UPDATES

ട്രെന്‍ഡിങ്ങ്

എന്താണ് കുഞ്ഞാലിക്കുട്ടി – പിണറായി കൂടിക്കാഴ്ചയ്ക്ക് പിന്നില്‍?

സംഘപരിവാറിന്റെ കേരളത്തിലെ പ്രഖ്യാപിത ലക്ഷ്യം എന്തെന്നും വോട്ടര്‍മാര്‍ക്ക് നല്ല നിശ്ചയമുണ്ട്. മലപ്പുറത്ത് മത്സരിക്കുന്ന ഏക അമുസ്ലിം സ്ഥാനാര്‍ഥി തങ്ങളുടേതാകയാല്‍ അവിടെ ഒരു വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമത്തെ അവര്‍ നന്നായി തിരിച്ചറിയുന്നുണ്ട്.

കെ എ ആന്റണി

കെ എ ആന്റണി

പികെ കുഞ്ഞാലിക്കുട്ടി യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്വന്തം കുട്ടിയാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞതിന് തൊട്ടുപിന്നാലെ മറ്റൊരു വിവാദം കൊഴുക്കുന്നുണ്ട്. ഇതാവട്ടെ കേരള മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലിം ലീഗ് നിയമസഭ കക്ഷി നേതാവും മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പികെ കുഞ്ഞാലിക്കുട്ടിയും വളാഞ്ചേരിയിലെ ഒരു വ്യവസായ പ്രമുഖന്റെ വീട്ടില്‍ വച്ച് രഹസ്യ കൂടിക്കാഴ്ച്ച നടത്തിയെന്നും ഇതേ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചത് എന്നുമാണ്. ആരോപണം ആദ്യം വന്നത് ബിജെപി നേതാവ് എം ടി രമേശിന്റെ നാവില്‍ നിന്നായിരുന്നു. ഇപ്പോള്‍ അത് മറ്റൊരു ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ രാമനാമം പോലെ ജപിച്ചുകൊണ്ടിരിക്കുന്നു.

ഒരു തിരഞ്ഞെടുപ്പ് ആകുമ്പോള്‍ പല തരത്തിലുള്ള ആരോപണങ്ങളും കുപ്രചാരണങ്ങളും തികച്ചും സ്വാഭാവികം മാത്രം. എന്നാല്‍ ഈ ആരോപണത്തിന് ചുരുങ്ങിയ പക്ഷം മലപ്പുറത്തിന് വെളിയിലെങ്കിലും വലിയൊരു മൈലേജ് നേടിയെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞു എന്നത് ഒരു യാഥാര്‍ഥ്യം തന്നെയാണ്. ഒരു പൊതു പരിപാടിക്കിടയില്‍ തങ്ങള്‍ തമ്മില്‍ കണ്ടിരുന്നുവെന്നും എന്നാല്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും കുഞ്ഞാലികുട്ടി കഴിഞ്ഞ ദിവസം സമ്മതിക്കുക കൂടി ചെയ്തതോടെ തന്റെയും രമേശിന്റേയും വാദം ശരിയെന്നു തെളിഞ്ഞിരിക്കുന്നു എന്ന നിലപാടിലാണ് രാധാകൃഷ്ണന്‍. കൂടിക്കാഴ്ച്ച പൊതു പരിപാടിക്കിടയില്‍ ആയിരുന്നില്ലെന്നും വേണമെങ്കില്‍ ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ നല്‍കാം എന്ന് രാധാകൃഷ്ണന്‍ ഇപ്പോള്‍ പറയുന്നതിന്റെ പൊരുള്‍ മറ്റൊന്നല്ല.

മുഖ്യമന്ത്രിയാകും മുന്‍പ് വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവും പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയും ആയിരുന്ന കാലം മുതല്‍ക്കേ വിഎസ് പക്ഷക്കാര്‍ ഉന്നയിച്ചിരുന്ന പിണറായി -കുഞ്ഞാലിക്കുട്ടി അവിശുദ്ധ കൂട്ടുകെട്ട് ആരോപണം തന്നെയാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ബിജെപി ഉയര്‍ത്തി കൊണ്ടുവന്നിരിക്കുന്നത്. കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ പിണറായി ശ്രമിച്ചിരുന്നു എന്ന് തുടങ്ങി എളമരം കരീമിന്റെ കാലത്തെ ചക്കിട്ടപാറ ഖനന നീക്കം, ചാക്ക് രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട മലബാര്‍ സിമന്റ്‌സ് കുംഭകോണം മുതല്‍ കൈരളി ചാനല്‍ കെട്ടിപ്പടുക്കാന്‍ പിണറായിയും കൂട്ടരും വ്യസായായ ലോബിയുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി എന്നുവരെ പോയി പഴയ വി എസ് ആരാധകരുടെ ആരോപണങ്ങള്‍. അന്നത്തെ അതേ ആരോപണങ്ങളുടെ ചുവട് പിടിച്ചു തന്നെയാണ് ബി ജെ പിയും ഇക്കുറി മലപ്പുറത്ത് കരുക്കള്‍ നീക്കുന്നത്.

എന്നാല്‍ മലപ്പുറത്തെ ജനങ്ങള്‍ ഇതൊന്നും അത്ര കാര്യമായി കാണുന്നില്ല എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ബി ജെ പി പറയുന്ന വി എം അഷ്‌റഫ് എന്ന വ്യവസായിയെയും അയാള്‍ക്ക് സി പി എമ്മുമായുള്ള അടുപ്പവും അറിയാത്തവരല്ല മലപ്പുറത്തുകാര്‍. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലേക്ക് സി പി എം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ട ആള്‍ കൂടിയാണ് അഷ്‌റഫ്. ഇക്കുറിയും മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പരിഗണ പട്ടികയിലും അഷ്‌റഫ് ഉണ്ടായിരുന്നു. ബിജെപിയുടെയും സംഘപരിവാറിന്റെയും ഉള്ളിരിപ്പ് മറ്റാരേക്കാളും മലപ്പുറത്തെ വോട്ടര്‍മാര്‍ക്ക് മനസിലാക്കാന്‍ കഴിയുമെന്നാണ് പുതിയ ആരോപണവുമായി ബന്ധപെട്ട് നടത്തിയ അന്വേഷണത്തിനടിയില്‍ അവരില്‍ പലരും പറഞ്ഞത്.

‘മലപ്പുറം കൊടിഞ്ഞിയില്‍ മതം മാറിയതിന്റെ പേരില്‍ അടുത്ത കാലത്തു ഒരു യുവാവിനെ വെട്ടി അരിഞ്ഞ സംഘപരിവാര്‍ ഇതും ഇതിലപ്പുറവും പറയും’. പോരെങ്കില്‍ അടുത്ത കാലത്ത് അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ യുപിയിലടക്കം നാലിടത്ത് അധികാരത്തില്‍ വന്ന സംഘപരിവാറിന്റെ കേരളത്തിലെ പ്രഖ്യാപിത ലക്ഷ്യം എന്തെന്നും അവര്‍ക്ക് നല്ല നിശ്ചയമുണ്ട്. മലപ്പുറത്ത് മത്സരിക്കുന്ന ഏക അമുസ്ലിം സ്ഥാനാര്‍ഥി തങ്ങളുടേതാകയാല്‍ അവിടെ ഒരു വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമത്തെയും അവര്‍ നന്നായി തിരിച്ചറിയുന്നുണ്ട്.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍