UPDATES

സിനിമ

ദീപികയല്ല, മാളവിക തന്നെയാണ് നായികയെന്ന് മജീദ് മജീദി ഉറപ്പിക്കുമ്പോള്‍

ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്‌സില്‍ നായികയാവുന്നത് മലയാളി മാളവിക മോഹന്‍

ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്‌സില്‍ ദീപിക പദുകോണ്‍ കേന്ദ്രകഥാപാത്രമാകുന്നതിന്റെ വാര്‍ത്ത കഴിഞ്ഞ വര്‍ഷം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്‌പ്പെട്ടിരുന്നു. മുംബൈയിലെ ചേരിയിലുള്ള സഹോദരി-സഹോദരന്മാരുടെ ആത്മബന്ധത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ ഒരു ചേരിനിവാസിയുടെ വേഷത്തില്‍ ഇരിക്കുന്ന ദീപികയുടെയും ദീപികയ്ക്കു നിര്‍ദേശം നല്‍കുന്ന മജീദിയുടെയും ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

എന്നാല്‍ മജീദിയുടെ ചിത്രത്തില്‍ ദീപികയായിരുന്നോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന കാര്യത്തില്‍ അന്തിമമായൊരു തീരുമാനം പുറത്തുവന്നിരുന്നില്ല. പിന്നീട് അറഞ്ഞു ദീപിക ആ വേഷം വേണ്ടെന്നുവച്ചതായി. ആ ചിത്രങ്ങള്‍ തന്റെ പി ആര്‍ ടീമിന്റെ കൈയില്‍ നിന്നും ലീക്കായാതാണെന്നും ദീപിക പറഞ്ഞു.

ദീപിക പിന്മാറിയതോടെ മജീദിയുടെ സിനിമയിലെ നായിക കഥാപാത്രം വേറെ ആര് ചെയ്യുമെന്നതായി ആകാംക്ഷ. അണിയറപ്രവര്‍ത്തകരെ ബന്ധപ്പെടുത്തി പലപേരുകളും ഉയര്‍ന്നുകേള്‍ക്കുകയും പിന്നീടത് ഇല്ലാതാവുകയും ചെയ്തുകൊണ്ടിരുന്നു.

തങ്ങളുടെ ഈ ചിത്രത്തിലേക്ക് ഒരു പുതുമുഖ നടിയെയാണ് വേണ്ടതെന്നും ദീപിക പദുകോണിനെ ഒരുസമയത്തും ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി പരിഗണിച്ചിരുന്നില്ലെന്നും അണിയറക്കാര്‍ അറിയിച്ചു. പക്ഷേ ആ ചിത്രങ്ങള്‍ എങ്ങനെ സംഭവിച്ചു എന്നതിനു മാത്രം ഉത്തരം ഇല്ലായിരുന്നു. ദീപകയും അതിനോട് വ്യക്തമായി പ്രതികരിച്ചില്ല. ദീപികയെ വച്ച് മജീദി ഒരു ഒഡീഷന്‍ മാത്രമാണ് നടത്തിയതെന്നും തന്റെ കഥാപാത്രവുമായി ദീപിക ചേരില്ലെന്നു മനസിലാക്കി അവരെ ഒഴിവാക്കുകയുമായിരുന്നു മജീദിയെന്നും സ്ഥിരീകരിക്കാവുന്ന വാര്‍ത്തകളുമുണ്ടായി.

എന്തായാലും ഇത്തരം ആശയക്കുഴപ്പങ്ങളും അടക്കംപറച്ചിലുകളുമൊക്കെയായി മുന്നോട്ടു പോകുന്നതിനിടയിലാണു മജീദിയുടെ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുന്ന നടിയെ തെരഞ്ഞെടുത്തു എന്ന വാര്‍ത്ത പുറത്തുവന്നത്. ഊഹാപോഹമാല്ലെന്നും, ഒരു നടിയെ തങ്ങള്‍ തെരഞ്ഞെടുത്തു കഴിഞ്ഞെന്നും അണിയറക്കാര്‍ ഉറപ്പു പറഞ്ഞതോടെ അതാരാണെന്ന ആകാംക്ഷയായി. ബോളിവുഡില്‍ നിന്നും ഒരാള്‍ എന്നായിരുന്നു എല്ലാവരുടെയും കണക്കുകൂട്ടല്‍. പക്ഷേ ആ നടി ഒരു മലയാളിയാണ്. മാളവിക മോഹന്‍. ബോളിവുഡഡിലെ പ്രശസ്ത കാമറാമാന്‍ കെ യു മോഹന്റെ മകള്‍.

തിയേറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്ന മാളവികയുടെ സിനിമാ അരങ്ങേറ്റം മലയാളത്തിലൂടെയായിരുന്നു. അഴകപ്പന്‍ സംവിധാനം ചെയ്ത പട്ടംപോലെ എന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്റെ നായികയായി. അടുത്ത സിനിമയും മലയാളത്തില്‍ തന്നെ, വി കെ പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകം. ഈ രണ്ടു ചിത്രങ്ങള്‍ തിയേറ്റര്‍ വിജയം നേടാതിരുന്നതുകൊണ്ടാവാം, മാളവിക അധികം ചര്‍ച്ച ചെയ്യപ്പെട്ടില്ല. കഴിഞ്ഞ വര്‍ഷം നാനു മട്ടു വരലക്ഷ്മി എന്ന കന്നഡ ചിത്രത്തിലും അഭിനയിച്ചിരുന്നു. മാളവികയെ മലയാളത്തില്‍ ഒരിക്കല്‍ കൂടി ശ്രദ്ധേയയാക്കുന്നത് മമ്മുട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍ ആയിരിക്കാം.

എന്നാല്‍ മജീദിയുടെ സിനിമയില്‍ കേന്ദ്ര കഥാപാത്രമാകുന്നതോടെ മാളവിക അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയയാവുകയാണ്. ഷാഹിദ് കപൂറിന്റെ സഹോദര്‍ ഇഷാന്‍ ഖട്ടര്‍ ആണ് ഈ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇഷാന്റെ സിനിമ അരേങ്ങറ്റമാണിത്. സിനിമയുടെ ഷൂട്ടിംഗ് മുംബൈയില്‍ ആരംഭിച്ചു കഴിഞ്ഞു. മാളവികയെ തെരഞ്ഞെടുത്തതില്‍ തങ്ങള്‍ക്കു തെറ്റ് പറ്റിയില്ലെന്ന സന്തോഷമാണ് മജീദിയടക്കമുള്ളവര്‍ക്ക് എന്നാണ് സിനിമയുമായി ബന്ധപ്പെട്ടവരില്‍ നിന്നു കേള്‍ക്കുന്ന വാര്‍ത്ത. തന്റെ കഥാപാത്രത്തിനു യോജിച്ച അതേ മുഖമാണ് മാളവികയ്‌ക്കെന്നാണു മജീദി അഭിപ്രായപ്പെട്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍