UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബോംബ് കഥകളല്ല, മലപ്പുറത്തിന് മറ്റൊരു ചരിത്രമുണ്ട്

Avatar

കെ എ ആന്‍റണി

മലപ്പുറം ബോംബ് സ്ഫോടനത്തെയും മുസ്ലിം മത തീവ്രവാദത്തെയും  കുറിച്ച് പറയുമ്പോൾ മലപ്പുറം എന്ന ഒരു ഭൂപ്രദേശത്തെക്കുറിച്ചും അവിടുത്തെ മനുഷ്യരെക്കുറിച്ചും ഇവ രണ്ടിന്റെയെയും ചരിത്രത്തെയും കുറിച്ച് പറയേണ്ടതായുണ്ട്. ചുരുങ്ങിയ പക്ഷം മലപ്പുറത്തിന് എങ്ങനെ ഒരു മതതീവ്രവാദ മേലങ്കി ലഭിച്ചു എന്ന് അറിയണമെങ്കിൽ ഇത് നിർബന്ധമാണ്.

മലപ്പുറത്തിന്റെ പച്ച നിറം പാകിസ്ഥാനോ മുസ്ലിം ലീഗോ അന്നാട്ടിലെ മനുഷ്യർക്കോ ജില്ലക്കോ സമ്മാനിച്ച ഒന്നല്ല. വലിയൊരു കാർഷിക പാരമ്പര്യം ആ നാടിനും നാട്ടാർക്കും നല്‍കിയ മേലങ്കിയാണത്. കൃഷിയിടങ്ങളിൽ പകലന്തിയോളം എല്ലുമുറിയെ പണിയെടുത്തിരുന്ന കർഷകരുടെ നാട് കൂടിയായിരുന്നു പഴയ ഏറനാടും വള്ളുവനാടും (ഇന്നത്തെ പെരിന്തൽമണ്ണ ഉൾപ്പെടുന്ന പഴയ പ്രദേശം) വെട്ടത്തുനാടും (ഇന്നത്തെ താനൂർ ഉൾപ്പെടുന്ന പ്രദേശം) പരപ്പനാടും (പരപ്പനങ്ങാടി) ഒക്കെ.

സ്വന്തമായി ഭൂമിയില്ലാത്ത കുടിയാന്മാർ മണ്ണിൽ നെല്ലും തേങ്ങയും അടക്കയും ചേമ്പും ചേനയും കാച്ചിലും കപ്പയും വാഴക്കുലകളും മധുരക്കിഴങ്ങും പച്ചക്കറിയും മാത്രമായിരുന്നില്ല സുലഭമായി വിളയിച്ചിരുന്നത്. വെറ്റില പാടങ്ങളും അന്ന് മലപ്പുത്തിന്റെ ഗ്രാമങ്ങളിൽ തലയുയർത്തി നിന്നിരുന്നു. (ഇന്നും താനൂരിലെയും വൈലത്തൂരിലെയും പൊന്മുണ്ടത്തെയും എടരിക്കോട്ടേയും അരീക്കോട്ടേയും പൊന്മളയിലേയും തിരൂരിലെയുമൊക്കെ വെറ്റിലപ്പാടങ്ങൾ മലപ്പുറത്തെ ഹരിത കവചം പുതപ്പിക്കുന്നു. ഇവിടെ നിന്നൊക്കെ ശേഖരിക്കുന്ന വെറ്റില തിരൂരിലെ വെറ്റിലങ്ങാടിയിൽ നിന്നും അന്നും ഇന്നും പ്രധാനമായി കയറ്റുമതി ചെയ്തിരുന്നത് പാകിസ്ഥാനിലേക്ക് ആയിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യ -പാക് യുദ്ധം എന്നൊക്കെ കേൾക്കുമ്പോൾ ഇന്നും നെഞ്ചകം പൊള്ളുന്ന ഒരുപാട് മാപ്പിള വെറ്റില കർഷകർ ഉണ്ട്.) വെറ്റിലയും കാർഷികവൃത്തിയുമൊക്കെ തത്കാലം അവിടെ നിൽക്കട്ടെ. വീണ്ടും മലപ്പുറത്തിന്റെ അഥവാ പഴയ മദ്രാസ് പ്രസിഡൻസിക്ക് കീഴിലെ ഏക ബ്രിട്ടീഷ് ഭരണ പ്രദേശമായിരുന്ന മലബാറിലേക്കും അന്ന് അതിന്റെ ഭാഗമായിരുന്ന ഏറനാട്ടിലേക്കും ഒരു ചെറിയ വായന നടത്താം.

1919-21 കാലഘട്ടത്തിൽ ഏറനാട്ടിൽ ഖിലാഫത് പ്രസ്ഥാനം ശക്തിപ്രാപിച്ചതോടുകൂടിയായിരുന്നു മലപ്പുത്തിനു ഒരു മത മേലങ്കി തുന്നിക്കിട്ടിയത്. ഖിലാഫത്തിന്റെ യഥാർത്ഥ ലക്‌ഷ്യം ഇസ്‌ലാമിക നിയമങ്ങളാൽ ഭരിക്കപ്പെടുന്ന ഒരു സങ്കല്പം ആയിരുന്നെങ്കിലും ഏറനാട്ടിൽ ഖിലാഫത്തുകാരുടെ ലക്‌ഷ്യം മറ്റൊന്നായിരുന്നു; ബ്രിട്ടീഷുകാരെ മലബാറിന്റെ മണ്ണിൽ നിന്നും കെട്ടുകെട്ടിക്കുക.

പൂക്കോറ്റൂര്‍ യുദ്ധവും 1921-ലെ തന്നെ മാപ്പിള ലഹള എന്ന് സായിപ്പ് വിശേഷിപ്പിച്ച മലബാർ കലാപവും ഒക്കെ ഇത്തരം ഒരു നീക്കത്തിന്റെ ഭാഗമായിരുന്നു എന്ന് ഗാന്ധിയനും അറിയപ്പെടുന്ന ചരിത്രകാരനായ ഡോ. എം ഗംഗാധരൻ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്കും അവരുടെ തണലിൽ കുടിയാന്മാരെ ദ്രോഹിച്ചു വന്നിരുന്ന ജന്മിമാർക്കും എതിരായ പോരാട്ടം ആയിരുന്നു 1921-ലേത് എന്നാണ് ഡോ. ഗംഗാധരന്‍ പറയുന്നത്. ഈ പോരാട്ടത്തിൽ ദരിദ്രരായ ഹിന്ദുക്കളും അണിനിരന്നിരുന്നു എന്നും ഗംഗാധരൻ സാർ നിരീക്ഷിച്ചിട്ടുണ്ട്.

ആലി മുസ്ലിയാരുടെ നേതൃത്വത്തിൽ ഏറനാട്ടിൽ ശക്തിപ്രാപിച്ച ഖിലാഫത് പ്രസ്ഥാനത്തിൽ നിന്നും ഊർജം ഉൾക്കൊണ്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിലായിരുന്നു 1921-ലെ കാർഷിക സമരങ്ങൾ. എന്നാൽ കൊലയും കൊള്ളയും കൊള്ളിവെപ്പും ലക്‌ഷ്യം വെച്ച് സമരങ്ങൾക്കു പിന്തുണയുമായി എത്തിയ ഒരു വിഭാഗം മാപ്പിളമാരുടെ ദുഷ്ചെയ്തികൾ അന്നത്തെ കാർഷിക കലാപത്തിന് വല്ലാത്തൊരു വർഗീയ നിറം സമ്മാനിച്ചു.

ടിപ്പുവിന്റെ പടയോട്ടം ഏറനാട്ടിലും സമീപപ്രദേശങ്ങളിലും ഏറെ നൊമ്പരം സൃഷ്ടിച്ചിരുന്നു. പടയോട്ടത്തിനും മുൻപ് തന്നെ കാര്യങ്ങൾ കീഴ്മേൽ മറിയുന്ന ഒരു സാഹചര്യമുണ്ടായിരുന്നു പഴയ മലബാറിൽ. പ്രത്യേകിച്ചും സാമൂതിരി നാട്ടിൽ. കോരപ്പുഴ മുതൽ തിരുനാവായ വരെ നീണ്ടുകിടക്കുന്നതായിരുന്നു സാമൂതിരിയുടെ തട്ടകം. കുലശേഖര രാജവംശത്തിന്റെ പതനത്തെ തുടർന്ന് അക്കാലത്തു് ഒരുപാട് നായർ നാട്ടുരാജാക്കന്മാർ ഉദയം ചെയ്തിരുന്നു. അക്കൂട്ടത്തിൽ കേമന്മാർ തന്നെയായിരുന്നു സാമൂതിരിമാരും. എലത്തൂരിലെ കോരപ്പുഴക്ക് മറുകര കിടക്കുന്ന കടത്തനാടിനെയെയും കൂത്തുപറമ്പ് കോട്ടയത്തിനെയും ചിറക്കലിനെയും തൊടാതെ നിന്ന സാമൂതിരിയുടെ കണ്ണ് തൃശ്ശിവപേരൂരിലേക്കും (ശക്തൻ തമ്പുരാന്റെ തട്ടകമായിരുന്ന തൃശൂർ) തിരുകൊച്ചിയിലേക്കുമായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഇതൊന്നും തമ്പുരാൻ സ്വയം തീരുമാനിച്ചതല്ലെന്നും ബ്രിട്ടീഷുകാരുടെ ആഗ്രഹം കൂടിയായിരുന്നുവെന്നും ചരിത്ര രേഖകളിൽ ചിലതെങ്കിലും അടിവരയിട്ടു പറയുന്നുണ്ട്. മാമാങ്കം എന്ന് കേരളം ഇന്നും കൊട്ടിഘോഷിക്കുന്ന ഒന്ന് അക്കാലത്ത് തൃശ്ശിവപേരൂരും കടന്ന്‍ തിരുകൊച്ചിയിലേക്കും തുടർന്നങ്ങോട്ട് തിരുവതാംകൂറിലേക്കും പടർന്നുകയറാനുള്ള ബ്രിട്ടീഷ് മോഹത്തിന്റെ തന്നെ ഭാഗമായി വായിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. നെടിയിരുപ്പ് സ്വരൂപത്തെക്കുറിച്ചും സാമൂതിരി കാട്ടിക്കൂട്ടിയ വിക്രിയകളെക്കുറിച്ചും സി രാധാകൃഷണനെ വായിച്ചാൽ ധാരാളം മതിയാകും.

മലപ്പുറം; നഞ്ചു കലക്കുന്നത് ആരൊക്കെ?

നമ്മുടെ പ്രശ്നം സാമൂതിരി അല്ലാത്തതിനാൽ മാമാങ്കവും മണിക്കിണറും നാട്ടുരാജാക്കന്മാരെയും ഒക്കെ തത്കാലം മറന്നേക്കൂ. അല്ലെങ്കിൽ കാട് കയറി മതതീവ്രവാദം വിട്ട് കേരളവർമ്മ പഴശ്ശിരാജാവിനെ വധിക്കാൻ ബ്രിട്ടീഷുകാർക്ക് കൂട്ടുനിന്ന ആ പഴയ നായരിലേക്കും കുഞ്ഞാലി മരക്കാരെ ഒറ്റുകൊടുത്ത കഥകളിലേക്കുമൊക്കെ വേണ്ടാതെ കേറി കാര്യഗൗരവം നഷ്ടപ്പെടുത്തേണ്ടിവരും. അപ്പോഴും ദേശസ്നേഹവും മതഭ്രാന്തും പുലമ്പുന്നവർ എന്തിനാണാവ്വോ പൊന്നാനി മാപ്പിള കൃഷി ചെയ്യുന്ന താമരപ്പൂക്കൾ ശ്രീകൃഷ്ണ ഭക്തനായ യേശുദാസിനുപോലും പ്രവേശനമില്ലാത്ത ഗുരുവായൂർ ക്ഷേത്രത്തിൽ കയറ്റുന്നത് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. മലപ്പുറത്തെ തന്നെ വേങ്ങാട്ട് ഉള്ള ഗോസംരക്ഷണശാലയിൽ വളർത്താൻ ഗുരുവായൂരിൽ നിന്നും കിട്ടുന്ന ഗോക്കളുടെ ഗതികേടിനെക്കുറിച്ചും ഓർക്കുമ്പോൾ ഇത്തരക്കാരുടെ കൃഷ്ണഭക്തിയെക്കുറിച് വല്ലാതെ ഭയപ്പെട്ടു പോകുന്നു. 

മതചിഹ്നങ്ങൾ വെറും കുടിപ്പക ചിഹ്നങ്ങളായി മാറിയ കാലത്തും നന്മയുടെ പ്രകാശ കിരണങ്ങൾ വിതറിയ നല്ല മുസ്ലീങ്ങളും ഉണ്ടായിരുന്നു ഏറനാട്ടിൽ. ഇന്ത്യ-പാക് വിഭജനം വല്ലാത്ത മുറിപ്പാടുകൾ സൃഷ്ടിച്ചു എന്നത് ആർക്കും മറക്കാനാവാത്ത മറ്റൊരു പാഠം. അക്കാലത്തു് ഇന്ത്യയുടെ തന്നെ ഭാഗമായിരുന്ന ലാഹോറിലും മറ്റും ഹോട്ടലിലും ബേക്കറിയിലുമൊക്കെ തൊഴിൽ ചെയ്തു വന്നിരുന്ന ഒട്ടേറെ മാപ്പിളമാർ മലബാറുകാരായി ഉണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ തലശ്ശേരി, പാനൂർ, തിരൂരങ്ങാടി, താനൂർ, നിലമ്പൂർ, മഞ്ചേരി ഭാഗങ്ങളിൽ നിന്നുള്ളവർ. ഓപ്ഷൻ ലഭിച്ചപ്പോൾ പലരും തൊഴിലിടങ്ങളിൽ തന്നെ തുടരാൻ തീരുമാനിച്ചത് പിൽക്കാലത്ത് അവർക്കു തന്നെ വിനയായി ഭവിച്ചു. ഇന്ത്യൻ പൗരത്വം നഷ്ടപ്പെട്ട അവരിൽ പലരും വാർധ്യക്യ കാലത്തു നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ പാക് ചരന്മാരായി മുദ്രകുത്തപ്പെട്ടു. പാകിസ്ഥാനിക്ക് നാടുകടത്തപ്പെട്ട അവരിൽ പലർക്കും പാക് സൈന്യത്തിന്റെ വെടിയുണ്ടയോ പാക് ജയിലിലെ ശിഷ്ട ജീവിതമോ ആയിരുന്നു വിധിക്കപ്പെട്ടത്.

1947-ലെ കിളിമണ്ണിൽ കൂട്ടക്കൊല മലപ്പുറത്തെ നടുക്കിയ ഒന്നായിരുന്നു. അങ്ങാടിപ്പുറത്തെ ജന്മികുടുംബത്തിൽ നിന്നും ആര്യസമാജം വഴി ഹിന്ദു മതം സ്വീകരിച്ച ഉണ്ണീൻ ഹാജി, രാമസിംഹൻ എന്ന പേര് സ്വീകരിച്ചപ്പോൾ അയാളുടെ ഇളയ സഹോദരൻ ആലിപ്പു, ദയാസിംഹൻ എന്ന പേര് സ്വീകരിച്ചു. ദയാ സിംഹൻ  കമല എന്ന ഒരു അന്തർജ്ജനത്തിനെ വിവാഹം കഴിച്ചതോടുകൂടി കിളിമണ്ണിൽ കുടുംബം അങ്ങാടിപ്പുറത്തെ ചില മുസ്ലീങ്ങളുടെ ശത്രുപക്ഷത്തായി. അതായിരുന്നു 47-ലെ കൂട്ടക്കൊലക്ക് കാരണമായത്. രാമസിംഹനും ദയാസിംഹനും കമല അന്തർജ്ജനവും മാത്രമല്ല അവരുടെ പാചക്കാരനായിരുന്ന രാജു അയ്യരും ഒരു രാത്രിയിൽ അരുംകൊല ചെയ്യപ്പെട്ടു.

1992-ലെ ചേകന്നൂർ മൗലവിയുടെ തിരോധാനവും മലപ്പുറത്തിന് സമ്മാനിച്ചത് മതതീവ്രവാദത്തിന്റെ മേലങ്കി തന്നെ. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ മാത്രം നാലുപേർ കൊല്ലപ്പെട്ടു. എന്നാൽ പൊന്നാനിയിൽ അമ്പതിലേറെ ഹിന്ദു കുടുംബങ്ങളെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തിയത് ചില മുസ്ലീം കുടുംബങ്ങളായിരുന്നു. 

1991-92 കാലഘട്ടത്തിൽ മലപ്പുറത്തെയും കോഴിക്കോട്ടെയുമൊക്കെ സിനിമ ടാക്കീസുകൾ സിഗരറ്റു ബോംബ് ഉപയോഗിച്ച് കത്തിച്ചതും മലപ്പുറത്തിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തി. അന്വേഷണ ഏജൻസികൾ അന്ന് സിമി പ്രവർത്തകരെ പ്രതി സ്ഥാനത്തു നിര്‍ത്തിയെങ്കിലും അന്വേഷണം എങ്ങും എത്താതെ പര്യവസാനിക്കുകയായിരുന്നു.

അബ്ദുൽ നാസർ മദനിയുടെ ഇസ്ലാമിക്ക് സേവക് സംഘ് (ഐ എസ് എസ്) എന്ന  സംഘടനയുടെ വരവും മദാനിയുടെ വർഗീയ പ്രസംഗ കാസറ്റുകളും പക്ഷെ മലപ്പുറത്തിന്റെ മണ്ണിൽ അത്രകണ്ട് വിജയം കാണാതെ പോയത് വലിയൊരു പരിധിവരെ മുസ്ലിം ലീഗിന്റെ വിജയമായി തന്നെ കാണേണ്ടതുണ്ട്. ഇപ്പറഞ്ഞതൊന്നും മലപ്പുറത്ത് ഇക്കഴിഞ്ഞ ദിവസം ഉണ്ടായ ബോംബ് സ്‌ഫോടനത്തെ ന്യായീകരിക്കാൻ വേണ്ടിയല്ല. ആ കൃത്യത്തിനു പിന്നിൽ ആരെന്നു കണ്ടെത്തുന്നതിന് മുൻപേ വിധിപ്രസ്താവം നടത്തരുതേയെന്നു അഭ്യര്‍ത്ഥിക്കാന്‍ വേണ്ടികൂടിയാണ്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍