UPDATES

ട്രെന്‍ഡിങ്ങ്

യഥാര്‍ത്ഥത്തില്‍ പിണറായി ഭരണത്തിനുള്ള വിധിയെഴുത്താണോ മലപ്പുറം?

10 മാസത്തെ ‘സല്‍ഭരണ’മോ പിണറായിയുടെ സംഘപരിവാര്‍ വിരുദ്ധ പ്രതിച്ഛായോ?

കെ എ ആന്റണി

കെ എ ആന്റണി

ഒടുവിൽ വന്നു വന്ന് മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഒരു തമാശക്കളിയല്ലെന്നാണ് ഇപ്പോൾ ഇടതു- വലതു മുന്നണികളും ബിജെപിയും അവകാശപ്പെടുന്നത്. അവകാശ വാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായി മൂന്ന് കൂട്ടരും കളം നിറഞ്ഞു കഴിഞ്ഞു. മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്റെ വിലയിരുത്തൽ ആകുമെന്നുവരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞപ്പോൾ വെട്ടിലായത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ. കോടിയേരി ഉദ്ദേശിച്ചത് പിണറായി സർക്കാരിന്റെ സല്‍രണത്തിനു മലപ്പുറത്തെ വോട്ടർമാർ പിന്തുണ നൽകുമെന്നാണെന്ന് ഇന്നലെ എൽ ഡി എഫ് കൺവീനർ വൈക്കം വിശ്വൻ ഒരു ചെറിയ ഭേദഗതി കൊണ്ടുവന്നിട്ടുണ്ടെങ്കിലും മലപ്പുറത്തെ വോട്ടർമാർ ഈ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു എന്നത് വോട്ടു എണ്ണുമ്പോൾ അറിയേണ്ട കാര്യമായി മാറുന്നു. അങ്ങനെ വരുമ്പോൾ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഉയർന്നാൽ പിണറായി സർക്കാരിന്റെ ഭരണത്തെ സല്‍ഭരണമായി മലപ്പുറത്തെ വോട്ടർമാർ കണക്കാക്കുന്നില്ല എന്ന് വിലയിരുത്തേണ്ടിവരും.

എന്തായാലും കോടിയേരിയുടെ പ്രസ്താവന എൽ ഡി എഫ് സർക്കാരിനെ അടിക്കാൻ കിട്ടിയ വടിയായി യുഡിഎഫ് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന യുഡിഎഫ് മണ്ഡലം കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ വടി വളരെ ഫലപ്രദമായി വീശി. കോടിയേരിക്ക് പിണറായിയോട് ഇത്രയും വിദ്വേഷം ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായതെന്നാണ് രമേശ് പറഞ്ഞത്.

എന്നാൽ വീണിടത്തു തന്നെ കിടന്നുരുളാൻ തന്നെയാണ് തങ്ങളുടെ തീരുമാനം എന്ന് വ്യക്തമാക്കുന്നതായി എൽഡിഎഫ് കൺവീനറുടെ ഇത് സംബന്ധിച്ച വിശദീകരണം. കഴിഞ്ഞ പത്തു മാസക്കാലത്തെ എൽഡിഎഫ് ഭരണം മികച്ചത് തന്നെ എന്നാണ് വൈക്കം വിശ്വന്റെ വിലയിരുത്തൽ. അതുകൊണ്ടു തന്നെ ഭരണ അനുകൂല വികാരം അദ്ദേഹം മലപ്പുറത്തെ വോട്ടർമാരിൽ നിന്നും പ്രതീക്ഷിക്കുന്നുമുണ്ട്. പോരെങ്കിൽ മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കുഞ്ഞാലിക്കുട്ടി 2006ൽ കുറ്റിപ്പുറത്ത് കാലിടറി വീണതും അതിനു തൊട്ടു മുൻപത്തെ ലോകസഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ടികെ ഹംസ മുസ്ലിം ലീഗിലെ കെ പി എ മജീദിനെ മലർത്തി അടിച്ചതും വൈക്കം വിശ്വൻ ആവേശപൂർവം അനുസ്മരിക്കുന്നുമുണ്ട്.

കേരളത്തിലെ തങ്ങളുടെ ഭരണ നേട്ടത്തേക്കാൾ സിപിഎമ്മും എൽഡിഎഫും പ്രതീക്ഷ വെക്കുന്നത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെയും ആ സർക്കാരിനെ നയിക്കുന്ന സംഘ പരിവാരത്തിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളിലുമാണ്. അടുത്ത് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ്സും ആ പാർട്ടി നേതൃത്വം നൽകുന്ന യുപിഎയും അപ്രസക്തമായി കൊണ്ടിരിക്കുന്നു എന്നത് തന്നെയാണ്. ഇന്ത്യ ഒട്ടാകെ അത്ര വലിയ ശക്തിയൊന്നുമല്ല കമ്മ്യൂണിസ്റ്റ് പാർട്ടികളും അവർക്കൊപ്പം നിൽക്കുന്ന ഇടതു പാർട്ടികളുമെങ്കിലും സംഘപരിവാറിന്റെ കുത്സിത നീക്കങ്ങൾക്കു വലിയൊരു പരിധി വരെ തടയിടാൻ ശ്രമിക്കുന്നതും കഴിയുന്നതും കമ്മ്യൂണിസ്റ്റ്, ഇടതു പാർട്ടികൾക്ക് തന്നെയാണെന്ന് ഇതിനകം വ്യക്തമായ കാര്യം തന്നെ.

കേരളത്തിലെ ഇടതു ഭരണത്തോട് സംഘപരിവാർ ശക്തികൾ കാണിക്കുന്ന അസഹിഷ്ണതയുടെ തെളിവായി പിണറായിയെ മംഗലുരുവിലെ ഹൈദരാബാദിലും തടയാൻ ശ്രമിച്ചു പരാജയപ്പെട്ടതും ഭോപ്പാലിൽ തടഞ്ഞതും ഉയർത്തിക്കാട്ടിയാണ് സിപിഎമ്മും ഇടതു മുന്നണിയും ഇത്തവണ മലപ്പുറത്ത് വോട്ടു തേടുന്നതെന്നതും ഏറെ ശ്രദ്ധേയമാണ്. ബീഫ് വിവാദത്തിൽ കോൺഗ്രസ്സും ലീഗും എടുത്ത അഴകൊഴമ്പൻ നിലപാടും ജെഎൻയു, ഹൈദരാബാദ് സർവകലാശാല വിഷയങ്ങളും ഇ അഹമ്മദിനെ വാഴ്ത്തിപ്പാടുമ്പോഴും മലപ്പുറത്ത് മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച അഹമ്മദിന്റെ മകൾക്കു സീറ്റു നിഷേധിച്ചതുമൊക്കെ സിപിഎമ്മിനും എൽഡിഎഫിനും ആയുധങ്ങൾ തന്നെ.

യുഡിഎഫ് മലപ്പുറം ഉപ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ കെപിസിസിക്കു നാഥൻ ഇല്ലാതായതും യുഡിഎഫ് ശിഥിലമാണെന്നതും തെല്ലൊന്നുമല്ല ആ മുന്നണിയെ അലട്ടുന്നത്. യുഡിഎഫ് വിട്ട കെഎം മാണി സ്വന്തം നിലക്ക് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നുണ്ടെങ്കിലും മണ്ഡലത്തിൽ കേരള കോൺഗ്രസ് ഒരു സ്വാധീന ഘടകമേ അല്ല. ഇതിനൊക്കെ പുറമെയാണ് കരുവാരക്കുണ്ടിലെ കോണ്‍ഗ്രസ്സ് – ലീഗ് തർക്കം. കോൺഗ്രസ്സും ലീഗും ചേർന്ന് ഭരിക്കുന്ന കരുവാരക്കുണ്ട് പഞ്ചായത്തു ഭരണ സമിതിക്കെതിരെ അവിശ്വാസം കൊണ്ടുവരാൻ ഒരുങ്ങുകയാണ് അവിടുത്തെ കോൺഗ്രസ് അംഗങ്ങൾ. മഞ്ചേരി എംഎൽഎ യും ലീഗ് നേതാവുവുമായ ഉമ്മർ, കോൺഗ്രസ് നേതാവ് എപി അനിൽകുമാർ എംഎൽഎയുടെ മണ്ഡലമായ വണ്ടൂരിൽ അനാവശ്യ ഇടപെടലുകൾ നടത്തുവെന്നാണ് ആരോപണം.

ഇ അഹമ്മദ് 2014 ൽ നേടിയ 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം രണ്ടു ലക്ഷത്തിനു മുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കുഞ്ഞാലിക്കുട്ടിയെ തന്നെ മലപ്പുറത്ത് സ്ഥാനാർത്ഥിയാക്കിയത് എന്നാണ് ലീഗ് നേതൃത്വത്തിന്റെ വാദം. എന്നാൽ മലപ്പുറത്തെ ലീഡ് വർധിക്കാൻ പ്രധാന കാരണം എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയത് ഒരു വനിതയെ ആയിരുന്നു എന്നതും ലീഗ് വിരുദ്ധ വോട്ടുകളിൽ നല്ലൊരു ഭാഗം എസ്ഡിപിഐ, വെൽഫയർ പാർട്ടി സ്ഥാനാർത്ഥികളും ബിജെപിയും ചേർന്ന് നേടി എന്നതു കൂടിയായിരുന്നു. അഹമ്മദിന് 4,37,723 വോട്ടു ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി പികെ സൈനബക്ക് കിട്ടിയത് 2,42,984 വോട്ടു മാത്രം. എസ്ഡിപിഐയുടെ നാസറുദ്ദീൻ എളമരം 47,853, വെൽഫെയർ പാർട്ടിയുടെ പി  ഇസ്മായിൽ -29,216, ബി ജെ പിയുടെ എൻ ശ്രീപ്രകാശ് – 64,705 എന്നിങ്ങനെ ആയിരുന്നു 2014 ലെ വോട്ടു കണക്ക്.

ബിജെപി ഇത്തവണയും ശ്രീപ്രകാശിനെ തന്നെ പരീക്ഷിക്കുമ്പോൾ എൽഡിഎഫ് സ്ഥാനാർഥി സിപിഎം യുവ നേതാവ് എംബി ഫൈസലാണ്. എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും സ്ഥാനാർത്ഥിയെ നിര്‍ത്തുമോ എന്ന കാര്യം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. കുഞ്ഞാലിക്കുട്ടിയുടെ വിജയം എളുപ്പമാക്കാനാണ് സിപിഎം ഒരു പുതുമുഖത്തെ രംഗത്ത് ഇറക്കിയിരിക്കുന്നത് എന്ന് ബിജെപി ആരോപിക്കുമ്പോൾ സിപിഎമ്മും ബിജെപിയും മലപ്പുറത്ത് ഒത്തുകളിക്കുന്നുവെന്നാണ് കോൺഗ്രസ് ആരോപണം. വരും ദിവസങ്ങളിൽ കൂടുതൽ ആരോപണ പ്രത്യാരോപണങ്ങൾക്കായി കാത്തിരിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍