UPDATES

സിനിമ

തനിച്ചല്ല കല്‍പ്പന

മലയാളത്തിന്റെ സ്വന്തം അഭിനേത്രി കല്‍പ്പന ഇന്നൊരോര്‍മ്മയാണ്. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഏറെ കഥാപാത്രങ്ങള്‍ക്കു ജീവന്‍ പകര്‍ന്ന അവര്‍ ഇന്ന് ഹൈദരാബാദില്‍ വച്ച് അന്തരിച്ചപ്പോള്‍ മലയാളത്തിനു നഷ്ടമായത് എല്ലാത്തരം വേഷങ്ങളും തികഞ്ഞ കൈയ്യടക്കത്തോടെ അവതരിപ്പിച്ചിരുന്ന ഒരു പ്രതിഭയെയാണ്. ഹാസ്യവേഷങ്ങളില്‍ നിന്നും വ്യതിചലിച്ച് കഥയുടെ ഗതിയെ സ്വാധീനിക്കുന്ന കഥാപാത്രങ്ങളും തനിക്കു വഴങ്ങും എന്നു തെളിയിച്ച കല്‍പ്പനയ്ക്ക് തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം  ലഭിച്ചിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ബാബു തിരുവല്ല കല്‍പ്പനയെക്കുറിച്ച് സംസാരിക്കുന്നു.

അഭിനേത്രി എന്ന നിലയില്‍ കല്‍പ്പനയെക്കുറിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല. അവര്‍ എന്താണെന്ന് ചെയ്ത കഥാപാത്രങ്ങള്‍ നമ്മോടു സംസാരിച്ചിട്ടുണ്ട്. അതുപോലെ തന്നെ ചിലത് വ്യക്തിജീവിതത്തിലും സൂക്ഷിച്ചിരുന്നു കല്‍പ്പന. തനിച്ചല്ല ഞാന്‍ ചിത്രീകരണത്തിന്റെ ഇടയില്‍ അതു വെളിവാക്കുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു. ‘ഈ റോള്‍ ഞാന്‍ ചെയ്യണോ, ഉര്‍വ്വശിയല്ലേ നല്ലത്’ എന്ന് അവര്‍ എന്നോട് ചോദിച്ചിരുന്നു. പക്ഷേ റസിയാ ബീവിയുടെ വേഷം അവര്‍ പ്രതീക്ഷിച്ചതിലും മനോഹരമായി ചെയ്തു. ആ കഥാപാത്രവുമായി മുന്‍പുതന്നെ കല്‍പ്പനയ്ക്ക് അടുപ്പമുണ്ടായിരുന്നു. റസിയാ ബീവിയ്ക്ക് ആവശ്യമായ സഹായങ്ങള്‍ നേരത്തെ തന്നെ കല്‍പ്പന ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ നേരിട്ടൊരു ബന്ധം അവര്‍ തമ്മില്‍ ഉണ്ടായിരുന്നതിനാല്‍  റസിയാ എന്ന വ്യക്തി എന്താണോ അതുതന്നെ സ്ക്രീനില്‍ എത്തിക്കാനും കല്‍പ്പനയ്ക്ക് കഴിഞ്ഞു. സിനിമയ്ക്ക് വേണ്ടിയല്ല അവര്‍ തമ്മില്‍ അടുപ്പമുണ്ടാവുന്നത്. കല്‍പ്പന എന്ന വ്യക്തിയുടെ നന്മ അവിടെ മനസ്സിലാക്കാന്‍ കഴിയും.

കല്‍പ്പനയെക്കുറിച്ച് ആലോചിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്ന ഒരു സംഭവമുണ്ട്, ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തില്‍ പേയ്മെന്റ് സെറ്റില്‍ ചെയ്യുന്ന അവസരത്തില്‍ അവരെന്നോടു പറഞ്ഞത്‌ ‘എനിക്ക് ഈ സിനിമയില്‍ അഭിനയിച്ചതിന് പണം വേണ്ട, എന്റെ കൂടെയുള്ള മേക്കപ്പ്‌ മാന് കൂലി കൊടുത്താല്‍ മതി’ എന്നാണ്. കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ഈ നല്ല സിനിമയില്‍ എന്നെ അഭിനയിപ്പിക്കാന്‍ കാണിച്ച മനസ്സാണ് വലുത്. അതു മതി എന്നാണ് കാരണമായി അവര്‍ പറഞ്ഞത്. അന്നതു പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.

ഹ്യൂമര്‍ ചെയ്യുന്ന ഒരു വ്യക്തിക്ക് ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ ചിലപ്പോള്‍ പ്രയാസമുണ്ടായേക്കാം എന്നുണ്ടെങ്കിലും അവര്‍ അനായാസമായി റസിയാ ബീവിയുടെ വേഷം കൈകാര്യം ചെയ്തു. അഭിനേത്രി എന്ന നിലയിലും അവര്‍ നീതി പുലര്‍ത്തിയിരുന്നു. സെറ്റില്‍ വരുന്നതിലായാലും റോളുകള്‍ ഭംഗിയായി ചെയ്യുന്നതിലായാലും അവര്‍ വ്യത്യസ്തയായിരുന്നു. കൃത്യനിഷ്ഠ പാലിക്കുന്നതില്‍ ഒരിക്കല്‍ പോലും വിട്ടുവീഴ്ച വരുത്തിയിട്ടുണ്ടായിരുന്നില്ല.

ഒരിക്കല്‍ നേരത്തെ തീരുമാനിച്ച പ്രകാരമുള്ള  ചടങ്ങിനായി അവര്‍ക്കു പോകേണ്ടിയിരുന്നു. ചടങ്ങിനു പോകുന്ന കല്‍പ്പന എന്നെ കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടുമുണ്ടായിരുന്നു. പക്ഷേ കല്‍പ്പനയില്ലെങ്കില്‍ ഷൂട്ടിംഗ് മുടങ്ങുന്ന അവസ്ഥയായിരുന്നു അന്നത്തേത്. ആരും അതെക്കുറിച്ച് കല്‍പ്പനയോടു പറഞ്ഞതുമില്ല. എന്നാല്‍ പോകാനിറങ്ങിയ അവര്‍ തിരികെ വന്നു, ഷൂട്ടിംഗ് മുടക്കണ്ട എന്നും എന്നോടു പറഞ്ഞു. ‘ഞാന്‍ ഒറ്റ വ്യക്തികാരണം സൈറ്റിലെ മുഴുവന്‍ ആളുകളും വെറുതേ ഇരിക്കേണ്ടല്ലോ’ എന്നും അവര്‍ തുടര്‍ന്നു.
ജീവിതത്തെ സരസമായി കൈകാര്യം ചെയ്യുന്ന ഒരു വ്യക്തി കൂടിയായിരുന്നു കല്‍പ്പന. വിഷമങ്ങള്‍ ഒക്കെ വരുമ്പോള്‍ എന്നെ വിളിക്കുമായിരുന്നു. ആത്മീയതയും, തത്വശാസ്ത്രം എന്നിവയില്‍ ഞങ്ങള്‍ തമ്മില്‍ ഇടയ്ക്കൊക്കെ ചര്‍ച്ചകളും നടക്കാറുണ്ടായിരുന്നു. കല്‍പ്പനയോടു സംസാരിച്ചിരുന്നാല്‍ സമയം പോകുന്നത് അറിയാറില്ല. മികച്ച സഹനടിക്കുള്ള അവാര്‍ഡ് വാങ്ങാന്‍ ദല്‍ഹിയില്‍ പോയത് ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അപ്രതീക്ഷിതമായി മരണ വാര്‍ത്ത‍ കേട്ടപ്പോള്‍ ശരിക്കും ഒരു ഷോക്ക് ആയിരുന്നു. കല്‍പ്പന ഓര്‍മ്മയായി എന്നുള്ളതു വിശ്വസിക്കാന്‍ ഇപ്പോഴും പ്രയാസമുണ്ട്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍