UPDATES

ട്രെന്‍ഡിങ്ങ്

നീതിയും സമൂഹവുമൊക്കെ ഇരയ്ക്കൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നത് വെറുതെയാണ്

സിനിമ എന്ന തൊഴിലിടത്തിലെ സ്ത്രീ സുരക്ഷയെപ്പറ്റി വാചകമടിക്കുന്നത് എവിടെ നിന്നു കൊണ്ടാണ്?

2013-ലാണ്, എൻ. പീതാംബരക്കുറുപ്പെന്ന രാഷ്ട്രീയക്കാരൻ പൊതുവേദിയിൽ വച്ച് തന്നെ സഭ്യമല്ലാത്ത രീതിയിൽ സ്പർശിച്ചുവെന്ന പരാതിയുമായി ശ്വേതാമേനോൻ രംഗത്തുവന്നത്. അല്പം മാധ്യമകോലാഹലം ഉണ്ടാക്കിയെങ്കിലും ശ്വേത തന്നെ സ്വയം പിന്തിരിഞ്ഞതോടെ ആ കേസ് ഏതോ വഴിക്കു പോയി, സംഭവം തന്നെ എല്ലാവരും മറന്ന മട്ടായി.

ദീപിക പദുകോണിന്റെ മാറിടത്തിന്റെ ഫോട്ടോ കൊടുത്തിട്ട്, ദീപികയുടെ മുലവിടവുകൾ കണ്ടോ എന്ന് അടിക്കുറിപ്പ് കൊടുത്തത് ടൈംസ് ഓഫ് ഇന്ത്യയാണ്. എനിക്ക് മുലകളും അവക്കിടയിൽ വിടവുകളുമുണ്ട്, അതിന് നിങ്ങൾക്കെന്തെങ്കിലും നഷ്ടമുണ്ടോ എന്ന് ശക്തമായ രീതിയിൽ തന്നെ ദീപിക തിരിച്ചടിച്ചു. ആ സംഭവവും അധികനാൾ ചർച്ചയിൽ നിന്നില്ല.

കങ്കണ റൗണത്ത് എന്ന നടി അയച്ച സ്വകാര്യ ഇമെയിൽ ചോർത്തി മാധ്യമങ്ങൾക്കു നൽകി അവരെ അവഹേളിച്ചത്, ഇന്ത്യൻ സിനിമയിലെ ഒരു സൂപ്പർസ്റ്റാർ നടനാണ്. അവിടെയും, ഇരക്കൊപ്പമായിരുന്നില്ല നീതി. മല്ലികാ ഷെരാവതും അവരുടെ പങ്കാളിയും വിദേശത്ത് തെരുവിൽ ആക്രമിക്കപ്പെട്ടപ്പോഴും ഈ ഇരട്ടത്താപ്പ് നാം കണ്ടു.

ശ്വേതയാവട്ടെ, ദീപികയാകട്ടെ, കങ്കണയോ മല്ലികാ ഷെരാവതോ, ഇപ്പോള്‍ ആക്രമണത്തിന് ഇരയായ നടിയോ ആരുമാകട്ടെ, ഓരോ നിമിഷവും നയനരതിക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന ഒരു ചുറ്റുപാടിൽ നിന്നു കൊണ്ടാണ് നാം സിനിമ എന്ന തൊഴിലിടത്തിലെ സ്ത്രീ സുരക്ഷയെപ്പറ്റി വാചകമടിക്കുന്നത്.

പെണ്ണിനെ രണ്ട് പൊട്ടിച്ച്, ആണത്തം കാണിക്കുന്ന നായകൻമാരും ആണുങ്ങളോട് കളിക്കടാ എന്നലറുന്ന അഭിനവ മേജർമാരും നീയിനി പോയി ബലാത്സംഗമൊന്നും ചെയ്തേക്കല്ലേ എന്നുപദേശിക്കുന്ന മാധ്യമ ഉപദേശകരും ഒക്കെയുളള ഒരു നാട്ടിൽ, ഇവർക്കൊക്കെ കിട്ടുന്ന കയ്യടിയേ പുറത്തേക്കു കേൾക്കൂ..

തെറിവിളിക്കുന്ന പെണ്ണുങ്ങളെ കണ്ട് അന്തംവിട്ട് അത്ഭുതം കൂറി, പെണ്ണെന്നാൽ അമ്മയും പെങ്ങളുമല്ലോ, ഇങ്ങനെയൊക്കെ പറയാമോ പെങ്ങളേ എന്നു പറയുന്ന ശ്യാംലാലിനെ പോലുളള ബ്ലോഗൻമാരും പ്രണയികളെ നേർവഴിക്കു നടത്താൻ സർക്കുലറിറക്കുന്ന സർക്കാരും ഇവരെ തെരുവിലിട്ട് തല്ലി നേരെയാക്കാൻ തുനിഞ്ഞിറങ്ങിയ പിങ്ക് പോലീസും കൂടിയായാൽ പിന്നെ കൂടുതലൊന്നും വേണ്ടി വരില്ല. ഈ കേസിലും നീതിയും സമൂഹവും ഇരക്കൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നത് വെറുതെയാണ്.

(രാംദാസ് ഫേസ്ബുബുക്കിൽ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

പി എസ് രാംദാസ്

പി എസ് രാംദാസ്

എഴുത്തുകാരന്‍, ബാങ്ക് ഉദ്യോഗസ്ഥന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍