UPDATES

വായന/സംസ്കാരം

‘മലയാള സിനിമാപോസ്റ്റര്‍; സൗന്ദര്യവും രാഷ്ട്രീയവും’- ഒരു വായന

Avatar

ദിവ്യ ധര്‍മ്മദത്തന്‍

(ഡോ. രാജേഷ് എം. ആറിന്റെ ‘മലയാള സിനിമാ പോസ്റ്റര്‍; സൗന്ദര്യവും രാഷ്ട്രീയവും’ എന്ന പുസ്തകത്തിന്  ഒരു നിരൂപണം)

ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മാധ്യമമാണ് സിനിമ. തിരക്കഥകളും സിനിമ പഠനങ്ങളുമെല്ലാം വിപണിയില്‍ ധാരാളം വിറ്റുപോകുന്ന ഉത്പന്നങ്ങളുമാണ്. എന്നാല്‍ ഇതുവരെ മലയാളത്തില്‍ പൂര്‍വ്വമാതൃക ഇല്ലാത്ത ഒരു സിനിമാപഠന ഗ്രന്ഥമാണ് ഡോ. രാജേഷ് എം.ആര്‍ രചിച്ച ‘മലയാള സിനിമ പോസ്റ്റര്‍; സൗന്ദര്യവും രാഷ്ട്രീയവും’ വിപണിയുടെ രാഷ്ട്രീയം സിനിമാപോസ്റ്റര്‍ എന്ന പരസ്യകലയെ ഓരോ കാലത്തും രൂപപ്പെടുത്തുന്നതെങ്ങനെ എന്ന ആശയത്തെ വിശദീകരിക്കുന്ന പഠനമാണിത്.

ഓരോ സിനിമാപോസ്റ്ററും രൂപപ്പെടുന്നത് സിനിമ എന്ന മാധ്യമത്തിന്റെ സൗന്ദര്യ-രാഷ്ട്രീയ ദര്‍ശനത്താലാണ്. ഒരു സിനിമയുടെ പ്രമേയതലത്തിന്റെ സൂചന നല്‍കാന്‍ നല്ല സിനിമാപോസ്റ്ററുകള്‍ക്ക് സാധിക്കുന്നു. പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് എത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന സിനിമാപോസ്റ്ററുകളെ ലളിതമായി കാണുന്നത് ശരിയല്ല എന്ന് മലയാള സിനിമാപോസ്റ്ററുകളുടെ പരിണാമചരിത്രം പഠിക്കുന്ന ഈ ഗ്രന്ഥം അടിവരയിട്ട് പറയുന്നു. പോസ്റ്ററുകളില്‍ ജനപ്രിയകലയുടെ ചരിത്രപരമായ സൗന്ദര്യാനുഭൂതികളാണ് സ്വാംശീകരിച്ചിരിക്കുന്നതെന്നും ചിത്രകലയുടെ വിവിധ പ്രവണതകളും ഫോട്ടോഗ്രാഫിയുടെ വര്‍ണ്ണാഭമായ ദൃശ്യങ്ങളും എഴുത്തിന്റെ നൂതനരീതികളും പരസ്യവാചകങ്ങളുടെ കലാപരമായ സൗന്ദര്യവും സിനിമാപോസ്റ്ററുകളില്‍ ദര്‍ശിക്കാനാവുമെന്നും നിരീക്ഷിക്കുന്ന ലേഖകന്‍, പോസ്റ്ററുകള്‍ വാണിജ്യതാല്‍പര്യങ്ങളോടൊപ്പം തന്നെ അതാത് സംസ്‌കാരത്തിന്റെ വൈവിധ്യമാര്‍ന്ന പ്രത്യയശാസ്ത്രമേഖലയെ പിന്‍പറ്റുന്നവയാണെന്നും തിരിച്ചറിയുന്നുണ്ട്. ഇത്തരത്തില്‍ ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ സിനിമാപോസ്റ്ററുകളുടെ പിന്നിലുള്ള പ്രത്യയശാസ്ത്രമണ്ഡലത്തെ വെളിച്ചത്തുകൊണ്ടു വരുന്നു. സിനിമാപോസ്റ്ററുകളുടെ പരിണാമ ചരിത്രമാണ് പുസ്തകത്തിന്റെ ആദ്യഭാഗത്ത് ചര്‍ച്ച ചെയ്യുന്നത്. ഹോളിവുഡ്, ഹിന്ദി, മലയാള സിനിമകളുടെ പോസ്റ്ററുകള്‍ ഉദാഹരണ സഹിതം വിശകലനം ചെയ്യുന്നതിനാല്‍ സിനിമ പ്രേമികള്‍ക്ക് വളരെ ആസ്വദിച്ചു വായിക്കാവുന്ന ഭാഗമാണിത്. നഗര-ഗ്രാമ പ്രേക്ഷകാഭിരുചികളിലെ മാറ്റത്തിനനുസരിച്ച് ഒരു സിനിമയുടെ പോസ്റ്ററുകള്‍ തന്നെ വ്യത്യാസപ്പെടുന്നതും ഗ്രന്ഥകാരന്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നു.

പ്രമുഖ പോസ്റ്റര്‍ ഡിസൈനര്‍മാരുടെ സവിശേഷതകള്‍ ഓരോന്നായി അപഗ്രഥിക്കുന്നു. ആദ്യകാല മലയാള സിനിമയുടെ പോസ്റ്റര്‍ ഡിസൈനറായ എസ്.എ നായരുടെ ‘ചെമ്മീന്‍’, ‘അവളുടെ രാവുകള്‍’ എന്നീ പോസ്റ്ററുകള്‍ പോസ്റ്റര്‍ചരിത്രത്തിലെ വ്യത്യസ്തതകള്‍ അടയാളപ്പെടുത്തുന്നതായി കണ്ടെത്തുന്നു. ഫുള്‍സൈസ് ചിത്രങ്ങളും റിയലിസ്റ്റിക് വാട്ടര്‍ പെയിന്റിംഗും ഉപയോഗിച്ച് വ്യത്യസ്തമായ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യാന്‍ എസ്.എ നായര്‍ക്ക് ഇതിലൂടെ സാധിച്ചു. പരസ്യകലയെ ചിത്രകലയുമായി ബന്ധപ്പെടുത്തിയ പി.എന്‍ മേനോന്റെ പരസ്യങ്ങളിലെ അയത്‌നലളിതമായ വരകളില്‍ ഫാന്റസിയുടെ തലം ഗ്രന്ഥകാരന്‍ കണ്ടെത്തുന്നു. ജനപ്രിയവാരികകളിലെ ചിത്രങ്ങള്‍ പോസ്റ്ററുകളെ സ്വാധീനിക്കുന്നതും പഠിച്ചിട്ടുണ്ട്. ഭരതന്റെ പോസ്റ്ററുകളിലെ പ്രകൃതിയുടെ സാന്നിധ്യം, വര്‍ണ്ണങ്ങളുടെ കോമ്പിനേഷനുകളെ മനോഹരമായി വിന്യസിക്കല്‍ എന്നീ സവിശേഷതകള്‍ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്നു. ഗായത്രി അശോകന്റെ സിനിമാപോസ്റ്ററുകളിലെ സൗന്ദര്യാംശങ്ങളെ വിശദമാക്കുന്നു. സാബു കൊളോണിയ, റഹ്മാന്‍ തുടങ്ങിയ പരസ്യ കലാകാരന്മാരുടെ സംഭാവനകളും വിലയിരുത്തുന്നുണ്ട്. പരസ്യകലയില്‍ നൂതന സാങ്കേതിക വിദ്യയും ഫോട്ടോ ഷൂട്ടും ഉപയോഗിക്കുന്ന അജയന്‍ (പപ്പായ), കോളിന്‍സ് ലിയോഫില്‍ എന്നിവരുടെ പോസ്റ്ററുകളിലെ പുതുമയും വിശദമാക്കുന്നു.

സിനിമാപോസ്റ്ററുകളെ സ്വാധീനിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെ അപഗ്രഥനമാണ് പുസ്തകത്തിന്റെ രണ്ടാംഭാഗത്തിലുള്ളത്. സിനിമയുടെ പേര് എന്നത് വളരെയധികം പ്രത്യയശാസ്ത്ര വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ്. ശീര്‍ഷകത്തിനു പിന്നിലെ ഫ്യൂഡല്‍ ബിംബങ്ങള്‍, ആണ്‍കോയ്മാ ചിഹ്നങ്ങള്‍ എന്നിവ സിനിമാപോസ്റ്ററുകളില്‍ എങ്ങനെ പ്രതിനിധാനം ചെയ്യപ്പെടുന്നു എന്ന അന്വേഷണമാണ് പ്രധാനമായും ഈ ഭാഗത്തുള്ളത്. സിനിമയുടെ പേരിടലില്‍ വരുന്ന മാറ്റങ്ങളെയും അതിനു പിന്നിലുള്ള പ്രത്യയശാസ്ത്രങ്ങളെയും ഗ്രന്ഥകാരന്‍ അപഗ്രഥിക്കുന്നുണ്ട്. ഈ ശീര്‍ഷകങ്ങളെ സിനിമാപോസ്റ്ററുകള്‍ എങ്ങനെ വിനിമയം ചെയ്യുന്നു എന്ന അന്വേഷണവും നടത്തുന്നുണ്ട്. 

സിനിമാ പോസ്റ്ററുകളിലെ സ്ത്രീശരീര പ്രദര്‍ശനത്തേയും ഡോ. രാജേഷ് വിലയിരുത്തുന്നു. സ്ത്രീനഗ്നതയുടെ രംഗങ്ങള്‍ പഴയകാല സിനിമാ പോസ്റ്ററുകളിലും വന്നിട്ടുണ്ടെങ്കിലും ‘അവളുടെ രാവുകള്‍’ എന്ന ചിത്രത്തിന്റെ പോസ്റ്ററിന് ചരിത്രപരമായ പ്രാധാന്യം കൂടിയുണ്ടെന്ന് നിരീക്ഷിക്കുന്നു. ‘ഈ പോസ്റ്റര്‍ സ്ത്രീയെക്കൊണ്ടുതന്നെ പുരുഷാധിപത്യ സമൂഹം അവളുടെ ശരീരത്തിന്റെ സൗന്ദര്യത്തെയും വിപണനത്തെയും പൊതുസമൂഹത്തിന് മുന്നിലേക്ക് സമ്മതിദാനം നല്‍കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തതായിരുന്നു’ എന്നാണ് ഇതിനെക്കുറിച്ച് വിശേഷിപ്പിച്ചിട്ടുള്ളത്. ഭരതന്‍ സംവിധാനം ചെയ്ത ‘രതിനിര്‍വേദം’, ‘തകര’, ‘ആരവം’, ‘പറങ്കിമല’ തുടങ്ങിയ സിനിമകളുടെ പോസ്റ്ററുകളെല്ലാം സ്ത്രീകളെ ലൈഗികമായി ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കുന്ന പുരുഷാധീശ പ്രത്യയശാസ്ത്രങ്ങളെ തൃപ്തിപ്പെടുത്തുന്നവ ആണെന്നും ഉദാഹരണങ്ങളിലൂടെ സ്പഷ്ടമാക്കുന്നു. സ്ത്രീയെ കേവലം ലൈംഗികവസ്തുവായി ആലേഖനം ചെയ്യുന്ന ഇത്തരം പോസ്റ്ററുകള്‍ സ്ത്രീയുടെ വൈവിധ്യമാര്‍ന്ന സ്വത്വരാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ല.

ചിത്രകലയ്ക്ക് പോസ്റ്റര്‍ ഡിസൈനിംഗിലുള്ള സ്ഥാനവും ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ചിത്രകലയില്‍ ചരിത്രപരമായുണ്ടായ മാറ്റങ്ങളെ അതേപടിയല്ല, ജനപ്രിയസിനിമ സംസ്‌കാരത്തിന്റെ അഭിരുചികള്‍ക്ക് അനുസൃതമായി മാറ്റം വരുത്തിയാണ് സിനിമാപോസ്റ്ററുകള്‍ ഉപയോഗിച്ചത്. സിനിമയുടെ പേരിനെ സൂചിപ്പിക്കുന്ന അതിന്റെ ദൃശ്യം (ലോഗോ) വരച്ചുചേര്‍ക്കല്‍, നായികാനായകന്മാരുടെ പോര്‍ട്രെയിറ്റുകള്‍ വരയ്ക്കല്‍, വാട്ടര്‍ കളര്‍ പെയിംന്റിംഗിന്റെ സ്വാധീനം ഇവയെല്ലാം ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്.

സാങ്കേതികവിദ്യ സിനിമാപോസ്റ്ററുകളെ ശക്തമായ കലയാക്കി മാറ്റിയിരിക്കുന്നു. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയും നൂതന പ്രിംന്റിംഗ് ഉപകരണങ്ങളും ഉല്‍പന്നങ്ങളും പോസ്റ്ററുകളെ സൗന്ദര്യവത്കരിക്കുന്നുവെന്നും അനിമേഷന്‍, ഗ്രാഫിക്‌സ്, മോര്‍ഫിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ പോസ്റ്റര്‍ ഡിസൈനിംഗിനെ വൈവിധ്യവത്ക്കരിക്കുന്നുവെന്നുമാണ് പുതിയ സിനിമാപോസ്റ്ററുകളെക്കുറിച്ച് ഗ്രന്ഥകാരന്റെ അഭിപ്രായം. പോസ്റ്ററുകള്‍ എങ്ങനെ കൂടുതല്‍ കലാപരമായി അവതരിപ്പിക്കാം എന്ന ചിന്തയുടെ ഫലമായി, സിനിമയില്‍ ഇല്ലാത്ത രംഗങ്ങള്‍ പോസ്റ്റര്‍ ഡിസൈനിംഗിനു വേണ്ടി മാത്രമായി ഷൂട്ടു ചെയ്യുന്ന രീതിയെക്കുറിച്ചും വിവരിക്കുന്നുണ്ട്.

സിനിമാ പോസ്റ്ററുകള്‍ കാല, വര്‍ണ്ണ, ലിംഗ ഘടകങ്ങള്‍ക്കനുസരിച്ചാണ് രൂപകല്‍പന ചെയ്യുന്നത്. അതിനാല്‍ സിനിമാപോസ്റ്ററുകള്‍ വാണിജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം ചില പ്രത്യയശാസ്ത്രങ്ങളും കൂടി നിര്‍മ്മിക്കുന്നു എന്ന നിഗമനത്തിലാണ് ഈ പഠനഗ്രന്ഥം ഉപസംഹരിക്കുന്നത്. സിനിമാ പ്രേമികള്‍ക്ക് തീര്‍ച്ചയായും ആസ്വദിച്ച് വായിക്കാവുന്ന ഈ ഗ്രന്ഥം വിപണിയുടെ രാഷ്ട്രീയം, സിനിമാപോസ്റ്റര്‍ എന്ന പരസ്യകലയെ ഓരോ കാലത്തും രൂപപ്പെടുത്തിയെടുത്തതെങ്ങനെ എന്ന് വിശദീകരിക്കുന്നു.

(തൃശൂര്‍ പൂങ്കുന്ന്‍ ജി എച്ച് എസ് എസിലെ മലയാളം അധ്യാപികയാണ് ദിവ്യ ധര്‍മദത്തന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍