക്കുക, കൊല്ലപ്പെടുക. ഒരു ഡോക്ടർ ആവണമെന്നുള്ള അവളുടെ ആഗ്രഹം മാഞ്ഞു പോകുന്നതായി അവള്‍ക്ക്‌ തോന്നി.

“സ്കൂളിൽ പോകാതെ, ഞാനാഗ്രഹിച്ചതൊന്നുമാകാതെ, വെറും പതിമൂന്നോ പതിനാലോ വയസ്സിൽ വിവാഹം കഴിയാൻ പോകുകയായിരുന്നു എന്റെ ജീവിതം”, ഒക്ടോബർ പത്തിന്‌ ബര്‍മിങ്ങ്ഹാമിൽ തന്നെവന്നുകണ്ട റിപ്പോര്‍ട്ടര്‍മാരോട്‌ മലാല പറഞ്ഞു. “അതുകൊണ്ട്‌ ഞാൻ സംസാരിക്കാൻ തന്നെ നിശ്ചയിച്ചു.”

 “ഓരോ കുട്ടിയും സ്കൂളിൽ പോകണം എന്ന ആശയപ്രചാരണത്തിന്റെ തുടക്കം മാത്രമാണി”തെന്ന് മലാല പറയുന്നു. ഒരു നാൾ താൻ “നല്ലൊരു രാഷ്ട്രീയക്കാരി”യാവുമെന്നും മലാല കൂട്ടിച്ചേര്‍ത്തു.

‘ഞാൻ മലാല’ എന്ന പേരിൽ കഴിഞ്ഞ വര്‍ഷം മലാലയുടെ ആത്മകഥ പ്രസിദ്ധപ്പെടുത്തിയിരുന്നു. ആ പുസ്തകം മലാല സമര്‍പ്പിച്ചിരിക്കുന്നത്‌  “അനീതി അഭിമുഖീകരിക്കുകയും നിശബ്ദരാക്കപ്പെടുകയും ചെയ്ത എല്ലാ പെണ്‍കുട്ടികള്‍ക്കു”മായാണ്‌.

“കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മറ്റനവധി സ്ഥലങ്ങൾ കാണാനെനിക്കവസരമുണ്ടായി, പക്ഷെ, ഈ ലോകത്തെ ഏറ്റവും സുന്ദരമായ സ്ഥലം എന്റെ താഴ്‌വാരം തന്നെ.” തന്റെ പുസ്തകത്തിൽ മലാല തന്റെ മാതൃഭൂമിയെപ്പറ്റി കുറിച്ചിരിക്കുന്നു. “എനിക്കറിയില്ല, എനിക്കതിനി എന്നു കാണാനാവുമെന്ന്‌, പക്ഷെ, ഞാൻ തീര്‍ച്ചയായും കാണും.”

പാകിസ്ഥാനിലാകമാനമായി വ്യാപിച്ചു കിടക്കുന്ന 1,52,000 സ്വകാര്യ സ്കൂളുകളുടെ സംഘടനയായ ലാഹോറിലെ ‘ആൾ പാകിസ്ഥാൻ പ്രൈവറ്റ്‌ സ്കൂള്‍സ്‌ ഫെഡറേഷൻ’ അവരുടെ എല്ലാ സ്കൂളുകളിലെ ലൈബ്രറികളിലും മലാലയുടെ പുസ്തകം സൂക്ഷിക്കുന്നത്‌ നിരോധിച്ചിട്ടുണ്ട്‌.

“പാകിസ്ഥാന്റെ ആശയ സംഹിതകള്‍ക്ക്‌ കോട്ടം വരുത്താനുദ്ദേശിച്ചുള്ളതാണ്‌ ഈ പുസ്തകം, മലാല അതിനുള്ള ഒരു ഉപകരണവും,” ഫെഡറേഷന്റെപ്രസിഡന്റ് മിര്‍സ കാഷിഫ്‌ അലി പറയുന്നു. “ഞങ്ങൾ നിരോധിച്ചിരിക്കുന്നത്‌ ആ പുസ്തകം മാത്രമല്ല, മലാലയുമായി ബന്ധപ്പെട്ട എന്തു പ്രവൃത്തിയും നിരോധിക്കപ്പെട്ടിരിക്കുകയാണ്‌. ഏതെങ്കിലും സ്കൂള് അധികാരികൾ അത്‌ ലംഘിച്ചാൽ ഞങ്ങള്‍ക്ക്‌ പോലീസിൽ പരാതിപ്പെടാം.”

താലിബാന്‌ ഇന്നും മലാലയെ കൊന്നേ തീരൂ.

“അവിശ്വാസികളുടെ പ്രചാരണത്തിൽ പേടിച്ചു പിന്തിരിയുന്നവരല്ല ഞങ്ങളെന്ന് മലാലയെപ്പോലുള്ള ആളുകൾ അറിയണം,” മലാലയെ ആക്രമിച്ച തെഹ്രിക്‌-എ-താലിബാൻ പാകിസ്ഥാൻ (TTP) എന്ന സംഘടനയുടെ വിമതവിഭാഗമായ ജമാഅത്‌-ഉൾ-അഹ്രാറിന്റെ വക്താവ്‌ എഹ്സാനുള്ള എഹ്സാൻ പറയുന്നു. “ഇസ്ളാമിന്റെ ശത്രുക്കള്‍ക്കുവേണ്ടി ഞങ്ങൾ മൂര്‍ച്ചയുള്ളതും തിളക്കമുള്ളതുമായ കത്തികൾ തയ്യാറാക്കിയിരിക്കുന്നു.”

സ്വാത്‌ താഴ്വാരത്തിലെയും രാജ്യമൊട്ടാകെയും മലാലയെപറ്റിയുള്ള കാഴ്ചപ്പാട്‌ പതിയെ മാറാൻ തുടങ്ങിയിരിക്കുന്നു. പുരസ്കാരലബ്ധിക്കുശേഷം പ്രധാനമന്ത്രി നവാസ്‌ ഷെരിഫ്‌ അവളെ “പാകിസ്ഥാന്റെ അഭിമാനം” എന്നു വിളിക്കുകയുണ്ടായി.

“ജനങ്ങളുടെ സമീപനത്തിൽ ഒരു മാറ്റം എനിക്കു കാണാനാവുന്നുണ്ട്‌,” മിംഗോറയിലെ മലാലയുടെ അദ്ധ്യാപകനായ ഫസൽ ഖാലിദ്‌  ആഘോഷറാലിക്കിടെ പറഞ്ഞു. “അവളെ പാകിസ്ഥാനും, പഷ്തൂണിനും ഇസ്ളാമിനുമൊക്കെ എതിരായി കരുതിയിരുന്നവർ മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.”

അടിസ്ഥാന വിദ്യാഭ്യാസവും തുല്യ തൊഴിലവസരങ്ങളും നിഷേധിക്കപ്പെട്ടിരുന്ന ലക്ഷക്കണക്കിന്‌ പാകിസ്ഥാനി സ്ത്രീകളുടെ സ്ഥിതി മെച്ചപ്പെടുത്താനായതും ഇതിന്റെ തെളിവായി നില്‍ക്കുന്നു.

പാകിസ്ഥാൻ ബ്യൂറോ ഓഫ്‌ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം പത്തു വയസ്സിനു മുകളിലുള്ള വെറും 23% സ്ത്രീകളേ പാകിസ്ഥാനിൽ തൊഴിൽ ചെയ്യുന്നവരായുള്ളൂ. അതേസമയം 78% പുരുഷന്‍മാർ ജോലി ചെയ്യുന്നുണ്ട്‌. 64% പുരുഷന്‍മാർ സാക്ഷരരായിരിക്കുമ്പോൾ വെറും 37% ഗ്രാമീണ സ്ത്രീകള്‍ക്കെ എഴുത്തും വായനയും അറിയൂ എന്നും ധനകാര്യമന്ത്രാലയത്തിന്റെ കണക്കുകൾ കാണിക്കുന്നു.

മലാലയ്ക്കു കിട്ടിയ പുരസ്കാരം സ്വാത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്തുമെന്നും വിദ്യാഭ്യാസത്തിന്‌ കൂടുതൽ മുന്‍തൂക്കം കൊടുക്കാൻ പാകിസ്ഥാനിലെ നേതാക്കന്‍മാരെ നിര്‍ബന്ധിതരാക്കുമെന്നും മിംഗോറയിലെ കര്‍ഷകനായ ഇര്‍ഫാൻ ആലം പ്രത്യാശ പ്രകടിപ്പിച്ചു.

“മലാല വേഗം നാട്ടിലേക്ക്‌ മടങ്ങി വരുമോ ഇല്ലയോ എന്നുള്ളത്‌ വിഷയമല്ല, പക്ഷെ, അവളൊരിക്കലും അവിടുത്തെ ആളുകളെയോ അവരുടെ പ്രശ്നങ്ങളെയോ മറക്കരുത്‌,” തന്റെ കുഞ്ഞുങ്ങളെ സ്കൂളിൽ നിന്നും മടക്കി കൊണ്ടുവരികയായിരുന്ന ആലം പറഞ്ഞു. “അവൾ പ്രാഗത്ഭ്യമുള്ളവളാണ്‌. അവളുടെ ശ്രദ്ധ ആവശ്യമുള്ള ഒരുപാടാളുകൾ ഇനിയും ഇവിടെയുണ്ട്‌.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍