UPDATES

സിനിമ

മഹാഭാരതം: സുഭാഷ് പാര്‍ക്കില്‍ നിന്നും 1000 കോടിയിലേക്ക് വളരുന്ന മലയാള സിനിമ

ആഗോള തലത്തില്‍ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറായി മഹാഭാരതം മാറിയേക്കാം

എറണാകുളത്തെ സുഭാഷ് പാര്‍ക്കിനു മുകേഷ് പാര്‍ക്ക് എന്നൊരു അപരനാമം ഉണ്ടായിരുന്നു. ഒരു കാലത്ത് മലയാള സിനിമയുടെ പ്രധാന ലൊക്കേഷന്‍ ആയിരുന്നു സുഭാഷ് പാര്‍ക്ക്. സുഭാഷ് പാര്‍ക്കിലെ സിനിമകളിലെ പ്രധാന ഹീറോ മുകേഷ് ആയിരുന്നു. അങ്ങനെയാണു മുകേഷ് പാര്‍ക്ക് എന്ന പേരു വന്നത്. മദ്രാസില്‍ നിന്നും തിരിച്ചെത്തിയ മലയാള സിനിമ കൊച്ചിയിലും അവിടെ തന്നെ സുഭാഷ് പാര്‍ക്കിലുമൊക്കെ ചുറ്റിക്കറങ്ങിയാണ് ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളുമൊക്കെ ഉണ്ടാക്കിയത്. കുറച്ചു പണം മുടക്കി കൂടുതല്‍ ലാഭം കൊയ്യുക എന്ന മലയാളിയുടെ പൊതുതന്ത്രം തന്നെ സിനിമയിലും കാണിച്ചു. കോടികളുടെ ബഡ്ജറ്റ്, ബ്രഹ്മാണ്ഡ ചിത്രം എന്നൊന്നും മലയാള സിനിമ ആഗ്രഹിച്ചിട്ടുമില്ല, അതിനായി ശ്രമിച്ചിട്ടുമില്ല.
കളമറിഞ്ഞുള്ള കളി മാത്രം. ആ മലയാള സിനിമയാണ് ഇപ്പോള്‍ ആയിരം കോടി മുതല്‍ മുടക്കില്‍ പുറത്തിറങ്ങാന്‍ പോകുന്നത്.

നല്ല സിനിമകളുടെ പേരിലായിരുന്നു മലയാളം സിനിമ ഇന്ത്യന്‍ സിനിമയില്‍ സ്ഥാനം നേടിയത്. വാണിജ്യസിനിമകളെക്കാള്‍ കലാമൂല്യ ചിത്രങ്ങളായിരുന്നു ആ സ്ഥാനം നേടിക്കൊടുത്തതും. വാണിജ്യ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ മലയാളത്തിന് അതിന്റെതായ പരിമിതി ഉണ്ടായിരുന്നു. ബോളിവുഡിനോ, കോളിവുഡിനോ ഉള്ളത്ര വ്യാപാര ഇടം  മലയാളത്തിനു കിട്ടിയിരുന്നില്ല. ഹിന്ദി സിനിമ മഹാരാഷ്ട്രയില്‍ വിജയിക്കുന്നതിനെക്കാള്‍ കൂടുതലായി കേരളത്തില്‍ വിജയിക്കും. തമിഴ് സിനിമ ആ നാട്ടില്‍ ഓടുന്നതിനേക്കാള്‍ കൂടുതലായി കേരളത്തിലെ തിയേറ്ററുകളില്‍ ഓടും. പക്ഷേ തിരിച്ചു സംഭവിച്ചിരുന്നില്ല. മലയാളി ഭാഷാവ്യത്യാസമില്ലാതെ സാഹിത്യ, സംഗീത, സിനിമ രൂപങ്ങളെ സ്വീകരിക്കുന്നവനാണ്. എന്നാല്‍ ഈ സ്വീകാര്യത മറ്റു നാടുകളില്‍ നമുക്ക് ലഭിക്കുന്നില്ല, സിനിമയുടെ കാര്യത്തിലും.

കോടികള്‍ മുടക്കി സിനിമകള്‍ എടുക്കുന്ന ശീലം നമുക്കുണ്ടായിട്ട് ഒരു പതിറ്റാണ്ടിനടുത്ത് മാത്രമെ ആയിട്ടുള്ളു. തെലുങ്കന്‍ ഒരു പാട്ട് സീനിനു വേണ്ടി ചെലവിടുന്ന പണം കൊണ്ട് മലയാളത്തില്‍ ഒരു സിനിമ ചെയ്യാമെന്നു പറയാറുണ്ടായിരുന്നു. ബോളിവുഡിലെ ഒരു നായകന്‍ വാങ്ങുന്ന പ്രതിഫലം വരില്ല മലയാളത്തിലെ ഒരു ബിഗ് ബഡ്ജറ്റ് മൂവിക്കെന്നും നാം പറഞ്ഞിരുന്നു. അങ്ങനെയൊരു അവസ്ഥയില്‍ നിന്നും മലയാള സിനിമ മാറിയിരിക്കുന്നു എന്നതാണ് ഈയടുത്തകാലത്തായി കാണുന്നത്. പുലിമുരുകന്‍ മലയാള സിനിമയുടെ വാണിജ്യതാത്പര്യങ്ങളെ പുതിയ തലത്തില്‍ എത്തിച്ചു. കോടികള്‍ മുടക്കി അതിലേറൈ കോടികള്‍ കൊയ്യാന്‍ മലയാളത്തിലും കഴിയുമെന്നു തെളിയിച്ചതാണ് പുലിമുരുകന്റെ സിനിമ ചരിത്രത്തിലെ പ്രധാന്യം.

പുലിമുരുകന്‍ നേടിയ നൂറുകോടി ഒരത്ഭുതമല്ലെന്നു തെളിയിക്കാനാണ് മലയാള സിനിമ ശ്രമിക്കുന്നത്. അതിനുള്ള ആത്മവിശ്വാസം മോളിവുഡ് നേടിയിട്ടുണ്ട്. സൂപ്പര്‍ താരങ്ങളെല്ലാം തന്നെ അവരുടെ പ്രൊജക്റ്റുകള്‍ വമ്പന്‍ പദ്ധതികളായാണ് ഒരുക്കുന്നത്. ആ തരത്തില്‍ പറയാവുന്ന അഞ്ചിലേറെ ചിത്രങ്ങള്‍ അണിയറില്‍ ഒരുങ്ങുകയാണ്. ഇതിനെയെല്ലാം കടത്തി വെട്ടിക്കൊണ്ടാണ്  മഹാഭാരതം എന്ന പേരില്‍ എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം ചലച്ചിത്രമാകുന്നത്. ആയിരം കോടി ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന ബഡ്ജറ്റ് ആണ്. ഒറ്റയടിക്ക് മലയാളം സിനിമ ഒപ്പത്തിനൊപ്പം എത്തിയത് ബോളിവുഡിനോടോ ടോളിവുഡിനോടോ കോളിവുഡിനോടോ അല്ല, സാക്ഷാല്‍ ഹോളിവുഡിനോടാണ്; കുറഞ്ഞത് മുടക്കുമുതലിന്റെ കാര്യത്തിലെങ്കിലും.

സിനിമ കാഴ്ചയുടെ കലയായി പൂര്‍ണമായി മാറിയിരിക്കുന്ന സമയത്ത് പ്രേക്ഷകനെ പഴയ ഫോര്‍മുലകള്‍ വച്ചു മാത്രം സന്തോഷിപ്പിക്കാന്‍ കഴിയില്ല. പ്രാദേശിക പ്രേക്ഷക സമൂഹം എന്ന തലത്തില്‍ നിന്നും ആഗോളപ്രേക്ഷകനിലേക്ക് അവർ മാറിക്കഴിഞ്ഞു. ബാഹുബലി എന്ന ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത് ഇന്ത്യ മുഴുവനാണ്. കബാലി എന്ന സിനിമയെ സ്വീകരിച്ച് ആഘോഷിച്ചതും ഇന്ത്യ മുഴുവനാണ്. ദംഗല്‍ കോടികള്‍ വാരിയതു ഉത്തരേന്ത്യയില്‍ നിന്നുമാത്രമല്ല. പുലിമുരുകന്‍ നൂറുകോടി നേടിയെടുത്ത് കേരളത്തില്‍ നിന്നു മാത്രമല്ല. ഇതെല്ലാം കാണിക്കുന്നത് മാറിയ സിനിമ വ്യവസായത്തിന്റെ അടയാളമാണ്. അതുകൊണ്ട് തന്നെ ആയിരംകോടിയില്‍ ഒരു മലയാള സിനിമ വരുമ്പോള്‍ അതു മലയാളത്തിനു മാത്രമല്ല മൊത്തം ഇന്‍ഡസ്ട്രിയേയും പ്രചോദിപ്പിക്കുകയാണ്.

ആയിരം കോടി മുടക്കുന്ന ചിത്രം ആയിരത്തിയൊന്നു കോടി രൂപ തിരിച്ചു പിടിച്ചാല്‍ മത്രമല്ലേ വിജയമാകൂ എന്നു ചിന്തിക്കുന്നവരുണ്ടാകാം. അതൊരുപക്ഷേ നടക്കുന്ന കാര്യമാകില്ല. പക്ഷേ രണ്ടാമൂഴം പോലൊരു കഥ അതിന്റെ തനിമ ചോരാതെ സിനിമയാകണമെങ്കില്‍ സഹസ്രകോടികള്‍ തന്നെ വേണം. അതു സംഭവ്യമായി എന്നതുതന്നെയാണു നാം ഇവിടെ കാണേണ്ട ആദ്യ വിജയം. ചില ബിസിനസുകളില്‍ നേരിട്ടുള്ള ലാഭം ആദ്യം കിട്ടണമെന്നില്ല. പക്ഷേ, ദീര്‍ഘകാലാടിസ്ഥാനത്തിലായിരിക്കും അതു സംഭവിക്കുക. ആഗോള തലത്തില്‍ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറായി മാറുന്നത് ഈ ചിത്രമായിരിക്കും. അതു മറ്റൊരു വിജയം. മുതല്‍ മുടക്ക് തിരിച്ചു പിടിക്കുക എന്നതിനെക്കാളൊക്കെ അപ്പുറത്ത് ഈ വിജയങ്ങള്‍ തന്നെയാണു വലുത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍