UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറത്ത് വോട്ടെടുപ്പ് തുടങ്ങി; ആദ്യ മണിക്കൂറുകളില്‍ വോട്ടിംഗ് യന്ത്രം തകരാറില്‍

ആദ്യത്തെ ഒരുമണിക്കൂറില്‍ 8.09 ശതമാനം പോളിംഗ് രേഖപ്പെടുത്തി

മലപ്പുറം ഉപതെരെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്കാണ് പൂര്‍ത്തിയാകുക. ആദ്യത്തെ ഒരുമണിക്കൂറില്‍ 8.09 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എട്ട് മണിക്ക് ശേഷം മണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രം തകരാറിലായത് പോളിംഗ് നിരക്ക് കുറച്ചു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് നേതാവ് പാണക്കാട് ശിഹാബ് തങ്ങള്‍ എന്നിവര്‍ പാണക്കാട് എഎംയുപി സ്‌കൂളിലെത്തി രാവിലെ തന്നെ സമ്മതിദാനം നിര്‍വഹിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശും വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംബി ഫൈസലിന് ഈ മണ്ഡലത്തില്‍ വോട്ടില്ല. അടുത്ത മണിക്കൂറുകളില്‍ പോളിംഗ് നിരക്ക് കൂടുമെന്നും നല്ല ഭൂരിപക്ഷം നേടാന്‍ സാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. യുഡിഎഫിന്റെ പ്രചരണവും പ്രവര്‍ത്തനവും ചിട്ടയോടെയായിരുന്നു. പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചത് കൂടുതല്‍ നേട്ടത്തിന് കാരണമാകും. യുഡിഎഫിന് മികച്ച ഭൂരിപക്ഷമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് പാണക്കാട് ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

അതേസമയം അന്തിമതീരുമാനം ജനങ്ങളുടേതാണെന്നായിരുന്നു സിപിഎം മുതിര്‍ന്ന നേതാവ് ടികെ ഹംസയുടെ പ്രതികരണം. 2004ലെ ട്രന്‍ഡ് ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്‍ഡിഎഫോ യുഡിഎഫോ ജയിച്ചാലും ചെറിയ ഭൂരിപക്ഷമേ ഉണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. പഴുതടച്ച പ്രവര്‍ത്തനമായിരുന്നു എല്‍ഡിഎഫിന്റേതെന്നും അത് ഗുണം ചെയ്യുമെന്നും എംബി ഫൈസലും അവകാശപ്പെട്ടു.

തകരാര്‍ മൂലം 11 ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം മാറ്റിവച്ചു. കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നിങ്ങനെ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് മലപ്പുറം ലോക്‌സഭ മണ്ഡലത്തിന് കീഴിലുള്ളത്. 13.12 ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്. 2014ലെ തെരഞ്ഞെടുപ്പില്‍ 11.98 ലക്ഷം വോട്ടര്‍മാരില്‍ 8,53,467 പേര് (71.26%) വോട്ട് രേഖപ്പെടുത്തി. അടുത്ത തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍