മലയാള സിനിമയുടെ മുഖത്തു നോക്കി മാറ്റുവിന്‍ ചട്ടങ്ങളെ എന്നുറക്കെ വിളിച്ചു പറയേണ്ടകാലം പണ്ടേ അതിക്രമിച്ചിരിക്കുന്നു…ചില ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ കാര്യമായ യാതൊരു പ്രതിഷേധവും മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ പല തോന്ന്യാസങ്ങളോടും ഇന്നോളം ഉണ്ടായി കണ്ടില്ല. പഴംപുരാണങ്ങളുടെ കാലൊടിഞ്ഞ കസാല പുറത്തിരിക്കുന്ന ഗതികെട്ട കാരണവരെ പോലെ ഈ സിനിമാലോകം കിതയ്ക്കുന്നുണ്ടെങ്കില്‍ ഇത്തരം അഹന്തകള്‍ ചോദ്യം ചെയ്യപ്പെടാതെ പോകുന്നതുകൊണ്ടാണ്.
ഉച്ചനീചത്വങ്ങളും ജാതിവെറിയും വര്‍ണവിവേചനവും വലിയവന്‍-ചെറിയവന്‍ മനോഭാവവുമൊക്കെ ഇപ്പോഴും കേരളത്തില്‍ എവിടെയെങ്കിലും നടമാടുന്നുണ്ടെങ്കില്‍ അത് മലയാള സിനിമാലോകത്തോളം വരില്ല. ഇതെല്ലാം എല്ലാ സിനിമാലോകത്തുമില്ലേ എന്നു ചോദിക്കാം. ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലുമൊക്കെ വലിയവന്‍ വലിയവനായിട്ടും ചെറിയവന്‍ ആ രൂപത്തിലും തന്നെയാണ് നില്‍ക്കുന്നത്. പക്ഷേ ഇത്രത്തോളം അയിത്തം മറ്റൊരിടത്തും ഉണ്ടെന്നു കരുതുക വയ്യ.
ഇതിനെല്ലാം പുറമെയാണ് കാക്കത്തൊള്ളായിരത്തോളം സംഘടനകളും അവരുടെ തമ്പുരാന്‍ കളിയും. ഒരു രസത്തിനുവേണ്ടി ചോദിക്കട്ടെ, കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ സമരങ്ങളും വിലക്കുകളും ഉണ്ടായിട്ടുള്ള സിനിമ ഇന്‍ഡസ്ട്രി ഏതാണ് ഇന്ത്യയില്‍? എന്താ സംശയം മലയാളം തന്നെ…
നടീനടന്മാര്‍ക്ക് വിലക്ക്, സംവിധായകന് വിലക്ക്, നിര്‍മാതാവിന്, സാങ്കേതിക പ്രവര്‍ത്തകന്, വിതരണക്കാരന്, തിയേറ്റര്‍ ഉടമയ്ക്ക് എന്നിങ്ങനെ പ്രേക്ഷകനെ ഒഴിച്ച് ബാക്കിയെല്ലാവരെയും വിലക്കിയിട്ടുണ്ട്. വിലക്കുകള്‍ കൂടാതെ മറ്റുള്ളവരെ വലയ്ക്കാനുള്ള സമരങ്ങളും. ഇതൊക്കെ ആരെ രക്ഷിക്കാനാണ്?
അതവിടെ നില്‍ക്കട്ടെ, അംബുജാക്ഷന് ഇപ്പോള്‍ ഉറക്കെ ഒന്നു കൈയടിക്കാന്‍ തോന്നിയത് സംവിധായകന്‍ രഞ്ജിത്തിന്റെ ഒരു നീക്കം കണ്ടപ്പോഴാണ്. സിനിമയെ സംബന്ധിച്ചു വളരെ പ്രസക്തിയുള്ളൊരു ഹര്‍ജി ഹൈക്കോടതയില്‍ നല്‍കിയിരിക്കുകയാണ് രഞ്ജിത്ത്. സിനിമ പോസ്റ്ററുകളും പ്രചാരണ സാമഗ്രികളും പരിശോധിച്ച് അംഗീകരിക്കാനുള്ള അധികാരം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെയോ ചലച്ചിത്ര അക്കാഡമിയെയോ ഏല്‍പ്പിക്കണമെന്നാണ് നിര്‍മാതാവ് കൂടിയായ രഞ്ജിത്ത് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
നിലവില്‍ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പോലുള്ള സ്വകാര്യ ഏജന്‍സികളാണ് ഈ ചുമതല നിര്‍വഹിച്ചുപോരുന്നത. പോസ്റ്ററുകളില്‍ അശ്ലീലമുണ്ടോ എന്നു പരിശോധിക്കാനല്ലാതെ മറ്റു കാര്യങ്ങളൊന്നും വിലയിരുത്താന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് അധികാരമില്ലെന്നും അറിയുന്നു.
രഞ്ജിത്ത് ഇത്തരമൊരു ഹര്‍ജി നല്‍കാന്‍ കാരണമുണ്ട്. അദ്ദേഹത്തിനു നേരെ നടന്നുവരുന്നൊരു ഗൂഢാലോചനയെ ചെറുക്കാനാണത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ രഞ്ജിത്തിന്റെ പുതിയ ചിത്രമായ ലീലയുടെ പ്രദര്‍ശനം മുടക്കാനുള്ള കളികള്‍ നടന്നുവരികയാണ്. ഇതിന്റെ തുടര്‍ച്ചയായി തന്റെ ചിത്രത്തിന്റെ പോസ്റ്റര്‍ പരിശോധിച്ചു മുദ്രവച്ചു തരാന്‍ എഫ്‌സിഎം തയ്യാറാകുന്നില്ലെന്നും രഞ്ജിത്തിന് ആക്ഷേപമുണ്ട്.
ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ നേതൃസ്ഥാനത്തിരിക്കുന്നവര്‍ മലയാള സിനിമയിലെ നിര്‍മാതാക്കളാണ്. സ്വാഭാവികമായും പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ താത്പര്യം സംരക്ഷിക്കുന്ന സംഘടന. രഞ്ജിത്തിന്റെ ആക്ഷേപത്തില്‍ തീര്‍ച്ചയായും കഴമ്പുണ്ട്. സംഘടനകളുടെ മുന്‍കാല തോന്ന്യാസങ്ങള്‍ അറിയാവുന്ന എല്ലാവര്‍ക്കും മനസിലാകുന്ന കാര്യം. വൈരാഗ്യവും വാശിയുംവച്ചാണ് സിനിമ സംഘടനങ്ങള്‍ ഇക്കാലമത്രയും പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും കാണുമ്പോള്‍ ഇപ്പോള്‍ രഞ്ജിത്ത് നടത്തിയിരിക്കുന്ന ഈ നീക്കമുണ്ടല്ലോ അത് ധീരതയാണ്. ഏതാനും പേര്‍ ചേര്‍ന്ന് അവരുടെ പിടിവാശി സംരക്ഷിക്കാനായി കുറെപ്പേര്‍ രാവെന്നും പകലെന്നുമില്ലാതെ കഷ്ടപ്പെട്ടുണ്ടാക്കിയ ഒരു ചലച്ചിത്ര സൃഷ്ടി പെട്ടിയില്‍ വച്ചു പൂട്ടണമെന്നാണോ? പണം മുടക്കുന്നവന്റെ ധര്‍മം കലാധര്‍മമല്ല, അതു കച്ചവടമാണ്. നേരത്തെ ലീല തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന നിര്‍ദേശം സംസ്ഥാനത്തെ പല തീയേറ്റര്‍ ഉടമകള്‍ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വിതരണക്കാരുടെ സംഘടനയും വാക്കാല്‍ നല്‍കിയ വാര്‍ത്തയും പുറത്തു വന്നതാണ്.
രഞ്ജിത്തിനോടുള്ള വിദ്വേഷത്തിനു കാരണം, അദ്ദേഹം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സമരം ലംഘിച്ചു ഷൂട്ടിംഗ് നടത്തിയെന്നതാണ്. വേതനം കൂട്ടണമെന്നാവശ്യപ്പെട്ട് സിനിമത്തൊഴിലാളികള്‍ നടത്തിയ പണിമുടക്കിനെ പിന്തുണച്ച് ലീലയുടെ ചിത്രീകരണസമയത്ത് ആവശ്യപ്പെട്ട കൂലി അവര്ക്ക് നല്‍കാന്‍ രഞ്ജിത്ത് തയ്യാറായിരുന്നു. രഞ്ജിത്തിന്റെ നിര്‍മാണ കമ്പനിയായ ക്യാപിറ്റോള്‍ ഫിലിംസാണ് ലീല പ്രൊഡ്യൂസ് ചെയ്യുന്നത്. എന്നാല്‍ തൊഴിലാളികളുടെ കൂലി വര്‍ദ്ധനവ് അംഗീകരിക്കാനാവില്ലെന്ന് കാണിച്ചു നിര്‍മാതാക്കളുടെ സംഘടന ചലച്ചിത്രനിര്‍മാണം നിര്‍ത്തിവച്ച് മറ്റൊരു സമരവും ആരംഭിച്ചിരുന്നു. ഈ സമരത്തില്‍ പങ്കെടുക്കാതെ ചിത്രീകരണം തുടര്‍ന്നതാണ് രഞ്ജിത്തിന് വിലക്ക് നേരിടേണ്ടി വന്നത്.
നോക്കണേ, ഈ സംഘടനകളുടെ നെറികേട്. പാവപ്പെട്ട ദിവസക്കൂലിക്കാരന്‍ നൂറുരൂപ കൂടുതല്‍ ചോദിച്ചപ്പോള്‍ അതു തങ്ങളുടെ നട്ടെല്ലൊടിക്കുമെന്ന് വിളിച്ചു കൂവുകയാണവര്‍. സമരം, പണിമുടക്ക്, വിലക്ക് ഇത്യാദി കലാപരിപാടികളുമായി രംഗത്ത്. കോടികള്‍ ബഡ്ജറ്റ് ഇട്ട് ചെയ്യുന്നൊരു സിനിമയ്ക്ക് സിനിമാത്തൊഴിലാളികള്‍ ആവശ്യപ്പെടുന്ന നിസാരമായ കൂലിവര്‍ദ്ധനവ് കൊണ്ട് എന്തു നഷ്ടമാണ് വരുന്നത്? ഒരു സിനിമയ്ക്ക് കൂടിപ്പോയാല്‍ ഒന്നോ ഒന്നരയോ ലക്ഷം രൂപയുടെ ബഡജ്റ്റ് വര്‍ദ്ധനവ് വരുമായിരിക്കും. ആ വര്‍ദ്ധനവ് ഇവരുടെ നട്ടെല്ല് ഒടുക്കുന്നതരത്തില്‍ ഭീകരമാണോ? ആണെങ്കില്‍ ആദ്യം നട്ടെല്ലു നിവര്‍ത്തി നിന്നു പറയേണ്ട മറ്റു ചിലകാര്യങ്ങളുണ്ട്. ഒരു സിനിമയുടെ ആദ്യമിട്ട ഷൂട്ടിംഗ് ബഡ്ജറ്റിനെക്കാള്‍ കൂടുതല്‍ തുക ചെലവാക്കേണ്ടി വരുന്നത് ആരു കാരണമാണ്? അതിന്റെ പ്രധാന കാരണക്കാരന്‍ താരങ്ങളാണെന്നു പറയനുള്ള ധൈര്യം ഏതങ്കിലും സുരേഷ് കുമാറിനോ ബഷീറിനോ ഉണ്ടോ?
നൂറു രൂപ വലിയൊരു തുകയായി കാണുന്നവര്‍ ഒരു സിനിമ വിജയിച്ചാല്‍ തന്റെ പ്രതിഫലത്തില്‍ അരക്കോടിയുടെ വരെ വര്‍ദ്ധനവു വരുത്തുന്ന താരത്തെ എന്തുകൊണ്ട് വിലക്കുന്നില്ല, പോട്ടെ, ഇത് അന്യായമല്ലേ എന്നൊരു ചോദ്യം പോലും മുഖത്തു നോക്കി ചോദിക്കുന്നില്ല. നമ്മുടെ സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം കോടികളാണ്. ഒരു സിനിമയുടെ ബഡ്ജറ്റിന്റെ മുക്കാല്‍ പങ്കും താരങ്ങളുടെ പ്രതിഫലത്തിലാണ്. ആരെങ്കിലും വിട്ടുവീഴ്ച്ച ചെയ്യാറുണ്ടോ? പണമായിട്ടല്ലെങ്കില്‍ വിതരണാവകാശം, സാറ്റ്‌ലൈറ്റ് അവകാശം, തുടങ്ങി പല അവകാശങ്ങളും എഴുതി വാങ്ങിക്കും. എന്തെങ്കിലും മിണ്ടാന്‍ ധൈര്യമുണ്ടോ സംഘടനാവീരന്മാര്‍ക്ക്. പോരാത്തതിന് താരങ്ങള്‍ സ്വയം നിര്‍മാണവും തുടങ്ങിയിരിക്കുകയാണ്.
നിര്‍മ്മാതാക്കള്‍ക്ക് വില തരുന്നില്ല എന്നാണല്ലോ നാളേറെയായി കേള്‍ക്കുന്ന നിലവിളി. ആരാണ് വില ഇല്ലാതാക്കിയത്? നട്ടല്ലുള്ള നിര്‍മ്മാതാക്കള്‍ സിനിമ നിയന്ത്രിച്ചിരുന്ന കാലം ഇവിടെയുണ്ടായിരുന്നു. പക്ഷേ പിന്നീടുവന്നവര്‍ താരങ്ങളുടെ കാലു തിരുമാന്‍ നിന്നതോടെയാണ് എല്ലാം തകിടം മറിയുന്നത്.
സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണല്ലോ ഇവിടെ സംഘടനകള്‍ വന്നത്. അഭിനേതാക്കള്‍ക്കു വേണ്ടി, സാങ്കേതിക പ്രവര്‍ത്തകര്‍ക്കുവേണ്ടി, നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും വേണ്ടി… പക്ഷേ പലതും സ്വന്തം അവകാശങ്ങളുടെ സംരക്ഷണമെന്നപേരില്‍ അന്യനെ ബുദ്ധുമുട്ടിക്കുന്നവരുടെ കൂട്ടം മാത്രമാണ്. കുറെ താപ്പാനകളാണ് ഇതിന്റെയെല്ലാം മുകളില്‍ കയറി ഇരിക്കുന്നത്. അവര്‍ക്കെല്ലാം സ്വന്തം താത്പര്യങ്ങള്‍ എങ്ങനെയെങ്കിലും സംരക്ഷിക്കണമെന്നു മാത്രമാണു ചിന്ത. ഒരു സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കകരുതെന്ന് പറയാന്‍ കാണിക്കുന്ന വാശി പക്ഷേ ഒരു തിയേറ്ററിന്റെ സൗകര്യങ്ങള്‍ നിലനിര്‍ത്തുന്നതില്‍ കാണിക്കാറില്ല, അതേസമയം കൂട്ടത്തിലുള്ളവന്‍ പറഞ്ഞാല്‍ എത്ര സൗകര്യമുള്ള തിയേറ്റര്‍ ആണെങ്കിലും അവിടെ ഒരു സിനിമ റിലീസ് ചെയ്യിക്കാതിരിക്കാന്‍ ഉത്സാഹിക്കും. ഒരു തൊഴിലാളി കുറച്ചു കാശ് കൂട്ടി ചോദിച്ചാല്‍ സമരം ചെയ്യും, എന്നാല്‍ നടി കുളിക്കാനുള്ള മിനറല്‍ വാട്ടറിനു വേണ്ടി വാശി പിടിച്ചാല്‍ അതിനുവേണ്ടി പരക്കം പായും.
അവകാശം സംരക്ഷിക്കാനാണെങ്കില്‍ ആദ്യം സെറ്റില്‍ ഭക്ഷണം നല്‍കുന്നതില്‍ കാണിക്കുന്ന വിവേചനം നിര്‍ത്താന്‍ ഇവര്‍ തയ്യാറാകണം. അടിയാനു കുഴികുത്തി കഞ്ഞി വിളമ്പിയ കാലത്തിന്റെ സിനിമാറ്റിക് വേര്‍ഷന്‍ ആണ് പല സെറ്റുകളിലും. ഒരു ചായഗ്ലാസിന്റെ കാര്യത്തില്‍ തൊട്ട് ഉച്ചയൂണിന് വിളമ്പുന്ന വിഭവങ്ങളില്‍ വരെ വ്യത്യാസം ഉണ്ട്. താരങ്ങളെ ആസ്വാദിക്കാനല്ലാതെ ഒരിക്കലെങ്കിലും ഷൂട്ടുംഗ് സെറ്റുകള്‍ സന്ദര്‍ശിച്ചാല്‍ മനസിലാക്കാവുന്നതെയുള്ളൂ. ഈ വിവേചനങ്ങളൊന്നും നിര്‍ത്താന്‍ ഒരു സംഘടനയ്ക്കും താല്‍പര്യമില്ല. സിനിമ നന്നാക്കാനോ, സിനിമ മേഖല നേരെയാക്കാനോ അല്ല, വിലക്കും സമരവുമൊക്കെയായി എതിരാളികളെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങുന്ന നായകന്മാരാകാനാണ് എല്ലാവര്‍ക്കും താത്പര്യം. ആരെങ്കിലും അവരെ എതിര്‍ത്താലോ സാഷ്ടാംഗം വീണ് മാപ്പ് പറയണമത്രേ. ഇല്ലെങ്കില്‍ കോപം പിന്തുടര്‍ന്നുകൊണ്ടേയിരിക്കും, രഞ്ജിത്തിനോടെന്നപോലെ… പക്ഷേ ഇവരെയൊന്നും താന്‍ ഭയക്കുന്നില്ലെന്നു തന്നെയാണ് രഞജിത്തിന്റെ പ്രവര്‍ത്തികള്‍ തെളിയിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങള്‍ പലതുണ്ടെങ്കിലും ഈ ചങ്കൂറ്റത്തിന് കൈയടിക്കാതിരിക്കാന്‍ പറ്റില്ല. ഇതുപോലെ ഒന്നോരണ്ടോപേര്‍ കൂടി വന്നാല്‍ മതി ഈ സംഘടനക്കാരെ നിലയ്ക്കു നിര്‍ത്താന്‍….അല്ലെങ്കില്‍ തന്നെ ഇവറ്റകളെ കൊണ്ട് സനിമയ്ക്ക് എന്തു പ്രയോജനം…