UPDATES

സിനിമ

സുഖലോലുപതയുടെ ചില ഏണിപ്പടികളും മുടക്കു മുതല്‍ എന്ന രാഷ്ട്രീയ സമസ്യയും

Avatar

ശരത് കുമാര്‍

പ്രമുഖ ബ്രസീലിയന്‍ ഒളിസിനിമ പ്രവര്‍ത്തകനായിരുന്ന ഗ്ലോബര്‍ റോഷെ, 1970ല്‍ പാരീസ് സന്ദര്‍ശിക്കുന്ന കാലത്ത് ഫ്രഞ്ച് സൈദ്ധാന്തിക സംവിധായകനായിരുന്ന ഴാങ് ലൂക്ക് ഗൊദാര്‍ദിന്റെ ‘വിന്റ് ഫ്രം ദ ഈസ്റ്റ്’ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. പാരീസിലെ തെരുവിലൂടെ നടക്കുന്ന ഗ്ലോബര്‍ റോഷെ, തന്റെ നേരെ ഉരുണ്ട് വരുന്ന പന്ത് ചവിട്ടിനിറുത്തിയ ശേഷം ലാറ്റിനമേരിക്കന്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തില്‍. എന്നാല്‍ ചിത്രത്തെ കുറിച്ച് പിന്നീട് റോഷെ കടുത്ത വിമര്‍ശം ഉന്നയിച്ചിരുന്നു. ദൃശ്യങ്ങളെ (അല്ലെങ്കില്‍ യാഥാര്‍ത്ഥ്യങ്ങളെ തന്നെ) സൗന്ദര്യവല്‍ക്കരിക്കുന്ന പാശ്ചാത്യരീതിയെയാണ് റോഷെ വിമര്‍ശിച്ചത്. പ്രത്യക്ഷത്തില്‍ സൗന്ദര്യാത്മകമല്ലാത്ത ദൃശ്യങ്ങളിലൂടെ യാഥാര്‍ത്ഥ്യങ്ങളെ ചിത്രീകരിക്കുന്നതാവണം സിനിമയെന്ന് മൂന്നാം ലോക രാജ്യമായ ബ്രസീലിയന്‍ ജീവിതം കണ്ട അദ്ദേഹം വിചാരിച്ചിരുന്നു.

എന്നാല്‍ റോഷെയുടെ യൂറോപ്പ് സന്ദര്‍ശനത്തിന് പിന്നില്‍ മറ്റൊരു ഉദ്ദേശമാണ് ഉണ്ടായിരുന്നത്. തന്റെ പുതിയ ചിത്രത്തിന് നിര്‍മ്മാതാവിനെ കണ്ടെത്തുക എന്ന ലക്ഷ്യവുമായാണ് അദ്ദേഹം 1970ല്‍ യൂറോപ്പിലെത്തിയത്. പണം മുടക്കാന്‍ തയ്യാറുള്ള ആരെങ്കിലും മതിയായിരുന്നില്ല റോഷെയ്ക്ക്. അയാളുടെ പണത്തിന്റെ ഉറവിടം അറിയണമായിരുന്നു. അയാളുടെ പണം മുടക്കി താനെടുക്കുന്ന സിനിമ എവിടെയെല്ലാം പ്രദര്‍ശിപ്പിക്കപ്പെടുമെന്നും റോഷെയ്ക്ക് അറിയേണ്ടിയിരുന്നു. എന്നാല്‍ നിര്‍മ്മാതാവിനെ കണ്ടെത്താന്‍ റോഷെ കാണിക്കുന്ന ഈ ജാഗ്രത ഗൊദാര്‍ദിന് മനസിലാകുമായിരുന്നില്ല. തിരക്കഥ പൂര്‍ത്തിയായ വിവരം ഗൊദാര്‍ദ് ഒരു സുഹൃത്തിനോട് പറയുകയും, ആ സുഹൃത്ത് ഒരു ധനാഢ്യനോട് വിവരം ധരിപ്പിക്കുകയും അയാള്‍ പണം മുടക്കുകയും ചെയ്തപ്പോഴാണ് ‘വിന്റ് ഫ്രെം ദ ഈസ്റ്റ്’ ഉണ്ടായത്.

പക്ഷെ, ബ്രസീലിയന്‍ ഭരണകൂടത്തിനെതിരായ പോരാട്ടം എന്ന നിലയില്‍, ആഗോള മുതലാളിത്തത്തിനെതിരായ പോരാട്ടം എന്ന നിലയില്‍ സിനിമയെ കണ്ടിരുന്ന റോഷെയെ സംബന്ധിച്ചിടത്തോളം, തന്റെ നിര്‍മ്മാതാവിനെ കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. തന്റെ സിനിമ നിര്‍മ്മിക്കുന്ന ആളുടെ ഉദ്ദേശ്യലക്ഷങ്ങള്‍ റോഷെയ്ക്ക് പ്രധാനമായിരുന്നു. ഒരുപക്ഷെ, ആ ജാഗ്രത മലയാളത്തില്‍ പുലര്‍ത്താന്‍ ശ്രമിച്ചത്, 1986ല്‍ ‘അമ്മ അറിയാന്‍’ എന്ന ചിത്രത്തിലൂടെ ജോണ്‍ എബ്രഹാം ആയിരുന്നു. പിന്നീട് 2014ല്‍ ‘ക്രൈം നമ്പര്‍ 89’ ലൂടെ സുദേവനും.

പ്രതിവര്‍ഷം ശരാശരി 150 ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്ന മലയാളത്തില്‍, ഏറിയാല്‍ 20 ചിത്രങ്ങള്‍ മാത്രമാണ് സാമ്പത്തിക ലാഭമോ മുടക്ക് മുതലോ തിരിച്ച് പിടിക്കുന്നത്. എന്നാല്‍ വീണ്ടും നിര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങളുടെ എണ്ണത്തില്‍ ഒരു കുറവും സംഭവിക്കുന്നില്ല. മറ്റേതൊരു വ്യവസായത്തിലായാലും മുടക്കുമുതല്‍ നഷ്ടപ്പെടുന്തോറും ആ വ്യവസായത്തിന്റെ നിലനില്‍പ്പ് അപകടത്തിലാവുകയാണ് ചെയ്യുന്നത്. എന്നാല്‍ മലയാള സിനിമയില്‍ (ഒരു പക്ഷെ മറ്റ് ഭാഷ സിനിമയിലും) വീണ്ടും വീണ്ടും പണം മുടക്കപ്പെടുന്നു. ഇതിന്റെ സ്രോതസ് എവിടെ നിന്നാണ് വരുന്നതെന്ന് ആര്‍ക്കും മനസിലാവുന്നില്ല. നമ്മുടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോലും. അല്ലെങ്കില്‍, എല്ലാം മനസിലാക്കിയ അവര്‍ പ്രതികരിക്കാതെ, പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ നിശബ്ദരാവുന്നു.

ഇത്രയധികം പണം പമ്പ് ചെയ്യപ്പെടുന്ന ഒരു വ്യവസായത്തെ കുറിച്ച് ആശങ്കപ്പെടാതിരിക്കാന്‍ സാധാരണ മലയാളിക്ക് സാധിക്കാത്ത അവസ്ഥയാണുള്ളത്. കാരണം, ഈ പണം ഏതായാലും നേരായ വഴിക്കല്ല വരുന്നതെന്ന് നിശ്ചയം. എന്തും നശിപ്പിച്ചും പണം നേടാനുള്ള മലയാളിയുടെ സമീപകാല ത്വരയെ ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ രണ്ട് ദശകത്തിനിടയില്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള പ്രകൃതി വിഭവ ചൂഷണമാണ് നടന്നിട്ടുള്ളത്. അത് പാറ ക്വാറികള്‍ വഴിയായാലും കുന്നിടിച്ചായാലും കായലുകള്‍ നികത്തി റിസോര്‍ട്ട് പണിഞ്ഞായാലും ഇത്രയധികം പ്രകൃതി നാശം ഇത്ര ചെറിയ കാലയളവിനുള്ളില്‍ കേരള ചരിത്രം കണ്ടിട്ടില്ല. മാത്രമല്ല, 1992ലെ നരസിംഹറാവും സര്‍ക്കാര്‍ കൊണ്ടുവന്ന ആഗോളീകരണ, ഉദാരവല്‍ക്കരണ നടപടികളിലൂടെ കേരളത്തില്‍ ഏറ്റവും വളര്‍ന്ന രണ്ട് വ്യാപരങ്ങളാണ് സ്വര്‍ണവും വസ്ത്രവും. കണ്ണടച്ച് തുറക്കുന്നതിന് മുമ്പാണ് പല വ്യാപാര സ്ഥാപനങ്ങളും കേരളത്തില്‍ അങ്ങോളമിങ്ങോളവും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വിദേശത്തും ഷോറൂമുകള്‍ തുറക്കുന്നത്. ഇതേതായാലും നിയമാനുസൃതമായി നടത്തപ്പെടുന്ന വ്യാപാരത്തില്‍ നിന്നും ഉണ്ടാവുന്ന ലാഭത്തില്‍ നിന്നും അല്ലെന്ന് വ്യക്തം. കൂടാതെ റിയല്‍ എസ്റ്റേറ്റ് മാഫിയ, മണല്‍ മാഫിയ തുടങ്ങിയ എന്ത് വൃത്തികേടിലൂടെയും അനധികൃതമായി പണം സമ്പാദിക്കുക എന്ന ഒറ്റ ഉദ്ദേശത്തിലേക്ക് മലയാളി ചുരുങ്ങി. ഇതോടൊപ്പം വര്‍ഷാവര്‍ഷം വര്‍ദ്ധിക്കുന്ന അഴിമതി നാട്ടുനടപ്പായി അംഗീകരിക്കപ്പെട്ടതോടെ കണക്കില്‍പ്പെടാത്ത പണത്തിന്റെ ആകെ തുകയായി മലയാളികളില്‍ ഒരു വിഭാഗമെങ്കിലും മാറി.

ശരാശരി മലയാളിയുടെ സുഖലോലുപതാ സങ്കല്‍പങ്ങള്‍ക്ക് എല്ലാ പൂര്‍ണതയും നല്‍കാന്‍ പ്രാപ്തമായ സിനിമ നല്ലൊരു നിക്ഷേപമേഖലയായി മാറി. അവിടെ മുടക്ക് മുതല്‍ തിരിച്ചു കിട്ടുക, ലാഭം നേടുക തുടങ്ങിയ സാമാന്യ ബുദ്ധിക്ക് നിരക്കുന്ന നിക്ഷേപങ്ങള്‍ക്കപ്പുറത്തേക്ക് മുതല്‍മുടക്കിന്റെ തലങ്ങള്‍ വളര്‍ന്നു. അതുകൊണ്ടാവാം ഇത്രയും നഷ്ടം സംഭവിക്കുന്ന സിനിമ വ്യവസായത്തിലേക്ക് വീണ്ടും വീണ്ടും പണം മുടക്കപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് ഗ്ലോബര്‍ റോഷെ തന്റെ നിര്‍മാതാക്കളെ കുറിച്ച് പുലര്‍ത്തിയ ജാഗ്രത ഇപ്പോഴത്തെ മലയാള സിനിമ സംവിധായകരില്‍ നിന്നും കാലം ആവശ്യപ്പെടുന്നതും. അല്ലെങ്കില്‍ കല്യാണ്‍ സില്‍ക്‌സോ മറ്റേതെങ്കിലും മുതലാളിയോ മുടക്കുന്ന കാശിന് സിനിമ ചെയ്ത്, അതിന്റെ എല്ലാ ഔദാര്യങ്ങളും അനുഭവിച്ച ശേഷം, അവരുടെ കടകളില്‍ പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്യുന്നതിനിടയില്‍ ഒരു നിമിഷം ഇരിക്കുന്നതിന് വേണ്ടി സമരം ചെയ്യുന്നവരുടെ പന്തലുകളില്‍ പോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടി വരും. അത് കണ്ട് വാര്‍ത്തയില്‍ മുഖം കാണിക്കാനുള്ള വ്യഗ്രതയില്‍ പാഴ്ശ്രമം കാട്ടുന്നു എന്ന യാഥാര്‍ത്ഥ്യം ജനം വിളിച്ചു പറയുമ്പോള്‍ പ്രതികരിക്കാനാവാതെ നില്‍ക്കേണ്ടി വരും.

കലയെ പിന്തുണയ്ക്കാനെന്ന പേരില്‍ ചിലവഴിക്കപ്പെടുന്ന ഈ മൂലധനത്തിന്റെ രാഷ്ട്രീയം തിരിച്ചറിയാന്‍ സാധിക്കാത്തത് കൊണ്ടാണ് നാലുപേര്‍ മാത്രമുള്ള കുടുംബത്തിന് കേരളത്തിന് അകത്തും പുറത്തുമായി അഞ്ച് രമ്യഹര്‍മങ്ങള്‍ ഉള്ള സൂപ്പര്‍സ്റ്റാര്‍ പ്രകൃതി സ്‌നേഹത്തെ കുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും, പ്രകൃതി ചൂഷണത്തിനെതിരെ രോഷാകുലനാവുമ്പോഴും പ്രതികരിക്കാന്‍ സാധിക്കാതെ നാം തരിച്ച് നില്‍ക്കേണ്ടി വരുന്നത്. കാരണം, ആ അഞ്ച് വീടുകള്‍ സൂപ്പര്‍സ്റ്റാറിന്റെ സ്വന്തം കാശില്‍ നിര്‍മ്മിച്ചതല്ലെ എന്ന സാമാന്യയുക്തി മാത്രമേ നമുക്ക് വഴങ്ങു. ആ ബംഗ്ലാവുകള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതി വിഭവങ്ങള്‍ ഈ നാടിന്റെ സമ്പത്താണെന്നും റിസര്‍വ് ബാങ്കില്‍ അച്ചടിക്കുന്ന പേപ്പര്‍ കറന്‍സിക്ക് ആ നാശം നികത്താനാവില്ലെന്നും ഉള്ള തിരിച്ചറിവ് നമുക്ക് നഷ്ടപ്പെടുന്നതും.

എങ്ങനെയും ‘ഏണിപ്പടികള്‍’1 കയറി സമൂഹത്തിന്റെ ഉന്നതിയില്‍ എത്തുക എന്ന സാമാന്യ ലക്ഷ്യത്തിലേക്ക് മലയാളി ചുരുങ്ങിപ്പോയിരിക്കുന്നു. ‘ആരോഹണം’2 നടത്തുന്നതിനുള്ള വഴിയിലെ തടസങ്ങള്‍ അവിഹിതമായി നീക്കുന്നത് ഒരാളുടെ മിടുക്കായി സമൂഹം ഗണിക്കുന്നു. ലാഭം എന്ന ഒറ്റ ലക്ഷ്യം മാത്രമുള്ള മുഖ്യധാര മാധ്യമങ്ങള്‍ക്ക് സൃഷ്ടിക്കപ്പെടുന്ന എല്ലാ കലകളും മഹത്തരമായി മാറുന്നു. അതുകൊണ്ടാണ് വ്യക്തിപരമായ ആരോഹണത്തിനായി ഏത് വഴിയും സ്വീകരിക്കുന്ന ടെസമാര്‍ സൃഷ്ടിക്കപ്പെടുകയും അത് ആധുനിക സ്ത്രീത്വത്തിന്റെ ഉത്തമമാതൃകകളായി വാഴ്ത്തപ്പെടുകയും ചെയ്യുന്നത്. ഈ മൂലധന നിക്ഷേപത്തിന്റെ രാഷ്ട്രീയം തിരിച്ചറിയാതിരിക്കുകയോ അല്ലെങ്കില്‍ അറിഞ്ഞില്ലെന്ന് നടിക്കുകയോ ചെയ്യുന്നത് കൊണ്ടാണ് കാളിദാസന് ഒരു വയോവൃദ്ധനായ ആദിവാസി മൂപ്പനെ യാതൊരു തടസുമില്ലാതെ തട്ടിക്കൊണ്ടുവന്ന് വീട്ടില്‍ പാര്‍പ്പിക്കാന്‍ സാധിക്കുന്നത്.

ഇപ്പോഴുള്ള മയക്കുമരുന്ന് കേസ് ഒരു യുവനടനെ ഒതുക്കാന്‍ മറ്റൊരു യുവനടന്‍ ഒരുക്കിയ നാടകമാണെന്ന് അണിയറയില്‍ പറഞ്ഞു കേള്‍ക്കുന്നു. ലഹരിയുടെ ഉപയോഗം ഓരോ മനുഷ്യന്റെയും വ്യക്തിപരമായ കാര്യമാണെന്നാണ് ഇതെഴുതുന്ന ആളുടെ വിശ്വാസം. പക്ഷെ കേട്ട കഥ ശരിയാണെങ്കില്‍, സ്വന്തം ആരോഹണത്തിനായി അങ്ങനെ ഒരു ചതി ചെയ്യുന്നത്, അവിഹിതായി സമ്പാദിക്കപ്പെടുന്ന മൂലധനം തരുന്ന സുഖലോലുപത നല്‍കുന്ന ലഹരികളില്‍ മുങ്ങുന്നതിന് വേണ്ടിയാണ്. അതായത, മാനവികത എന്ന വാക്കിനര്‍ത്ഥം വ്യക്തിപരമായ ആരോഹണം എന്ന സമസ്യയില്‍ കുരുങ്ങിപ്പോകുന്നു.

ഇവിടെയാണ് ചിലവഴിക്കപ്പെടുന്ന കാശിന്റെ സ്രോതസിനെ കുറിച്ച് ഒരു സൃഷ്ടികര്‍ത്താവിന് അന്വേഷിക്കേണ്ടി വരുന്നത്. മാനവികതയുടെ വിളംബരമാണ് കലയെന്നാണ് സാമാന്യസങ്കല്‍പം. നമ്മള്‍ നിര്‍മ്മിക്കുന്ന സൃഷ്ടികള്‍ ആ സങ്കല്‍പത്തെ ന്യായീകരിക്കണമെങ്കില്‍ സ്വാഭാവികമായും നമ്മള്‍ ഗ്ലോബര്‍ റോഷെമാരുടെ ജാഗ്രത പുലര്‍ത്തേണ്ടി വരും. അല്ലെങ്കില്‍ ചില കൊള്ളകൊടുക്കകളുടെ ലാഭനഷ്ടങ്ങള്‍ക്കപ്പുറത്തേക്ക് ആ പ്രവര്‍ത്തനങ്ങള്‍ക്ക് വിലയുണ്ടാവില്ല. ഏറ്റവും കുറഞ്ഞ പക്ഷം ഒരു രവി എന്ന സഹോദരന്‍ ഒഴിച്ചു കൊടുക്കുന്ന വോഡ്ക എന്ന കൈക്കൂലി എങ്കിലും ആ യുഎസ് ‘ഷെര്‍ലക്’3 പ്രതീക്ഷിക്കും. അത്തരം പേടികളുടെ ആകെ തുകയാണ് നമ്മുടെ ആരോഹണങ്ങളെല്ലാം….

*Views are Personal

1. ഏണിപ്പടികള്‍ (തകഴി ശിവശങ്കര പിള്ള)
2. ആരോഹണം (വി കെ എന്‍)
3. ഷെര്‍ലക് (എം ടി  വാസുദേവന്‍ നായര്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍