UPDATES

വിദേശം

“എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു”: അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ അമേരിക്കയുടെ വാതിലടച്ച ട്രംപിനോട് മലാലയുടെ പ്രതിഷേധം

‘നിങ്ങളുടെ രാജ്യം കെട്ടിപ്പടുക്കാന്‍ സഹായിച്ച, ഒരു പുതിയ ജീവിതത്തിനുള്ള ന്യായമായ സാധ്യതക്കു പകരമായി കഷ്ടപ്പെടാന്‍ തയ്യാറുള്ള അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും സ്വാഗതം ചെയ്യുന്ന അഭിമാനകരമായ ചരിത്രത്തോട് അമേരിക്ക പുറം തിരിഞ്ഞു നില്‍ക്കുന്നതില്‍ എന്റെ ഹൃദയം നുറുങ്ങുന്നു.’

ആമി ബി വാങ്

പാകിസ്ഥാനില്‍ താലിബാന്‍ നടത്തിയ വധശ്രമത്തില്‍ തലയ്ക്ക് പരിക്കേറ്റ്, രക്ഷപ്പെട്ട സ്‌കൂള്‍ വിദ്യര്‍ത്ഥിനി, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും കുട്ടികളുടെ അവകാശങ്ങള്‍ക്കുമായുള്ള പോരാട്ടത്തില്‍ അന്താരാഷ്ട്ര പ്രശസ്തയായ, നോബേല്‍ ജേതാവ് മലാല യൂസഫ്‌സായ് അഭയാര്‍ത്ഥികളെ യുഎസില്‍ കടക്കുന്നതില്‍ നിന്നും താത്ക്കാലികമായി വിലക്കുന്ന പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചു.

‘യുദ്ധത്തില്‍ നിന്നും പലായനം ചെയ്യുന്ന കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മുന്നില്‍ പ്രസിഡണ്ട് ട്രംപ് വാതിലുകള്‍ കൊട്ടിയടച്ചതില്‍ ഇന്ന് എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു,’ വെള്ളിയാഴ്ച്ച തന്റെ സന്നദ്ധസംഘടന വഴി നല്കിയ പ്രസ്താവനയില്‍ മലാല പറഞ്ഞു. ‘നിങ്ങളുടെ രാജ്യം കെട്ടിപ്പടുക്കാന്‍ സഹായിച്ച, ഒരു പുതിയ ജീവിതത്തിനുള്ള ന്യായമായ സാധ്യതക്കു പകരമായി കഷ്ടപ്പെടാന്‍ തയ്യാറുള്ള അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും സ്വാഗതം ചെയ്യുന്ന അഭിമാനകരമായ ചരിത്രത്തോട് അമേരിക്ക പുറം തിരിഞ്ഞു നില്‍ക്കുന്നതില്‍ എന്റെ ഹൃദയം നുറുങ്ങുന്നു.’

എല്ലാ അഭയാര്‍ത്ഥികളെയും 120 ദിവസത്തേക്ക് തടയാനുള്ള ഉത്തരവില്‍ മാത്രമല്ല, ‘തീവ്ര ഇസ്‌ളാമിക ഭീകരവാദികളെ’ തടയാന്‍ ‘പുതിയ കര്‍ശന പരിശോധനകള്‍ക്കും’ ട്രംപ് വെള്ളിയാഴ്ച്ച ഉത്തരവിട്ടു. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ അനിശ്ചിതകാലത്തേക്ക് തടഞ്ഞിട്ടുണ്ട്‌. സിറിയ, ഇറാഖ്, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ 90 ദിവസത്തേക്കും തടഞ്ഞു. മറ്റ് മതക്കാരെക്കാള്‍ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്കുമെന്ന് ട്രംപ് പറഞ്ഞു.

യുദ്ധത്തിനിടയില്‍ കുടുങ്ങിയ നിസഹായരായ കുട്ടികള്‍ക്കെതിരെയുള്ള വിവേചനത്തിന്റെ പേരില്‍ മലാല ഈ മാനദണ്ഡത്തെക്കുറിച്ച് ട്രംപിനെ വിമര്‍ശിച്ചു. ‘ഒരു തെറ്റും ചെയ്യാതെ കഴിഞ്ഞ ആറ് വര്‍ഷമായി യുദ്ധത്തിന്റെകെടുതികള്‍ അനുഭവിക്കുന്ന സിറിയന്‍ അഭയാര്‍ത്ഥി കുഞ്ഞുങ്ങളെ ഒറ്റപ്പെടുത്തുന്ന വിവേചനത്തില്‍ എന്റെ ഹൃദയം നുറുങ്ങുന്നു,’ അവര്‍ എഴുതി. 17 വയസാകുന്നതിന് മുമ്പ് സോമാലിയയിലെ യുദ്ധത്തില്‍ നിന്നും പലായനം ചെയ്ത സുഹൃത് സയനാബിനെ മലാല പരാമര്‍ശിച്ചു. രണ്ടു വര്‍ഷം മുമ്പ് സയനാബിന് യു.എസിലേക്ക് പോകാന്‍ വിസ കിട്ടി. അവിടെ അവള്‍ ഇംഗ്ലീഷ് പഠിച്ചു, ഇപ്പോള്‍ കോളേജില്‍ മനുഷ്യാവകാശ അഭിഭാഷകയാകാന്‍ പായിക്കുന്നു, മലാല എഴുതി. ‘സയനാബ് പലായനം ചെയ്തപ്പോള്‍ അവളുടെ കുഞ്ഞ് സഹോദരിയുമായി വേര്‍പെട്ടു. ഇന്നിപ്പോള്‍ തന്റെ സഹോദരിയുമായി ഒന്നിക്കാമെന്നുമുള്ള ആഗ്രഹം മങ്ങിയിരിക്കുന്നു. ലോകത്തിന്റെ അനിശ്ചിതത്വത്തിന്റെയും അസ്വസ്ഥതകളുടെയും ഈ സമയത്ത് ലോകത്തെ ഏറ്റവും നിസഹയാരായ കുട്ടികളോടും കുടുംബങ്ങളോടും പുറം തിരിക്കരുതെന്ന് ഞാന്‍ പ്രസിഡണ്ട് ട്രംപിനോട് ആവശ്യപ്പെടുന്നു.’

തനിക്ക് 11 വയസുള്ളപ്പോള്‍ മുതല്‍ ബി ബി സി ഉറുദുവിന് വേണ്ടി വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ താലിബാന്‍ തീവ്രവാദികളുടെ കീഴിലെ ജീവിതത്തെക്കുറിച്ച് മലാല ബ്ലോഗ് എഴുതുന്നു. അവിടെ പല പെണ്‍പള്ളിക്കൂടങ്ങളും പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് തടയാന്‍ അവര്‍ തകര്‍ത്തിരുന്നു. 2012ല്‍ അവള്‍ക്ക് വെറും 15 വയസുള്ളപ്പോഴാണ് സ്വാത്തില്‍ വെച്ചു സ്‌കൂള്‍ ബസില്‍ കയറി മലാലയെ തെരഞ്ഞുപിടിച്ചു താലിബാന്‍ അക്രമികള്‍ വെടിവെച്ചത്. വധശ്രമം അതിജീവിക്കുക മാത്രമല്ല, വികസ്വര രാഷ്ട്രങ്ങളിലെ കുട്ടികളുടെ അവകാശത്തിനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടി അവള്‍ ശബ്ദമുയര്‍ത്തി. 2012ല്‍ ‘ലോകത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും 12 വര്‍ഷം പഠിക്കാനും ഭയരഹിതമായ ഒരു ജീവിതം നയിക്കാനും കഴിയുന്ന ഒരു ലോകത്തിനായി’ മലാല നിധി എന്ന ഒരു സന്നദ്ധ സംഘടനയും തുടങ്ങി.

20014ല്‍ നോബല്‍ പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മലാല. ഏറ്റവും അപകടകരമായ സാഹചര്യങ്ങളില്‍ ധീരമായ സമരം നടത്തിയതിന് നോബല്‍ സമിതി മലാലയെ പ്രശംസിച്ചു. മലാലയുടെ പുരസ്‌കാര പ്രസംഗം വലിയ ചലനങ്ങളുണ്ടാക്കി. ‘ഇതെനിക്കുള്ളത് മാത്രമല്ല,’ 2014ല്‍ ഓസ്ലോയിലെ നോബല്‍ സമ്മാനദാനച്ചടങ്ങില്‍ മലാല പറഞ്ഞു. ‘വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടികള്‍ക്കുള്ളതാണിത്. സമാധാനം ആഗ്രഹിക്കുന്ന ഭയചകിതരായ കുട്ടികള്‍ക്കുള്ളതാണിത്. മാറ്റം ആഗ്രഹിക്കുന്ന നിശബ്ദരായ കുട്ടികള്‍ക്കുള്ളതാണിത്.’ യുദ്ധവും ദാരിദ്ര്യവും ലിംഗവിവേചനവും മൂലം വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന ലോകത്തെ ദശലക്ഷകണക്കിന് കുഞ്ഞുങ്ങളെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്ന് മലാല പറഞ്ഞു.

‘പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ, മുതിര്‍ന്നവരുടേതെന്ന് വിളിക്കപ്പെടുന്ന ഒരു ലോകത്തിന് അത് മനസിലാകുമായിരിക്കും, പക്ഷേ നമ്മള്‍ കുട്ടികള്‍ക്കല്ല. എന്തുകൊണ്ടാണ് ശക്തരെന്നു വിളിക്കുന്ന രാജ്യങ്ങള്‍ യുദ്ധങ്ങള്‍ സൃഷ്ടിക്കുന്നതും സമാധാനം കൊണ്ടുവരാന്‍ അശക്തരാകുന്നതും?’ മലാല ചോദിച്ചു. ‘എന്തുകൊണ്ടാണ് തോക്കുകള്‍ നല്‍കുന്നത് എളുപ്പവും പുസ്തകങ്ങള്‍ നല്‍കുന്നത് വിഷമവും ആകുന്നത്. എന്തുകൊണ്ടാണ് ടാങ്കുകള്‍ ഉണ്ടാക്കാന്‍ ഇത്ര എളുപ്പവും വിദ്യാലയങ്ങള്‍ പണിയുന്നത് ഇത്ര ബുദ്ധിമുട്ടുമാകുന്നത്.’ ഇസ്ലാമിന്റെ പേര് ദുരുപയോഗം ചെയ്യുന്ന തീവ്രവാദികള്‍ക്കെതിരെയും മുസ്ലീങ്ങള്‍ക്കെതിരെ വിവേചനം പുലര്‍ത്തുന്നവര്‍ക്കെതിരെയുംപുതിയ പ്രസിഡന്റിനെതിരെയും മലാല പ്രതിഷേധിച്ചു. ഡിസംബര്‍ 2015ല്‍ ആദ്യമായി ട്രംപ് മുസ്ലീങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പ്രചാരണത്തില്‍ പറഞ്ഞപ്പോള്‍ അതിനെ ‘പൂര്‍ണമായും വിദ്വേഷം നിറഞ്ഞത്’ എന്നു മലാല വിശേഷിപ്പിച്ചിരുന്നു. ‘മറ്റുള്ളവരോടുള്ള വെറുപ്പ് നിറഞ്ഞ ഇത്തരം പ്രത്യയശാസ്ത്രങ്ങളും പരാമര്‍ശങ്ങളും തീര്‍ത്തൂം ദുരന്തമാണ്,’ മലാല പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍