UPDATES

ട്രെന്‍ഡിങ്ങ്

കര്‍ത്താവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ക്ക് നല്ലവണ്ണം അറിയാം

അത്താഴ വിവാദത്തില്‍ മനോരമയുടെ അത്താഴം മുടക്കിയേക്കാമെന്നുള്ള ഇടയവിചാരങ്ങള്‍ കടലില്‍ നിന്ന് വെള്ളം കക്ക കൊണ്ട് കോരി പറ്റിക്കാന്‍ നോക്കുന്നത് പോലിരിക്കും. മഹാപ്രസ്ഥാനമെന്നു വാഴ്ത്തുകയല്ല ഇതൊക്കെ ഇത്രേ ഉണ്ടാകൂ എന്ന്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് തന്നെ പടം വരപ്പിക്കാനും അച്ചടിക്കാനും മാപ്പു പറഞ്ഞു പിന്‍വലിക്കാനും മനോരമയുടെ അരമനയില്‍ തെളിയുന്ന ബുദ്ധിയൊന്നും മറ്റൊരു തിരുമേനിയുടെ അരമനയിലും തെളിഞ്ഞിട്ടുണ്ടാകില്ല.

നിങ്ങള്‍  നഗരത്തിലേക്ക് ചെല്ലുക. ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരുവന്‍ നിങ്ങള്‍ക്ക് എതിരെ വരും. അവനെ അനുഗമിക്കുക. അവന്‍ എവിടെ ചെന്ന് കയറുന്നോവോ അവിടുത്തെ ഗൃഹനാഥനോട്  പറയുക, ഗുരു ചോദിക്കുന്നു; ഞാന്‍ എന്റെ ശിഷ്യന്മാരുമൊത്ത് പെസഹ ഭക്ഷിക്കുന്നതിന് എന്റെ വിരുന്നുശാല എവിടെയാണ്. സജ്ജീകൃതമായ ഒരു മാളിക മുറി അവന്‍ കാണിച്ചു തരും. അവിടെ ഒരുക്കുക. അവര്‍ പോയി അവന്‍ പറഞ്ഞിരുന്നതുപോലെ കണ്ടു. അവര്‍ പെസഹ ഒരുക്കുകയും ചെയ്തു.

ഇതാണ് ബൈബിളില്‍ അന്ത്യ അത്താഴത്തിലേക്കു വാതില്‍ തുറക്കുന്ന ഭാഗം.
അന്ത്യ അത്താഴ ചിത്രീകരണത്തെ സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളെയും പ്രതിഷേധങ്ങളെയും കുറിച്ച് ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍, ഭഗവതിയെ എഴുന്നള്ളിക്കുമ്പോഴും ആനയുടെ തുമ്പിക്കൈ തീറ്റ തേടുകയാകും എന്ന പ്രയോഗത്തില്‍ തീരും. വിശ്വാസം മറ്റെവിടെയോ ആയിരിക്കേ പ്രതിഷേധിക്കാന്‍ ഇതില്‍പ്പരം പറ്റിയ ഒരവസരമില്ലെന്നു തിരിച്ചറിഞ്ഞവര്‍ തിരികത്തിച്ചിറങ്ങിയെന്ന് നിസംശയം പറയാം.

ഭാഷാപോഷിണി മാസികയില്‍ വന്ന ടോം വട്ടക്കുഴിയുടെ ചിത്രത്തിന് ചിത്രകാരനോ പേജ് സെറ്റ് ചെയ്ത ഡിസൈനറോ കാണാത്ത മാനം നല്‍കി മാനം പോയെന്നു പറഞ്ഞവര്‍ കുന്തവും കുതിരമായി മനോരമയ്ക്കു നേരെ കുതിക്കുന്നു.

മനോരമയ്‌ക്കെന്തു തോന്നാന്‍. അച്ചായനതിന്റെ മറുകണ്ടം ചാടുമെന്നാണ് ഒരു സുഹൃത്ത് അവരുടെ കച്ചവട ചാതുരിയെപ്പറ്റി പറഞ്ഞത്. പ്രതിഷേധത്തിനിറങ്ങിയ ഓരോരുത്തര്‍ക്കും കൈയൊപ്പിട്ട കത്തു സഹിതം ക്രിസ്മസ് കേക്കും മനോരമ ഇപ്പോള്‍ വീട്ടിലെത്തിച്ചു കാണുമെന്നായിരുന്നു മറ്റൊരാളുടെ നിരീക്ഷണം.

ഊഹാപോഹങ്ങളവിടെ നില്‍ക്കട്ടെ. ചിത്രം പ്രസിദ്ധീകരിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന പ്രതിഷേധങ്ങളെ മനോരമ ബോധപൂര്‍വം മുന്നില്‍ കണ്ടില്ല എന്ന്‍ കണ്ണടച്ചു കരുതാനും വയ്യ. പക്ഷേ, മനോരമ നിരോധിച്ചേ അടങ്ങു എന്ന മട്ടിലുള്ള പ്രതിഷേധം വിശ്വാസികളുടെ പേരിലാക്കാനുള്ള വ്യഗ്രത അവിശ്വാസം കൊണ്ട് മാത്രമെന്നേ കരുതാനാകൂ.

unnamed

അന്ത്യ അത്താഴത്തെ ‘വികല’മായി ചിത്രീകരിക്കുന്ന ആദ്യ സംഭവമല്ല ഇത്. ഡാവിഞ്ചി കോഡ് ഉള്‍പ്പടെയുള്ള വിവാദ വിശകലനങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും ഉയര്‍ന്നു കാണാത്ത തരത്തിലുള്ള പ്രതിഷേധമാണ് ഇപ്പോള്‍ പന്തം കൊളുത്തി ഇറങ്ങിയിരിക്കുന്നത്. മറ്റു പല കാരണങ്ങളാലും നഷ്ടപെട്ടേക്കുമെന്ന് ഭയക്കുന്ന കുഞ്ഞാടുകളെ തിരിച്ചു പിടിച്ച് തൊഴുത്തില്‍ കെട്ടാന്‍ ഇതിലും നല്ല അവസരമില്ലെന്ന് കണ്ടെത്തിയ ഇടയതന്ത്രം തന്നെയാണ് ഈ പ്രതിഷേധങ്ങള്‍ക്കു ചൂട്ടു പിടിക്കുന്നതും.

ആ ചിത്രം പ്രസിദ്ധീകരിച്ചതില്‍ വിശ്വാസികളുടെ മനസിനു മുറിവു പറ്റിയിരുന്നുവെങ്കില്‍ ക്രിസ്തുവിന്റെ യഥാര്‍ഥ അനുയായികള്‍ പ്രതികരിക്കേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നില്ല. മറിച്ച്, പ്രതിഷേധവും വിശ്വാസം ഹനിക്കപ്പെട്ടതിലുള്ള ആശങ്കയും ഉത്തരവാദിത്തപ്പെട്ട ഇടയ പ്രമുഖരില്‍ ആരെങ്കിലും ചൂണ്ടിക്കാട്ടി പത്രാധിപര്‍ക്കു കത്തെഴുതുകയായിരുന്നു വേണ്ടത്. കച്ചവടക്കണ്ണോടെയാണെങ്കിലും മനോരമ മാപ്പ് പ്രസിദ്ധീകരിച്ചാല്‍ അത് ഇടയലേഖനങ്ങള്‍ക്കിടെ പള്ളികളില്‍ വായിക്കുകയായിരുന്നു വേണ്ടത്. അല്ലാതെ അക്ഷരം അച്ചടിച്ച കടലാസുകള്‍, കുഞ്ഞുകുട്ടി പരാധീനങ്ങളായ കുഞ്ഞാടുകളെയും കൂട്ടി തെരുവില്‍ കൂട്ടിയിട്ട് കത്തിച്ച് കാണിച്ചു കൊടുക്കുന്ന മാതൃക, സഹനവും സ്‌നേഹവും ജീവിതമാക്കിയ മഹാഗുരുവിന്റെ അനുയായികള്‍ക്കു ചേര്‍ന്നതല്ല.

അത്താഴ വിവാദത്തില്‍ മനോരമയുടെ അത്താഴം മുടക്കിയേക്കാമെന്നുള്ള ഇടയവിചാരങ്ങള്‍ കടലില്‍ നിന്ന് വെള്ളം കക്ക കൊണ്ട് കോരി പറ്റിക്കാന്‍ നോക്കുന്നത് പോലിരിക്കും. മഹാപ്രസ്ഥാനമെന്നു വാഴ്ത്തുകയല്ല ഇതൊക്കെ ഇത്രേ ഉണ്ടാകൂ എന്ന്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് തന്നെ പടം വരപ്പിക്കാനും അച്ചടിക്കാനും മാപ്പു പറഞ്ഞു പിന്‍വലിക്കാനും മനോരമയുടെ അരമനയില്‍ തെളിയുന്ന ബുദ്ധിയൊന്നും മറ്റൊരു തിരുമേനിയുടെ അരമനയിലും തെളിഞ്ഞിട്ടുണ്ടാകില്ല.

unnamed-1

അവര്‍ക്കറിയാം, ഈ ബഹളങ്ങളൊക്കെ ഒന്നടങ്ങിക്കഴിഞ്ഞ് അടുത്ത വെള്ളിയാഴ്ച കലണ്ടറില്‍ നോക്കി ഡിസംബര്‍ 25-നു തന്നെയല്ലേ ക്രിസ്തുമസ് എന്ന് ഉറപ്പിക്കുന്ന വിശ്വാസി കലണ്ടര്‍ മനോരമ തന്നെ എന്ന് ഉച്ചത്തില്‍ പറയുമെന്ന്, പറയിപ്പിക്കാനാകുമെന്ന്.

വിശ്വസിക്കാനുള്ള അവകാശം പോലെ വിശ്വസിക്കാതിരിക്കാനുള്ള അവകാശം കൂടിയുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. നമ്മുടെ വിശ്വാസത്തെ ആരാലും ചോദ്യം ചെയ്യപ്പെടാതിരിക്കാനുമുള്ള അവകാശം കൂടിയുണ്ട്. എന്തും മിതമാകുമ്പോഴാണ് മതിയാകാതിരിക്കുന്നത്. മതമായാലും മിതമല്ലെങ്കില്‍ മദം പൊട്ടുക തന്നെ ചെയ്യും. വാളെടുക്കുന്നവന്‍ വാളിനാല്‍ തന്നെ എന്ന് കര്‍ത്താവ് ഓര്‍മിപ്പിച്ചത് രക്തം വിയര്‍ത്ത് ഗെദ്‌സമനില്‍ പ്രാര്‍ഥിച്ച ശേഷമാണ്.

അനുതാപികളുടെ ദൈവത്തോട് പ്രാര്‍ഥിക്കുകയും ആ ദൈവത്തിനു വേണ്ടി വാളെടുക്കുകയും ചെയ്യുന്നവര്‍ ഇടക്കിടെ ഇതൊക്കെ ഓര്‍ത്തു നോക്കിയാല്‍ മതി. പ്രതിഷേധിക്കാനുള്ള ആ മുട്ട് അങ്ങോട്ട് മാറിക്കിട്ടും. എന്നിട്ട്, എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ എന്ന ഏറ്റു പറച്ചില്‍ മറ്റേതൊരു പ്രാര്‍ഥനയേക്കാളും ഇഷ്ടപ്പെടുന്ന കര്‍ത്താവിന്റെ വാക്കുകള്‍ വളച്ചൊടിക്കാതെ വിളിച്ചു പറയുന്ന ഇടയന്‍മാര്‍ തന്നെയായിരിക്കും അജഗണത്തിന് എന്നും അഭികാമ്യം.

ഒരു പിന്‍കുറിപ്പ്: അന്ത്യ അത്താഴം ഇന്നായിരുന്നു നടക്കുന്നതെങ്കില്‍ എന്തായിരിക്കും സ്ഥിതി? തങ്ങളുടെ ഗുരുവുമൊത്തുള്ള അവസാനത്തെ അത്താഴം ക്യാമറയില്‍ പകര്‍ത്താന്‍ ശിഷ്യന്‍മാര്‍ തന്നെ ഏര്‍പ്പെടുത്തുന്ന ഫോട്ടോഗ്രാഫറുടെ നിയന്ത്രണത്തിലാകും ഒരുമാതിരി എല്ലാ കാര്യങ്ങളും. ഈശോയുടെ ഇടത്തും വലതും ആരിരിക്കണമെന്ന് തീരുമാനിക്കുകയും എല്ലാവരോടും ‘സ്‌മൈല്‍, സ്‌മൈല്‍’ എന്ന് പറയുകയും ചെയ്യുന്ന ഒരു ഫോട്ടോഗ്രഫര്‍. ഒരു പക്ഷെ ആ വിരുന്ന് എപ്പോള്‍ തുടങ്ങണമെന്ന് വരെ തീരുമാനിക്കുന്നത് അയാള്‍ ആയിരിക്കാം. പണസഞ്ചി കയ്യിലൊളിപ്പിച്ച യൂദാസിനെയും സ്ഥലപരിമിതി മൂലം നില്‍ക്കേണ്ടിവന്ന ചില ശിഷ്യന്മാരെയും ഒതുക്കി നിര്‍ത്താന്‍ പെടാപ്പാട് പെടുന്നതിനിടെ സെല്‍ഫിയെടുക്കാനുള്ള സ്വാര്‍ഥമോഹങ്ങളെയും അടിച്ചമര്‍ത്താന്‍ പാടുപെടുന്ന ഒരു ഫോട്ടോഗ്രാഫര്‍; അത്രയൊക്കെയേ ഉള്ളൂ കാര്യം.

(അഭിഭാഷകയാണ് അനുപമ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍