UPDATES

സിനിമ

ചിറകൊടിയേണ്ട കിനാക്കൾ

Avatar

എൽദോസ് ഏ വൈ

സിനിമ ആരോ കാണുന്ന കിനാവാണ് എങ്കിൽ മലയാള സിനിമയിൽ ചില കിനാക്കളുടെ ചിറകു ഒടിയേണ്ട സമയമായി. സത്യജിത് റായ് തന്റെ ‘ഔർ ഫിലിംസ് ദേർ ഫിലിംസ്’ എന്ന പുസ്തകത്തിൽ, ഇന്ത്യൻ സിനിമയുടെ സൌന്ദര്യശാസ്ത്ര രൂപീകരണത്തെപ്പറ്റി സംസാരിക്കുന്നുണ്ട്. ഈ പുസ്തകത്തിലെ ‘വാട്ട്‌ ഈസ്‌ റോങ്ങ്‌ വിത്ത്‌ ഇന്ത്യൻ സിനിമ’ എന്ന ലേഖനത്തിൽ നിക്ഷിപ്തമായ ചില മാതൃകകളിലും, അതുപോലെ തന്നെ മാസ് എന്ന ഘടകത്തെ തൃപ്തിപ്പെടുത്തുക എന്ന അധിക ചുമതലയിലും കുരുങ്ങിക്കിടക്കുന്ന ഇന്ത്യൻ സിനിമയെപ്പറ്റി പറയുന്നുണ്ട്. റായുടെ അഭിപ്രായത്തിൽ ഇന്ത്യയിലെ കലാമൂല്യം ഉണ്ട് എന്ന് അവകാശപ്പെടുന്ന സിനിമകൾ വലിയതോതിൽ അന്യഭാഷാ സിനിമയുടെ ആഖ്യാനങ്ങളും ബിംബങ്ങളും അനുകരിക്കുന്നുണ്ട്. മുഖ്യധാര സിനിമകളാണെങ്കിൽ മ്യൂസിക്കൽ ഡ്രാമ, മെലോ ഡ്രാമ രീതികളിൽ വലിയ ജനക്കൂട്ടത്തെ സിനിമ കൊട്ടകയിൽ കയറ്റാനുള്ള തത്രപ്പാടിലാണ്. ഒപ്പം വ്യക്തികേന്ദ്രികൃത നായക  മാതൃകകളിൽ ചലിക്കുന്നവയുമാണ്.       

ന്യൂ ജനറേഷന്‍ വന്ന വഴി
ഒരു കഥാതന്തു, അതിന്റെ ഉത്ഭവം ഏതു നാട്ടിൽ നിന്നായാലും, ആ തന്തു വികസിക്കേണ്ടത് യഥാര്‍ഥ മാതൃകകളിൽ മെനഞ്ഞെടുത്ത സിനിമയായിട്ടാരിക്കണം. കേവലം ഒരാളിൽ കേന്ദ്രീകൃതമാകാതെ കഥാപാത്രങ്ങളുടെ ഒരു ലോകം അവതരിപ്പിക്കുകയായിരിക്കണം പ്രധാന ലക്ഷ്യം. അതതു കാലത്തെ വ്യക്തികളുടെ സ്വഭാവം, സംസാര രീതി, വസ്ത്രധാരണ രീതി എന്നിവ സിനിമയുടെ കഥാവികാസത്തിനു ഉപയോഗിക്കപ്പെടണം. ആഖ്യാനത്തിൽ ചടുലമായ മാറ്റങ്ങൾ കൊണ്ടുവരണം. നോണ്‍-ലീനിയർ ആഖ്യാന മാതൃക, മാജിക്കൽ റിയലിസ്റ്റ് ആഖ്യാനങ്ങൾ, തീർത്തും സാധാരണമായ സംഭാഷങ്ങൾകൊണ്ട് വികസിക്കുന ആഖ്യാനങ്ങൾ തുടങ്ങിയവ. വളരെ ചുരുങ്ങിയ വാക്കിൽ പറഞ്ഞാൽ ഇത്രയൊക്കെ മാറ്റമാണ് പുതിയ തലമുറചിത്രങ്ങൾ കൈവരിച്ചിട്ടുള്ളത്. പഴയ കാല മലയാള സിനിമയോട് കിടപിടിക്കാൻ ഒന്നും ഈ ചലച്ചിത്ര സംരംഭങ്ങള്‍ക്ക് സാധിക്കണമെന്നില്ല. പിന്നെ എന്താണ് ഈ ചലച്ചിത്രങ്ങളുടെ പ്രസക്തി? ഉജ്വലമായ മലയാള സിനിമകളുടെ വികസന കാലം, അതായത് 80കളും 90കളും, കഴിഞ്ഞു തീരെ തിളക്കം ഇല്ലാത്ത ഒരു കാലഘട്ടത്തിലെ കെടുതികളിൽ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാൻ ഈ പുതിയ തലമുറ ചിത്രങ്ങൾ ഒരു ഊന്നുവടിയായേക്കാം.

സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്ത ‘ചിറകൊടിഞ്ഞ കിനാവുകൾ’ എന്ന സിനിമ വാട്ട് ഈസ് റോങ്ങ് വിത്ത് മലയാളം സിനിമ എന്ന ചോദ്യത്തിന് ഉത്തരമാണ്. മലയാള സിനിമ കാലലാകാലങ്ങളിലായി ഉപയോഗിക്കുന്ന തിരക്കഥ ഫോര്‍മുലകളെ നിശിതമായി കളിയാക്കുന്ന ഒരു സിനിമാറ്റിക് സ്പൂഫ് ആണ് ഈ സിനിമ. ഫ്ലാഷ് ബാക്കിൽ കഥ തുടങ്ങൽ, പ്രസവിക്കാൻ ഭാര്യ ലേബർ റൂമിൽ കിടക്കുമ്പോൾ പുറത്തു ടെൻഷൻ അടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ഭർത്താവ്, ചെറുപ്പത്തിൽ അപകടം പറ്റിയ നായികയ്ക്ക് ബ്ലഡ് കൊടുക്കാൻ വരുന്ന നായകൻ, ഹോസ്പിറ്റലിൽ റയർ ബ്ലഡിന് വേണ്ടിയുള്ള പരക്കംപാച്ചിൽ, ഒടുവിൽ എവിടുന്നോ വരുന്ന ബ്ലഡ് ഡോണർ, ആ രഹസ്യം കാത്തു സൂക്ഷിക്കുന്ന അപ്പോത്തിക്കരി,  ഒരിക്കൽ  കണ്ടു പിരിഞ്ഞ കാമുകന്റെ ചിത്രം വരയ്ക്കുന്ന നായിക, മരിക്കുന്നതിനു തൊട്ടു മുന്നേ കൈമാറുന്ന രഹസ്യം, നായിക നായകനെ കണ്ടുമുട്ടുന്നു, അപ്പോൾ തട്ടി മറയുന്ന പൂക്കൾ, നായികയുടെ പണക്കാരനും ഫ്യൂഡലുമായ അച്ഛൻ, നായകൻറെ കൂടെ സദാസമയം ഉണ്ടാകുന്ന മണ്ടനായ കൂട്ടുകാരൻ, കഥയിൽ  ട്വിസ്റ്റ് ഉണ്ടാക്കാൻ നായികയെ കെട്ടാൻ വരുന്ന യു കെയില്‍ നിന്നുള്ള വില്ലൻ, നായകനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യിപ്പിക്കുന്ന വില്ലനും അച്ഛനും, അറസ്റ്റ് ചെയ്യാൻ വരുന്ന പോലീസിനോട് തര്‍ക്കുത്തരം പറഞ്ഞു പോലിസ് ജീപ്പിൽ കയറുന്ന ധീര നായകൻ. ലോക്കൽ എസ് ഐ ഉപദ്രവിക്കാൻ തുടങ്ങുമ്പോഴേക്കും വരുന്ന സീനിയർ പോലീസ് ഓഫിസർ അയാൾ തന്റെ പഴയകാല സുഹൃത്തിനെ തിരിച്ചറിയുന്നു. നായകൻറെ അതിമാനുഷിക ഗുണഗണങ്ങൾ വിവരിച്ചു നായകനെ സുഹൃത്ത് ധീരോദാത്തനായി പ്രഖ്യാപിക്കുന്നു. പിന്നെ പോലീസ് സേനയെ സഹായിക്കൻ പോകുന്ന നായകൻ. സംഘടന രംഗങ്ങളിൽ പൊട്ടാനായി വെച്ചിരിക്കുന്ന മണ്‍ചട്ടികൾ, ഉന്തു വണ്ടി, തെറിച്ചു  വീഴാൻ അരിയും പച്ചക്കറികളും കോഴിമുട്ടയും , ഒളിച്ചോടാൻ നേരത്ത് മാത്രം സഹകരിക്കുന അമ്മ, പുറത്തു കാത്തു നിൽക്കുന്ന കൂട്ടുകാരൻ, പിന്നാലെ വരുന്ന അച്ഛനും ഗുണ്ടാ സംഘവും. റെയിൽവേ സ്റ്റേഷനിൽ സംഘട്ടന രംഗം, കൂട്ടമായി വന്നാലും ഒറ്റയ്ക്ക് ഒറ്റയ്ക്ക് നായകനെ ഇടിക്കുന്ന ഗുണ്ടകൾ, പിന്നിൽ നിന്ന് അടിയെൽക്കുന്ന നായകൻ. വിവാഹ രംഗം. ഒരിടത്ത് നായകൻ ആത്മഹത്യക്ക് ഒരുങ്ങുന്നു. പെട്ടെന്ന് കയറി വരുന്ന നായകന്റെ കൂടുകാരന്റെ കൂടെ  എല്ലാവരെയും പറ്റിച്ചു കൊണ്ട് നായിക ഓടുന്നു. അവർ ഹോസ്പിറ്റലിൽ  ഒന്നിക്കുന്നു.   ഇതിൽ ഏതെങ്കിലും രംഗങ്ങൾ ഒരു മലയാള സിനിമയിൽ പതിവ് കാഴ്ചയാണ്. ഇത്തരം ആവർത്തന വിരസത നിറഞ്ഞ സിനിമ കാഴ്ചകള്‍ക്ക് ഒരു മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങളെ നമുക്ക് ന്യൂ ജനറേഷൻ എന്ന് വിളിക്കാം.

ജെ ബി ജംഗ്ഷൻ എന്ന ടെലിവിഷൻ പരിപാടിയിൽ അവതാരകൻ ജോണ്‍ ബ്രിട്ടാസിനോട് മലയാള സിനിമയിലെ പ്രമുഖ സംവിധായകരിൽ ഒരാളായ കമൽ പറഞ്ഞു, മലയാളത്തിലെ ആദ്യത്തെ ന്യൂ ജനറേഷന്‍ സിനിമ  വിഗത കുമാരൻ  ആണെന്ന്. പുരാണ  കഥകളും ആത്മീയ കഥകളും  ചരിത്രകഥകളും കൊടികുത്തി വാണിരുന്ന കാലഘട്ടത്തിൽ ഒരു സാമൂഹിക കഥ, കേരളത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുവാൻ ജെ.സി. ഡാനിയലിനു കഴിഞ്ഞു. ഇന്നും മലയാള സിനിമ മടിക്കുമ്പോൾ, സ്വാതന്ത്ര്യ ലബ്ദിക്ക് മുന്‍പേ ഒരു ദളിത് പെണ്‍കുട്ടിയെ  അഭ്രപാളിയിൽ നായികയാക്കി എത്തിക്കാൻ ഡാനിയലിനു ധൈര്യം ഉണ്ടായി. അങ്ങനെ എങ്കിൽ എല്ലാ കാലഘട്ടത്തിലും ന്യൂ ജനറേഷന്‍ ചിത്രങ്ങള്‍ ഉണ്ടാകുന്നുണ്ട്. 

2004 –ൽ പുറത്തിറങ്ങിയ ‘ഫോർ ദി പീപ്പിൾ’ എന്ന സിനിമ എടുക്കാൻ ജയരാജ് ഉണ്ടാക്കിയ ബാനർ ആണ് ന്യൂ ജനറേഷൻ സിനിമ. പുതിയ നടന്മാർ, എഴുത്തുകാർ, സാങ്കേതിക വിദഗ്ധര്‍, സംഗീത സംവിധായകർ; എല്ലാം കൊണ്ടും ഫോർ ദി പീപ്പിൾ  ഒരു  ന്യൂ ജനറേഷൻ തന്നെ. എന്നാൽ ഇത്തരം ഒരു ഴാനറിക്കൽ നെയിമിങ്ങിന് ഒരു രാഷ്ട്രീയം ഉണ്ട്. 2000 നും 2010 നും ഇടയിൽ മലയാള സിനിമയ്ക്ക് തരക്കേടില്ലാത്ത തകർച്ച സംഭവിച്ചതായി കരുതേണ്ടതാണ്. തൊണ്ണൂറുകളിലെ പല മികച്ച സംവിധായകര്‍ക്കും  അടിതെറ്റിയ കാലം. മാസ് സിനിമാക്കാർ അരങ്ങു തകര്‍ക്കുന്ന കാലം. പക്ഷേ ഈ കാലഘട്ടത്തിൽ ഏറ്റവും നിരാശാജനകമായ കാര്യം ഇതൊന്നുമായിരുന്നില്ല. അത് മാസ് സിനിമകള്‍ക്ക്  ഇടയില്‍ തലപൊക്കാൻ ശ്രമിച്ച ചെറിയ എന്നാൽ മികച്ച ചിത്രങ്ങൾക്ക്  ഏറ്റ ക്ഷതമായിരുന്നു. അക്കാലത്തെ പുതുമുഖനടൻ  പ്രിഥ്വിരാജിന്റെ അമ്മക്കിളിക്കൂട് (രഞ്ജിത്തിന്റെ തിരക്കഥയിൽ പത്മകുമാർ സംവിധാനം) വർഗം (പത്മകുമാർ), വാസ്തവം (പത്മകുമാർ), തലപ്പാവ് (ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയിൽ മധുപാൽ സംവിധാനം), ലാൽ ജോസിന്റെ അച്ഛന്‍ ഉറങ്ങാത്ത വീട്, തുടങ്ങിയ ചലച്ചിത്രങ്ങൾ പൊതുധാരയില്‍ സർഗാത്മകതയെ ഇഷ്ടപ്പെടുന്ന കാഴ്ചക്കാരനെ രസിപ്പിക്കാൻ യോഗ്യത ഉണ്ടായിരുന്നിട്ടും ആരും തിയേറ്ററിൽ വന്നു കണ്ടു അനുഗ്രഹിച്ചില്ല. ഇവ പരാജയപ്പെടാൻ കാരണം കലാമൂല്യം ഇല്ലാതിരുന്നത് കൊണ്ടല്ല. മറിച്ചു നൂറു ശതമാനവും’താരം’ ഇല്ല എന്ന ഒറ്റ കാരണം കൊണ്ടാണ്.  2010-ൽ നല്ല സിനിമ എന്ന പേര് പിടിച്ചു പറ്റിയ നീലത്താമര, കൊക്ക്ടെയില്‍, അപൂര്‍വ്വരാഗം എന്നീ സിനിമകള്‍ക്കും  പ്രേക്ഷകരുടെ വഞ്ചനയ്ക്ക് പാത്രമാവേണ്ടി വന്നു. കഥയും സാങ്കേതിക ഭദ്രതയുമില്ലാത്ത പല താര സിനിമകളും ലാഭം വാരിക്കൊണ്ടിരുന്നു. ഒടുവിൽ ചാപ്പാ കുരിശുമായി വ്യക്തമായ ചലച്ചിത്ര സങ്കല്പങ്ങൾ രേഖപ്പെടുത്തിയിട്ടും സമീർ താഹിറിനും ബോക്സ് ഓഫീസിൽ വേദനയാണുണ്ടായത്. ഒന്നുകിൽ താരം വേണം ആല്ലെങ്കിൽ വലിയ ബാനറും സംവിധായകനും വേണം. അല്ലാത്തവർക്ക് ഇവിടെ ചോറില്ല . അതായിരുന്നു  2000-2010 ൽ മലയാള സിനിമ.

ഇവിടെയാണ് ആഷിക് അബു എന്ന ചലച്ചിത്രകാരന്റെ തന്ത്രങ്ങൾ മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. താരങ്ങൾ ഇല്ലാതെ, നിറവും  സൌന്ദര്യവും ഉള്ള ഒരു നായകൻ പോലും ഇല്ലാതെ ഒരു സിനിമ പ്രേക്ഷകനെ കാണിച്ചു സ്വയം തെളിയിക്കണം. കൈയിൽ ഉള്ളത് സാള്‍ട്ട് ആൻഡ്‌ പെപ്പർ. സ്വന്തം  പേരിലോ നടന്മാരുടെ പേരിലോ ഒരു നല്ല മേൽവിലാസം കാണിക്കാനില്ല. എന്നാൽ പുതിയ ഒരു മേൽവിലാസത്തിൽ സിനിമയിറക്കാം. “ന്യൂജനറേഷൻ സിനിമ”.  യേശു ക്രിസ്തുവിന്റെ വരവിനേയും, ജീവിതത്തെയും പറ്റി പ്രസംഗിച്ച യോഹന്നാൻ സ്നാപകനെ പോലെ അബു വരാൻ പോകുന്ന തന്റെ സിനിമയെ പറ്റി ഒരു സുവിശേഷം എഴുതി. കേരളത്തിൽ തന്റെ സിനിമയുടെ മാർക്കറ്റിംഗിനായി പുതിയ മാർക്കറ്റിംഗ് ഗ്രൂപ്പ്‌ ‘പപ്പായ മീഡിയ’ സ്ഥാപിച്ചു.  ഫേസ്ബുക്കിലും, റ്റ്വിറ്ററിലും മറ്റു സോഷ്യൽ മീഡിയകളിലും ആശയങ്ങൾ കൈമാറി.  അവിയലിന്റെ പ്രോമോ സോങ്ങും ടൈറ്റിൽ സോങ്ങും കൂടാതെ ചലച്ചിത്രത്തിന്റെ കുട്ടി ടീസറും കാണിച്ചു. യഹൂദന്മാരുടെ ദുർഘടമായ നിയമാവലി അടങ്ങിയ ന്യായപ്രമാണത്തെ തച്ചുടക്കാനാണ് ക്രിസ്തു തന്റെ ജീവിതം ഉപയോഗിച്ചത്. ആത്മീയതയുടെ പല പാരമ്പര്യ മാതൃകകളും ക്രിസ്തു കാറ്റിൽ പറത്തി. അബുവും കൂട്ടുകാരും മലയാള സിനിമയിൽ ചെയ്തതും അതുതന്നെയാണ്. സൂപ്പർ ഹീറോ ആയ നായകൻ, സർവ്വ നന്മകളും നിറഞ്ഞ നായകൻ, ഒപ്പം ഞാൻ എല്ലാവരെയും സ്നേഹിക്കുന്നു, എല്ലാവര്‍ക്കും നന്മ ചെയ്യാൻ ആഗ്രഹിക്കുന്നു തുടങ്ങിയ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും പൊള്ളയായ, ന്യായാധിപതുല്യമായ പ്രാർഥനയുടെ കള്ളത്തരം പുറത്തു വന്നു. ചുങ്കക്കാരന്റെ പ്രാർഥനയും ഏറ്റുപറച്ചിലും, വേശ്യയുടെ കണ്ണുനീരും സ്വാതന്ത്ര്യവും എല്ലാം പുതിയ വഴികൾ ഒരുക്കി.

‘ഒറിജിനാലിറ്റി’ വിവാദം
ഉണ്ടാക്കിയ സിനിമ ഒറിജിനൽ ആണോ അല്ലയോ എന്ന സംശയം പുതിയ കാലത്തിന്റെ ശീലമാണ്. ഇപ്പോള്‍ ഇറങ്ങുന്ന പല ചലച്ചിത്രങ്ങളും റിമേക്കുകളാണ് അല്ലെങ്കിൽ പുനർ അവതരണങ്ങൾ ആണ്. ഇന്നത്തെ മലയാള പ്രേഷകർ അതൊരു പാപമായി കരുതുന്നു. മറ്റൊരാൾ ചെയ്ത സിനിമ കോപ്പിയടിക്കുക എന്ന മഹാപാപം. കോപ്പിയടിച്ചു സിനിമ ഉണ്ടാക്കുന്നത് ഇത്ര വലിയ കാര്യമാണോ? അതു ആർക്കും പറ്റും. തുടങ്ങിയ വാദങ്ങൾ ചർച്ചകളിൽ മുഴങ്ങി കേട്ടു. അവരോടായി ഒരു ചോദ്യം. കോപ്പിയടിക്കുക ഒരു നിസാര പണി ആണ് എങ്കിൽ തമിഴിലെ ഏറ്റവും പ്രഗല്ഭനായ  സംവിധായകൻ പി വാസുവിന് എന്തുകൊണ്ട് ‘കഥ പറയുമ്പോൾ’ , ‘കുസേലൻ’ ആക്കി വിജയിപ്പിക്കാൻ ആയില്ല. ഇന്ത്യ മുഴുവൻ റീമേക്ക് ചെയ്തു നടക്കുന്ന പ്രിയദർശന് എന്തുകൊണ്ട് ‘ബില്ലു ബാർബർ’ വിജയിപ്പിക്കാൻ സാധിച്ചില്ല. ഹിന്ദിയിലെ ഹിറ്റ്‌ ചിത്രം ‘എസ് ബോസ്സ്’ ‘ജൂനിയര്‍ സീനിയര്‍’ ആയപ്പോൾ എന്തേ ആരും കാണാതിരുന്നത്. സമീപകാല ചരിത്രം നോക്കിയാല്‍ പരാജയപ്പെട്ട റീമേക്കുകളാണ് കൂടുതൽ. എന്നാൽ ‘ബോഡി ഗാര്‍ഡ്’  പോലെയുള്ള വിജയങ്ങളും ഉണ്ട്. 

എന്തിനാണ് നാം ഒറിജിനാലിറ്റിയെ ആരാധിക്കുന്നത്? ഒറിജിനൽ എന്ന ഒന്നുണ്ടോ? എല്ലാം ഒന്നിന്റെ അല്ലെങ്കിൽ മറ്റൊന്നിന്റെ പുനരാവിഷ്കാരങ്ങളല്ലേ?  രാജ രവിവർമ്മ ചിത്രം വരച്ചു കഴിയുമ്പോൾ ഒരു കാഴ്ചക്കാരൻ അതു നോക്കി ഇതു നളചരിതത്തിലെ ദമയന്തിയെ കോപ്പിയടിക്കുകയല്ലേ എന്ന് പറഞ്ഞാൽ ശരിയാകുമോ? വിശ്വ വിഖ്യാതനായ സാഹിത്യകാരനും നാടക രചയിതാവും ആയ ഷേക്സ്പിയർ എഴുതിയ 37 നാടകങ്ങളിൽ 25 നാടകങ്ങൾ പക്കാ കോപ്പിയടിയാണ് എന്ന ആരോപണം അക്കാലത്ത് തന്നെ ഉയര്‍ന്നിരുന്നു. സമകാലികനായ റോബർട്ട്‌ ഗ്രീൻ, ഷേക്സ്പിയറിനെ വിമര്‍ശിച്ചത് അവൻ ഞങ്ങളുടെ തൂവലുകൾ കൊണ്ട് പറക്കുന്ന രൂപം പോലും ഇല്ലാത്ത കാക്ക എന്നാണ്. ഷേക്സ്പിയർ മൂലകൃതി രചയിതാവിന് നന്ദി പോലും രേഖപ്പെടുത്താതെയാണ് ഈ കലാപരിപാടി നടത്തിയത്. അങ്ങനെ നോക്കുമ്പോള്‍ പുരാണ ഇതിഹാസമായ രാമായണം രചയിതാവ് വാല്മീകിയും ഒരു കോപ്പിയടിക്കാരൻ ആണ്. രാമായണ രചനക്ക് നാളുകള്‍ക്ക് മുന്പേ ജാതക കഥകളിൽ രാമനും സീതയും രാവണനും എല്ലാം ഉണ്ട് എന്ന് പൌല റിച്ച്മാൻ (Paula Richman) തന്റെ മെനി രാമായണാസ് (Many Ramayanas) എന്ന പുസ്തകത്തിൽ പറയുന്നു. 

റീമേക്ക് അല്ലെങ്കിൽ പുനർ അവതരണത്തെ സാഹിത്യ പഠനത്തിലെ വിവർത്തനം എന്ന ശാഖയായി കണക്കാക്കാം. മറ്റൊരാൾ എഴുതിയതിനെ മൊഴി മാറ്റി എഴുതുന്നതാണ് വിവർത്തനം. ചിലപ്പോൾ ചിലത് കൂട്ടുകയും കുറക്കുകയും ചെയ്തേക്കാം. ഷേക്സ്പിയറിന്റെ ഒഥല്ലോയ്ക്ക് 12 മലയാള പരിഭാഷകൾ ലഭ്യമാണ്. ചിലത് വാക്കുകൾ മാത്രം മാറ്റി എഴുതിയുള്ള  വിവർത്തനങ്ങൾ ആണ് എങ്കിൽ ചിലത് പേരുകൾ, കാലഘട്ടം, സംസ്കാരം, ചരിത്രം എല്ലാം പുനരാവിഷ്കരിച്ചിട്ടുണ്ട്. ഇവിടെ ഉയരുന്ന പ്രധാന ചോദ്യം വിവർത്തനം ചെയ്യപ്പെട്ടു പുതുതായി രൂപം കൊണ്ട കൃതിക്ക് കർതൃത്വം ഏറ്റെടുക്കാൻ മൂലകൃതിയുടെ എഴുത്തുകാരന് അവകാശം ഉണ്ടോ എന്നുള്ളതാണ്.

ഒരാൾ എപ്പോഴാണ് മൂല കര്‍ത്താവ് എന്ന പേരു ഉയർത്തിപ്പിടിക്കുന്നത്? ഈ സൃഷ്ടിയുടെ പൂർണ്ണ ഉത്തരവാദിത്വം എനിക്കാണ്  എന്ന ധാര്‍ഷ്ട്യം വച്ചു പുലർത്തുന്നതുകൊണ്ടാണ്. സൃഷ്ടാവ്, ക്രിയേറ്റർ ഒരു ഹയറാര്‍ക്കിക്കല്‍ (hierarchical) സ്ഥാനമാണ്. എല്ലാത്തിനും മുകളിലാണ് താൻ എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ്. ഈ സാഹചര്യത്തിൽ ബാർത്തിന്റെ ഡെത്ത് ഓഫ്‌ ദി ഓദർ (Death of The Author) എന്ന വാദം കൂടുതൽ പ്രസക്തമാകുന്നു. രചനയുടെയും, ആഖ്യാനത്തിന്റെയും വെറും പകർത്തെഴുത്തുകാരൻ (scripter) മാത്രമാണ് എഴുത്തുകാരൻ എന്നാണ് ബാർത്തിന്റെ വാദം. പുസ്തക രചന പൂർത്തിയാക്കിയാൽ അവിടെ എഴുത്തുകാരൻ മരിക്കുന്നു. മറുവശത്ത് വായനക്കാരൻ എന്ന പുതിയ എഴുത്തുകാരൻ ജനിക്കുന്നു. രചിക്കപ്പെട്ട സൃഷ്ടിയുടെ പൂർത്തീകരണം നടത്തുന്നത് വായനക്കാരൻ എന്ന എഴുത്തുകാരന്റെ വായനയിലുടെയാണ്. അവൻ കലാ, സാഹിത്യ സൃഷ്ടിയെ കാണുന്നത് പുതിയ കോണിൽ നിന്നാണ്. ഒരു പക്ഷേ അവന്റെ വായനയുടെ അവസാനം പുതിയ ഒരു കൃതി അല്ലെങ്കിൽ കലാസൃഷ്ടി രൂപപ്പെട്ടേക്കാം. ഇതു തന്നെയാണ് റീമേക്കിന്റെ, അഡാപ്റ്റേഷന്റെ (adaptation), വിവർത്തനത്തിന്റെ അന്തസത്ത. ചിലപ്പോൾ മൂല എഴുത്തുകാരനെ വിവർത്തകൻ കൊന്നു കുഴിച്ചുമൂടിയെക്കാം. മറ്റു ചിലപ്പോൾ അയാളുടെ കാഴ്ചപ്പാടുകളോട് കൂട്ടുകുടിയേക്കാം.

ഇനി ഉയരുന്ന ഒരു ചോദ്യം പുനരാവിഷ്കരിക്കപെടുന്ന കൃതിയുടെ കർത്താവ്, മൂലസൃഷ്ടാവിനു സര്‍വ്വാത്മനാ നന്ദി രേഖപ്പെടുത്തണോ എന്നുള്ളതാണ്. പലരും ചോദിക്കുന്നു കോപ്പി അടിച്ചാല്‍ അത് acknowledge ചെയ്തുകൂടെ. ഈ ചിന്ത മൂല എഴുത്തുകാരന്റെ വിശുദ്ധവത്കരണത്തോടുള്ള കൂറുചേരൽ ആണ്. വാള്‍ട്ടർ ബെഞ്ചമിൻ(Walter Benjamin) തന്റെ Work of Art in the Age of Mechanical Reproduction എന്ന ലേഖനത്തിൽ ഒരു കലാ സൃഷ്ടിയുടെ ചുറ്റുമുള്ള ഓറയെ (aura) പൊളിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചർച്ച ചെയ്യുന്നു.  എഴുത്തുകാരൻ എന്ന ദൈവത്തെ സൃഷ്ടിക്കുന്നതിനേക്കാള്‍ പ്രാധാന്യം എഴുതപ്പെട്ടതിനെപ്പറ്റി ചിന്തിക്കുകയും അതിന്റെ പുതിയ മാനങ്ങൾ കണ്ടെത്തുന്നതുമാണ്.

ചിറകൊടിഞ്ഞ കിനാവുകളില്‍ സിനിമയുടെ സംവിധായകൻ സന്തോഷ്‌ വിശ്വനാഥനും തിരക്കഥ രചിതാവായ സിനിമയുടെ തുടക്കത്തിൽ ഒരുമിച്ചു കോപ്പിയടിച്ച അനുഭവം ചിത്രികരിച്ചിട്ടുണ്ട്. ഒരാൾ കോപ്പിയടിക്കുന്നു  മറ്റെയാൾ അത് നോക്കി റിമേക്ക് ചെയ്യുന്നു. നോക്കിയെഴുതും, നോക്കി പടം വരക്കലുമൊക്കെ മലയാളിക്ക് നല്ല ശീലമുള്ള കാര്യങ്ങളാണ്‌. പക്ഷേ അത് ഒരു തെറ്റാണ് എന്ന തോന്നൽ ലവലേശം ഇല്ല എന്ന് ഈ സംവിധായകന്‍ തുറന്നു പറയുന്നു. അതിനെക്കാൾ വലിയ തെറ്റ് കണ്ടു മടുത്ത മലയാള സിനിമ തന്നെ വിണ്ടും വിണ്ടും കോപ്പിയടിക്കുന്നത് തന്നെയാണ്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മറ്റൊന്ന് എന്തുകൊണ്ടാണ് റീമേക്കുകൾ വരുന്നത് എന്നതാണ്. Itmar Even Zohar തന്റെ “The Position of Translated Literature within the Literary Poly-system” എന്ന ലേഖനത്തിൽ ഒരു വിവർത്തനം അല്ലെങ്കിൽ ഒരു പുനരാവിഷ്കാരം വരുന്നതിനു മൂന്ന് കാരണങ്ങൾ പറയുന്നുണ്ട്.

1) ഒരു സാഹിത്യ സമുച്ചയം പൂർത്തികരിക്കപ്പെടാത്തപ്പോൾ; അതായത്‌ ആ സാഹിത്യം ഒരു യൗവന സാഹിത്യമായി ഇപ്പോഴും അംഗീകാരത്തിന് കാത്തുനിൽകുകയാണ് എങ്കിൽ;

2) പ്രസ്തുതസാഹിത്യം, ഒരു കൂട്ടം സാഹിത്യങ്ങള്‍ക്കിടയിൽ ഒഴിവാക്കപ്പെട്ടോ, തളർന്നോ ഇരിക്കുമ്പോൾ;

3) അല്ലെങ്കിൽ, സാഹിത്യ ചരിത്രത്തിൽ ശൂന്യ കാലഘട്ടങ്ങൾ ഉണ്ടാകുകയോ, പ്രതിസന്ധികളോ turning point കളോ ഉണ്ടാകുമ്പോൾ ആണ് വിവർത്തന സാഹിത്യ ശാഖ അടിസ്ഥാനപരമായ പ്രാതിനിധ്യം വഹിക്കുന്നത്. 

മലയാള സിനിമ ഒരു യൗവന ദിശയിൽ നിൽക്കുന്ന വ്യവസായമാണ്. ഇന്ത്യൻ സിനിമയിൽ ഒരു  ചെറിയ മേഖലയിൽ മാത്രം ചരിക്കുന്ന സിനിമ സങ്കൽപമാണ് നമുക്ക് ഉള്ളത്. ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് മുന്‍പ് മലയാള സാഹിത്യത്തിലും ധാരാളം വിവർത്തനങ്ങൾ പ്രത്യക്ഷപെട്ടത്‌. നാലപ്പാട്ട് നാരായണ മേനോന്റെ ‘പാവങ്ങൾ’ വിവർത്തന ഗ്രന്ഥം എന്ന ചീത്തപ്പേരോടുകൂടിയല്ല കേരളത്തിലെ വായനാലോകം ഉൾകൊണ്ടത്‌. ലാറ്റിൻ അമേരിക്കൻ എഴുത്തുകാർക്കും അവരുടെ കൃതികള്‍ക്കും മലയാള ഭാഷ എന്നും വന്നു കേറാനുള്ള വഴിയോര ഭവനമായിരുന്നു. ഇന്ത്യൻ ഭാഷകളിൽ നിന്നും ധാരാളം വിവർത്തനങ്ങൾ മലയാളത്തിലെക്ക് നടത്തിയിട്ടുണ്ട്. കാളിദാസന്റെ  ‘ശാകുന്തളം’, ‘മലയാള ശാകുന്തള’മാക്കി എ ആർ രാജരാജവര്‍മ്മ വിവർത്തനം ചെയ്തിട്ടുണ്ട്.  

ഇതു നൽകുന്ന സന്ദേശം മലയാള സാഹിത്യം എന്ന ചെറിയ സാഹിത്യ സമുച്ചയം (literary poly-system) തന്റെ വളർച്ചക്കായി പുറംഭാഷ സാഹിത്യത്തെ ഉപയോഗിച്ചിട്ടുണ്ട് എന്നാണ്. അങ്ങനെ എങ്കിൽ മലയാള സിനിമയ്ക്കും അത് ആവർത്തിച്ചുകൂടെ? സോഹാർ അഭിപ്രായപെടുന്നത് കൈയ്യൊതുക്കത്തോടുകൂടെ വിവർത്തനം ചെയ്യപ്പെടുന്ന സാഹിത്യസൃഷ്ടി, അല്ലെങ്കിൽ ഒരു കലാരൂപം അത് എത്തിച്ചേരുന്ന പുതിയ ഭാഷാ-സംസ്കാര ലോകത്ത് കേന്ദ്രമായ സ്ഥാനത്തിനു അർഹരാണ് എന്നാണ്.

അശ്ലീലം: സൗന്ദര്യവും വൈരൂപ്യവും
ശ്ലീല അശ്ലീലങ്ങളുടെ സമ്മിശ്രമായ രൂപമാണ്‌ മനുഷ്യൻ. അതിനെ നിർണയിക്കുന്നതിൽ ഭാഷയ്ക്ക്‌ വലിയ പങ്കുണ്ട്. പക്ഷേ ഭാഷ അതിന്റെ രൂപഭേദങ്ങൾ തിരഞ്ഞെടുക്കുന്നത് സാഹചര്യങ്ങൾ അനുസരിച്ചാണ്. പറയുന്നയാളുടെ ബൗദ്ധിക നിലവാരം, പറയുന്ന ഇടം, പറയുമ്പോൾ അയാളിൽ പ്രവഹിക്കുന്ന വികാരത്തിന്റെ സ്വഭാവം ഒപ്പം അയാളെ ശ്രദ്ധിക്കുന്ന കേൾവിക്കാരന്റെ മനോനിലയും സാഹചര്യങ്ങളും എല്ലാം ഭാഷാനിലവാരത്തെ സ്വാധീനിക്കുന്നു. ഉമ്മറത്ത്‌ ഉപയോഗിക്കുന്ന ഭാഷയല്ല കിടപ്പുമുറിയിൽ, ശ്രീകോവിലിനു ചുറ്റും നടക്കുമ്പോൾ പറയുന്ന വാക്കല്ല തെരുവിൽ, പ്രിയതമയോട് ചൊല്ലുന്ന കൊഞ്ചലല്ല വേശ്യയോട്. എല്ലാം വേറെ വാക്കിൽ പറയുന്ന ഒരേ കാര്യങ്ങൾ തന്നെയാകാം.ഇതു തന്നെയാണ് അശ്ലീലങ്ങൾ ചില ചലച്ചിത്രങ്ങളിൽ പറയുന്നതിന്റെ കാരണവും. 

മലയാളത്തിൽ പ്രതിവർഷം 150 ചലച്ചിത്രങ്ങൾ ഇറങ്ങുന്നുണ്ട്. പക്ഷേ ഒരു പ്രേക്ഷകൻ എന്ന നിലയിൽ അംഗീകരിക്കപ്പെട്ട ചില  സംവിധായകരുടെയും നടന്മാരുടെയും കാമ്പുള്ള നല്ല കഥാതന്തുക്കൾ ഉൾക്കൊള്ളുന്ന സിനിമകളെയാണ് ഞാൻ ന്യൂജനറേഷൻ സിനിമയായി കണക്കാക്കുന്നത്. പണ്ട് ഷാജി കൈലാസ്ന്റെ കമ്മീഷണര്‍ (Commissioner) റിലീസ് ആയതിനു ശേഷം ചീത്തവിളിയും തോക്കും വെടിവെപ്പുമായി ഒരുപാട് ചലച്ചിത്രങ്ങൾ ഇറങ്ങി. അവയൊന്നും വിജയിച്ചതുമില്ല. അത്തരം സിനിമകൾക്ക്  ഉത്തരവാദികൾ ഷാജി കൈലാസും രണ്‍ജി പണിക്കരും സുരേഷ് ഗോപിയുമാണോ? ന്യൂജനറേഷൻ ട്രെന്‍ഡിൽ ഒരുപാട് നിലവാരം ഇല്ലാത്ത സിനിമകൾ ഇറങ്ങി. തെറിവിളിയെ തമാശക്കായി അവർ ഉപയോഗിച്ചു. പക്ഷേ അതിന്റെ ഉത്തരവാദിത്വം ആഷിക് അബു, രാജേഷ്‌ പിള്ള, സമിര്‍ താഹിർ, അമൽ നീരദ്, അൻവർ റഷീദ്, വി കെ പ്രകാശ്‌, രാജീവ് രവി, അനിൽ രാധാകൃഷ്ണൻ, അരുണ്‍ കുമാർ അരവിന്ദ്, ശംഭു പുരുഷോത്തമൻ,  സിദ്ധാര്‍ഥ ശിവ, സിദ്ധാര്‍ഥ ഭരതൻ, റോഷൻ ആന്‍ഡ്രൂസ്സ്, ലിജോ ജോസ് പല്ലിശേരി, വിനീത് ശ്രീനിവാസൻ, ജിത്തു ജോസഫ്‌, തുടങ്ങിയ പുതിയ തലമുറ സിനിമാക്കാരുടെ തലയിലിടണോ? ചാപ്പ കുരിശിൽ ചുംബന രംഗം കാണിച്ചത് എന്തിനാണ് എന്ന് ആര്‍ക്കും മനസിലാക്കാം. ആ രംഗം ആ സിനിമയിൽ ഒരു കഥാപാത്രമായി തന്നെ പിന്നിട് രൂപമാറ്റം കൈവരിക്കുന്നു.  ട്രിവാന്‍ഡ്രം ലോഡ്ജിൽ അശ്ലീലം സംസാരിക്കുന്നു എന്ന് പറയുന്നവർ ദയവായി നഗരത്തിന്റെ പുറമ്പോക്കിലെ ഒരു പഴഞ്ചൻ ലോഡ്ജിൽ പോയി സംസാരിച്ചുനോക്കു.

അശ്ലീലം സംസാരിക്കാതെയിരികുക. നല്ല വസ്ത്രം ധരിച്ചു നടക്കുക. മിടുക്കനായും കേമനായും പെരുമാറുക.  ആരും അറിയാതെ ഇവിടെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഒരു സിവിൽ കോഡ്. സമൂഹത്തിൽ ജീവിക്കുന്ന ഏതെങ്കിലും ഒരു ക്ലാസ്സിന്റെ രീതികൾ അതു ഭാഷയിൽ ആയാലും പെരുമാറ്റ ക്രമത്തിൽ ആയാലും തന്റെതിനേക്കാള്‍ താഴ്ന്നതാണ് എന്ന് കാണിക്കാൻ ശ്രമിക്കുക എന്നതു കേരളീയരുടെ ജീനിൽ പതിഞ്ഞ ജാതീയതയുടെ വിത്തു ഗുണമാണ്. ചിലർ അഭിപ്രായപ്പെടുന്നത് ഇത്തരം സിനിമകൾ കുടുംബത്തോടെ പോയി കാണുവാൻ സാധിക്കില്ലയെന്നാണ്. കച്ചവട സിനിമാക്കാർ പുതിയ തരംഗ ചലച്ചിത്രത്തെ കുടുംബങ്ങളിൽ നിന്ന് അകറ്റിമാറ്റുന്നതിന്  വേണ്ടി നടത്തുന്ന deliberate discourse ആണ് ഈ അശ്ലീല  വിവാദം . മുഴുനീള  കച്ചവട സിനിമയിൽ പറയുന്ന ദ്വയാർദ്ധ പ്രയോഗങ്ങൾ എന്തെ ആരും ചോദ്യം ചെയ്യാത്തത്?

ഇത്തരത്തിൽ ഉള്ള വഞ്ചനയുടെ ചലച്ചിത്ര സംസ്കാരം അവസാനിയ്ക്കണ്ടേ? ഒരു മാറ്റത്തിനു കൂട്ടുപണിക്കാർ ആയിക്കൂടെ. മാതൃകകളിൽ സിനിമയെടുക്കാതെ അനന്തമായ  ആശയ സംവേദനവേദിയായി സിനിമ കോട്ടകകൾ മാറട്ടെ. ആശയം വിദേശി ആയാലും സ്വദേശിയായാലും, ആസ്വദിപ്പിക്കുന്നു എങ്കിൽ ആ ചലച്ചിത്രത്തെ ഒരു കൽചറൽ ഹെറിറ്റേജായി  (cultural heritage) സൂക്ഷിച്ചു വെക്കാം.  

(കേരള കേന്ദ്ര സർവകലാശാലയിൽ താരതമ്യ സാഹിത്യ വിഭാഗത്തിൽ ഗവേഷണ വിദ്യാർഥിയാണ് ലേഖകൻ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍