UPDATES

ട്രെന്‍ഡിങ്ങ്

വിഷമമുണ്ട്, എത്ര സ്വതന്ത്രമായി ജീവിച്ചാലും അതിനെ പിന്തുണയ്ക്കുന്ന ഒരു വ്യവസ്ഥിതി ഇല്ലല്ലോ എന്നോര്‍ത്ത്

നമ്മള്‍ റോഡിലൂടെ നടന്നു പോവുമ്പോള്‍ വഴിയില്‍ നിന്നൊരാള്‍ കണ്ണടച്ച് കാണിക്കുന്നു, അല്ലെങ്കില്‍ നാക്കുകൊണ്ടൊരു വൃത്തികെട്ട ജസ്റ്റര്‍ കാണിക്കുന്നു, ഇവരെല്ലാം പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകള്‍ ആണെന്ന് ഞാന്‍ കരുതുന്നു.

ഈയിടെ കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞകാലത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാനത്ത് സ്ത്രീകള്‍ ഇരകളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ഭീതിതമായ തോതില്‍ വര്‍ദ്ധിക്കുന്നതായി കാണാം. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഓരോ സ്ത്രീയും നിരന്തരം നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ പലതാണ്. രാഷ്ട്രീയ-സാമൂഹിക-കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ഈ സാഹചര്യത്തെ വിലയിരുത്തി പ്രതികരിക്കുകയാണ് അഴിമുഖത്തില്‍. സിനിമ-തീയേറ്റര്‍ അഭിനേതാവ് അഭിജ പ്രതികരിക്കുന്നു.

ഇക്കഴിഞ്ഞ ഇറ്റ്ഫോക്കില്‍ ഒരു ചിലിയന്‍ സ്ട്രീറ്റ് തിയേറ്റര്‍ ഗ്രൂപ്പിന്റെ കൂടെ പെര്‍ഫോമന്‍സ് ചെയ്തിരുന്നു. അതില്‍ കൈകാര്യം ചെയ്യുന്ന വിഷയം തന്നെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമമാണ്. ഡൊമസ്റ്റിക് ആയും സ്ട്രീറ്റുകളിലും എല്ലാം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ നാടകത്തിന്റെ ഭാഷയില്‍ ഉള്ള ഒരു പ്രതികരണം. വളരെ ശക്തമായ തീം ആണിത്. നാടകം നടക്കുന്നതിനിടെ ദിവസവും ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ ഒക്കെ നടക്കുന്നുണ്ടായിരുന്നു. ഇപ്പോഴുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള കാര്യങ്ങളും ഒക്കെ അതില്‍ കടന്നു വരികയും ചെയ്തു.

എന്നാല്‍ ഈ നാടകം നടന്നുകൊണ്ടിരിക്കുമ്പോഴാണ്, എന്തിനെക്കുറിച്ചാണോ നമ്മള്‍ ചര്‍ച്ച ചെയ്തത്, എന്താണോ അവതരിപ്പിക്കാന്‍ ശ്രമിച്ചത് അതിനൊക്കെ വിപരീതമായ ഒരനുഭവം ഉണ്ടാകുന്നത്. നാടകത്തില്‍ സ്ട്രീറ്റ് വയലന്‍സിന്റെ ഭാഗം ചെയ്തുകൊണ്ടിരിക്കുകയാണ്, അപ്പോഴാണ്‌ കാഴ്ചക്കാരിലൊരാളായി നിന്ന ഒരു മനുഷ്യന്‍ അതില്‍ അഭിനയിച്ചുകൊണ്ടിരുന്ന ഒരു പെണ്‍കുട്ടിയോട്, അതും ചിലിയില്‍ നിന്ന് വന്ന ഒരു പെണ്‍കുട്ടി, അപമര്യാദയായി പെരുമാറുന്നത്. വളരെ നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു അത്.

ഏതു വിധത്തിലുള്ള ആക്രമണം ഉണ്ടാകുമ്പോഴും പറയുന്നത് നമ്മള്‍ വിജിലന്റ്റ് അല്ല, അല്ലെങ്കില്‍ ഇന്ന വസ്ത്രം ധരിച്ചു, പ്രകോപിപ്പിച്ചു, അസമയത്ത് ഇറങ്ങി നടന്നു എന്നൊക്കെയാണ്. പലവിധത്തില്‍ നടക്കുന്ന അക്രമങ്ങള്‍, അത് നോട്ടം കൊണ്ടും, വാചകം കൊണ്ടും സ്പര്‍ശം കൊണ്ടും ഒക്കെ ഉണ്ടാകുന്നുണ്ട്. പ്രതിരോധിക്കേണ്ടത് സ്ത്രീകളാണ് എന്നൊരു കാഴ്ച്ചപ്പാടുണ്ടല്ലോ, അതായത് പുരുഷന് എപ്പോള്‍ വേണമെങ്കിലും ആക്രമിക്കാം. സ്ത്രീ കരാട്ടെയൊക്കെ പഠിച്ച് തിരിച്ച് ആക്രമിക്കാന്‍ എപ്പോഴും പ്രാപ്തയായിരിക്കണം. ഇല്ലെങ്കില്‍ അവന്‍ റേപ്പ് ചെയ്തിട്ട് പോകും, അതേറ്റു വാങ്ങിക്കൊള്ളുക എന്ന ഉദാസീനമായ മെന്റാലിറ്റി എന്തപകടകരമാണ്.

നിര്‍ബന്ധിത കരാട്ടെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഇഷ്ടമില്ലാത്ത സ്ത്രീകള്‍ ഉണ്ടാവില്ലേ, ആ സമയത്ത് വെറുതെ ഇരിക്കാനും പടം വരക്കാനും സ്വപ്നം കാണാനും ഒക്കെ ഇഷ്ടമുള്ള പെണ്‍കുട്ടികള്‍ ഉണ്ടാവില്ലേ? അതല്ലേ കൂടുതല്‍ വാലിഡ്? ഒരു സ്ത്രീയ്ക്ക് അവള്‍ ഇഷ്ടമുള്ള രീതിയില്‍ സമയം ചെലവഴിക്കാന്‍ പറ്റുക എന്നതല്ലേ പ്രധാനം? അല്ലാതെ നിര്‍ബന്ധിച്ച് അത് അവളെക്കൊണ്ട് പഠിപ്പിച്ച്, പിടിക്കാന്‍ വരുന്നവരെ ഇടിക്കാന്‍ പഠിപ്പിക്കുകയല്ല വേണ്ടത്.

അതിന്റെയുള്ളില്‍ നിന്ന് എനിക്ക് മനസിലാക്കാന്‍ സാധിച്ച ഒരു കാര്യം നമ്മള്‍ എപ്പോഴും ആകുലപ്പെടുന്നത് വളരെ വിസിബിളായിട്ടുള്ള അക്രമങ്ങളെപ്പറ്റി മാത്രമാണ്. റേപ്പ്, ഫിസിക്കല്‍ അബ്യൂസ് പോലെ അങ്ങേയറ്റത്ത് എത്തിയ ചില ആക്ഷന്‍സ് നോട് ആണ് നമ്മുടെ പ്രതികരണങ്ങള്‍ എപ്പോഴും ഉണ്ടാവുക. ആളുകള്‍ പ്രത്യേകിച്ച് പുരുഷന്മാര്‍ – സ്ത്രീകളും അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും പുറത്താണെന്ന് കരുതുന്നില്ല- ഒരു റേപ്പ് ഇഷ്യൂ ഉണ്ടായാല്‍ അല്ലെങ്കില്‍ കൊല ചെയ്യപ്പെട്ടാല്‍ തങ്ങളുടെ നീതിബോധതിന്റെ അടിസ്ഥാനത്തില്‍ അവര്‍ പ്രകോപിതരാകുന്നതും ഇമോഷണലി പ്രതികരിക്കുന്നതും ഒക്കെ സ്വാഭാവികമാണ്. എന്നാല്‍ തങ്ങള്‍ മാത്രമാണ് നീതിമാന്‍മാര്‍ എന്നും അല്ലാത്തവര്‍ ഒന്നും അങ്ങനെയല്ല എന്നുമുള്ള ചില പ്രതികരണങ്ങള്‍ കാണാറുണ്ട്‌. ഇപ്പോള്‍ തന്നെ ഫേസ്ബുക്ക് ഒക്കെ എടുത്തു നോക്കുക, ഇത്രയധികം വയലന്‍സ് ആണോ ആളുകളുടെ ഒക്കെ ഉള്ളിലുള്ളത്? സത്യം പറഞ്ഞാല്‍ ആരെയും വിശ്വസിക്കാന്‍ പറ്റാത്ത ഒരവസ്ഥ ഉണ്ടാകുന്നുണ്ട്.

അതുപോലെ തന്നെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം എന്ന് തോന്നിയ ഒന്നുണ്ട്. നമ്മള്‍ വളരെ നിസ്സാരം എന്ന് കരുതി തള്ളിക്കളയുന്നവ. ഉദാഹരണത്തിന് സ്ത്രീകളുടെ ശരീരഭാഗങ്ങളുടെ വര്‍ണ്ണന. നമ്മള്‍ നടന്നു പോകുമ്പോള്‍ റോഡില്‍ എതിരെ വരുന്ന ഒരാള്‍ നമുക്ക് തിരിച്ചറിയാന്‍ പറ്റാത്ത ഒരു നിമിഷത്തില്‍ എറിഞ്ഞിട്ടു പോകുന്ന ഒരു കമന്റ്. വേണമെങ്കില്‍ നമുക്ക് തള്ളിക്കളയാം. പക്ഷേ ഇവരെല്ലാം പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകള്‍ തന്നെയാണ് എന്നതാണ് എന്റെയൊരു ചിന്ത. സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളില്‍ നിന്ന് ഒരിക്കലും അങ്ങനെയൊരു കമന്റ് വരില്ല. റേപ്പ് പോലെയുള്ള അക്രമങ്ങളിലേയ്ക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് ഇതെല്ലാം.

എല്ലാവര്‍ക്കും ഉണ്ടാവുന്ന അനുഭവങ്ങളാണ്, നമ്മള്‍ റോഡിലൂടെ നടന്നു പോവുമ്പോള്‍ വഴിയില്‍ നിന്നൊരാള്‍ കണ്ണടച്ച് കാണിക്കുന്നു, അല്ലെങ്കില്‍ നാക്കുകൊണ്ടൊരു വൃത്തികെട്ട ജസ്റ്റര്‍ കാണിക്കുന്നു, ഇവരെല്ലാം പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകള്‍ ആണെന്ന് ഞാന്‍ കരുതുന്നു.

വേറൊരു കാര്യം, പുരുഷന്റെ പവര്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമായാണ് ഇത്തരം അക്രമങ്ങളെ ഞാന്‍ കാണുന്നത്. പൊതുവേ ‘ഇത് ആണുങ്ങളുടെ ലോകമാണ്, ആണുങ്ങള്‍ ഭരിക്കുന്ന ലോകമാണ്, അവരാണ് ഉടമസ്ഥര്‍, പെണ്ണുങ്ങള്‍ അനുസരണയുള്ളവര്‍ ആയിരിക്കണം’ എന്നൊക്കെ വിചാരിക്കുന്ന ലോകമാണ് ഇത്. ഈ ചിന്തയെ ഇളക്കി മാറ്റാന്‍ സ്ത്രീകളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ഏതൊരു ചിന്തയും വളരെ വിലപ്പെട്ടതാണ്. ഒറ്റയ്ക്കും തെറ്റയ്ക്കും കൂട്ടായും ഒക്കെ നടത്തുന്ന ശ്രമങ്ങള്‍ ഉണ്ട്. വളരെ സൈലന്റ് ആയിപ്പോലും ഇത്തരം ശ്രമങ്ങളില്‍ വിജയിച്ചു ജീവിക്കുന്ന ഒത്തിരി സ്ത്രീകള്‍ ഉണ്ട്. ഇതെല്ലാം പ്രസക്തവുമാണ്.

ഏതു നിലയിലും വിലയിലും ഉള്ള, സ്വതന്ത്രമായി ജീവിക്കുന്ന ആളുകള്‍ക്കും ഇത്തരം ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നു. ഇപ്പോള്‍ ആക്രമിക്കപ്പെട്ട അവരെപ്പോലെ സ്വതന്ത്രമായി ജീവിക്കുന്ന ഒരു സ്ത്രീയ്ക്ക് നേരെയുള്ള ആക്രമണവും വിജയകരമായല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാതെ രോഷം തോന്നുന്നുണ്ട്.

പുരുഷനെ ഷണ്ഡീകരിക്കുകയാണ് വേണ്ടത് എന്നൊരഭിപ്രായം എനിക്കില്ല. കാരണം അധികാരകേന്ദ്രം എന്ന് പറയുന്നത് അവന്റെ ലിംഗമല്ല. മാറ്റം വരേണ്ടത് മനുഷ്യന്റെ മനസിനകത്താണ്. അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഇന്‍ഫ്രാസ്ട്രക്ചറോ ഒരു സോഷ്യല്‍ കണ്‍സ്ട്രക്‌റ്റോ നമുക്കില്ല എന്നതാണ് പ്രശ്‌നം. കുട്ടികള്‍ തമ്മില്‍ പ്രേമിക്കാതിരിക്കാന്‍ വേണ്ടി പെണ്‍കുട്ടികളെ ബോധവത്ക്കരിക്കുന്ന നാടാണിത്. ജെന്‍ഡര്‍ സപ്പറേഷന്‍ ആണ് എല്ലാത്തിനും പരിഹാരമാര്‍ഗം എന്ന് വിചാരിക്കുന്നവരും റേപ്പിസ്റ്റുകള്‍ തന്നെയാണ്.

യാത്രകള്‍ക്കിടയില്‍ ഇങ്ങനെ സംഭവിച്ച എണ്ണമറ്റ കാര്യങ്ങള്‍ ഉണ്ട്. ഒരു നോട്ടം കൊണ്ടോ സ്പര്‍ശനം കൊണ്ടോ അസ്വസ്ഥപ്പെടുത്തുന്ന ഇടപെടലുകള്‍. സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ ഒന്നും അത്ര പെട്ടെന്ന് മറന്നു പോവാറില്ലല്ലോ.

പിന്നെ, ബോധവത്ക്കരണം, ബോധം ഇല്ലാത്തവര്‍ക്കാണ് നടത്തേണ്ടത്. ഇത്തരം പ്രശ്‌നങ്ങള്‍ ഭരണകൂടം കുറച്ചു കൂടി നല്ല രീതിയില്‍ അഡ്രസ്സ് ചെയ്യണം. ആണും പെണ്ണും ഒരുമിച്ച് നടന്നാല്‍ പ്രശ്‌നമാണ് എന്ന രീതിയില്‍ പിങ്ക് പോലീസ് ഒക്കെ വളരെ മോശമായാണ് ഇതില്‍ ഇടപെടുന്നത്. ഒരു സ്ത്രീയും പുരുഷനും ഒരുമിച്ച് ഇരിക്കുന്നത് കണ്ടാല്‍ ഉടന്‍ പൊക്കിക്കൊണ്ട് പോവുകയാണ്. ഇതൊക്കെ നിഷ്ഫലമാണ് എന്ന് ഇവര്‍ എപ്പോഴാണ് മനസിലാക്കുക?

ഇതൊക്കെ കാണുമ്പോള്‍ വളരെ വിഷമം തോന്നുന്നു. എത്ര സ്വതന്ത്രമായി ജീവിച്ചാലും അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു സോഷ്യല്‍ സ്ട്രക്ചര്‍ എനിക്കില്ല എന്നറിയുമ്പോള്‍ ഉണ്ടാവുന്ന ഒരു ദു:ഖം ഉണ്ട്.

എന്റെ സ്വാതന്ത്ര്യം, എന്റെ ജീവിതം, എന്റെ അച്ചീവ്മെന്റ് ഒന്നും ഒരു വിഷയം അല്ല. ‘വാട്‌സ് ദി മീനിംഗ് ഓഫ് മൈ എക്‌സിസ്റ്റന്‍സ് ‘എന്ന് സ്വയം ചോദിക്കാന്‍ തക്കവണ്ണം എന്റെ സൊസൈറ്റി എന്നത് എനിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ഗൂഡാലോചന മാത്രമാണ് എന്നെനിക്കു തോന്നുന്നു. എന്നെപ്പോലെ പല സ്ത്രീകള്‍ക്കും തോന്നുന്നുണ്ട്. അത് വളരെ സങ്കടകരമാണ്.

(തയാറാക്കിയത് ലിഷ അന്ന)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍