UPDATES

സിനിമ

നമ്മുടെ ന്യൂ ജെന്‍ സിനിമ ചത്തോ?

Avatar

ചില പ്രതീക്ഷകള്‍ പാറപ്പുറത്ത് വിതയ്ക്കുന്ന വിത്തുപോലെയാണ്. അതിങ്ങനെ കൊല്ലാകൊല്ലം വിതയ്ക്കപ്പെടാറുണ്ടെങ്കിലും മുളയ്ക്കില്ല. മലയാള സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെക്കുറെ അങ്ങനെ തന്നെയാണ്. പുതുവര്‍ഷത്തില്‍ അതുകൊണ്ട് തന്നെ വലിയ ഭാരങ്ങളൊന്നും അംബുജാക്ഷനായിട്ട് മലയാള സിനിമയുടെ മേല്‍ കെട്ടിവയ്ക്കാന്‍ നില്‍ക്കുന്നില്ല. പറയത്തക്ക മാറ്റങ്ങളൊന്നും തന്നെ സംഭവിക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍പ്പോലും സംഭവിച്ചാല്‍ നല്ലതിനെന്നും സംഭവിക്കുമെന്നും തോന്നുന്ന ചിലതില്ലാതെയുമില്ല.

തൊണ്ണൂറുകളുടെ അവസാനത്തോടു തന്നെ മലയാള സിനിമ അതിന്റെ ലെഗസിയുടെ നേര്‍ക്കുള്ള ചോദ്യങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങി തുടങ്ങിയിരുന്നു. പുതിയ നൂറ്റാണ്ട് പിറന്നപ്പോള്‍ ഇറങ്ങിയ സിനിമകളാകട്ടെ ഇന്‍ഡസട്രിയുടെ പേര് ചീത്തയാക്കാന്‍ മാത്രമായി തിയേറ്ററുകളില്‍ വന്നവയായിരുന്നു. ഒരു കാലത്ത് അയല്‍നാടുകളിലുള്ള സിനിമാക്കാര്‍പോലും അഭിമാനത്തോടെയും ആവേശത്തോടെയും മലയാള സിനിമകളെക്കുറിച്ചും സിനിമക്കാരെക്കുറിച്ചും സംസാരിച്ചിരുന്നു. ഇവിടുത്തെ സിനിമകള്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും കര്‍ണാടകത്തിലുമെല്ലാം നൂറു ദിവസങ്ങള്‍ കളിച്ചിരുന്നു. പക്ഷേ സ്വന്തം കാണികളെപ്പോലും വെറുപ്പിച്ചു തുടങ്ങിയതോടെ കേരളമെന്ന ‘ഠ’ വട്ടത്തില്‍ തന്നെ കൊഴിഞ്ഞ വീഴാനായി നമ്മുടെ യോഗം.

സൂപ്പര്‍ താരങ്ങള്‍ സിനിമയെ, അടിമ-തമ്പ്രാന്‍ മനോഭാവത്തോടെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ തുടങ്ങിയതോടെയാണ് ഈ ദുര്‍ഗതി വന്നുഭവിച്ചത്. രണ്ടായിരത്തിന്റെ തുടര്‍ച്ചയിലൊക്കെ ഈ താരമേധാവിത്വം ശക്തമായി സിനിമയില്‍ തുടരുകയും ഫാന്‍സ് അസോസിയേഷനുകളെ മാത്രം തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ നമ്മുടെ അനുഗൃഹീത നായകന്മാര്‍ മത്സരിച്ചു പടച്ചുവിടുകയും ഉണ്ടായി. സംവിധായകന്‍, രചയിതാവ് എന്നിവരൊക്കെ വെറും അപ്രസക്തരായ കഥാപാത്രങ്ങളായി മാറി. വാക്കിനു പുല്ലുവിലപോലുമില്ലാത്തവനായി നിര്‍മാതാവ് അതിനു മുന്നെ മാറിയിരുന്നു. ഈ ഗതിയില്‍ തന്നെ തുടര്‍ച്ചയായ പത്തുകൊല്ലത്തോളം സഞ്ചരിക്കാന്‍ യാതൊരു ഉളുപ്പും നമ്മുടെ സിനിമാക്കാര്‍ക്കുണ്ടായില്ല. ഇതിനിടയില്‍ തിയേറ്ററില്‍ ആളുകയറാതായി. വിഷമാണെങ്കിലും വീട്ടില്‍ കിട്ടുന്നതുകൊണ്ട് സീരിയലുകളെ മലയാളി പ്രണയിക്കാന്‍ തുടങ്ങിയത് ഇങ്ങനെയാണ്. ഒരു തരത്തില്‍ ഇന്നത്തെ സീരിയല്‍ ദുരന്തത്തിനു പ്രധാനകാരണം സിനിമ തന്നെയാണ്. ഈ കാലയളവിലെല്ലാം ഓരോ പുതുവര്‍ഷം പിറക്കുമ്പോഴും അംബുജാക്ഷനെപ്പോലെ പതിനായിരങ്ങള്‍ മലയാള സിനിമയെ കുറിച്ച് കിനാവു കാണും. ഒരു മാറ്റം ഉണ്ടാകുമെന്ന് മനസില്‍ കരുതും. ഒന്നും നടന്നില്ല.

വഞ്ചിയങ്ങനെ തിരുന്നക്കരയില്‍ തന്നെ ചുറ്റിത്തിരിയുമ്പോഴാണ് ആ സര്‍പ്രൈസ് സംഭവിക്കുന്നത്. വര്‍ഷം 2011. അഭിനവകാല മലയാള സിനിമ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട വര്‍ഷം. ട്രാഫിക് എന്ന ചലച്ചിത്രം ഇറങ്ങിയ വര്‍ഷം. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന അപരാധം ചെയ്ത രാജേഷ് പിള്ള അതിന്റെ പേരില്‍ ഏറ്റുവാങ്ങിയ നീണ്ട അജ്ഞാതവാസത്തിനു ശേഷം സംവിധായകന്റെ മേലങ്കി അണിഞ്ഞെത്തിയ ട്രാഫിക്കിന് തുടക്കത്തില്‍ ആളെ കയറ്റിയത് ബോബി-സഞ്ജയ് എന്ന സഹോദരന്മാരായിരുന്നു. മുന്‍സിനിമകള്‍ കൊണ്ടു തന്നെ പ്രതീക്ഷകള്‍ നല്‍കിയ ആ തിരക്കഥാകൃത്തുക്കളെ മാറ്റി നിര്‍ത്തിയാല്‍ മറ്റൊന്നും തന്നെ ട്രാഫിക്കിനെ സംബന്ധിച്ച് ആകര്‍ഷകമായിരുന്നില്ല. പക്ഷെ ധാരണകള്‍ അസ്ഥാനത്താക്കി. ട്രാഫിക് ചരിത്രം എഴുതി. എത്രയോ കൊല്ലങ്ങള്‍ക്കിപ്പുറമാണ് ഒരു സിനിമയുടെ ഇന്റര്‍വെല്‍ സീനിനു പ്രേക്ഷകന്‍ എഴുന്നേറ്റു നിന്നു കയ്യടിച്ചത്.

തിരക്കഥ, സംവിധാനം, അഭിനേതാക്കള്‍, മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍ എല്ലാവരും അത്ഭുതപ്പെടുത്തി. മലയാള സിനിമയില്‍ അന്നേവരെ അത്രകണ്ട് പരീക്ഷിച്ചിട്ടില്ലാത്ത നോണ്‍-ലീനിയര്‍ കഥ പറച്ചില്‍ രീതിയിലായിരുന്നു ട്രാഫിക്കിന്റെ മേക്കിംഗ്. തിരക്കഥയും സംവിധാനവുമാണ് സിനിമയുടെ ഓജസും തേജസുമെന്ന് വീണ്ടും തെളിയിക്കപ്പെട്ട ഈ ചിത്രത്തിലൂടെ മലയാള സിനിമ കഴിഞ്ഞ കുറെ കൊല്ലങ്ങളായി അനുഭവിച്ചുപോന്നിരുന്ന ചീത്തപ്പേരില്‍ നിന്നുകൂടി മുക്തരായി.

ആവേശം അതിശയോക്തികളിലേക്കു കയറിയപ്പോള്‍ ട്രാഫിക്ക് ലോകസിനിമയിലെ തന്നെ കണ്ടുപിടുത്തമെന്നുവരെ ചിലര്‍ നിര്‍വചിച്ചു. അനുകരിക്കാന്‍ എന്നും ആവേശം കാണിക്കാറുള്ള നമ്മുടെ സിനിമാ ലോകം കൂടുതല്‍ ആവേശത്തിലായി. ഹോളിവുഡും കൊറിയനും കടന്നു സിനിമ പടയ്ക്കുന്നിടങ്ങളില്‍ നിന്നെല്ലാമുള്ള സിനിമകളുടെയെല്ലാം സിഡി തപ്പി സിനിമാക്കാര്‍ ഇറങ്ങി. അതിനിടയില്‍ ദാ..വരുന്നു സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നൊരു ഐറ്റം. മമ്മൂട്ടിയെ ഷോമാനാക്കിയ ഡാഡികൂളിനുശേഷം ആഷിഖ് അബു ചെറിയ ബഡ്ജറ്റില്‍ വലിയ താരപ്പൊലിമകളൊന്നും ഇല്ലാതെ രുചികരമായി പറഞ്ഞ സിനിമ. സംഭവം ട്രെന്‍ഡായി മാറി. മലയാള സിനിമയുടെ ആകാശത്ത് ശുക്രന്‍ കസേരയിട്ടിരിക്കാന്‍ തുടങ്ങിയെന്നു സിനിമാ ജ്യോതിഷികള്‍ പറയാന്‍ തുടങ്ങി. ട്രാഫിക്കും സാള്‍ട്ട് ആന്‍ഡ് പെപ്പറും തുടങ്ങിവച്ചതു പുതിയൊരു വഴക്കം തന്നെയായിരുന്നു. ആ പുതുവഴിയിലേക്ക് ഒരാള്‍ക്കൂട്ടം തന്നെ ഓടിക്കയറി. അവരെയാണ് ഏതോ അജ്ഞാതന്‍ ന്യൂജനറേഷന്‍ എന്നു വിളിച്ചത്.

ന്യൂവേവ് സിനിമകളും ന്യൂജറേഷന്‍ സിനിമാക്കാരും
ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ ഒടുക്കം ചലച്ചിത്രകലയുടെ ഈറ്റില്ലമായ ഫ്രാന്‍സിലാണ് നവസിനിമാതരംഗം ആദ്യം ഉയര്‍ന്നുവരുന്നത്. സിനിമയുടെ പാരമ്പര്യം തുടങ്ങുന്ന മണ്ണില്‍ ഓരോരോ കാലത്തും പുതിയ പുതിയ സിനിമാപ്രസ്ഥാനങ്ങളും അവയുടെ ആചാര്യന്മാരും ഉണ്ടായിക്കൊണ്ടേയിരുന്നു. ഇവരെല്ലാം തന്നെ ഫ്രഞ്ച് സിനിമയ്ക്ക് നേട്ടങ്ങള്‍ നല്‍കി പോന്നവരായിരുന്നു. ഇവരുടെ നിരയിലേക്കാണ് ഫ്രഞ്ചുകാര്‍ ന്യൂവല്‍വാഗ് എന്നും ന്യൂവേവ് എന്നു മറ്റു സിനിമാലോകവും വിളിച്ചുപോന്ന നവതരംഗസിനിമകള്‍ എത്തുന്നത്. സാമ്പ്രദായിക സിനിമാസങ്കല്‍പ്പങ്ങളോടു നടത്തിയ കലാപങ്ങളായിരുന്നു നവതരംഗസിനിമകള്‍.

ചെറിയ ബഡ്ജറ്റ്, താരപ്പൊലിമയില്ലാത്ത അഭിനേതാക്കള്‍, ചെറിയ കാമറ യൂണിറ്റ്, റിയലിസ്റ്റിക്കായ പ്രമേയം, കൃത്യതയാര്‍ന്ന പ്രചരണം എന്നിവയായിരുന്നു നവതരംഗ സിനിമയുടെ ചേരുവകള്‍. സിനിമ എന്ന മായികലോകം യഥാതദമായ നിര്‍മിതിയിലൂടെ പ്രേക്ഷകനുമായി കൂടുതല്‍ ചേര്‍ന്നു നിന്നു സംവേദനമാധ്യമമായി മാറുകയായിരുന്നു നവസിനിമകളുടെ രൂപമെടുക്കലിലൂടെ. ഫ്രാന്‍സില്‍ തുടങ്ങിയെങ്കിലും ലോകസിനിമകളില്‍ ഈ മാറ്റം വളരെ വേഗം തന്നെ സ്വീകരിക്കപ്പെടുകയുമുണ്ടായി. അമ്പതുകളുടെ രണ്ടാംപകുതിയുടെ തുടക്കത്തില്‍ വന്ന പഥേര്‍ പാഞ്ചലിയിലൂടെ ഈ മാറ്റം ഇന്ത്യന്‍ സിനിമകളിലും സൃഷ്ടിക്കപ്പെട്ടു. അതേ സമയം തന്നെ മലയാളത്തിലും ന്യൂസ്‌പ്പേര്‍ ബോയി(1955) എന്ന ചിത്രം ഒരു റിയലിസ്റ്റിക് സംരംഭം എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ സിനിമയില്‍ സത്യജിത് റേയും പിന്നീട് മൗണി കൗളും കുമാര്‍ സാഹ്നിയുമൊക്കെ പിന്തുടരുകയും ചെയ്ത യഥാതഥ സിനിമകളുടെ സ്വാധീനം അടൂരും അരവിന്ദനുമൊക്കെ ഉണ്ടാക്കിയ സിനിമകളിലുടെ മലയാളത്തിലും രൂപപ്പെട്ടു കഴിഞ്ഞിരുന്നു. എഴുപതുകളോടെ മലയാളത്തില്‍ സാമ്പ്രദായിക പൊയ്‌ക്കോല സിനിമകളുടെ ഇടയിലേക്ക് നല്ല സിനിമകളുടെ കടന്നുവരവുണ്ടായി, എം ടി യുടെ നിര്‍മാല്യവും അരവിന്ദന്റെ ഉത്തരായണവും കെ പി കുമാരന്റെ അതിഥിയും കെ ജി ജോര്‍ജിന്റെ സ്വപ്‌നാടനവും പി എ ബക്കറിന്റെ കബനി നദി ചുവന്നപ്പോളും ഒക്കെ കലപാരമായി വാഴ്ത്തപ്പെടുന്നതിനൊപ്പം അവയുടെ പ്രമേയസ്വീകരണത്തിലൂടെയും ആവിഷ്‌കരണത്തിലൂടെയും പുതുചലനങ്ങള്‍ സൃഷ്ടിച്ചവയുമാണ്. എന്നാല്‍ സംഭവിച്ചൊരു ദുരന്തമെന്തെന്നാല്‍ അന്നുവരെയുണ്ടായിരുന്ന കാഴ്ച്ചശീലങ്ങളില്‍ നിന്നു പുറത്തുവന്ന് ഇത്തരം സിനിമകളെ സ്വീകരിക്കാന്‍ സാമാന്യ സിനിമാസ്വാദകര്‍ തയ്യാറായില്ല എന്നതായിരുന്നു. ഈ വിയോജിപ്പ് തുടര്‍ന്നുകൊണ്ടേയിരുന്നതിനാല്‍ സിനിമയുടെ വാണിജ്യതാത്പര്യങ്ങളില്‍ കണ്ണുടക്കിയിരുന്ന വിഭാഗം സിനിമയുടെ മാറ്റത്തെ അത്രകണ്ട് പ്രോത്സാഹിപ്പിച്ചില്ല. തുടര്‍ന്ന് ഒറ്റപ്പെട്ട തുരുത്തിലേക്ക് നവതരംഗ സിനിമകള്‍ ഒഴിച്ചു നിര്‍ത്തപ്പെട്ടു.

എണ്‍പതുകളുടെ മധ്യത്തോടെ മലയാള സിനിമ വീണ്ടും മാറപ്പെടുകയും സിനിമ കൂടുതല്‍ വാണിജ്യവത്കരിക്കപ്പെടുകയും ചെയ്തു. തൊണ്ണൂറുകളായതോടെ സിനിമ താരങ്ങളെ ഉത്പാദിപ്പിക്കുകയും അവര്‍ക്കുവേണ്ടി സിംഹാസനങ്ങള്‍ പണിയാന്‍ ഏര്‍പ്പാടു ചെയ്യുകയും ചെയ്തു. എന്നിരിക്കിലും തലയെടുപ്പുള്ള സംവിധായകരുടെയും നട്ടെല്ലുള്ള എഴുത്തുകാരുടെയും കൈകളില്‍ നിന്നു കടിഞ്ഞാണ്‍ അയഞ്ഞിരുന്നില്ല. എന്നാല്‍ ഈ സാഹചര്യം അധികം നീണ്ടില്ല. താരങ്ങള്‍ മൂപ്പെത്തിയപ്പോള്‍ അവര്‍ നിയന്ത്രണാധികാരം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും ചിത്രീകരണത്തിനു മുന്നേ തന്നെ സിനിമ ആകൃതിവത്കരിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതോടെ മലയാള സിനിമയുടെ അധഃപതനവും ആരംഭിച്ചു. ഇതേ നിരാശയോടെ പത്തിരുപതു കൊല്ലത്തോളം മലയാള സിനിമ അപഥസഞ്ചാരം നടത്തി.

ഈ ചരിത്രത്തില്‍ നിന്നു തന്നെയാണ് 2011 ല്‍ തുടങ്ങിയ ന്യൂജനറേഷന്‍ തരംഗത്തെ വിലയിരുത്തേണ്ടിയിരുന്നതും. സാമൂഹത്തോട് യോജിച്ചും വിയോജിച്ചും സംവദിച്ച സിനിമകളുടെ ചരിത്രം നവതരംഗമണ്ഡലത്തില്‍ നിന്നു തന്നെ ചര്‍ച്ച ചെയ്യാന്‍ ഉണ്ടായിരിക്കെയാണ് മലയാളത്തില്‍ സംഭവിച്ച അത്ഭുതവും മുന്‍പ്രേരണകളില്ലാത്തവയൊക്കെ എന്ന മട്ടിലും ട്രാഫിക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ അനന്തര സിനിമകളെ ഇവിടെ ചര്‍ച്ചയ്‌ക്കെടുത്തത്. യഥാര്‍ത്ഥത്തില്‍ ലോകസിനിമകളില്‍ പരീക്ഷിച്ച രീതികളുടെ അനുകരണത്തില്‍ സൃഷ്ടിക്കപ്പെട്ടവ മാത്രമായിരുന്നു ഇവകളെന്നു നാം സൗകര്യപൂര്‍വം മറന്നു. എന്നാല്‍ തന്നെ ഒരു ചെയ്ഞ്ച് ഫീല്‍ ചെയ്യിക്കാന്‍ ഇവയ്ക്കു കഴിഞ്ഞുവെന്നതും യാഥാര്‍ത്ഥ്യമാണ്. ആ ചെയ്ഞ്ച് അതുവരെ അനുഭവിച്ചുപോന്നിരുന്ന മടുപ്പില്‍ നിന്നായിരുന്നു വാസ്തവത്തില്‍ ഉണ്ടായത്. മീശപിരിച്ച അത്ഭുത ജീവികളുടെയും തറ വളിപ്പുകാരുടെയും തലയില്‍ ഓളമില്ലാത്ത ചലച്ചിത്രകാരന്മാരുടെയും ദ്രോഹം സഹിച്ചു പോന്നിരുന്ന കാഴ്ച്ചക്കാരനെ അത്ഭുതപ്പെടുത്താന്‍ കഴിഞ്ഞു എന്നതായിരുന്നു ആദ്യകാല ന്യൂജന്‍ സിനിമകള്‍ക്ക് മലയാളത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ നേട്ടം.

നടപ്പുരീതികളില്‍ നിന്നും മാറി ഉണ്ടാക്കപ്പെട്ട സിനിമകളായിരുന്നു എന്നതു മാത്രമല്ല, ആഗ്രഹമുള്ളവര്‍ക്കൊക്കെ സിനിമയെന്ന രാവണന്‍കോട്ടയിലേക്കുള്ള ഫ്രീ എന്‍ട്രി പാസുകള്‍കൂടി നല്‍കി അവ. കോടമ്പാക്കത്തെ പൈപ്പുവെള്ളം കുടിച്ചവരൊക്കെ വെറും പഴങ്കഥകളായി മാറി. മലയാള സിനിമയില്‍ കയറിപ്പറ്റണമെങ്കില്‍ കെഎസ്ആര്‍ടിയില്‍ കയറുന്നതുപോലെ, അത്രയും ഭാഗ്യം ഉണ്ടായാല്‍ മാത്രം മതിയെന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തി. പ്രത്യാശനിര്‍ഭരമായി നല്‍കപ്പെട്ട പേരാണെങ്കിലും ന്യൂജനറേഷന്‍ സിനിമ എന്നത് വളരെ വേഗം തന്നെ മൊറാലിറ്റിയെയും സത്യസന്ധതയെയുമെല്ലാം കുറിച്ചുള്ള ചര്‍ച്ചകളായി മാറി.

നവതരംഗ സിനിമകള്‍ പ്രധാനമായും യുവാക്കളുടെ പിന്നണിയില്‍ പിറന്നവയായിരുന്നു. പ്രതിഭാധനനായ ഒരു കലാകാരന് തന്റെ ആത്മാവിഷ്‌കാരം സാധ്യമാക്കാന്‍ സിനിമയെന്ന കലയെ ഉപയോഗപ്പെടുത്താം എന്നതായിരുന്നു നവതരംഗ സിനിമയെ കുറിച്ചുള്ള തത്വം. ഫ്രാന്‍സ്വ ത്രൂഫോ, ഴാന്‍ ലൂക് ഗോദാര്‍ദ്, ക്ലൂദ് ഷാബ്രോള്‍, ഴാക് റിവെറ്റ്, എറിക് റോമര്‍, ഡാനിയേല്‍ വാല്‍ക്രൂസ് തുടങ്ങിയവരൊക്കെ സിനിമകള്‍ നിര്‍മിച്ചതും അതേ തത്വപ്രകാരമായിരുന്നു. ഈ സിനിമകളുടെ അസ്തിത്വം തന്നെയായിരുന്നു അവയുടെ പ്രധാന ആന്തരീകാവയവും. നവ സിനിമകള്‍ മറ്റൊരു തരത്തില്‍ രാഷ്ട്രീയായുധവും ആയിരുന്നു. സമരങ്ങള്‍ക്ക് പ്രേരണകളായിരുന്നു, നവബോധവത്കരണമായിരുന്നു. 

ലോക സിനിമയിലെ നവതരംഗത്തെ മലയാളത്തിലെ ന്യൂജന്‍ സിനിമകളെ കുറിച്ചു പ്രതിപാദിക്കുമ്പോള്‍ കൂട്ടുപിടിക്കുന്നതിലെ വിഡ്ഡിത്തം തിരിച്ചറിയാതെയല്ല, എന്നാല്‍ കാലോചിതമായി ഉണ്ടാകുന്ന ഏതൊരു മാറ്റങ്ങള്‍ക്കും അതിന്റെതായ ലക്ഷ്യവും പ്രധാന്യവും ഉണ്ടെന്നിരിക്കെ മലയാളസിനിമയില്‍ അത്തരത്തില്‍ യാതൊരു ചലനം സൃഷ്ടിക്കാത്ത ഒന്നായി മാറിയ പ്രതിഭാസമാണ് ന്യൂജറേഷന്‍ സിനിമകളെന്നു പേരിട്ടു വിളിച്ചവ എന്നു വ്യക്തമാക്കുകയായിരുന്നു ഉദേശ്യം. അതല്ലെങ്കില്‍ യഥാര്‍ത്ഥ തരംഗധ്വനികള്‍ മലയാളത്തില്‍ മുഴങ്ങിയത് എഴുപതുകളിലാണെന്നു മാത്രം പറയാനും കൂടിയാണ്.

ന്യൂജന്‍ സിനിമകളുടെ തിരതള്ളല്‍ അവസാനിച്ചു
2011 ല്‍ തുടങ്ങിയെന്നു പറയുന്ന ന്യൂജന്‍ തരംഗം 2016 ലേക്ക് കടക്കുമ്പോള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്. ആരംഭത്തില്‍ നിന്ന് ഏകദേശം രണ്ടു വര്‍ഷത്തേക്കു മാത്രമാണ് ന്യൂജന്‍ സിനിമകളെന്നു വിളിക്കുന്നവയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ആയിട്ടുള്ളൂ. അവയില്‍ തന്നെ വിരലിലെണ്ണാവുന്ന മാത്രമായിരുന്നു ബോക്‌സ് ഓഫീസ് വിജയങ്ങളായതും. അതില്‍ നിന്നു തന്നെ എണ്ണം ചുരുക്കേണ്ടിവരും നിരൂപകശ്രദ്ധ നേടിവയെക്കുറിച്ചു പറയുമ്പോള്‍. എന്നിരുന്നാലും ആ രണ്ടു കൊല്ലങ്ങളിലും കൂണുപോലെയാണ് മലയാളത്തില്‍ സനിമകള്‍ ഉണ്ടായിക്കൊണ്ടിരുന്നത്. നവാഗതരുടെ ഇടിച്ചുകയറ്റവും കണ്ടു. പഴയതലമുറക്കാരൊക്കെ ഉള്‍വലിഞ്ഞു നിന്നു. ഒരു ഹാന്‍ഡി കാം ഉണ്ടെങ്കില്‍ ധാരളം ഒരു സിനിമ പിടിക്കാന്‍ എന്ന നിലയിലേക്കു കാര്യങ്ങളെത്തി. ഷോര്‍ട്ട് ഫിലിം ജ്വരത്തില്‍ നിന്നു നേരിട്ട് ഫീച്ചര്‍ ഫിലിമിലേക്ക് കയറിവന്നവര്‍ നിരവധി. ഇതിനൊപ്പം താളം തുള്ളാന്‍ ചാനലുകളും വന്നു. മലയാളത്തില്‍ സാറ്റ്‌ലൈറ്റ് കച്ചവടം പൊടിപൊടിക്കുന്നതിങ്ങനെയാണ്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനു മുന്നെ ചാനലുകാര്‍ ഒരു വിഹിതം നല്‍കും. അതുകൊണ്ട് സനിമ പിടിക്കാം. ബാക്കി പണം ചിത്രീകരണം പൂര്‍ത്തിയാകുമ്പോള്‍ കിട്ടും. ഈ ചിത്രം തിയേറ്ററില്‍ ഓടിയില്ലെങ്കിലും സിനിമയുടെ പിന്നണിയില്‍ നിന്നവര്‍ക്ക് നഷ്ടം ഉണ്ടാകില്ല. കൈയില്‍ കാല്‍ കാശില്ലെങ്കിലും സിനിമ പിടിക്കാമെന്ന അവസ്ഥ ചാനലുകാര്‍ ഉണ്ടാക്കി കൊടുത്തു. ഇതോടെ സിനിമയുടെ നിലവാരം തീരെ തകര്‍ന്നു. കഴിവുള്ള ചിലരെങ്കിലും അണിയറയിലും അരങ്ങത്തുമായി സിനിമയുടെ ലോകത്തേക്ക് കടന്നുവന്നു എന്നതുമാത്രമാണ് ആകെയുണ്ടായ ആശ്വാസം. 

സാറ്റ്‌ലൈറ്റ് റൈറ്റില്‍ കൈപൊള്ളാന്‍ തുടങ്ങിയ ചാനലുകളുടെ സാമാന്യബുദ്ധി പ്രവര്‍ത്തിക്കുന്നതോടെയാണ് യഥാര്‍ത്ഥത്തില്‍ ന്യൂജന്‍ സിനിമകളുടെ അഴിഞ്ഞാട്ടത്തിന് അറുതി വന്നു തുടങ്ങിയത്. ഇതിനൊപ്പം സിനിമയെന്ന പേരില്‍ എന്തും കാണിക്കുന്ന അവസ്ഥയ്‌ക്കെതിരെ പ്രേക്ഷകരുടെ ഭാഗത്തു നിന്നും പ്രതിഷേധമുണ്ടായി. ഇതിനെല്ലാം പുറമെയാണ് ന്യൂജന്‍ സിനിമകളുടെ മൊറാലിറ്റിയെ ചോദ്യം ചെയ്യുന്നത് ശക്തമായത്. ആരംഭം മുതലെ ഇവരുടെ തുറന്ന സമീപനത്തെ സിനിമയില്‍ ഉള്ളവര്‍ തന്നെ എതിര്‍ത്തു പോന്നിരുന്നു. കക്കൂസില്‍ കാണിക്കേണ്ടത് സ്വീകരണ മുറിയില്‍ കാണിക്കുന്നതും കിടപ്പറയില്‍ പറയേണ്ടത് അടുക്കളിയില്‍ പറയുന്നതുമാണ് ന്യൂജനറേഷന്‍ സിനിമ സംസ്‌കാരമെന്ന് വിമര്‍ശകര്‍ പരിഹസിച്ചു. ന്യൂജന്‍ സിനിമാക്കാര്‍ തന്നെ അരാജകജീവിതത്തിന്റെ ഉടമകളാണെന്നും അവരുടെ ജീവിതരീതികളാണ് അവരുടെ സിനിമയായി പുറത്തുവരുന്നതെന്നും അവരുടെ സാമൂഹിക വീക്ഷണം സിനിമയില്‍ പ്രതിഫലിക്കുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. അതു ശരിയും ആയിരുന്നു. മുഖ്യധാര സിനിമകളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ മലയാളത്തില്‍ ഉണ്ടായിരിക്കുന്ന സോഷ്യോ-പൊളിറ്റിക് ഗണത്തില്‍പ്പെട്ട സിനിമകള്‍ ഒന്നോ രണ്ടോ മാത്രം. അതിനപ്പുറം മലയാളത്തില്‍ നവതരംഗ സിനിമകളെന്ന പേരില്‍ ഉണ്ടാക്കിയതെല്ലാം വെറും ഭ്രമകല്‍പ്പനകളില്‍ നിന്നു മെനഞ്ഞ പൊള്ളത്തരങ്ങള്‍ മാത്രമായിരുന്നു. ലോക സിനിമകളിലെ മാറ്റങ്ങളുമായി, ഇന്ത്യന്‍ സിനിമകളിലുണ്ടായതിനോടുപോലും ഒരുതരത്തിലും 2011 നു ശേഷം മലയാളത്തില്‍ ഉണ്ടായ മാറ്റത്തെ കൂട്ടുനിര്‍ത്താന്‍ കഴിയില്ലെന്നത് ഇതില്‍ നിന്നു തന്നെ മനസിലാക്കാം.

2014 ഓടുകൂടി മലയാള സിനിമ അതിന്റെ മുന്‍ധാരണകളിലേക്ക് തിരിച്ചു നടക്കുകയും അതോടൊപ്പം വ്യത്യസ്ത ചലച്ചിത്രഭാഷയുമായി ചിലരെങ്കിലും വഴി മാറി നടക്കാന്‍ തയ്യറാവുകയും ഉണ്ടായി. ഇതിനിടയില്‍ നിന്നും ന്യൂജന്‍ കാറ്റഗറിക്കാര്‍ തീര്‍ത്തും പുറന്തള്ളപ്പെട്ടു. കഴിഞ്ഞ വര്‍ഷംപോലും പറയാനാണെങ്കില്‍ ഒരു പ്രേമം മാത്രമാണ് ഈ കാറ്റഗറിയില്‍ നിന്നുള്ളത്. തങ്ങളുടെ പ്രൊഡക്ട് ഏതുവഴിയിലൂടെയും വില്‍ക്കാനുള്ള വൈദഗ്ധ്യം നേടിയിട്ടുള്ളവരുടെ മിടുക്ക് കൊണ്ട് പ്രേമം ബോക്‌സ് ഓഫീസ് ഹിറ്റ് ആയെങ്കിലും അതിന്റെ അനുകരണങ്ങള്‍ക്കൊന്നും പച്ചതൊടാനായില്ല. പ്രേമത്തിനു മുമ്പും പിമ്പും അതു തന്നെയായിരുന്നു ഗതി. വര്‍ഷം അവസാനിക്കുമ്പോഴേക്കും മുന്‍ശീലങ്ങളില്‍ നിന്നുകൊണ്ടു തന്നെ ഒട്ടൊന്നു വ്യത്യാസം വരുത്തി ചെയ്ത ചിത്രങ്ങളാണ് വിജയമായി മാറിയിരിക്കുന്നതെന്നും കാണാം. സ്വാഭാവികമായും ഈ രീതി തന്നെയാകും പുതിയവര്‍ഷത്തിലും മലയാളത്തില്‍ പിന്തുടരുന്നതും. ഇനിയുമൊരു കുളിരത്ത് എന്തെങ്കിലുമൊക്കെ മുളച്ചു പൊന്തുന്നതുവരെ മലയാള സിനിമ ഇങ്ങനെ തന്നെ തുടരും, അധികമൊന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍