UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിനിമാനടന്റെ നഗ്നതാപ്രദര്‍നം; പ്രതിയുടെ വിധേയരായി പോലീസ് മാറുമ്പോള്‍

Avatar

ഫൈസല്‍ കോങ്ങാട്

 
കുട്ടിളോടുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ കൂടിവരുന്നതും അതേക്കുറിച്ചുള്ള വാര്‍ത്തകളും നമുക്ക് പുതുമയല്ലാതായിരിക്കുന്നു. കുറ്റം ചെയ്യുന്നവരില്‍ ഇതരസംസ്ഥാന തൊഴിലാളി മുതല്‍ സിനിമാനടനും ഡോക്ടറും എഞ്ചിനീയറുമൊക്കെ ഉള്‍പ്പെടുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ പ്രതിസ്ഥാനത്തു വരുന്നത് മേല്‍പ്പറഞ്ഞ സമൂഹത്തിലെ ഉന്നതരാണെങ്കില്‍ പൊലീസിന് വിധേയത്വം ഇരകളോടല്ല വേട്ടക്കാരോടാണെന്നതാണ് വസ്തുത. ഇതു വ്യക്തമാക്കുന്ന അനുഭവമാണ് പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരിടേണ്ടി വന്നത്.
 
ആഗസ്റ്റ് 27ന് കാലത്ത് സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളുടെ സംഘത്തിനടുത്ത് കാര്‍ നിര്‍ത്തി കുട്ടികള്‍ക്കുമുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും അതേ അവസ്ഥയില്‍ കുട്ടികള്‍ കൂടി ഉള്‍പ്പെടുന്ന തരത്തില്‍ ഫോട്ടോകള്‍ എടുക്കുകയും ചെയ്ത ആളെ ആദ്യം കുട്ടികള്‍ക്ക് മനസ്സിലായില്ലെങ്കിലും അവര്‍ നല്‍കിയ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് സിനിമാനടന്‍ ശ്രീജിത്ത് രവിയാണെന്ന് കണ്ടെത്തുകയും ശ്രീജിത്തിനെ കുട്ടികള്‍ നേരിട്ട് കണ്ട് തിരിച്ചറിയുകയും ചെയ്തു. ശ്രീജിത്തിന്റെ വൈകൃതത്തിന് ഇരയാകേണ്ടി വന്ന 13 കുട്ടികളെയും ഈ ലേഖകന് വ്യക്തിപരമായി അറിയാമെന്ന് മാത്രമല്ല, അതിലൊരു കുട്ടി കുടുംബാംഗവുമാണ്. തുടര്‍ന്ന്‍ പരാതിയുമായി ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ എത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പലിനും, പിന്നീട് പരാതിക്കാരികളായ പെണ്‍കുട്ടികളെ നിയമവിരുദ്ധമായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോള്‍ അവര്‍ക്കും ഉണ്ടായ അനുഭവം വിവരണാതീതവും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതുമാണ്.
 
കുറ്റകൃത്യം നടത്തിയ ശ്രീജിത്തിന് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ രാജകീയ പരിഗണന ലഭിച്ചപ്പോള്‍ കൊടുംകുറ്റവാളികള്‍ സ്റ്റേഷനിലെത്തിയാലെന്ന പോലെയാണ് പരാതിക്കാരോട് പോലീസ് പെരുമാറിയത്. വനിതാപോലിസിന്റെ സാന്നിദ്ധ്യമില്ലാതെ സന്ധ്യക്കുശേഷം പോലീസ് സ്റ്റേഷനിലേക്ക് പരാതിക്കാരായ പെണ്‍കുട്ടികളെ വിളിപ്പിക്കുകയും പരാതി പിന്‍വലിക്കാനും ഭാവിയില്‍ കേസുമായി കോടതി കയറിയിറങ്ങേണ്ടി വരുമെന്നും അത് പെണ്‍കുട്ടികളായ നിങ്ങളുടെ ഭാവിക്കു ദോഷം ചെയ്യുമെന്നായിരുന്നു പൊലീസിന്റെ ഭീഷണി. പ്രതി സമൂഹത്തില്‍  ഉയര്‍ന്ന സ്ഥാനമുള്ളയാളും ഉന്നത ബന്ധങ്ങളുമുള്ളയാളാണെന്നും ഓര്‍മ്മിപ്പിക്കാനും പൊലീസ് മറന്നില്ല. മാത്രമല്ല കുറ്റം ചെയ്ത ശ്രീജിത്ത് പൊലീസ് സ്റ്റേഷനിലിരിക്കെ രക്ഷിതാക്കളെപ്പോലും മാറ്റിനിര്‍ത്തി പെണ്‍കുട്ടികളും ശ്രീജിത്തും മാത്രമായി ഒരു റൂമിലിരുന്ന് സംസാരിക്കാനുള്ള സൗകര്യമൊരുക്കാനും പൊലിസ് ശ്രമിച്ചു.
 
പ്രസ്തുത സമയത്ത് കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനും പൊതുപ്രവര്‍ത്തകനുമായ ആള്‍ കുട്ടികളെ നിയമവിരുദ്ധമായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചതറിഞ്ഞ് അവിടെയെത്തിയതുകൊണ്ടു മാത്രമാണ് പൊലിസിന്റെ ഈ നീക്കത്തിന് തടയിടാനായത്. ഈ സമയത്ത് അധ്യാപകനോട് കയര്‍ക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ച പൊലീസുകാരില്‍ പ്രദീപ് എന്ന സിവില്‍പൊലിസ് ഓഫീസറാണ് മുന്നിലുണ്ടായിരുന്നത്. ഇയാളില്‍ നിന്നാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ശ്രീജിത്തില്‍ നിന്നുണ്ടായതിനേക്കാള്‍ മന:പ്രയാസം നേരിടേണ്ടി വന്നതെന്ന കാര്യം ഒട്ടും നിസ്സാരമായി കാണാനാകില്ല. 
 
ഈ സംഭവത്തിനുശേഷം രണ്ടുദിവസത്തിനു ശേഷമാണ് പൊലീസ് ഈ വിഷയത്തില്‍ കേസ് തന്നെ രജിസ്റ്റര്‍ ചെയ്യുന്നത്. അതാകട്ടെ പാലക്കാട് എസ്.പി ഡോ. ശ്രീനിവാസിന്റെ കര്‍ശന നിര്‍ദ്ദേശത്തിനു ശേഷവും. എന്നാല്‍ ഒറ്റപ്പാലം പൊലീസ്, ഡോ.ശ്രീനിവാസിനേയും നിയമ സംവിധാനത്തേയും വഞ്ചിക്കുന്ന തരത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കുറ്റം ചെയ്തത് ശ്രീജിത്താണെന്ന് പരാതിക്കാര്‍ വ്യക്തമായി പറയുന്നുണ്ടെങ്കില്‍ അയാളുടെ പേരില്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എസ്.പി പറഞ്ഞിട്ടും ഏതോ ഒരാള്‍ കുറ്റം ചെയ്തു എന്ന നിലയിലാണ് ഒറ്റപ്പാലം പൊലീസ് കേസ്  രജിസ്റ്റര്‍ ചെയ്തത്. മാത്രമല്ല കുട്ടികളോട് ലൈംഗികാതിക്രമങ്ങള്‍ കാണിക്കുന്നവര്‍ക്കെതിരെ ചുമത്തേണ്ട പോക്‌സോ നിയമം എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയതുപോലും അവസാന നിമിഷത്തിലാണ്.
 
 
കാര്യങ്ങള്‍ നേരേ ചൊവ്വേ നടക്കുന്നില്ലെന്നും പൊലീസ് ശ്രീജിത്തിന്റെ ഏജന്റിനെ പോലെയാണ് പെരുമാറുന്നതെന്നും തിരിച്ചറിഞ്ഞ രക്ഷിതാക്കള്‍ ജില്ലാ കലക്ടര്‍ മേരിക്കുട്ടിയേയും എസ്.പി ഡോ. ശ്രീനിവാസിനേയും നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. ഇരുവരും വളരെ ആത്മാര്‍ത്ഥമായി തന്നെ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. 
 
സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് പൊലീസ് ആദ്യം ചുമത്തിയിരുന്നത്. വിഷയം കൂടുതല്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പൊലീസിന് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുകയല്ലാതെ മാര്‍ഗമില്ലെന്നുവന്നു. എന്നിട്ടും ഒറ്റപ്പാലം പൊലീസ് അവസാന ശ്രമമെന്ന നിലയില്‍ ഒരുതവണകൂടി നിയമലംഘനത്തിന് ശ്രമിച്ചു. പെണ്‍കുട്ടികളെ ഒരിക്കല്‍ക്കൂടി സ്റ്റേഷനിലെത്തിക്കാനായി പൊലീസിന്റെ ശ്രമം. സ്റ്റേഷനിലേക്ക് വന്നില്ലെങ്കില്‍ രക്ഷിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും കുട്ടികളെയും അറസ്റ്റ് ചെയ്യുമെന്നുമൊക്കെ ഭീഷണിമുഴക്കിനോക്കി. ഇതില്‍ മനസു നൊന്ത് പരാതിക്കാരികളില്‍ ഒരാള്‍ ആത്മഹത്യക്ക് ഒരുങ്ങി. വീട്ടുകാര്‍ തക്കസമയത്ത് ഇടപെട്ടതുകൊണ്ട് ഒരു ദുരന്തം ഒഴിവായി.
 
എസ്.പിയുടെ കടുത്ത നിര്‍ദ്ദേശം അനുസരിക്കാതിരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ആഗസ്റ്റ് ഒന്നിന് ശ്രീജിത്തിനെ കൊല്ലങ്കോട്ടെ ഷൂട്ടിംഗ് സ്ഥലത്തുനിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തശേഷം ചില കുട്ടികളെ മാത്രം വിളിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തി ശ്രീജിത്തിനെ തിരിച്ചറിഞ്ഞില്ലെന്നു വരുത്താനും പൊലീസ് ശ്രമിച്ചു. ഈ നീക്കം തടഞ്ഞത് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ അവസരോചിത ഇടപെടലാണ്. പ്രസ്തുത ദിവസം പൊതുപണിമുടക്കായിരുന്നതിനാല്‍ അടുത്തദിവസം മുഴുവന്‍ കുട്ടികളുടേയും മുന്നില്‍ പരേഡ് നടത്തിയാല്‍ മതിയെന്നാണ് ചൈല്‍ഡ്‌ലൈന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഇതോടൊപ്പം കുട്ടികളുടെ കോടതി, സ്‌കൂളിലെത്തി കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുക്കാനും തീരുമാനിച്ചു.
 
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ചൈല്‍ഡ്‌ലൈന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവയുടെ ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍ എന്നിവരടങ്ങുന്ന കോടതി അഞ്ചുമണിക്കൂര്‍ നീണ്ട തെളിവെടുപ്പാണ് നടത്തിയത്. പൊലീസ് ഗുരുതരമായ നിയമലംഘനം നടത്തിയതായി കോടതി നിരീക്ഷിച്ചു. കുറ്റം ചെയ്ത ശ്രീജിത്തിനെ അറസ്റ്റ് ചെയ്‌തെങ്കിലും അന്നുതന്നെ ജാമ്യത്തിലിറങ്ങാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീജിത്തിനെ പരമാവധി  സഹായിക്കുകയാണ് ചെയ്തത്. കോടതി ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും പ്രോസിക്യൂട്ടര്‍ മൗനം പാലിക്കുകയൊ കൃത്യമായ മറുപടി നല്‍കാതിരിക്കുകയൊ ചെയ്തു. കുറ്റം ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലും പ്രതി സാക്ഷികളേയും പരാതിക്കാരേയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നതിനാലും അക്കാര്യം പ്രോസിക്യൂട്ടര്‍ കോടതിയില്‍ സൂചിപ്പിച്ചതേയില്ല.
 
കാര്യങ്ങളിത്രയൊക്കെ നടന്നിട്ടും പ്രധാന പ്രശ്‌നം ഇപ്പോഴും ബാക്കിയാവുകയാണ്. കുട്ടികളുടെ ഫോട്ടോയെടുക്കാന്‍ ഉപയോഗിച്ച ഫോണ്‍ ഇപ്പോഴും ശ്രീജിത്തിന്റെ കയ്യില്‍ തന്നെയാണ്. പൊലീസ് കണ്ടെടുത്തുവെന്ന് അവകാശപ്പെടുന്ന ഫോണ്‍ യഥാര്‍ത്ഥ ഫോണല്ലെന്ന് കുട്ടികള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. കുറ്റം ചെയ്ത ശ്രീജിത്ത് എഞ്ചിനീയര്‍കൂടിയാണെന്നതിനാലും ഭാവിയില്‍ ഫോണിലെ ഫോട്ടോകള്‍ കുട്ടികള്‍ക്കെതിരെ ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നതിനാലും യഥാര്‍ത്ഥ ഫോണ്‍ കണ്ടെടുക്കാത്ത കാലത്തോളം രക്ഷിതാക്കളുടേയും കുട്ടികളുടേയും നഷ്ടപ്പെട്ട മനസ്സമാധാനം തിരിച്ചുവരില്ല. ഇക്കാര്യത്തിലും ഒറ്റപ്പാലം പൊലിസ് ശ്രീജിത്തിനൊപ്പമാണ്. ഫോട്ടോയെടുത്ത ഫോണ്‍ ഇപ്പോള്‍ കയ്യിലുള്ളതുതന്നെയാണെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്.
 
അതേസമയം പാലക്കാട് പൊലിസ് ചീഫ്, ജില്ലാ കലക്ടര്‍, ചൈല്‍ഡ്‌ലൈന്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി എന്നിവരുടെ പിന്തുണയുണ്ടായിട്ടും പോലീസിന് ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍, പൊലിസ് കംപ്ലയിന്റ് അതോറിറ്റി എന്നിവയെ സമീപിക്കുന്നതിനെക്കുറിച്ച് കുട്ടികളുടെ മാതാപിതാക്കള്‍ ആലോചിക്കുന്നുണ്ട്.
 
(സുപ്രഭാതം ദിനപത്രത്തില്‍ സ്പെഷ്യല്‍ കറസ്പോണ്ടന്‍റാണ് ലേഖകന്‍)
 
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 
 
Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍