UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടുക തന്നെ ചെയ്യും; മറ്റൊരു സ്‌കൂളിനും ഈ ഗതിവരാതെ നോക്കേണ്ടേ?

Avatar

സുഫാദ് ഇ മുണ്ടക്കൈ

കോഴിക്കോട് നഗരത്തില്‍ വികസനക്കുതിപ്പു നടത്തുന്ന പ്രദേശങ്ങളാണ് മലാപ്പറമ്പ്, തൊണ്ടയാട് ബൈപ്പാസ് ഭാഗങ്ങള്‍. മാനംമുട്ടെ ഉയരുന്ന കെട്ടിടങ്ങളും ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും ഈ പ്രദേശത്തെ കോഴിക്കോടിനെ പുതിയ വാണിജ്യതലസ്ഥാനമാക്കി മാറ്റുകയാണ്. സ്വാഭാവികമായി ഭൂമാഫിയകളുടെയും റിയല്‍ എസ്‌റ്റേറ്റ് ഭീമന്മാരുടെയും കഴുകന്‍ കണ്ണുകളും ഈ പ്രദേശത്തിനു മേല്‍ വീണു. കച്ചവടക്കാരന് സ്‌കൂളും ആശുപത്രിയുമെല്ലാം ഒരുപോലെയാണ്. ലാഭം മാത്രമാണ് പ്രധാനം. അവരെ സഹായിക്കാന്‍ എവിടെ നിന്നാണെങ്കിലും ഭരണകൂടത്തിന്റെ കൈകളും എത്തും. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന ബോധത്തില്‍ വേണം മാലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടുന്ന വിഷയത്തെ നോക്കി കാണേണ്ടത്. 

130 വര്‍ഷം പഴക്കമുണ്ട് മലാപ്പറമ്പ് എയ്ഡഡ് യു.പി സ്‌കൂളിന്. കോഴിക്കോടിന്റെ പ്രതാപം പേറുന്ന ചുരുക്കം ചില സ്‌കൂളുകളില്‍ ഒന്ന്. ആദായകരമല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് അടച്ചുപൂട്ടാന്‍ തീരുമാനിച്ച 1503 സ്‌കൂളുകളില്‍ ആദ്യത്തെ രക്തസാക്ഷിയെന്ന നിലയിലും മാലാപ്പറമ്പ് സ്‌കൂള്‍ പ്രത്യേകത നേടുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് മാനേജര്‍ സ്‌കൂള്‍ അടച്ചുപൂട്ടല്‍ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്നത്. രണ്ട് വര്‍ഷം മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന് ഒരാഴ്ച തികയുന്നതിന് മുമ്പ്, 2014 ഏപ്രില്‍10-നു ഇരുട്ടിന്റെ മറവില്‍ ഉയര്‍ന്നു താഴ്ന്ന ജെസിബിയുടെ ഇരുമ്പു കൈകള്‍ അക്ഷരാലയത്തിന്റെ തല തകര്‍ത്തു. പിന്നില്‍ പ്രവര്‍ത്തിച്ചത് സ്‌കൂള്‍ മാനേജര്‍ എ എ പത്മരാജന്റെ നിര്‍ദേശമനുസരിച്ച് സഹോദരന്‍ അജിത്കുമാര്‍ സുഹൃത്തുക്കളും. പൊലീസിന്റെ കേസ് രേഖകളില്‍ ഇതു പറയുന്നുണ്ട്. സ്കൂള്‍ തകര്‍ത്ത ശേഷം ഒളിവിലായിരുന്ന അജിത് കുമാറിനെ ചേവായൂര്‍ എസ്.ഐ പി.കെ സിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഫറോക്ക് റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പിടികൂടി.

ഒറ്റ രാത്രികൊണ്ട് കെട്ടിടം തകര്‍ക്കുന്നത് ഡല്‍ഹിയില്‍ ചേരികള്‍ ഇല്ലാതാക്കിയത് പോലുള്ള അനുഭവമാണ്. ഈ വിദ്യാലയത്തെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. ഇതിന് തന്നാല്‍ കഴിയുന്നത് ചെയ്യുമെന്നായിരുന്നു മാലാപ്പറമ്പ് സ്‌കൂളിനേല്‍ക്കേണ്ട വന്ന ദുരന്തമറിഞ്ഞ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം ടി പ്രതികരിച്ചത്.

അതേസമയം സ്‌കൂള്‍ തകര്‍ത്തത് താനല്ലെന്ന വാദവുമായി മാനേജറും രംഗത്തെത്തി. സ്‌കൂള്‍ പൊളിച്ചത് ജനകീയ സംരക്ഷണ സമിതിയാണെന്നാണ് മാനേജര്‍ പത്മരാജന്‍ ആരോപിച്ചത്. സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ആദ്യഘട്ടത്തില്‍ എ പ്രദീപ് കുമാര്‍ എം എല്‍ എ സഹായിച്ചിരുന്നുവെന്നും, എന്നാല്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് സ്‌കൂള്‍ അടച്ചുപൂട്ടരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദീപ് കുമാര്‍ പിന്മാറിയതെന്നും അദ്ദേഹം ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ പറയുന്നുണ്ടായിരുന്നു.

തകര്‍ത്തെറിഞ്ഞ സ്‌കൂളിന് പുനര്‍ജീവന്‍ നല്‍കണമെന്ന തീരുമാനത്തില്‍ സ്‌കൂള്‍ സംരക്ഷണ സമിതിയും നാട്ടുകാരും ചേര്‍ന്ന് 20 ലക്ഷത്തോളം രൂപ ചെലവിട്ടു സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കുകയും കമ്പ്യൂട്ടര്‍വത്കരിക്കുകയും ചെയ്തു. ഇതിനിടയില്‍ മറ്റൊരു കുത്സിത ശ്രമം കൂടി സ്‌കൂള്‍ മാനേജറുടെ ഭാഗത്തു നിന്നുണ്ടയതാായി പറയപ്പെടുന്നു. സ്‌കൂളിന്റെ ഭൂമി വില്‍ക്കാനുള്ള നീക്കമായിരുന്നു അത്. ഇതിന്റെ ഭാഗമായി സര്‍ക്കാരില്‍ നിന്നും സ്‌കൂള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവ് വാങ്ങി. ഇതിനെതിരെ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ഇടപെടലുണ്ടായതിനെ തുടര്‍ന്നു സര്‍ക്കാരിന് ഉത്തരവ് റദ്ദ് ചെയ്യേണ്ടിവന്നു.

പക്ഷേ മാനേജര്‍ അടങ്ങിയിരുന്നില്ല. കേരള വിദ്യാഭ്യാസ ചട്ടത്തിലെ വകുപ്പ് 7(6) പ്രകാരം ഒരു സ്‌കൂള്‍ ലാഭകരമല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ സ്‌കൂള്‍ മാനേജര്‍ക്ക് അത് അടച്ചുപൂട്ടാവുന്നതാണ്. ഈ അധികാരം ഉപയോഗിച്ചു മാനേജര്‍ സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. മനേജറുടെ ഹര്‍ജി പരിഗണിച്ചു രണ്ടു വര്‍ഷം മുമ്പ് സ്‌കൂള്‍ അടച്ചു പൂട്ടാന്‍ ഹൈക്കോടതി ഉത്തരവായി. 

എന്നാല്‍ ഇത്തരമൊരു ഉത്തരവിനെതിരെ വിദ്യാഭ്യാസ വകുപ്പ് അപ്പീല്‍ നല്‍കാന്‍ തയ്യാറായില്ലെന്നും അപ്പീല്‍ നല്‍കിയിരുന്നെങ്കില്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ നടക്കില്ലായിരുന്നുവെന്നും സ്‌കൂള്‍ സംരക്ഷണ സമിതി കണ്‍വീനര്‍ അഡ്വക്കേറ്റ് ജയദീപ് പറയുന്നു. മാനേജരുടെ ഭാഗത്തു നിന്ന് ഇത്തരം ഒരു സമീപനം ഉണ്ടായപ്പോള്‍ത്തന്നെ കേസില്‍ കക്ഷിചേരേണ്ട വിദ്യഭ്യാസ വകുപ്പ് മൗനം പാലിച്ചപ്പോള്‍ കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമായി. ബഹുജന പ്രക്ഷോഭം ശക്തമായപ്പോഴായിരുന്നു സ്‌കൂള്‍ നിലനിര്‍ത്തുമെന്ന ഉറപ്പുമായി സര്‍ക്കാര്‍ വരുന്നത്. എന്നാല്‍ സ്‌കൂള്‍ പൂട്ടാതിരിക്കുന്നതില്‍ സര്‍ക്കാരിന് ഇല്ലാത്ത ഉത്തരവാദിത്വം നാട്ടുകാര്‍ക്ക് എന്തിനാണെന്നാണ് ഹൈക്കോടതി ചോദിച്ചത്.

മലാപ്പറമ്പ് സ്‌കൂള്‍ ജൂണ്‍ എട്ടിനകം പൂട്ടണമെന്നാണു ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഈ ഉത്തരവ് സ്‌റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. സ്‌കൂള്‍ അടച്ചു പൂട്ടുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും അവരുടെ വിദ്യാഭ്യാസത്തിനുളള അവകാശം നിഷേധിക്കുമെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എട്ടിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി ആവശ്യപെട്ടത്. ഉത്തരവ് നടപ്പാക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് എന്താണ് ബുദ്ധിമുട്ടെന്ന് ആരായുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാഴ്ചത്തെ സാവകാശം നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം തളളിയ കോടതി തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി. എന്നാല്‍ ഈ കേസ് അടിയന്തിരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരിക്കുകയാണ്. അവധിക്കാലം കഴിഞ്ഞ് ജൂലൈ മാസത്തിലെ ഇനി സര്‍ക്കാരിന്റെ അപ്പീല്‍ കോടതി പരിഗണിക്കുകയുള്ളൂ. വിഷയത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കിയിരുന്നു. മാനേജ്‌മെന്റിന്റെ ഭാഗംകൂടി കേള്‍ക്കണമെന്നാണ് തടസ ഹര്‍ജിയിലെ ആവശ്യം.

മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടുമെന്ന് ഏകദേശം ഉറപ്പായിരിക്കുന്നു. ബഹുജന പ്രക്ഷോഭം ഉണ്ടായിട്ടും, വരാന്‍പോകുന്ന അപകടം നേരിട്ട് ബോധ്യപ്പെടുത്തിയിട്ടും തിരിഞ്ഞുനോക്കാന്‍ കൂട്ടാക്കാത്ത മുന്‍ സര്‍ക്കാര്‍ തന്നെയാണ് ഈ ദുരന്തത്തിന്റെ ഉത്തരവാദി. വിദ്യാഭ്യാസം മൗലികാവകാശമായ ഇക്കാലത്ത് വിദ്യാലയപ്രവേശനത്തിന്റെ തിരയൊടുങ്ങും മുമ്പുതന്നെ സ്‌കൂളിന്റെ പടിയിറങ്ങേണ്ട ഗതികേടിലാണ് ഒരുപറ്റം കുരുന്നുകള്‍. ഇത് അടച്ചുപൂട്ടാന്‍ വെമ്പി നില്‍ക്കുന്ന ആയിരക്കണക്കിന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് പ്രചോദനമാവുകയാണ്. കാര്യത്തിന്റെ് ഗൗരവം മനസ്സിലാക്കാന്‍ പുതിയ സര്‍ക്കാരിനും സാധിക്കുന്നില്ലെങ്കില്‍ മലാപറമ്പുകള്‍ ഇനിയും ആവര്‍ത്തിക്കും.

(സ്വതന്ത്രമാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍