UPDATES

വിദേശം

മലാലയ്ക്ക് നേരെ വിരല്‍ ചൂണ്ടുന്നവരോട്- എന്‍.പി. ആഷ്‌ലി എഴുതുന്നു

Avatar

എന്‍.പി. ആഷ്‌ലി


മലാല യൂസുഫ് സായിക്ക് നൊബേല്‍ പുരസ്‌ക്കാരം നല്‍കിയതിനു പിന്നില്‍ സാമ്രാജ്യത്വ ഗൂഢാലോചനയാണുള്ളതെന്ന ഒരു വാദം ഇസ്‌ലാമിസ്റ്റ് വിഭാഗങ്ങള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതായി കാണുന്നു. ”താലിബാന്‍ ആക്രമണത്തില്‍ മുസ്‌ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ധീരയായ പോരാളി’ എന്ന ഇമേജ് പാശ്ചാത്യമാധ്യമ സൃഷ്ടിയാണെന്നും അതിലൂടെ ലോക മുസ്‌ലീങ്ങളെയൊന്നാകെ താറടിച്ചുകാണിക്കുകയാണ് അജണ്ടയെന്നുമാണ് ഫേസ്ബുക്കിലും വിവിധ മാധ്യമങ്ങളും കാണുന്ന ആരോപണം. തലയ്ക്കു വെടിയേറ്റ് ലണ്ടനില്‍ ചികിത്സയ്ക്കായി കൊണ്ടുപോയി എന്നു പറയുന്ന മലാലയുടെ തലയില്‍ മുറിപ്പാടുകള്‍ പോലുമില്ലാതായത് എങ്ങനെ തുടങ്ങിയ ഗൂഢാലോചനാ സിദ്ധാന്തം മുതല്‍ ഇറാക്കിലും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും കുട്ടികളെയും തദ്ദേശവാസികളെയും കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന അമേരിക്കയ്ക്ക് താലിബാന്‍ ആക്രമിച്ച ഒരാളെക്കുറിച്ച് മാത്രം പറയാനുള്ള ധാര്‍മ്മികാവകാശം എന്താണെന്ന ചോദ്യം വരെ നീളുന്നതാണ് വിമര്‍ശന പക്ഷം.

പാശ്ചാത്യ അധീശത്വതാല്‍പര്യങ്ങളും മാധ്യമബന്ധവും അത്തരമൊരു കൂട്ടുകെട്ടില്‍ പുരസ്‌ക്കാരങ്ങള്‍ക്കുള്ള പങ്കും പഠിക്കപ്പെടേണ്ടതു തന്നെയാണ്. പക്ഷേ അത് മലാലയ്ക്കു നൊബേല്‍ കിട്ടുമ്പോള്‍ മാത്രം സ്വഭാവഹത്യയുടെയും വൈകാരിക വിസ്‌ഫോടനത്തിന്റെയും കാരണമാകുന്നതിന്റെ അടിസ്ഥാനവും ചിന്തനീയമാണ്. ഈ പ്രതികരണങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കാനുള്ള ശ്രമമാണ് ഈ കുറിപ്പ്.

മലാലയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനം– പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ആവശ്യം അതിന്റെ തുടക്കമാണല്ലോ – ഇസ്ലാം മതവും മുഹമ്മദ് നബിയും നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളതാണ് എന്നതില്‍ രണ്ടുപക്ഷമില്ല. ”വിദ്യ നേടുന്നത് വിശ്വാസികളായ ആണിനും പെണ്ണിനും നിര്‍ബന്ധമാണ്” എന്ന് പ്രവാചകമൊഴി തന്നെയുണ്ടല്ലോ. മലാല സാമൂഹ്യമായ അര്‍ത്ഥത്തില്‍ മുസ്ലീം സ്വത്വത്തെ ഊന്നിപ്പറഞ്ഞുകൊണ്ടാണ് എപ്പോഴും നില്‍ക്കുന്നത്. നൊബേല്‍ പുരസ്‌ക്കാര ലബ്ധിക്കുശേഷം നടത്തിയ പ്രസംഗം തുടങ്ങുന്നത് തന്നെ ”ബിസ്മില്ലാഹിര്‍ റഹ്മാനി റഹീം”(പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ തിരുനാമത്തില്‍) എന്നു പറഞ്ഞുകൊണ്ടാണ്. ഒരു മുസ്ലീം എന്ന നിലയ്ക്കും പാക്കിസ്ഥാനി എന്ന നിലയ്ക്കും മനുഷ്യന്‍ എന്ന നിലയ്ക്കും ആഗോള പൗരി എന്ന നിലയ്ക്കും സ്ത്രീ എന്ന നിലയ്ക്കും വിദ്യാഭ്യാസ പ്രവര്‍ത്തക എന്ന നിലയ്ക്കും സമാധാന പ്രവര്‍ത്തക എന്ന നിലയ്ക്കുമുള്ള തന്റെ എല്ലാ സ്വത്വങ്ങളെയും ഒരേ സമയം അവകാശപ്പെട്ടുകൊണ്ട്, ഏറ്റെടുത്തുകൊണ്ടാണ് മലാല സംസാരിക്കുന്നത്. മലാലയുടെ പുരസ്‌ക്കാരലബ്ധി പാക്കിസ്ഥാന്‍ വിരുദ്ധമാണെന്ന് പാക്കിസ്ഥാനിലെ ഒരു മുഖ്യധാരാ പത്രവും (ഡോണാവട്ടെ, ട്രിബ്യൂണാവട്ടെ) പറഞ്ഞിട്ടില്ല. മലാലയെ ”ദേശീയ നായിക” യായി വിശേഷിപ്പിക്കുകയാണ് അവരുടെ പ്രധാന മന്ത്രി നവാസ് ഷെരീഫ് ചെയ്തത്. മറ്റ് ഒരു സ്വത്വത്തില്‍പെട്ടവരും മലാലയെ തള്ളിപ്പറഞ്ഞിട്ടില്ല. അപ്പോഴെന്തിന് മുസ്‌ലീംപക്ഷത്തു നിന്ന് സംസാരിക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ മുന്നോട്ട് വരുന്നു?

 

 

മലാലയെ വെടിവെച്ചത് താലിബാനാണ്; ഇസ്ലാമിക പശ്ചാത്തലം സ്വന്തം ന്യായീകരണമായി നിരത്തുന്ന സംഘടനയാണ് താലിബാന്‍. അതിനാല്‍ അവരുടെ ചെയ്തികളുടെ ദോഷഫലം ലോകമുസ്ലീംങ്ങളെയാകെ ബാധിക്കുന്നതാണ്. അവരുടെ ഒരു ഇരയെ (അവരോട് എതിര്‍ത്ത് നില്‍ക്കുന്ന ഒരാളെ) ഉയര്‍ത്തിക്കാണിക്കുന്നതിലൂടെ അമേരിക്കയും മറ്റ് പാശ്ചാത്യശക്തികളും മുസ്ലീങ്ങളെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്നതാവണം വാദം. മറ്റൊരു തരത്തിലും ഈ മനോഭാവത്തിനും സ്വയം ന്യായീകരിക്കാനാവുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല.

താലിബാനു നേരെയുള്ള ദൗര്‍ബല്യത്തില്‍ നിന്നാണ് ഈ മനോഭാവം ഉണ്ടാവുന്നത്. താലിബാനും ഇസ്ലാം മതവുമായി എന്തോ ബന്ധമുണ്ടെന്ന അവ്യക്തധാരണ തന്നെയാണ് ഇത്തരം ന്യായീകരണയുക്തിക്കു പിന്നില്‍. പക്ഷേ, ചരിത്രപരമായി എത്ര ശരിയാണ് ഈ ധാരണ?

1979-ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയപ്പോള്‍ ശീതസമര യുദ്ധത്തിന്റെ പുതിയ ഭൂമിയായി അഫ്ഗാനിസ്ഥാനെ മാറ്റിയത് അമേരിക്കയാണ്. അതിനു മതപരമായ പരിവേഷം നല്‍കാനായി മൗലാനാ മൗമൂദിയുടെ രാഷ്ട്രീയ ഇസ്ലാമിസ്റ്റു സിദ്ധാന്തങ്ങളെ കൂട്ടുപിടിച്ച അമേരിക്ക പാക്കിസ്ഥാനിലെ പട്ടാള സ്വേച്ഛാധിപതിയായ സിയാ ഉള്‍ ഹഖിനെയും കൂടെ നിര്‍ത്തി ഉണ്ടാക്കിയെടുത്തതാണ് ഇന്നു നാം കാണുന്ന താലിബാന്റെ ശക്തിയും രീതികളും. ആ സാമ്രാജ്യത്വ അവക്ഷിപ്തം 1991-ല്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്നതോടെ കിട്ടിയ പരിശീലനവും പണവും അക്രമഭാവവും അമേരിക്കയ്ക്കു നേരെ തിരിച്ചതാണ് 1992-ല്‍ സുഡാനിലെ എംബസ്സി ആക്രമണത്തോടെ ആരംഭിച്ച ഇസ്ലാമിസ്റ്റ് ഭീകരതയുടെ തുടക്കം. തീര്‍ത്തും സ്വന്തം സൃഷ്ടിയായ ഇസ്ലാമിസ്റ്റ് ഭീകരവാദത്തെ ലോകമുസ്ലീങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനായി എന്നതാണ് അമേരിക്കയുടെ മാര്‍ക്കറ്റിംഗ് തന്ത്രം. ഈ അമേരിക്കന്‍ ഉല്‍പ്പന്നത്തെ നിസ്സങ്കോചം തള്ളിപ്പറയുന്നതിലൂടെ തോല്‍പ്പിക്കാനായില്ല എന്നതാണ് ആഗോളമുസ്ലീം സമുദായം എന്ന അര്‍ത്ഥത്തില്‍ വിവരിക്കപ്പെടുന്നവരുടെ പരാജയം.

സൗദി അറേബ്യയില്‍ നിന്ന് അമേരിക്ക കണ്ടുപിടിച്ചു കൊണ്ടുവന്ന ഒസാമ ബിന്‍ ലാദനെ തള്ളിപ്പറയുന്നതിലും ഇത്തരം രാഷ്ട്രീയമായ വീഴ്ച വ്യക്തമായിരുന്നു. സോവിയറ്റ് യൂണിയനെതിരെ അമേരിക്കന്‍ പദ്ധതികളനുസരിച്ച് യുദ്ധം നയിച്ചപ്പോള്‍ ഒസാമ ബിന്‍ ലാദന്‍ എന്ത് ജിഹാദാണ് നടത്തിയിരുന്നതെന്ന, ”മുസ്ലീം ഭീകരവാദത്തിന്റെ അടിവേരുക”ളില്‍ സി.ടി. അബ്ദുറഹീം ഉന്നയിച്ച ചോദ്യം ഉപയോഗിച്ച് മതപരിവേഷത്തില്‍ നിന്ന് ബിന്‍ലാദനെ അകറ്റാനുള്ള ശ്രമങ്ങളും ഏറെ നടന്നിട്ടില്ല; നടന്നവതന്നെ ഇസ്ലാമിനെ പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ വിരുദ്ധ വിഭാഗമായിക്കാണുന്ന ധാരണകളില്‍ ഫലവത്തായതുമില്ല.

 

 

ഇന്ന് അമേരിക്ക താലിബാനെ ഊന്നിപ്പറയുന്നത് രണ്ട് കാര്യങ്ങള്‍ക്കാണ്: ഒന്ന്, താലിബാന്‍ അമേരിക്കയുടെ യുദ്ധാധിഷ്ഠിത വ്യാവസായിക താല്‍പര്യങ്ങള്‍ക്ക് പറ്റിയ ശക്തിയാണ്. രണ്ട്, താലിബാന്‍ അമേരിക്കയുടെ പിടിയില്‍ ഒതുങ്ങുന്നില്ല. പക്ഷേ, അതൊന്നും നീതിബോധമുള്ള ആര്‍ക്കും താലിബാന്‍ മുസ്ലീപക്ഷമാണെന്നു വിചാരിക്കാന്‍ കാരണമല്ല. അതൊരു ക്രിമിനല്‍ കൂട്ടമാണ്. മാനുഷികപരമായും മതപരമായും സാമൂഹ്യപരമായും തള്ളിക്കളയേണ്ട ഒന്നിനെ തള്ളിക്കളയാനുള്ള ആര്‍ജ്ജവം ഇല്ലാത്തതു തന്നെയാണ് താലിബാന്‍ എതിര്‍ക്കുന്ന, താലിബാനെ എതിര്‍ത്തു വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുന്ന ഒരു പെണ്‍കുട്ടിയെ താറടിച്ചു കാണിക്കാനുള്ള മനസ്സിനു പിന്നില്‍. താലിബാന്‍, ഇസ്ലാമിക വിരുദ്ധരും മുസ്ലീം വിരുദ്ധരും (ഇസ്ലാമിന്റെ പേരുനുണ്ടാക്കുന്ന ക്ഷതം മാത്രമല്ല, അവര്‍ ഭീതിയാല്‍ നിയന്ത്രിച്ചും നശിപ്പിച്ചും കൊണ്ടുമിരിക്കുന്ന ജീവിതങ്ങളില്‍ ബഹുഭൂരിഭാഗവും മുസ്ലീങ്ങളാണ് എന്നതുകൊണ്ടു കൂടിയാണിത്) ആണെന്ന ചരിത്രയാഥാര്‍ത്ഥ്യത്തെ ആര് എങ്ങനെ ഉപയോഗിക്കും എന്ന തരത്തില്‍ ആലോചിച്ച് വ്യക്തമാക്കാതിരുന്നു ശീലിച്ചതാണ് മലാലയുടെ നില്‍പ്പിനു പിന്നിലെ സാമ്രാജ്യത്വ അജണ്ട മാത്രം കാണാന്‍ ഇസ്ലാമിസ്റ്റുകളെ നിര്‍ബന്ധിക്കുന്നത്. സമുദായത്തിന്റെ പേര് പറഞ്ഞ് ആരെന്തു ക്രൂരത കാണിച്ചാലും എതിര്‍ത്തു മിണ്ടാന്‍ കഴിയാത്തത് ഗുരുതരമായ ധാര്‍മ്മിക ദൗര്‍ബല്യം തന്നെയാണ്.

മലാല മാത്രമാണോ അക്രമത്തിനിരയാവുന്നത്? വേറെയും കോടിക്കണക്കിന് കുട്ടികളും യുവജനങ്ങളുമിരിക്കേ എങ്ങനെ ഒരു മലാല മാത്രം ശ്രദ്ധാര്‍ഹയാവുന്നു? ഒരു സമ്മാനവും, നൊബേല്‍ സമ്മാനം പ്രത്യേകിച്ച്, ലോകത്തിലെ മുഴുവന്‍ ആളുകളെയും അളന്നു തൂക്കി നല്‍കുന്നതല്ലെന്ന് ആര്‍ക്കുമാലോചിച്ചാലറിയാം. അതിന്നു തീര്‍ച്ചയായും താല്‍പര്യങ്ങളും പക്ഷപാതവും ചില പ്രശ്‌നങ്ങളെ മറ്റുള്ളവയ്ക്കു മുകളില്‍ പ്രതിഷ്ഠിക്കുന്ന പ്രവണതയും ഒക്കെയുണ്ടാവാം; ഉണ്ട്. അത് ചൂണ്ടിക്കാണിക്കാന്‍ മലാലയുടെ ജീവിതത്തെ തള്ളിപ്പറയേണ്ടതില്ല; ആ ആവശ്യം വികലമെന്നതുപോലെ ക്രൂരവുമാണ്.

മലാലയുടെ വ്യക്തിത്വത്തെ ഒരു സാധ്യത പോലുമല്ലാതാക്കുക കൂടി ചെയ്യുന്നുണ്ട് അവള്‍ ഒരു അമേരിക്കന്‍/പടിഞ്ഞാറന്‍ പാവയാണെന്ന വാദം. മലാലയ്ക്കു സ്വന്തമായ തീരുമാനങ്ങളോ അഭിപ്രായങ്ങളോ പ്രവര്‍ത്തനമോ സാധ്യമല്ല; അതൊക്കെ വേറെയാരോ ചെയ്യിക്കുന്നതാണെന്ന വാദം ഒരു പെണ്‍കുട്ടിയുടെ തെരഞ്ഞെടുപ്പുകളെ അംഗീകരിക്കാനുള്ള വൈമനസ്യത്തില്‍ നിന്നുകൂടിയാണ് വരുന്നത്. മലാല ചെയ്യുന്നതും താലിബാന്‍ ചെയ്യുന്നതും പലരും പെരുപ്പിച്ച് കാണിക്കുന്നുണ്ടാവാം; പക്ഷേ ചെയ്തിയുടെ തലത്തില്‍ തന്നെ അവയെ വിലയിരുത്തപ്പെടേണ്ടതുണ്ട്. അതിനുള്ള സന്നദ്ധത ഏതു ചര്‍ച്ചയെ സംബന്ധിച്ചും പ്രാഥമികവുമാണ്.

 

 

മലാലയെ ആഗോള മുസ്ലീംലോകം അംഗീകരിക്കുക മാത്രമല്ല, ആഘോഷിക്കുകകൂടി വേണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സമകാലിക ലോകത്തിലെ ഏറ്റവും പ്രമുഖനായ മുസ്ലീമിന്റെ പേരു പറയാന്‍ മുസ്ലീങ്ങളോ അമുസ്ലീങ്ങളോ ആയ ജനങ്ങളോട് ആവശ്യപ്പെട്ടു നോക്കൂ. ഒരു പക്ഷേ, ഉത്തരം ഒസാമ ബിന്‍ലാദനെന്നാവാം. അല്ലെങ്കില്‍ ഐ.എസ്.ഐ.എസുകാരനായ ബാഗ്ദാദിയെന്നാവാം. ഭീദിതമായ ഈ സാധ്യതകള്‍ പോലും പാശ്ചാത്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ഇസ്ലാം ഭീതിയിലേയ്‌ക്കെന്നതുപോലെ ആഗോള പൊതുമണ്ഡലത്തില്‍ അവതരിപ്പിക്കാവുന്ന വ്യക്തിത്വങ്ങളെയോ വക്താക്കളെയോ നേതൃത്വങ്ങളെയോ കൊണ്ടാടുന്നതില്‍ മുസ്ലീം വിഭാഗങ്ങള്‍ക്ക് പറ്റിയിട്ടുള്ള വലിയ വീഴ്ചകളെത്തന്നെയാണ് കാണിക്കുന്നത്. പാരമ്പര്യമോ വേദഗ്രന്ഥവാക്യങ്ങളോ അല്ല ഒരു മത, സമുദായത്തിന്റെ സാമൂഹ്യജീവിതത്തെ രൂപപ്പെടുത്തുക; നീതിബോധവും ധൈര്യവും ഉള്ള അടയാളങ്ങളാണ് എങ്കില്‍ ഭീതിയെക്കാള്‍ സമാധാനത്തിനാണ് മുഖമാവശ്യം. മലാല ഏറ്റെടുക്കപ്പെടേണ്ടവള്‍ തന്നെ.

മലാല ഒരു പാടുപേരെ കുഴയ്ക്കുന്നുണ്ട്: ഭീകരതയുടെയും പുരുഷാധിപത്യത്തിന്റെയും സഞ്ചയം മാത്രമായി ഇസ്ലാം മതത്തെയും മുസ്ലീംങ്ങളെയും കാണുന്നവര്‍ക്കുള്ള മറുപടിയാണ് മലാലയുടെ തന്റെ മതസ്വത്വത്തിലധിഷ്ഠിതമായ നില്‍പ്പും വാക്കുകളും. ഇസ്ലാമിന്റെ പേരില്‍ സ്വന്തം അധികാര, സാമ്പത്തിക താല്‍പ്പര്യങ്ങളെ നടപ്പാക്കുന്ന കുറ്റവാളിക്കൂട്ടങ്ങള്‍ക്ക് ആത്മവിശ്വാസവും തന്റേടവുമുള്ള ഈ പെണ്‍കുട്ടി ചില്ലറ പ്രശ്‌നമല്ല ഉണ്ടാക്കുന്നത്. ആ അര്‍ത്ഥത്തില്‍ നാഗരികതകളെ പടിഞ്ഞാറും ഇസ്ലാമുമാക്കിത്തിരിച്ച് അവയുടെ സംഘട്ടന സിദ്ധാന്തങ്ങളെ അവതരിപ്പിക്കുന്നവരുടെ ലോകചിത്രത്തെത്തന്നെ തള്ളിക്കളയാനുള്ള സാധ്യത മലാലയിലുണ്ട്. 

തീര്‍ച്ചയായും ഒരു പുതിയ വഴിയുടെ തുടക്കത്തിലേക്കു ചൂണ്ടിയാണ് മലാല നില്‍ക്കുന്നത്.

(ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനും നാടകപ്രവര്‍ത്തകനുമാണ് ലേഖകന്‍)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍