UPDATES

മുത്തേ… മുത്തേ… ആണ്‍ മുത്തേ… പെണ്ണിനെന്താ മലപ്പുറത്ത് കാര്യം?

പതിവ് പോലെ തന്നെ വീണ്ടും ഒരു വനിതക്ക് അവസരം നിഷേധിക്കുന്ന പതിവ് ശൈലി തന്നെ ഒരു മതേതര പാർട്ടിയെന്ന് സ്വയം അവകാശപ്പെടുന്ന മുസ്ലിം ലീഗ് പിന്തുടര്‍ന്നിരിക്കുന്നു

കെ എ ആന്റണി

കെ എ ആന്റണി

ഒടുവിൽ എല്ലാം പതിവ് പോലെ തന്നെ നടന്നു. ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ പികെ കുഞ്ഞാലിക്കുട്ടി തന്നെ മലപ്പുറം ഉപ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ പോരാളിയെന്നു പാണക്കാട് തറവാട്ടിൽ നിന്ന് അറിയിപ്പ് ഉണ്ടായിരിക്കുന്നു. പോരിനൊത്ത പോരാളി തന്നെയാണ് പാണ്ടികടവത്തു കുഞ്ഞാലിക്കുട്ടി എന്ന കുഞ്ഞാപ്പ എന്ന കാര്യത്തിൽ തർക്കം വേണ്ട. കുറ്റിപ്പുറത്ത് ഒരിക്കൽ വീണുപോയതു ഗതികേടെന്ന് കുഞ്ഞാപ്പക്കും അറിയാം. പഴയ മഞ്ചേരി പേര് മാറി എത്തിയ മലപ്പുറം ലോക് സഭ മണ്ഡലവും കുറ്റിപ്പുറവും മാപ്പിള നാട്ടിൽ തന്നെയെങ്കിലും രണ്ടും രണ്ടാണ്.

മലപ്പുറം മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടി പാട്ടും പാടി ജയിക്കും. പക്ഷെ, വീണ്ടും ഒരിക്കൽ കൂടി ഒട്ടേറെ പേരെ, പ്രത്യേകിച്ചും വനിതാ മുസ്ലിം ലീഗുകാരെ, ഏറെ കൊതിപ്പിച്ചതിനും ഇത്തിരി നാടകത്തിനും ഒടുവിലാണ് തുടക്കം മുതൽ സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയ കുഞ്ഞാലിക്കുട്ടി മത്സര രംഗത്ത് ഇറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇവിടെ അതിലേറെ ശ്രദ്ധേയമാകുന്നത് മാപ്പിള നാട്ടിലെ പെൺ പരാജയം കൂടിയാണ്. പരാജയപ്പെട്ടത് മറ്റാരുമല്ല; ലീഗിന്റെ മതേതര മുഖമായി നിലകൊണ്ട ഇ അഹമ്മദിന്റെ മകൾ ഫൗസിയ കൂടിയാണ്. സാധാരണ ഗതിയിൽ എംഎൽഎയോ എംപിയോ മന്ത്രിയോ ഒക്കെ ആയവർ ആ സ്ഥാനത്തിരുന്ന് മരിക്കുമ്പോൾ വരുന്ന ഉപ തിരഞ്ഞെടുപ്പിൽ സഹതാപ തരംഗം എന്നൊരു ചിന്തയും അതിന്റെ ഭാഗമായി വിധവ, മകൻ, മകൾ അതുമല്ലെങ്കിൽ  സഹോദരൻ, സഹോദരി എന്നൊക്കെ ഒരു പതിവ് ഉണ്ട്. ഈ പതിവുകളെക്കുറിച്ചു ആരൊക്കെയോ പറഞ്ഞത് വെച്ചാകാം ഫൗസിയയും സ്ഥാനാർഥി കുപ്പായം തുന്നി തുടങ്ങിയത്. ഇങ്ങനെ ഒരു കുപ്പായം തുന്നി തുങ്ങുമ്പോൾ ഉപ്പയോട്‌ മാപ്പിള നാട് അവസാന നാളുകളിൽ ചെയ്ത നന്ദികേട് കൂടി ഫൗസിയ ഡോക്ടർ ഓർക്കേണ്ടതുണ്ടായിരുന്നു. അതോടൊപ്പം സ്ത്രീകൾക്ക് മാപ്പിള നാട്ടിൽ എന്തുണ്ട് വിലയെന്ന കാര്യവും.

ഫൗസിയ മാപ്പിള നാട്ടുകാർക്ക് വെറും ഒരു പെണ്ണായി പോയി. അല്ലെങ്കിലും പൊന്നുരുക്കുന്നിടത്തു പൂച്ചക്ക് എന്ത് കാര്യം എന്ന് ചോദിച്ചതുപോലെ മാപ്പിള നാട്ടിൽ പെണ്ണുങ്ങൾക്ക് എന്ത് കാര്യം എന്ന് അറിയണമെങ്കിൽ ഖമറുന്നിസ അൻവറോടും മറിയുമ്മയോടും ചോദിക്കണം.

ഇതല്ലേ ലീഗ്. മുത്തേ മുത്തേ പൊൻ മുത്തേ വിളികൾക്കിടയിൽ ആരും അറിയാത്തതല്ലാത്ത പുരുഷാധിപത്യം കൊണ്ടുനടക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ യഥാർത്ഥ മുഖം തന്നെയാണ് ഇന്നിപ്പോൾ മലപ്പുറത്തെ സ്ഥാനാർഥി നിര്‍ണ്ണയത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. പതിവ് പോലെ തന്നെ വീണ്ടും ഒരു വനിതക്ക് അവസരം നിഷേധിക്കുന്ന പതിവ് ശൈലി തന്നെ ഒരു മതേതര പാർട്ടിയെന്ന് സ്വയം അവകാശപ്പെടുന്ന മുസ്ലിം ലീഗ് പിന്തുടരുമ്പോൾ ആ പാർട്ടിയുടെ സ്വയം പ്രഖ്യാപിത  മതേതര കാഴ്ചപ്പാടും സ്ത്രീകളോടുള്ള സമീപനവും ഇത് സംബന്ധിയായ നിലപാടുകളും ചോദ്യം ചെയ്യപ്പെടാതെ വയ്യ.

മുസ്ലിം ലീഗ് ദേശീയ നേതാവും കേന്ദ്ര മന്ത്രിയുമൊക്കെയായിരുന്ന ഇ അഹമ്മദ് മരിച്ച ഒഴിവിലേക്കാണ് ഇപ്പോൾ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നത്. മരിക്കുമ്പോൾ ഇ അഹമ്മദ് മലപ്പുറം ജില്ലയിലെ മലപ്പുറം ലോക് സഭ മണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട എംപി ആയിരുന്നു. ആ ഒഴിവിലേക്ക് നടക്കുന്ന ഒരു ഉപ തിരഞ്ഞെടുപ്പിൽ മകൾ സ്ഥാനാർത്ഥിത്വം ആഗ്രഹിക്കുന്നത് അത്ര വലിയ കുറ്റമല്ല.

ഉപ്പ അഹമ്മദിനെയും മുസ്ലിം വനിതാ ലീഗ് നേതാവ് ഖമറുന്നിസ അന്‍വറിനെയും പോലെ കണ്ണൂർകാരി വരത്തി എന്നത് മാത്രമല്ല ഫൗസിയക്കും വിനയായത്. വിദേശത്തു ജോലി ചെയ്യുന്ന ഒരു വനിതാ ഡോക്ടർക്ക് അവർ ആരുടെ മകളായാലും പെൺ വിദ്യാഭാസ്യത്തിനു മുഖം തിരഞ്ഞു നിൽക്കുന്ന മാപ്പിള നാട്ടിൽ എന്ത് കാര്യം? പെണ്ണിന്റെ പഠനം പണ്ടും ഈ മാപ്പിള നാട്ടിൽ വലിയ പ്രശ്നം തന്നെയായിരുന്നു. അക്കാലത്താണ് മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി ഉദയം ചെയ്തതും സുന്നികളുടെ വധ ഭീഷണികൾക്ക് വഴങ്ങാതെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം സാധ്യമാക്കിയതും.

മരിച്ചവരുടെ ഭാര്യമാർ വെറും സതി അർപ്പിതർ ആവേണ്ടതുണ്ടോ എന്ന് ചോദിച്ചത് ബ്രിട്ടീഷുകാരാവാം. പക്ഷെ രാജ റാം മോഹൻ റോയിയുടെയും പേരിലിലാണ് ഈ പെൺ കുരുതി ആദ്യമായി എതിർക്കപ്പെട്ടത് എന്ന കാര്യം ഓർമയിൽ വെച്ച് കൊണ്ടുതന്നെയാണ് മാപ്പിള ലീഗിനോട് ചില ചോദ്യങ്ങൾ ഉന്നയിക്കുന്നത്. അല്ല ഭായി പെണ്ണിനെ അടിച്ചിരുത്തി നിങ്ങളുടെ പാർട്ടിയും മത സംഘടനകളും എവിടെ നിൽക്കുന്നു എന്ന് എപ്പോഴെങ്കിലും ആലോചിച്ചു ന്നോക്കിയിയിട്ടുണ്ടോ?

ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ഗർവ് കലർന്ന ആൺ കോയ്മ എന്ന് കരുതാൻ ആവില്ലല്ലോ. മകൾ ഫൗസിയക്കും ഒരു അവകാശമുണ്ടെന്ന ചിന്തയിൽ നിന്ന് തന്നെയാവുമല്ലോ അവരും രംഗത്ത് വന്നത്. ഇടക്ക് എന്തൊക്കെ നാടകങ്ങൾ ആയിരുന്നു. കുഞ്ഞാപ്പ ഒന്ന് നിനച്ചാൽ അത് കുഞ്ഞാപ്പക്ക് തന്നെയെന്ന് ആർക്കാണ് അറിയാത്തത്. പെണ്ണൊരുത്തിയെ അടിച്ചിരുത്താൻ ഇത്ര വലിയ നാടകം വേണ്ടിയിരുന്നോ എന്ന് മാത്രം മനസ്സിലാകുന്നില്ല.  ഒരർഥത്തിൽ അഹമ്മദിന്റെ മോൾക്ക് മലപ്പുറത്ത് എന്തുണ്ട് കാര്യം? ബാപ്പ കണ്ണൂർകാരൻ. മലപ്പുറത്തിന്റെ ദത്തുപുത്രൻ. അഹമ്മദിനെ ദത്തെടുത്ത സിഎച്ച് മുഹമ്മദ് കോയയോ സീതി ഹാജിയോ ഇന്നില്ല. എല്ലാം മലപ്പുറം മയം എന്ന് മലപ്പുറത്തെ പുത്തൻകൂറ്റുകാർ പറഞ്ഞു വെച്ചതും ഇക്കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പു കാലത്തു നമ്മൾ കണ്ടതാണ്. എന്നിട്ടും പാണക്കാട് കുടുംബത്തിൽ ഉണ്ടായിരുന്ന പിടിപാടും ദേശീയ തലത്തിൽ ഉണ്ടായിരുന്ന തല എടുപ്പും മാനിച്ചു അഹമ്മദിനെ സ്ഥാനാർത്ഥിയാക്കി.

അഹമ്മദിന്റെ വിജയം രണ്ട് ലക്ഷത്തിനടുത്ത ഭൂരിപക്ഷത്തിനായിരുന്നു എന്നത് ലീഗുകാർ പാടി നടക്കുന്നതിലും ഒരു സ്ത്രീ വിരുദ്ധ രാഷ്ട്രീയമുണ്ട്. കാരണം മറുപക്ഷത്തു ഉണ്ടായിരുന്ന മുഖ്യ എതിരാളി ഒരു വനിതയും അതിലേറെ തട്ടമിടാത്ത ഒരു കമ്മ്യൂണിസ്റ്റുകാരിയും. എതിരാളിയുടെ പേര് പികെ സൈനബ. മലപ്പുറത്ത് ചെങ്കൊടി ആദ്യമായി ഉയര്‍ന്ന നിലമ്പൂരിൽ നിന്ന് തന്നെ ഒരു ഉമ്മച്ചി തങ്ങളെ വെല്ലുവിളിക്കാൻ കളത്തിലിറങ്ങിയാൽ കളി പഠിപ്പിക്കാൻ സകല മാന മൗലിയാർമാർ മാത്രമല്ല കുട്ടിപട്ടാളവും ധാരാളം. അത്തരം ഒരു മുന്നേറ്റമാണ് മഹാനായ അഹമ്മദിന്റെ ഉജ്ജ്വല ജയത്തിനും പിന്നിൽ ഉണ്ടായത്. അതിനും മുൻപൊരിക്കൽ മഞ്ചേരിയിൽ ടികെ ഹംസ കെ പി എ മജീദിനെ മലർത്തിയടിച്ചപ്പോൾ ഒരു മലപ്പുറം ആൺ പോരിനപ്പുറം മലപ്പുറത്തെ സുന്നികൾക്ക് മറ്റൊരു ആവേശം കൂടി ഉണ്ടായിരുന്നു; അതാവട്ടെ മുജാഹിദ് കാരനായ മജീദിനെ തോൽപ്പിക്കുക എന്നത് തന്നെയാരിന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍