UPDATES

ട്രെന്‍ഡിങ്ങ്

എന്നിട്ടിപ്പോൾ കൈരളി എത്തിനിൽക്കുന്ന സ്ഥാനമെന്താണ്?

എന്ത് ഇടതുബോധത്തെ ആണ് ഇത്രയും കാലമായിട്ട് ഉത്പ്പാദിപ്പിച്ചത്?

കേരളത്തിന്റെ മാധ്യമലോകം സമ്പൂർണ്ണമായി വലതുവൽക്കരിക്കപ്പെട്ടിരിയ്ക്കുന്നു എന്നും, ദേശാഭിമാനിയെന്ന ഒറ്റത്തുരുത്ത് മാത്രം വിചാരിച്ചാൽ കഴിയാത്ത നിലയിൽ കുത്തകമാധ്യമങ്ങളുടെ അധീശത്വം കേരളത്തിൽ ഉറപ്പിക്കപ്പെടുന്നു എന്നും ഫോർത്ത് എസ്റ്റേറ്റിന്റെ അധികാരത്തിലുള്ള ഇടപെടൽ സാദ്ധ്യതകളും പൊതുബോധനിർമ്മാണശക്തിയും അധികരിക്കുന്നു എന്നുമുള്ള ബോദ്ധ്യങ്ങളുടെ പുറത്താണ് സ്വന്തമായൊരു ചാനൽ എന്ന ആശയം ഇടതുപക്ഷത്തിനു വന്നത്. അതിനുവേണ്ടിയാണ് പണം പിരിച്ചെടുത്തത്. ഒരു ജനതയുടെ ആത്മാവിഷ്കാരം എന്നാൽ ആധുനികതയ്ക്കു ശേഷമുള്ള കേരളജനതയുടെ വിമർശനാത്മക മാധ്യമസ്ഥാനം കയ്യാളുക എന്നാണ് അർത്ഥമാക്കുന്നത് എന്നാണ് പലതവണ പറഞ്ഞുറപ്പിച്ചത്.

എന്നിട്ടിപ്പോൾ എത്തിനിൽക്കുന്ന സ്ഥാനമെന്താണ്? ആണധികാരത്തിന്റെയും പൂവാലത്തത്തിന്റെയും ലൈംഗികാപകർഷതകളുടെയും പുളിങ്ങാപ്പുന്നാരം വിളമ്പുന്ന ജെ ബി ജങ്ഷനും സ്വന്തം കോളേജിലെ കുട്ടികളെ എണ്ണയിൽ വറുത്തുകോരുന്ന മാജിക് ഓവനും മറ്റു പൈങ്കിളിച്ചാനലുകൾ പോലും സംപ്രേഷണം ചെയ്യാത്ത സീരിയലുകളും സിനിമാനടി (അതൊരു നിന്ദാപദമല്ല. പ്രശംസയുമല്ല) കുടുംബപ്രശ്നം പരിഹരിക്കാൻ ഇരിക്കുന്ന ഒളിനോട്ടസംതൃപ്തിപ്പൊറാട്ടുകളും ഏതാണ്ട് കൊട്ടേഷൻ ഗുണ്ടകളെപ്പോലെ വാർത്തയവതരിപ്പിക്കുന്ന ന്യൂസ് റീഡർമാരും ‘ഞങ്ങളാണാദ്യം കണ്ടത്, ഞങ്ങളേ കണ്ടുള്ളൂ’ എന്ന് നന്ദനത്തിലെ ബാലാമണിയായി നിലവിളിയ്ക്കുന്ന വാർത്താവതരണ രീതിയും റീലു പൊട്ടിപ്പോയ വല്യേട്ടൻ സിനിമകളും കൂടി ഇരുപത്തിനാലു മണിക്കൂർ ഛർദ്ദിക്കുന്ന ഈ സ്ഥാനം എന്ത് ഇടതുബോധത്തെ ആണ് ഇത്രയും കാലമായിട്ട് ഉത്പ്പാദിപ്പിച്ചത്?

ഇന്നലെ സംഭവിച്ചത് ഈ അശ്ലീലത്തിന്റെ സ്വാഭാവികപരിണാമമാണ്. ‘നീ ബലാത്സംഗം ചെയ്യാനൊന്നും നോക്കിയേക്കല്ലേ’ എന്ന് തമാശ പറഞ്ഞുചിരിയ്ക്കുന്ന മോന്തായത്തിൽ ഇത്രയെങ്കിലും വളയാതെ കഴുക്കോലുകളുണ്ടാവില്ല. ആൺകോയ്മയും അരാഷ്ടീയതയും വിറ്റഴിക്കാനുള്ള ചന്തയാക്കി മാറ്റപ്പെട്ടത് മാധ്യമസംസ്കാരത്തിന്റെ അടിപ്പടവിൽ നിന്ന് മാധ്യമാധീശത്വത്തെ പൊളിച്ചെഴുതാൻ കെൽപ്പുണ്ടായിരുന്ന വലിയൊരു സാധ്യതയെയാണ്. അതിന്നലെ ഒരു ദിവസം കൊണ്ട് സംഭവിച്ചതല്ല.

കൈരളിയെപ്പറ്റി പറയുന്നവർ തങ്ങളിൽ പെട്ടവരല്ല എന്ന വേദപുസ്തകസാക്ഷ്യം കയ്യിലിരിക്കട്ടെ. അത്തരം മെസേജുകൾ കിട്ടിയ സ്ഥിതിക്ക് ഇത്രയും പറഞ്ഞിരിയ്ക്കും.

(ശ്രീചിത്രൻ എം.ജെ ഫേസ്ബുക്കിൽ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ശ്രീചിത്രന്‍ എം.ജെ

ശ്രീചിത്രന്‍ എം.ജെ

സാംസ്കാരികപ്രവർത്തകനും കലാനിരൂപകനുമാണ്. തിരുവനന്തപുരത്ത് ഐ ടി മേഖലയിൽ ജോലിചെയ്യുന്നു. ഓൺലൈനിലും പ്രിന്റ് മീഡിയയിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അഴിമുഖത്തില്‍ Art Age എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍