UPDATES

സിനിമ

ചലച്ചിത്ര നടി കല്‍പ്പന അന്തരിച്ചു

അഴിമുഖം പ്രതിനിധി

ചലച്ചിത്ര നടി കല്‍പ്പന അന്തരിച്ചു. ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. തെലുങ്ക്‌ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് അവര്‍ ഹൈദരാബാദിലെത്തിയത്. ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പായിക്കാട് വീട്ടില്‍ ചവറ വിപി നായരുടെയും കൊച്ചുവീട്ടില്‍ വിജയലക്ഷ്മിയുടെയും മകളായി 1965ലാണ് കല്‍പ്പന ജനിച്ചത്‌. നടിമാരായ കലാരഞ്ജിനിയും ഉര്‍വശിയും സഹോദരിമാരാണ്. സഹോദരന്‍മാര്‍ പരേതരായ കമല്‍ റോയും പ്രിന്‍സും. ഇവരും ഏതാനും മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമാ സംവിധായകനായ അനില്‍ കുമാറുമായുള്ള വിവാഹബന്ധം 2012-ല്‍ ഒഴിഞ്ഞിരുന്നു. ഏക മകള്‍ ശ്രീമായി.

പ്രധാനമായും ഹാസ്യവേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്ന കല്‍പ്പന മലയാളം, തെലുങ്ക് ,കന്നട ഭാഷകളിലായി 300ഓളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  1983-ല്‍ എം ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത മഞ്ഞിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നു വന്നത്. മലയാളം, തമിഴ് ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

2012-ല്‍ തനിച്ചല്ല ഞാന്‍ എന്ന സിനിമയുടെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അവസാനമായി അഭിനയിച്ചത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ളി എന്ന ചിത്രമായിരുന്നു. 

ഇന്നു വൈകീട്ടോടെ കേരളത്തില്‍ എത്തിക്കുന്ന മൃതദേഹം നാളെ സംസ്‌കരിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍